മൊബൈല്‍ വിശേഷങ്ങള്‍

265

‘സര്‍, താമരശേരി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഇന്നുച്ചകഴിഞ്ഞു ബസ്സപകടം വല്ലതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?’

‘ഇല്ലല്ലോ ,ആരാ?’

ഞാന്‍ സ്വയം പരിചയപ്പെടുത്തി. കാര്യവും പറഞ്ഞു. അടുത്തത് മുക്കം പോലീസ് സ്‌റ്റേഷനാണ്. പിന്നെ അരീക്കോട് . അവസാനം എടവണ്ണ പോലീസ് സ്‌റ്റേഷനും കഴിഞ്ഞു. ഒരിടത്തും അപകടമൊന്നുമില്ല. പക്ഷേ ആള്‍ ഇതുവരെ എത്തിയിട്ടില്ല. നാലുമണിക്ക് സ്‌കൂളില്‍ നിന്നു പോന്നതാണ്. എനിക്കിരിപ്പുറച്ചില്ല. ഞാന്‍ വീണ്ടും നിലമ്പൂരങ്ങാടിയിലേക്ക് തിരിച്ചു.

നിലമ്പൂര്‍ക്ക് താമസം മാറ്റുമ്പോള്‍ ഞങ്ങളൊരു തീരുമാനം എടുത്തിരുന്നു. ശ്രീമതി ലീവെടുക്കും. അവരുടെ ജോലിസ്ഥലം എഴുപതു കിലോമീറ്റര്‍ ദൂരെയാണ്. ദൂരമല്ല കാര്യം. ആറ് വണ്ടിവരെ മാറിക്കയറിയാലേ സ്‌കൂളിലെത്താന്‍ പറ്റൂ. ഇന്നത്തെപ്പോലെ ഡയറക്റ്റ് വണ്ടികളൊന്നുമില്ല. ഒരാളുടെ ശമ്പളം കൊണ്ട് ജീവിക്കണം. സാരമില്ല. റബ്ബര്‍ മാര്‍ക്ക് ചെയ്തുകഴിഞ്ഞു.

60 സെന്റ് സ്ഥലത്താണ് കൊയാക്‌സിയല്‍ സ്‌റ്റേഷന്‍. ക്വാര്‍ട്ടേര്‍ഴ്‌സ്, കോംപൌണ്ടില്‍ തന്നെ. കെട്ടിടങ്ങള്‍ അല്ലാതെയുള്ള സ്ഥലം തരിശു ഭൂമിയാണ്. നല്ല ആഴമുള്ള, പുതിയ കിണറ്റില്‍ നിന്നെടുത്ത മണ്ണ് അവിടവിടെ കൂട്ടിയിട്ടിരിക്കുന്നു. ക്വാര്‍ട്ടേഴ്‌സില്‍ ഞങ്ങളെ ഉള്ളൂ. നാട്ടുകാരായ മൂന്നു ജീവനക്കാരും വീടുകളില്‍ നിന്നു വരുന്നവരാണ്. എല്ലാവരും ചെറുപ്പക്കാര്‍. ഇരുപതു ചട്ടി റോസാച്ചെടികളുമായാണ് ഞങ്ങള്‍ ചെന്നത്. മെര്‍ക്കാറായില്‍ നിന്നു കൊണ്ടുവന്നതാണ്. എല്ലാം നല്ല ഇനങ്ങള്‍. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ സ്ഥലം നിരപ്പാക്കി, ആവശ്യത്തിന് കാലിവളവും ഇട്ടു അവയെല്ലാം നട്ടു. വനം വകുപ്പില്‍ നിന്നു തൈകള്‍ വാങ്ങി ഏഴു ഡ്രൂപ്പിങ് അശോകാ മരങ്ങള്‍ വെച്ചു പിടിപ്പിച്ചു . നല്ലയിനം ആമ്പക്കാടന്‍ കപ്പ നൂറു ചോടു നട്ടു. നീലം, നിലാരി പസന്ത്, പേരയ്ക്കാ തുടങ്ങിയ മാവിനങ്ങളും, നാലു പ്ലാവുകളും കുഴിച്ചു വച്ചു. ധാരാളം ചാണകം ചേര്‍ത്ത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കി. മൂന്നുതരം പേര, ചാമ്പ, മുരിങ്ങ, എന്തിന് കരിമ്പു വരെ നട്ടു പിടിപ്പിച്ചു. എട്ടൊന്‍പത് മാസം കൊണ്ട് പൂക്കളും കായ്കറികളും നിറഞ്ഞ ഒരു തൊടിയായി സര്‍ക്കാര്‍ ഭൂമി മാറി.

