ഹിന്ദു മതത്തിന്റെ അടയാളങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ഫാസിസത്തിന്റെ ഒരു രീതി

0
472

 

ഹിന്ദുത്വവും ഫാസിസവും

എം.എൻ.വിജയൻ

ഹിന്ദുക്കളെ രക്ഷിക്കാനല്ല, മറിച്ച് പഠിച്ച പാഠപുസ്തകത്തിലെ ഒരു നിറം, ഒരു അടയാളം, ഒരു പ്രയോഗരീതി ഇതൊക്കെ സ്വീകരിച്ച് , മതത്തെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് , മതപരമായ മൂല്യത്തെ എങ്ങിനെ രാഷ്ട്രീയ മൂല്യമാക്കി മാറ്റിത്തീർക്കാം എന്ന്, അതായത് ഉറുപ്പിക ഡോളർ ആക്കുന്നതു പോലെ , ഡോളർ സ്റ്റെർലിങ്ങ് ആക്കുന്നത് പോലെ, മതത്തിന്റെ ശക്തിയെ അല്ലെങ്കിൽ മതഭക്തിയെ എങ്ങിനെ രാഷ്ട്രീയ ശക്തിയായി മാറ്റിത്തീർക്കാം എന്നുള്ളതാണ് ഫാസിസത്തിന്റെ കൃത്യമായ ഒരു ഗുണപാഠം. കൃഷ്ണപ്പിള്ളയൊക്കെ ചെയ്തതുപോലെ നാടു മുഴുവൻ നടന്നിട്ട് ലോകത്തിൽ രണ്ടു വർഗമേയുള്ളൂ അത് ഉളളവനും ഇല്ലാത്തവനുമാണെന്ന് ആരെയും പഠിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല.

ഹിന്ദു ഇവിടെ ഉണ്ട്.മുസൽമാനും സിഖും പാർസിയും ക്രിസ്ത്യാനിയും ഉണ്ട്.ഇവരെ കണ്ടാൽ ആർക്കും തിരിച്ചറിയാം. മുടിയുടെ രീതി കൊണ്ട്, ഭക്ഷണത്തിന്റെ രീതി കൊണ്ട് ഇവരെ തിരിച്ചറിയാം. ഇങ്ങിനെ നിലവിലുള്ള വ്യത്യാസങ്ങളെ പിടിച്ചെടുക്കുകയും ശക്തമാക്കിത്തീർക്കുകയും ഹിന്ദുവിനെ ഹിന്ദുവിന്റെ പാളയത്തിലേക്കും മുസ്ലീമിനെ അനാഥത്വത്തിലേക്കും ആട്ടിയോടിക്കുകയും ചെയ്യുക എന്നുള്ള എളുപ്പ മാർഗമാണ് 1947 നു ശേഷം ഇവിടുത്തെ ഫാസിസ്റ്റു സംഘടനകൾ സ്വീകരിച്ചു പോന്നിരുന്നത്. ഇതിന് ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല.

ഹിന്ദു മതത്തിന്റെ അടയാളങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ഫാസിസത്തിന്റെ ഒരു രീതി. അതൊരു കുറിയാകാം, ഭജനമാകാം, കീർത്തനമാകാം, മറ്റെന്തുമാകാം. ഈ അടയാളങ്ങൾ പിടിച്ചെടുക്കുകയും അടയാളങ്ങളെക്കൊണ്ട് അതിനപ്പുറത്തുള്ള രാഷ്ട്രീയശക്തി സമാഹരിക്കുകയും ചെയ്യുകയെന്നുള്ള ഒരു മാർഗ്ഗമാണ് ഒരു പരിക്കും പറ്റാത്ത ഫാസിസ്റ്റുകൾ സ്വീകരിക്കുന്നത്.

(‘ഫാസിസത്തിനെതിരെ
എം എൻ വിജയൻ’ എന്ന പുസ്തകത്തിൽ നിന്നും 2002 )