പൗരത്വനിയമത്തിലെ വർഗീയ ഭേദഗതിക്കെതിരെ മനുഷ്യമഹാശൃംഖല സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമരമുന്നേറ്റം ഈ റിപ്പബ്ലിക് ദിനത്തിൽ

170
Dr.T.M Thomas Isaac
പൗരത്വനിയമത്തിലെ വർഗീയ ഭേദഗതിക്കെതിരെ മനുഷ്യമഹാശൃംഖല സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമരമുന്നേറ്റത്തിന് ഈ റിപ്പബ്ലിക് ദിനത്തിൽ കേരളം വേദിയാവുകയാണ്. ഭരണഘടനയുടെ അടിത്തറയിളക്കുന്ന അത്യന്തം വിനാശകാരിയായ ഈ ഭേദഗതി പിൻവലിക്കണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് കേരള നിയമസഭ രാജ്യത്തിന് മാതൃക സൃഷ്ടിച്ചിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ ജനുവരി 26ൻ്റെ മഹാപ്രക്ഷോഭം. 30 ലക്ഷത്തോളം പേർ തെരുവിലിറങ്ങി പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള നിലപാടു പ്രഖ്യാപിക്കും.
Image result for dr thomas isaac"എല്ലാ മനുഷ്യരും ഒന്നിച്ചു ചേരുകയാണ് റിപ്പബ്ലിക് ദിനത്തിൽ. ഇന്ത്യയെന്ന വികാരവും ഭരണഘടനയെന്ന മൂല്യവും മനസിലുള്ള എല്ലാവരും എല്ലാ അഭിപ്രായവ്യത്യാസങ്ങളും ഭേദചിന്തകളും മറന്ന് ഒന്നിക്കും. രാജ്യത്തിൻ്റെ അടിത്തറ തകർക്കുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാൻ മനുഷ്യരെല്ലവരും കൈകോർക്കണം എന്ന മഹസന്ദേശം അനുകരണീയമായ മാതൃകയിൽ രാജ്യത്തിനു മുന്നിൽ കേരളം ഉയർത്തിപ്പിടിക്കുന്നു. ഭരണഘടന സംരക്ഷിക്കണമെന്നും രാജ്യത്ത് മതപരമായ വിവേചനങ്ങൾ പാടില്ലെന്നുമുള്ള ആശയവും മൂല്യബോധവും മനസിലുള്ള എല്ലാവരും ഈ മനുഷ്യച്ചങ്ങലയിൽ കണ്ണികളാകും.
ജനുവരി 8ൻ്റെ ദേശീയ പണിമുടക്കിനൊപ്പം തന്നെയാണ് മനുഷ്യച്ചങ്ങലയുടെയും സംഘാടനം. നിലവിലെ തൊഴിൽനിയമങ്ങൾ പാടെ പൊളിച്ചെഴുതുന്ന തൊഴിൽബില്ലിനും പൊതുമേഖലയെ സമ്പൂർണമായി സ്വകാര്യവത്കരിക്കുന്ന നയങ്ങൾക്കുമെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പാണ് പണിമുടക്ക്. ഒരുവശത്ത് രാജ്യത്തിൻ്റെ പൊതുസ്വത്താകെ കോർപറേറ്റുകൾക്ക് എന്നെന്നേയ്ക്കുമായി തീറെഴുതാനും തൊഴിലിൻ്റെയും കൂലിയുടെയും നിർണയാവകാശം കോർപറേറ്റുകൾക്ക് സമ്പൂർണമായി കൈമാനുമുള്ള നീക്കങ്ങൾ. അതിന കെടുതികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻകൂടി വേണ്ടിയാണ് വർഗീയതയെ സർക്കാർ ആയുധമാക്കുന്നത്. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും കാശ്മീരിൻ്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതുമെല്ലാം ഈ വർഗീയ ചേരിതിരിവ് സൃഷ്ടിക്കലിൻ്റെ ഭാഗമാണ്. തൊഴിലെടുത്തു ജീവിക്കുക, കൂലി നേടി കുടുംബം പോറ്റുക തുടങ്ങി മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ജീവിതാവശ്യങ്ങളെയാണ് മോദി സർക്കാർ പ്രതിസന്ധിയിലാക്കുന്നത്. ബോധം കെടുത്താൻ വർഗീയതയുടെ മയക്കുമരുന്നു പ്രയോഗം. നോട്ടുനിരോധനം മുതൽ ഇന്ത്യയിലെ സാധാരണക്കാരിൻ്റെ നിത്യജീവിതത്തിൻ്റെ അടിത്തറയിളക്കിയ ഭ്രാന്തൻ നയങ്ങൾക്കെല്ലാം പൊതുസമ്മതി സൃഷ്ടിക്കാൻ വർഗീയത തന്നെയായിരുന്നു മോദിയുടെയും ബിജെപിയുടെയും ആശ്രയം. ഈ വർഗീയ അജണ്ട തിരിച്ചറിഞ്ഞുകൊണ്ടാണ് നാം പ്രതിരോധമൊരുക്കേണ്ടത്. അതുകൊണ്ട് ജനുവരി എട്ടിൻ്റെ പൊതുപണിമുടക്കിൻ്റെ തുടർച്ചയാകണം, ജനുവരി 26ൻ്റെ മനുഷ്യ മഹാശൃംഖല.
പൗരത്വഭേദഗതിയുടെ ലക്ഷ്യം മുസ്ലിം വേട്ട മാത്രമല്ലെന്ന് തിരിച്ചറിയുകയണം. മുസ്ലിമിനെ ശത്രുപക്ഷത്തു നിർത്തി ഹിന്ദുക്കളെ വർഗീയമയി ഏകീകരിക്കുക; അങ്ങനെ ഏകീകരിക്കപ്പെട്ട ഹിന്ദുക്കളുടെ രക്ഷാകർത്തൃസ്ഥാനത്ത്, ഭരണാധികാരത്തോടെ സംഘപരിവാർ ഉണ്ടാവുക; ആ അധികാരത്തിൻ്റെ പിൻബലത്തിൽ രാജ്യത്തിൻ്റെ പൊതുസ്വത്തും സമ്പത്തും കോർപറേറ്റുകൾക്ക് തീറെഴുതുക എന്നതാണ് മോദിയുടെ ദൗത്യം. അതു തിരിച്ചറിഞ്ഞുകൊണ്ടാണ്, ഇന്ത്യൻ ജനത പ്രത്യേകിച്ച് യുവാക്കൾ നമ്മുടെ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ മതജാതി സംഘടനകളുടെ സങ്കുചിതത്വത്തിനപ്പുറത്തു നിന്നുകൊണ്ട് ഒരുമിക്കുന്നത്. പൗരത്വ നിയമത്തിന് എതിരായ സമരത്തെ സാമ്പത്തിക നയങ്ങൾക്കും തൊഴിൽനിയമ ഭേദഗതിക്കും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നതിനും എതിരായ സമരങ്ങളുമായി കോർത്തിണക്കിക്കൊണ്ടു മാത്രമേ അന്തിമവിജയം നേടാനാകൂ. അതാണ് ഇടതുപക്ഷത്തിൻ്റെ കാഴ്ചപ്പാട്.
Advertisements