അയ്യേ പറ്റിച്ചേ …. മോദി സോഷ്യൽ മീഡിയ വിടില്ല!

0
342
വെറുതെ മോദി, സോഷ്യൽ മീഡിയ വിടില്ല!
സോഷ്യൽ മീഡിയ വിടുന്നതിനെ കുറിച്ച് നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നതോടെ പല വിധ പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. ചിലർ അതിനെ ട്രോളുന്നു. മറ്റ് ചിലർ വിശകലനം ചെയ്യുന്നു. വേറെ ചിലർ ഭയക്കുന്നു. എന്തായാലും, ഈ സമയത്തുള്ള ആ പറച്ചിൽ വെറുതെ ആവാനിടയില്ല.
മൂന്ന് സാധ്യതകളാണ് തോന്നുന്നത്:
1. സി എ എ പ്രക്ഷോഭവും തൊട്ടു പിന്നാലെ ജെ എൻ യുവിലും ജാമിയായിലുമൊക്കെ നടന്ന പൊലീസ് നടപടികളും ഏറ്റവുമൊടുവിലെ ഡൽഹി കലാപവുമെല്ലാം കത്തിപ്പടർന്ന ഇടം സോഷ്യൽ മീഡിയയാണ്. അതിനെ നിയന്ത്രിക്കണം. അതിനുള്ള വഴി സോഷ്യൽ മീഡിയകളെ വിരട്ടലാണ്. ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയുമെല്ലാം വലിയ മാർക്കറ്റാണ് ഇന്ത്യ. ഭരിക്കുന്നവർക്കൊപ്പം നിൽക്കാൻ ഈ സോഷ്യൽ മീഡിയകൾക്ക് മേലുള്ള സമ്മർദ്ദം കൂടി വരികയാണ്. സർക്കാറിന് ഇഷ്ടമുള്ളത് മാത്രമുള്ള സോഷ്യൽ മീഡിയാ എന്ന ആവശ്യം പക്ഷേ ഒരു കമ്പനിക്കും പൂർണ്ണമായി സ്വീകരിക്കാനാവില്ല. അവർ പൂർണ്ണമായി വഴങ്ങാത്ത സാഹചര്യത്തിൽ, പുതിയ എന്തോ ഒന്ന് കാണിച്ച് അവരെ ഭീഷണിപ്പെടുത്താനുള്ള സമ്മർദ്ദതന്ത്രമാവാം ഇത്.
2. അദ്ദേഹം പോവുന്നതിൽ എന്തോന്ന് സമ്മർദ്ദം എന്ന് വേണമെങ്കിൽ പുച്ഛിക്കാവുന്നതാണ്. എന്നാൽ ആ സമ്മർദ്ദത്തിന്റെ കിടപ്പ് മറ്റ് വഴിക്കാവാനാണ് സാധ്യത. ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ സോഷ്യൽ മീഡിയാ വിപണിയാണ് ഇന്ത്യ. ചൈന പാശ്ചാത്യ സോഷ്യൽ മീഡിയകളെ പണ്ടേ പടിയടച്ചു പിണ്ഡം വെച്ച്, സ്വന്തമായി സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങി. ഇതേ മാർഗം സ്വീകരിക്കണമെന്ന താൽപ്പര്യം ഇന്ത്യയ്ക്ക് ഏറെ നാളായുണ്ട്. സാക്ഷാൽ മുകേഷ് അംബാനി തന്നെ പലവട്ടം ഇക്കാര്യം ആവശ്യപ്പെട്ടു. ഡാറ്റാ സാമ്രാജ്യത്വം എന്നൊക്കെ പറഞ്ഞു കൊണ്ട്, ഇന്ത്യയ്ക്ക് സ്വന്തമായി സോഷ്യൽ മീഡിയ വേണമെന്നാണ് പുള്ളി പറഞ്ഞു വെച്ചത്. കയ്യിലിപ്പോൾ തന്നെ ജിയോ ഉണ്ട്. ബി എസ് എൻ എല്ലിനെ അടക്കം തകർത്ത് കൊണ്ടുവരാൻ പോവുന്ന കുത്തക മനസ്സിലുണ്ട്. അതിനാൽ, ഇന്ത്യയ്ക്ക് സ്വന്തമായി, സർക്കാറിന്റെയും ഭരണകക്ഷിയുടെയും അംബാനിയുടെയുമൊക്കെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയ കൊണ്ടുവരാൻ പോവുന്നതിന്റെ മുന്നോടിയാവാം ഇത്. അതു ചൂണ്ടിക്കാട്ടിയുള്ള വിലപേശലും.
3. പുതിയ ഐടി നിയമം ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. സുപ്രീം കോടതി മുമ്പ് ഉച്ചാടനം ചെയ്തതിനേക്കാൾ അപകടകരമായ നിയമങ്ങളും വ്യവസ്ഥകളുമുള്ള ഒന്ന് തന്നെയാവും വരാൻ പോവുന്നത്. സ്വകാര്യത പോലുള്ള വിഷയങ്ങൾ ഉയർന്നാലും ഒരു കോടതിയും എതിരുനിൽക്കാൻ പോവുന്നില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സ്വന്തം സോഷ്യൽ മീഡിയയും പുതിയ ഐ ടി നിയമവും വരുതിയിൽ നിൽക്കുന്ന ഭരണഘടനാ സംവിധാനങ്ങളുമൊക്കെ ആവുമ്പോൾ സംഭവിക്കുന്ന അപായകരമായ ആ കോംബിനേഷനില്ലേ, പുതിയ സാഹചര്യത്തിൽ അത് അനിവാര്യമാണ്. എതിർപ്പുകൾ ഇല്ലാതാക്കൽ മാത്രമല്ല, സമഗ്രാധിപത്യത്തിന്റെ അയ്യരുകളിയിലേക്ക് നീങ്ങാനും ഇത് ഉഗ്രനാണ്.
(കടപ്പാട്)