പൊതുമേഖലാസ്ഥാപനങ്ങൾ വില്കുന്നതിലൂടെ താത്കാലികമായി ഖജനാവിൽ പണമെത്തുമെങ്കിലും, അവയിൽനിന്നും കിട്ടികൊണ്ടിരുന്ന വരുമാനം എന്നെന്നേക്കുമായി ഇല്ലാതാവും

236
Mohamed Kamal
പൊതുമേഖലാസ്ഥാപനങ്ങൾ വില്കുന്നതിലൂടെ താത്കാലികമായി ഖജനാവിൽ പണമെത്തുമെങ്കിലും, അവയിൽനിന്നും കിട്ടികൊണ്ടിരുന്ന വരുമാനം എന്നെന്നേക്കുമായി ഇല്ലാതാവും. ഇവിടെ വില്പനയിലൂടെ ലഭ്യമായ പണം പ്രൊഡക്ടിവ് ആയ പുതിയ സംരംഭങ്ങളിൽ മുതൽമുടക്കുകയായിരുന്നെങ്കിൽ ഭാവിയിൽ എന്തെങ്കിലുംതരത്തിലുള്ള വരുമാനം പ്രതീക്ഷിക്കാമായിരുന്നു. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നത് എന്താണെന്നുവെച്ചാൽ, സാമ്പത്തിക കമ്മി സർക്കാരിന്റെ നിലവിലെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്, അതിനെ മറികടക്കാൻ ഉള്ളതെല്ലാം വിറ്റു പെറുക്കുക എന്ന നയം തത്കാലത്തേക്ക് സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമാവും. പക്ഷേ, അതുകൊണ്ടുണ്ടാവുന്ന ആപത്ത് എന്താണെന്നുവെച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക തകർച്ച പൂർണമായും ഉറപ്പാക്കാമെന്നതാണ് .
ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ തോതിൽ വിറ്റു കഴിഞ്ഞാൽ കാലം കഴിയുന്തോറും അഭ്യന്തര വരുമാനം പൂർണമായും ടാക്സിന്മേൽ അടിസ്ഥാനപ്പെട്ടുവരും. ചുരുക്കിപ്പറഞ്ഞാൽ ഓരോ വസ്തുവിന്മേലും വലിയതോതിൽ ടാക്സ് വർധന ഉണ്ടായാൽ മാത്രമേ ഖജനാവിലെ പണമെത്തുകയുള്ളു. അങ്ങിനെ സാധനങ്ങളുടെ വിലകൂടും, രൂപ യുടെ മൂല്യം കുറയും. ഇത് ഒരു ചക്രം ആണ്, സർക്കാരിന്റെ ചിലവിനനുസരിച് ഏറ്റവ്യത്യാസങ്ങൾ വന്നുകൊണ്ടേയിരിക്കും. ഇനി ഇതിന്റെ മറുവശം എന്താണെന്നുവെച്ചാൽ, വിറ്റ സ്ഥാപനത്തിൽനിന്നുള്ള end പ്രോഡക്റ്റിന്റെ ഉപയോക്‌താക്കൾ രാജ്യത്തിനകത്തുള്ളവരാണെങ്കിൽ, സ്വകാര്യ വ്യക്‌തികൾക് തോന്നും വിധം ഉത്പന്നത്തിനുമേൽ ലാഭം നിശ്ചയിക്കാനും സാധിക്കും. എങ്ങിനെ പോയാലും വിലക്കയറ്റമല്ലാതൊന്നും ഇതുകൊണ്ട് ഉണ്ടാവാൻ പോവുന്നില്ല എന്ന് സാരം. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭമായിരുക്കുന്നിടത്തോളം കാലം ജനങ്ങൾക്കുമേലുള്ള അധികഭാരം കുറയുമെന്നുള്ളത് തീർച്ചയാണ്. പക്ഷെ, അത് വില്കുന്നതിലൂടെ വിപരീത ഫലമാണ് രൂപംകൊള്ളുന്നത് എന്നത് നാം മനസ്സിലാക്കണം.
