നിങ്ങളുടെ ഫോൺ (സീക്രട്ടായി) നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടോ ?

774

സുരേഷ് സി പിള്ള എഴുതുന്നു 

നിങ്ങളുടെ ഫോൺ (സീക്രട്ടായി) നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടോ?

രണ്ടു മൂന്ന് അനുഭവങ്ങൾ പറയാം. വീട്ടിലെ ഒരു സംഭാഷണം, ഫോൺ അപ്പോൾ കയ്യിൽ ഇല്ല. പക്ഷെ അടുത്തെവിടെയോ ഉണ്ട്.

“മുടി നന്നായി പൊഴിയുന്നു എന്നാ തോന്നുന്നേ, തലയുടെ പുറകിൽ മന്നവേന്ദ്ര വിളങ്ങുന്നു… ചന്ദ്രനെപ്പോൽ…” എന്ന് ഞാൻ

“ഓ, പത്തു നൽപ്പത്തിയാറ് വയസ്സായില്ലേ, പൊഴിയട്ടെന്നേ…..” ഭാര്യ

ഫേസ്ബുക്ക് തുറന്നു, ദേ വരുന്നു ഹെയർ ട്രാൻസ്‌പ്ലാന്റ് ഇൻ ടർക്കി എന്ന് പറഞ്ഞു advertisement. ഇത് കുറെ ദിവസം തുടർന്നു.

കഴിഞ്ഞ മാസം നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി (ചിക്കാഗോ) യിൽ വച്ച് ഒരു പഴയ സഹപ്രവർത്തകയെ കണ്ടു.

“സുരേഷ്, ഞാൻ ഡബ്ലിനിൽ വന്നിരുന്നു. അഡിസ് അബാബ (എത്യോപ്യ) യിലേക്ക് ഡബ്ലിൻ വഴിയാണ് പോയത്.”

“ഡബ്ലിനിൽ നിന്ന് എത്യോപൻ എയർലൈൻസ് അഡിസ് അബാബയിലേക്ക് ഉണ്ടല്ലോ, ഇനി വരുമ്പോൾ പറയൂ നമുക്ക് കാണാം.” (ഈ സമയം ഫോൺ എന്റെ പോക്കറ്റിൽ ആണ്.)

പറഞ്ഞു പിരിഞ്ഞു. കുറേ നാളത്തേയ്ക്ക് ഫേസ് ബുക്കിൽ എത്യോപൻ എയർലൈൻസിന്റെ പരസ്യം ആയിരുന്നു.

കഴിഞ്ഞ ദിവസം ജാക്കറ്റ് ട്രെയിനിൽ വച്ചു മറന്നു. നഷ്ടപ്പെട്ട കാര്യം വീട്ടിൽ വിളിച്ചു പറയുന്നു.

കുറച്ചു കഴിഞ്ഞു ഫേസ് ബുക്ക് തുറന്നപ്പോൾ ദാ വരുന്നു ഓൺലൈനിൽ ജാക്കറ്റ് വാങ്ങാനുള്ള പരസ്യങ്ങൾ.

നിങ്ങളുടെ ഫോൺ ഉപയോഗിക്കാത്ത സമയത്തും, ഫോൺ നിങ്ങളെ കേട്ടു കൊണ്ടിരിക്കുക ആണ്. ഈ ഇൻഫോർമേഷൻ ഒക്കെ പല കമ്പനികൾക്കും അയച്ചു കൊണ്ടിരിക്കുക ആണ്. അതനുസരിച്ചും കൂടിയാണ് നിങ്ങളുടെ ഫേസ്ബുക്കിൽ പരസ്യങ്ങൾ വരുന്നത്. നിങ്ങൾ പറയുന്നതും ചെയ്യുന്നതും ഒരു ‘ബിഗ് ബ്രദർ’ കേട്ടു കൊണ്ടിരിക്കുക ആണ്. പ്രൈവസി എന്താണ് ചെയ്യുക? ആദ്യമായി ചെയ്യേണ്ടത് the OK Google detection, സിറി (ഐഫോൺ) ഇവ ഓഫ് ചെയ്തു വയ്ക്കുക ആണ്.

കൂടുതൽ പ്രൈവസി വേണ്ടവർക്ക് ‘മൈക്രോ-ഫോൺ’ ആപ്പുകളിൽ പോയി പൂർണ്ണമായും ഓഫ് ചെയ്യാം. settings ൽ പോയാൽ വളരെ ലളിതമായി ചെയ്യാം. അറിയാൻ വയ്യാത്തവർക്കായി ഒന്നും രണ്ടും കമന്റ് നോക്കുക.

നമ്മൾ മറ്റുള്ളവരോട് പറയുന്നത് ഫോൺ കേൾക്കേണ്ട എന്ന് കരുതുന്നവരും സ്വകര്യത ഇഷ്ടപ്പെടുന്നവരും ‘മൈക്രോ ഫോൺ’ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ?