സാമ്പത്തികരംഗം തകന്നതിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാൻ ഒരു ആലിംഗനം

389

എഴുതിയത് : Rahul Mamkootathil

ISRO ചെയർമാനെ മോഡി ആലിംഗനം ചെയ്തപ്പോൾ ഇന്ത്യൻ ദേശീയത രക്തത്തിലലിഞ്ഞവരെല്ലാം വിജ്ര്യംഭിച്ച് പോയി. ഗുജറാത്ത് മണ്ണിൽ ജനിച്ചതിന്റെ ഗുണം മോഡിക്കുണ്ട്, എന്തിനെയും കച്ചവടം ചെയ്യാനുള്ള മിടുക്ക്, പ്രത്യേകിച്ച് ദേശീയതയെ!!

അതിന്റെ മനോഹരമായ മുഹൂർത്തങ്ങളിലൊന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ ശിവനെ അണച്ച് ചേർത്ത് കൊണ്ടുള്ള നിമിഷം. നെഹ്റുവടക്കമുള്ള കോൺഗ്രസുകാർ ഭരണത്തിലേറിയപ്പോൾ ഗോശാലക്ക് പകരം ഐ.ഐ.ടി കളും, സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളും തുടങ്ങിയതിനാൽ ശിവന്മാരും കലാമുമാരുമുണ്ടായി അവരോടൊപ്പം മിസൈലുകളും ചന്ദ്രയാൻ ദൗത്യവും പിറവിയെടുത്തു.

ഇതോടൊപ്പം ചേർത്ത് വെച്ച് പറയേണ്ടതായ അല്ലെങ്കിൽ, അതിലും പ്രാധാന്യത്തിൽ പറയേണ്ട മറ്റൊരു കാര്യമുണ്ട്. ISRO ചെയർമാനോടൊപ്പം മസ്തിഷ്കം പങ്കിട്ട ജിതേന്ദ്രനാഥ് ഗോസ്വാമി എന്ന ശാസ്ത്രജ്ഞൻ, 19.5 ലക്ഷം സഹോദരങ്ങൾക്കൊപ്പം ഇന്ത്യൻ പൗരത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നുവെന്ന വസ്തുത!
ഇതും ഈ ദേശീയ വിലാപത്തോടൊപ്പം തന്നെ വായിക്കണം!

മോഡിയുടെ ആലിംഗന രാഷ്ട്രീയത്തിൽ ഒരിക്കലും ഉൾപ്പെടാത്ത വിഭാഗങ്ങളുണ്ട് – ഇന്ത്യയിലെ മുസ്ലിംകൾ, ദളിതർ എന്നിവർ!

അവരെ അപരവത്ക്കരിക്കുന്ന, അവരോടുള്ള യുദ്ധപ്രഖ്യാപനമായി ഓരോ തിരഞ്ഞെടുപ്പ് കൺവെൻഷനുകളേയും മാറ്റുന്ന മോഡിയും അമിത് ഷായും മറന്നു പോകുന്നത് ഇന്ത്യൻ ദേശീയത പൂർണ്ണമാകുന്നത് ദളിതുകളും മുസ്ലിംകളും ഉൾപ്പെടുമ്പോഴാണ് എന്നതാണ്.

ഈ വാദത്തിന് സംഘ്പരിവാർ റിപ്പബ്ലിക്കിൽ പ്രസക്തിയില്ലെങ്കിലും, പൂർണ്ണമാകാത്ത ചന്ദ്രയാൻ ദൗത്യം പോലെ നാമിത് പറഞ്ഞു കൊണ്ടിരിക്കും!! എങ്കിലേ ഇന്ത്യൻ ദേശീയത പൂർണ്ണമാകുകയുള്ളൂ .

സ്വന്തം രാജ്യത്ത് യാതൊരു കുറ്റവും ചെയ്യാതെ തന്നെ, ഒരു സംസ്ഥാനത്ത് ജനിച്ചതിന്റെ പേരിൽ മാത്രം തടവിലാക്കപ്പെട്ട കാശ്മീരിലെ പൊതു പ്രവർത്തകരും, സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും അടക്കം ഈ ചേർത്ത് പിടിക്കലിനു കഴിഞ്ഞ കുറേ മാസങ്ങളായി യോഗ്യരാണ്.

ചൈന 2019 ജാനുവരി 3ന് അവരുടെ ഷാങ്ങ് സ്പേസ് ക്രാഫ്റ്റ് വിജയകരമായി ചന്ദ്രനിൽ എത്തിച്ചിട്ടും, 2008 ൽ ഇന്ത്യ ചന്ദ്രയാൻ 1 ഉം, 2013 ൽ മംഗൾയാനും വിജയകരമായി പൂർത്തീകരിച്ചിട്ടും ലഭിക്കാത്ത ആർപ്പുവിളികൾ രാജ്യത്തെ പ്രധാനമന്ത്രിക്ക് (ശാസ്ത്രജ്ഞർക്കല്ല) ഈ പരാജയപ്പെട്ട പദ്ധതിയുടെ പേരിൽ ലഭിക്കുന്നത് “അശ്ലീല ദേശിയതയാണ്”.

“നമോ” എന്ന ഉച്ചത്തിലുള്ള ഈ വിളികൾ, “പൊത്തോ” എന്ന് പറഞ്ഞ് ഇന്ത്യൻ സാമ്പത്തിക രംഗം തകർന്നതിനെ നിശബ്ദമാക്കാൻ വേണ്ടിയാണ് എന്ന് വാഴ്ത്തുന്നവർക്കും, മോദിയുടെ PR ഏറ്റെടുത്ത് നടത്തുന്ന ഇന്ത്യൻ മാധ്യമങ്ങൾക്കും നന്നായി അറിയാം…!! രാജാവ് നഗ്നാണെന്ന് പറയുന്ന കുട്ടിയുടെ “വസ്ത്രാക്ഷേപം” നടത്തുന്ന സംഘപരിവാർ സർട്ടിഫിക്കറ്റഡായ “ദേശസ്നേഹികൾക്ക്” എന്റെ “നമോ”വാകം!

Rahul Mamkootathil