അതിനും പുറമെ നാലുമീറ്റര്‍ നീളത്തിലും രണ്ടു മീറ്റര്‍ വീതിയിലും ഒന്നരമീറ്റര്‍ താഴ്ചയുള്ള ഒരു കുഴി കുഴിച്ചു, നിലം തല്ലികൊണ്ടു ചെരിവില്‍ അടിച്ചൊതുക്കി അതില്‍ വെള്ളം നിറച്ചു ഒരു കുളമുണ്ടാക്കി. പിങ്ക് നിറത്തിലുള്ള ആമ്പലും കൂടെ രോഹു മല്‍സ്യത്തിന്റെ അമ്പത് കുഞ്ഞുങ്ങളും കുളത്തില്‍ ഓളങ്ങളുണ്ടാക്കി. ഞങ്ങളുടെ ദിവസങ്ങള്‍ സന്തോഷം നിറഞ്ഞതായി.

പതിമൂന്നു വര്‍ഷം ഇന്‍സ്റ്റലേഷന്‍ ജോലികള്‍ ചെയ്തുവന്ന എനിക്കു ഓഫീസ് ജോലികള്‍ വെല്ലുവിളിയായിരുന്നില്ല . പരിപാലനമാണ് ജോലി. അത് നന്നായി അറിയാം. അതുകൊണ്ടുതന്നെ സമയം ഒരുപാട് മിച്ചം വന്നു. ഓഫീസിലെ സുഹൃത്തുക്കളുടെ സഹായത്തോടെ നല്ലൊരു റോസ് ഗാര്‍ഡന്‍ ഉണ്ടാക്കി. തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ മണ്ണുത്തിയിലും പരിസരങ്ങളിലുമുള്ള നേഴ്‌സറികള്‍ കയറി ഇറങ്ങി പുതിയ ഇനങ്ങള്‍ വാങ്ങി. എണ്‍പത്തിയെട്ട് ഇനം റോസുകളുള്ള തോട്ടം നാട്ടുകാര്‍ക്കും കൌതുകമായി. ആ വഴി പോകുന്നവരെല്ലാം ഒരു നിമിഷം നിന്നു, പൂന്തോട്ടം കണ്ടുപോകുന്ന കാഴ്ച ഞങ്ങളുടെ മനവും കുളിര്‍പ്പിച്ചു. ജില്ലാ മല്‍സരത്തില്‍ ഞങ്ങളുടെ റോസിന് രണ്ടാം സമ്മാനവും കിട്ടി.

പക്ഷേ ശ്രീമതി കുറേശ്ശെ അസ്വസ്ഥ ആകാന്‍ തുടങ്ങി. രാവിലെ മക്കള്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ കുറച്ചു നേരം വീട്ടില്‍ ഞാനുണ്ട്. ഞാന്‍ ഓഫീസിലേക്ക് നീങ്ങിയാല്‍ അവര്‍ തനിയെ ആകും. കുറെക്കാലമായുള്ള തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നു ഒരു മാറ്റം. കൃത്യമായി പ്ലാന്‍ ചെയ്തു കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പാചകവും വീട്ടുജോലിയും ഒന്നും വലിയ പണികളല്ല. പൂക്കളെയും പച്ചക്കറികളെയും പരിപാലിക്കുന്നതിനും ഒരതിരുണ്ട്. ആദ്യവര്‍ഷം വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോയി. രണ്ടാം വര്‍ഷമായപ്പോഴേക്കും സ്‌കൂളില്‍ പോകണമെന്ന ആഗ്രഹം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കാന്‍ തുടങ്ങി. ആഗ്രഹമൊക്കെ കൊള്ളാം.പക്ഷേ അഞ്ചും ആറും വണ്ടി മാറിക്കേറി എങ്ങിനെ സമയത്തിനെത്തും? എപ്പോള്‍ തിരിച്ചെത്തും? നിര്‍ബ്ബന്ധമാണെങ്കില്‍ അവിടെ താമസിച്ചു വാരാവസാനം വീട്ടില്‍ വരാം എന്ന നിര്‍ദ്ദേശം ശ്രീമതിക്ക് സമ്മതമായില്ല.

രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ജോലിക്കു പോകണം എന്നു ശ്രീമതി നിര്‍ബ്ബന്ധം പിടിച്ചു തുടങ്ങി. ഞാനാണെങ്കില്‍ ഒരു പ്രചോദനത്തില്‍ ഓഹരി വിപണിയിലേക്ക് എടുത്തു ചാടി വാലുമുറിഞ്ഞിരിക്കയാണ്. വട്ടിപ്പലിശക്കാര്‍ക്ക് മാസം തോറും നല്ലൊരു സംഖ്യ കൊടുക്കണം. സാമ്പത്തികമായി ആകെ ഞെരുക്കത്തിലാണ്. ഒരാള്‍ക്ക് കൂടി ശമ്പളം കിട്ടിയാല്‍ അത്രയും ആശ്വാസമാകും. പക്ഷേ ജോലിയുടെ സന്തോഷമുണ്ടെങ്കിലും യാത്രയുടെ ഭാരം അവര്‍ക്ക് താങ്ങാന്‍ പറ്റുമോ ? ജോലി സ്ഥലത്തു താമസിക്കുവാന്‍ ശ്രീമതി തയ്യാറുമല്ല. എന്തായാലും അവര്‍ ജോലിക്കു പോയിത്തുടങ്ങി. നാലുമണിക്ക് എഴുന്നേറ്റ് പാചകവും മറ്റ് പണികളും തീര്‍ത്തു ഏഴു മണിയുടെ വണ്ടിക്ക് യാത്ര തിരിക്കും. സ്‌കൂളില്‍ ആദ്യമെത്തുന്നത് അഞ്ചു വണ്ടി കയറിയെത്തുന്ന ടീച്ചറാണ്. നാലുമണിക്ക് തിരിച്ചാല്‍ ,ശരിക്ക് വണ്ടി കിട്ടിയാല്‍ ഏഴു മണിയോടെ തിരിച്ചെത്താം.

