കളഞ്ഞുപോയ ഫോണ് ബ്ലോക്ക് ചെയ്യാനുള്ള സര്ക്കാര് വെബ്സൈറ്റ് ഏത്?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉ഫോൺ കളഞ്ഞുപോയോ? പേടിക്കേണ്ട കളഞ്ഞു പോയ ഫോൺ മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഇപ്പോൾ ഒരു സർക്കാർ വെബ്സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറിൽ മുംബൈയിൽ തുടക്കമിട്ട സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) ആണ് ഇതിനു നമ്മെ സഹായിക്കുന്നത്.
മൊബൈൽഫോൺ മോഷ്ടിക്കപ്പെടുകയോ,കളഞ്ഞുപോവുകയോ ചെയ്താൽ ഈ വെബ്സൈറ്റ് വഴി നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഫോൺ മോഷ്ടിച്ചയാൾക്കോ ,അത് കളഞ്ഞുകിട്ടിയ ആൾക്കോ ആ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല. രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിച്ച് കൊണ്ടിരിക്കുക ആണ്.
📌സിഇഐആർ വെബ്സൈറ്റ് വഴി ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:
✨//www.ceir.gov.inഎന്ന യുആർഎൽ സന്ദർശിച്ചാൽ മതി. ഫോണുകളുടെ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്സൈറ്റ് വഴി ഫോൺ ബ്ലോക്ക് ചെയ്യണമെങ്കിൽ ഫോൺ നഷ്ടമായതായി ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കണം.
✨ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഫോൺ നഷ്ടപ്പെട്ടതായോ,
മോഷ്ടിക്കപ്പെട്ടതായോ എഫ്ഐആർ രജിസ്റ്റർ ചെയ്യുക. ആ റിപ്പോർട്ടിന്റെ കോപ്പി കയ്യിൽ കരുതുക. വെബ്സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിന് അത് ആവശ്യമാണ്.
✨നഷ്ടപ്പെട്ട ഫോണിലെ സിംകാർഡുകൾക്ക് ഡ്യൂപ്ലിക്കേറ്റ് സിംകാർഡുകളും വാങ്ങണം.
പോലീസ് റിപ്പോർട്ടിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡ്, സാധിച്ചാൽ ഫോൺ വാങ്ങിയ ബില്ല് എന്നിവ കയ്യിൽ കരുതുക.
✨ഇതിന് ശേഷം ഫോണിന്റെ ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക. മുകളിൽ പറഞ്ഞ രേഖകൾ അപേക്ഷയ്ക്കൊപ്പം അറ്റാച്ച് ചെയ്യണം.
✨നിങ്ങളുടെ മൊബൈൽ നമ്പർ നൽകണം, രണ്ട് നമ്പറുകളുണ്ടെങ്കിൽ രണ്ടും. രണ്ട് സിംകാർഡ് സൗകര്യമുള്ള ഫോൺ ആണ് നിങ്ങളുടേത് എങ്കിൽ രണ്ട് ഐഎംഇഐ നമ്പറുകളും നൽകണം.
✨ഫോൺ വാങ്ങിയ പെട്ടിയിൽ ഐഎംഇഐ നമ്പറുകൾ കാണാം.
✨ഫോണുകൾ വാങ്ങുമ്പോൾ എപ്പോഴും ഐഎംഇഐ നമ്പറുകൾ എവിടെയെങ്കിലും എഴുതി സൂക്ഷിച്ച് വെക്കുക. ഭാവിയിൽ ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് അത് ഉപയോഗിക്കാം.
✨ഫോണിന്റെ ബ്രാന്റ്, മോഡൽ, പർചേസ് ഇൻവോയ്സ് എന്നിവയും നൽകുക.
✨ഫോൺ നഷ്ടമായ സ്ഥലവും, തീയ്യതിയും നൽകുക.ഫോൺ ഉടമ അയാളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, തിരിച്ചറിയൽ രേഖകൾ എന്നിവയിൽ ഏതെങ്കിലും അപേക്ഷയ്ക്കൊപ്പം നൽകണം.
അപേക്ഷ നൽകിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഈ ഐഡി ഉപയോഗിച്ച് ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാം.
📌ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് എങ്ങനെ ഒഴിവാക്കാം?
✨ഫോൺ തിരികെ ലഭിച്ചാൽ അക്കാര്യം ആദ്യം പോലീസിൽ അറിയിക്കുക. അതിന് ശേഷം ഇതേ വെബ്സൈറ്റിൽ തന്നെ ഫോൺ അൺബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നൽകാം.അപേക്ഷ നൽകിക്കഴിഞ്ഞ് അൺബ്ലോക്ക് ഒഴിവാക്കാൻ സമയമെടുക്കും. അതിനാൽ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് വിവരം അന്വേഷിക്കുക.