സത്യാനന്തരകാലത്തെ പ്രധാനമന്ത്രി

610

സത്യാനന്തരകാലത്തെ പ്രധാനമന്ത്രി

വേണുഗോപാലൻ കെ എ (K A Venugopalan)

വേണുഗോപാലൻ കെ എ
വേണുഗോപാലൻ കെ എ

കേരളത്തില്‍ അയ്യപ്പനാമം ഉച്ചരിക്കുന്നവരെ മുഴുവന്‍ ജയിലില്‍ അടക്കുകയാണെന്ന് പ്രധാനമന്ത്രി. കര്‍ണ്ണാടകത്തില്‍ വെച്ചാണിത് പറഞ്ഞത്. അതിന് മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ ഇങ്ങനെ ഒരാക്ഷേപം ഉന്നയിക്കപ്പെട്ടിരുന്നില്ല. ഈ കാവല്‍ക്കാരന്റെ ഭരണ കാലത്ത് വന്‍സ്‌ഫോടനങ്ങളൊന്നും നടന്നിട്ടില്ല എന്ന് മഹാരാഷ്ട്രയില്‍ വെച്ച് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഫുല്‍വാമയും ഉറിയും അടക്കം നിരവധി സ്‌ഫോടനങ്ങള്‍ വസ്തുതകളായി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് യാതൊരു മന:സാക്ഷിക്കുത്തും കൂടാതെ പ്രധാനമന്ത്രി ഇങ്ങനെ പച്ചക്കള്ളം പറഞ്ഞത്. മുമ്പും പ്രധാനമന്ത്രിമാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. ബി ജെ പിക്കാരന്‍ പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. അവരൊന്നും തന്നെ ഇങ്ങനെ പച്ചക്കള്ളം പറഞ്ഞിട്ടില്ല. പിന്നെ എന്തുകൊണ്ട് ഇദ്ദേഹം ഇങ്ങനെ?
ഒന്നാമത്തെ കാര്യം ഇദ്ദേഹം സത്യാനന്തരകാലത്തെ പ്രധാനമന്ത്രിയാണെന്നതാണ്. രണ്ടാമത്തെ കാര്യം അദ്ദേഹത്തിന് വികസന നേട്ടങ്ങളൊന്നും തന്നെ പറയാനില്ല എന്നതാണ്. മൂന്നാമത്തെ കാര്യം അദ്ദേഹം ഗീബത്സിന്റെ ശിഷ്യനാണ് എന്നതാണ്. നമുക്ക് ഒരൊന്നായി പരിശോധിക്കാം.
സത്യാനന്തര രാഷ്ട്രീയം എന്നത് ഒരു നവലിബറല്‍ പ്രതിഭാസമാണ്. 1992ല്‍ സെര്‍ബിയന്‍-അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീവ് ടെസിക് എഴുതിയ ‘ദി നേഷന്‍’ എന്ന കൃതിയിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത് എന്നാണ് ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു പറയുന്നത്. എന്നാല്‍ 2016ലാണ് ഈ പദം ഓക്‌സ് ഫോര്‍ഡ് നിഘണ്ടുവില്‍ ഇടം പിടിക്കുന്നത്. നാമിന്ന് ജീവിച്ചിരിക്കുന്നത് നവലിബറല്‍ മുതലാളിത്ത കാലത്താണ്. ഭരണവര്‍ഗരാഷ്ട്രീയവും മാധ്യമകുത്തകകളും പ്രവര്‍ത്തിക്കുന്നത് ഈ നവലിബറല്‍ മുതലാളിത്ത നയങ്ങള്‍ക്ക് അനുസൃതമായാണ്. നവലിബറല്‍ മുതലാളിത്തത്തിന്റെ സാമ്പത്തികാടിത്തറ ആഗോളവത്കരിക്കപ്പെട്ട ധനമൂലധനമാണ്. ഈ ധനമൂലധനം ലാഭമുണ്ടാക്കുന്നതും നിലനില്ക്കുന്നതും ഓഹരി വിപണിയിലും കടപ്പത്രങ്ങളിലും മറ്റും നടത്തുന്ന ഊഹാധിഷ്ഠിത നിക്ഷേപത്തിലൂടെയാണ്. ധനരംഗത്ത് വരുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനായി സാമ്പത്തിക രംഗത്തെ സത്യാനന്തര ഉല്പന്നമായ ‘കുമിളകള്‍’ സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഫലത്തില്‍ ഊഹാധിഷ്ഠിതവും കുമിളാധിഷ്ഠിതവുമാണ് ധനമൂലധനശക്തികളുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന ഭരണാധികാരികളും ‘സത്യാനന്തര’രാഷ്ട്രീയത്തിന്റെ പ്രായോജകരാണ്. നരേന്ദ്രമോദി അതിന്റെ ഉത്തമ ദൃഷ്ഠാന്തമാണ്. കേരളത്തില്‍ അയ്യപ്പനാമം ഉച്ചരിക്കുന്നവരൊക്കെ അകത്താക്കപ്പെടുന്നുവെന്നും താന്‍ ഭരണാധികാരിയായതിന് ശേഷം ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത് ഈ സത്യാനന്തര രാഷ്ട്രീയത്തിന്റെ കീഴ്‌പ്പെടലാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ ചില കുത്തക മാധ്യമങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പു സര്‍വ്വെകളും അതിന്റെ ഫലങ്ങളും ഇതേ സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങളാണ്.
രണ്ടാമത്തെ കാര്യം നരേന്ദ്രമോദിക്ക് ഭരണനേട്ടങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനില്ല എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വികസനമായിരുന്നു മോദിയുടെ മുദ്രാവാക്യമെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ അത് യുദ്ധോത്സുക- വര്‍ഗീയ ദേശീയതയായി മാറിയതിന് കാരണം വികസന മുദ്രാവാക്യത്തിന്റെ പരാജയമാണ്. വാഗ്ദാനം ചെയ്ത 10കോടി തൊഴില്‍ നല്‍കാനോ, കള്ളപ്പണം പിടിച്ചെടുത്ത് 15ലക്ഷം വീതം ജനങ്ങള്‍ക്ക് നല്‍കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് ദേശീയതയും വര്‍ഗീയതയും ഇഴചേര്‍ത്ത് അവതരിപ്പിക്കുകയാണ് മോദി ഈ തെരഞ്ഞെടുപ്പില്‍ ചെയ്തുവരുന്നത്. വിശ്വാസം രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നത് സത്യാനന്തര രാഷ്ട്രീയത്തിന്റെ മറ്റൊരു പ്രയോഗരീതിയാണ്.
മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനനാരീതി പകര്‍ത്തിയാണ് ആര്‍ എസ് എസ് രൂപീകരിച്ചതെങ്കില്‍ ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രിയായ ഗീബത്സിന്റെ സിദ്ധാന്തമാണ് ഇന്ന് ബി ജെ പി തെരഞ്ഞെടുപ്പു രംഗത്ത് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. നുണ നൂറാവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരും എന്ന സിദ്ധാന്തം കണ്ടെത്തിയ ആളായിരുന്നു ഗീബത്സ്. തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ഗീബത്സിന്റെ പ്രചാരണരീതിയാണിന്ന് ബി ജെ പി അനുവര്‍ത്തിച്ചുവരുന്നത്. ശബരിമല സ്ത്രീ പ്രവേശന കാര്യത്തില്‍ സുപ്രിംകോടതിവിധിയെ തുടക്കത്തില്‍ സ്വാഗതം ചെയ്ത പാര്‍ട്ടിയാണ് ബി ജെ പി. അവിടെ സ്ത്രീകള്‍ക്കെതിരായി അതിക്രമത്തിന് മുതിര്‍ന്നവര്‍ മാത്രമാണ് അറസ്റ്റിനിരയായത്. കേന്ദ്ര ആഭ്യന്തരവകുപ്പ് അന്ന് അതിനോട് യോജിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇപ്പോള്‍ ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കുന്നതിന് എതിരാണ് ഇടതുപക്ഷജനാധിപത്യമുന്നണി എന്ന കള്ളപ്രചാരണം ആവര്‍ത്തിച്ച് നടത്തുകയാണ് ബി ജെ പിയും മറുവശത്ത് കോണ്‍ഗ്രസും. പക്ഷെ ജനങ്ങള്‍ക്ക് ഓര്‍മ്മ ശക്തിയുണ്ടെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിക്കും.