അവിടെയാണ് പ്രശ്‌നം. വൈകുന്നേരത്തെ തിരക്കില്‍ പലപ്പോഴും ബസ്സ് വൈകും. ഞാന്‍ ആറേ മുക്കാല്‍ തൊട്ട് കാത്തു നില്‍ക്കയാണ്.ചിലപ്പോള്‍ ഏഴര ,എട്ട് മണി കഴിഞ്ഞും ആളെത്തില്ല. എന്താണ് സംഭവിച്ചത് എന്നു ഒരു ധാരണയുമില്ലാതെ ഉള്ള കാത്തിരിപ്പ്. ഞാന്‍ വീട്ടില്‍ വന്നു സ്‌കൂളിലെ സഹപ്രവര്‍ത്തകരെ വിളിക്കും. കക്ഷി നാലുമണിക്കുതന്നെ പോന്നിട്ടുണ്ട്. കയ്യില്‍ ഒന്നിലേറെ മൊബൈലുകളുമായി നടക്കുന്ന ഇന്നത്തെ തലമുറക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമായിരുന്നു അന്ന് ഞങ്ങള്‍ അനുഭവിച്ച വ്യഥ. ലോകത്തെവിടെയും വിളിക്കാനുള്ള സൌകര്യം ഉണ്ടായിരുന്നു. പക്ഷേ മൂക്കിനുതാഴെ നടക്കുന്നതൊന്നും അറിയാന്‍ കഴിയുന്നില്ല. ഒരു യാത്ര പുറപ്പെട്ടാല്‍ ആളെത്തിയാലെ വിവരം അറിയൂ. ഇടയ്ക്കു പേജര്‍ സംവിധാനം എത്തി നോക്കിയെങ്കിലും വന്നപോലെ തന്നെ തിരിച്ചു പോയി. ഒരു വല്ലാത്ത സോഷ്യലിസത്തിന്റെ കാലമായിരുന്നു അത്. (അത് തിരിച്ചു കൊണ്ടുവരണമെന്നാണ് ചിലരിപ്പോഴും പറയുന്നതു). ഏത് സാധനവും കൂടുതല്‍ എടുക്കുമ്പോള്‍ വില കുറയും.പക്ഷേ കൂടുതല്‍ ടെലഫോണ്‍ ചെയ്യുന്നയാള്‍ കൂടുതല്‍ ഉയര്ന്ന നിരക്ക് കൊടുക്കണം. അന്ന് ഗള്ഫില്‍ വിളിക്കാന്‍ മിനുറ്റിന് അമ്പതു രൂപാ മുടക്കണം. ബോംബെയ്ക്കും ഡല്‍ഹിക്കും വിളിക്കാന്‍ മിനുട്ടിന് 36 രൂപാ.എന്തിന് ഒരു മിനുട്ട് കൊച്ചിക്കും തിരുവനന്തപുരത്തിനും വിളിക്കണമെങ്കില്‍ 18 രൂപാ കൊടുക്കണം. അഥവാ പൈസ മുടക്കാമെന്ന് വെച്ചാലും രക്ഷയില്ല. കാള്‍ ലഭിക്കാന്‍ ഭാഗ്യവും കൂടി വേണം.

എട്ടരക്ക് ശേഷവും ശ്രീമതി എത്താതിരുന്നപ്പോള്‍ എന്റെ മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല.ഞാന്‍ ഒന്നൊന്നായി റൂട്ടിലുള്ള പോലീസ് സ്‌റ്റേഷനുകളില്‍ വിളിച്ച് അപകടം വല്ലതുമുണ്ടോ എന്നു തിരക്കി. നിങ്ങള്ക്ക് ചിരി വന്നേക്കാം. പക്ഷേ പോലീസ്‌കാര്‍ വളരെ മാന്യമായി പെരുമാറി. എല്ലാ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും സഹാനുഭൂതിയോടെയുള്ള പെരുമാറ്റം മാത്രമേ ലഭിച്ചിട്ടുള്ളൂ.

ദൂരവും സമയവും കീഴടക്കി മാനവരാശി മുന്നേറുകയാണ്.പുതിയ തലമുറക്ക് അത്ര പരിചയമില്ലാത്ത ഒരവസ്ഥ ഓര്‍മ്മിപ്പിച്ചു എന്നു മാത്രം.