ഈ സർക്കാർ എത്ര കാലം ഭരിക്കാൻ ഉദ്യേശിക്കുന്നോ, അത്രയും സമയം പിടിച്ചുനിൽക്കാൻ എന്തെല്ലാം വിൽകാമെന്നുള്ളതിനുള്ള ഒരു ലിസ്റ്റുതന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടാവും എന്നു ഞാൻ കരുതുന്നു. ഇതു പറയാൻ കാരണം മറ്റൊന്നുമുണ്ടായിട്ടല്ല, റിസർവ് ബാങ്കിലെ കരുതൽ ധനം എടുത്ത് കളിക്കാൻ മടിയില്ലാത്ത ഒരു സർക്കാരിന് രൂപയുടെ നിലവാരം എങ്ങിനെ നിലനിർത്താമെന്നതിനെക്കുറിച്ച് യാതൊരുവിധ കാഴ്ചപ്പാടും ഇല്ല എന്നാണ് സൂചിപ്പിക്കുന്നത്. ഗവണ്മെന്റ് സംരക്ഷിക്കേണ്ട പൊതുമേഖല സ്ഥാപനങ്ങൾ പൂർണമായും വിൽക്കുന്നത്, വിലക്കയറ്റത്തിനുമേൽ ദീര്ഘവീക്ഷണമില്ലാത്തതുകൊണ്ടാണ് എന്നതിന് തെളിവാണ്.
ഒരുപക്ഷെ ഇവർ നല്ലവണ്ണം ആസൂത്രണം ചെയ്തിട്ടുണ്ടാവാം, അധികമൊന്നും തങ്ങളുടെ തങ്ങളുടെ ദുർഭരണം മുന്നോട്ടുകൊണ്ടുപോവാൻ കഴിയില്ല എന്നതിനെകുറിച്ച് . നാടൻ ഭാഷയിൽ പറഞ്ഞാൽ ” ഇത് വെച്ച് മാറാനുള്ള ” ഒരു ഭരണമാണ്. കഴിവിന്റെ പരമാവധി ഊറ്റാൻ പറ്റുന്നത് മുഴുവനും എടുത്ത്, നമ്മുടെ രാജ്യത്തെ വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും, ബ്രിട്ടീഷുകാർ ചെയ്തത്പോലെ. അതിനിവിടെ മതത്തിന്റെ പേരിൽ വിവേചനം വേണം, സമുദായങ്ങൾ തമ്മിലടിക്കണം, അരക്ഷിതാവാത്ത ഉടലെടുക്കണം, അങ്ങിനെ വരുമ്പോഴേ തങ്ങൾ കാണിച്ച തെമ്മാടിത്തരങ്ങൾക് മറ ലഭിക്കുകയുള്ളു. ജനങ്ങൾ പട്ടിണി മാറ്റാനും സമാധാന അന്തരീക്ഷം പടുത്തുയർത്താനും കഷ്ടപ്പെടുമ്പോൾ തങ്ങൾ കാണിച്ച നെറികേടിനെ ഓർക്കുവാനോ ഒരുപക്ഷെ ചരിത്രത്തിൽ രേഖപ്പെടുത്താനോ സമയം കിട്ടിയെന്നു വരില്ല എന്ന ബുദ്ധിയായിരിക്കാം അവരെക്കൊണ്ടിതെല്ലാം ചെയ്യിക്കുന്നതിന് പ്രേരകം. നമ്മളെ കാത്തിരിക്കുന്നത് കഷ്ടപ്പാടിന്റെ നാളുകളാണോ എന്ന് എന്റെഉളളം ചോദിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. നമ്മെളെല്ലാവരും അലക്ഷ്യമായി അല്ലെങ്കിൽ അമിതാത്മവിശ്വാസത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്, ദൈവം കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.