സന്തോഷ് ജോർജിന് എങ്ങിനെയാണ് കേരളീയരുടെ പൊതു മനോഭാവത്തെ മാറ്റിയെടുക്കാൻ കഴിയുക…?
സന്തോഷ് ജോർജ് കുളങ്ങര പ്ലാനിങ് ബോർഡ് മെമ്പർ ആയതുകൊണ്ട് കേരള ടൂറിസം രംഗത്ത് വലിയ രീതിയിൽ ഉള്ള എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് തോന്നുന്നില്ല. മലയാളികളിൽ വലിയൊരു വിഭാഗം
325 total views

Mohamed Shareef
സന്തോഷ് ജോർജ് കുളങ്ങര പ്ലാനിങ് ബോർഡ് മെമ്പർ ആയതുകൊണ്ട് കേരള ടൂറിസം രംഗത്ത് വലിയ രീതിയിൽ ഉള്ള എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് തോന്നുന്നില്ല. മലയാളികളിൽ വലിയൊരു വിഭാഗം മനസിലാക്കി വെച്ചിരിക്കുന്നത് കേരളം പോലെ പ്രകൃതി ഭംഗിയുള്ള സ്ഥലം ലോകത്തു വേറെ ഇല്ല എന്നാണ്. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾ ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്നവരാണ് എന്നാണ് അവരുടെ ധാരണ.നമ്മുടെ തൊട്ടു അയൽരാജ്യമായ ശ്രീലങ്ക കേരളിയ ഭൂപ്രകൃതിയോടു കിടപിടിക്കുന്നതാണ്.മൂന്നാറിനേക്കാൾ മികച്ച സൗകര്യങ്ങളും കാലാവസ്ഥയുമാണ് ശ്രീലങ്കയിലെ കാൻഡി എന്ന പ്രദേശത്തുള്ളത്.കാൻഡിക്കാൾ പത്തു മടങ്ങു മികച്ചതാണ് മലേഷ്യയിലെ ജെന്റിങ് ഹൈ ലാൻഡ്. ശ്രീലങ്ക ആവട്ടെ, കേരളത്തേക്കാൾ ചെലവ് കുറഞ്ഞ മലയാളികളേക്കാൾ മികച്ച ആതിഥ്യ മര്യാദയുള്ള രാജ്യമാണ്.
വിനോദമേഖല ഏറെ കുറെ ഓരോ നാടുകളുടെയും അവിടുത്തെ ജനങ്ങളുടെയും സ്വഭാവ, സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ലിബറലായ, സ്വതന്ത്ര ചിന്തയുള്ള രാജ്യങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുക. അതോടൊപ്പം വൃത്തിയും ആഥിത്യ മര്യാദയും സുരക്ഷിതത്വവും ലഭിക്കുന്ന രാജ്യങ്ങളെയാണ് ഏതൊരു സഞ്ചാരിയുംതിരഞ്ഞെടുക്കുക.പൊറ്റക്കാട് യാത്ര ചെയ്ത കാലമല്ല ഇപ്പോൾ. ലോകം തന്നെ ഒരു രാജ്യമായി മാറിയ ഇക്കാലത്തു ഒട്ടു മിക്ക ആളുകളും സഞ്ചാരികളാണ്. അറിവിനേക്കാൾ വിനോദത്തിനു വേണ്ടിയാണ് ഇക്കാലത്തെ യാത്രകൾ അധികവും. മധ്യ വേനലവധിക്കും മറ്റും കുടുമ്പവുമായി യാത്ര നടത്തുന്നവർക്ക് വേണ്ടത് വിനോദത്തോടൊപ്പം സുരക്ഷിതമായ ഇടങ്ങൾ കൂടിയാണ്.
യാത്രകളിൽ നിന്ന് മനസിലാക്കിയത്, മാനസിക ഉല്ലാസത്തിനു വേണ്ടി യാത്ര ചെയ്യുന്നവർക്ക് കേരളമോ ഇന്ത്യയോ ഒരു ലക്ഷ്യ സ്ഥാനമേ അല്ല എന്നാണ്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തോട് അടുത്ത് നിൽക്കുന്ന രാജ്യങ്ങളിൽ ശ്രീലങ്കയാണ് അൽപമെങ്കിലും അത്തരം സഞ്ചാരികളെ ആകർഷിക്കുന്നത് . കോവളത്തോ വർക്കല ബീച്ചിലോ കറങ്ങി നടക്കുന്ന ഏതെങ്കിലും സായിപ്പിനെ കണ്ടിട്ടോ കോഴിക്കോട് മിടായി തെരുവിൽ ഒരു അറബിയെ കണ്ടിട്ടോ യൂറോപ്യന്മാരും അറബികളും ഇന്ത്യയിലേക്ക് ഒഴുകി വരികയാണ് എന്ന് കരുതുന്നത് ശുദ്ധ വങ്കത്തരമാണ്. കയ്യിൽ നിറയെ കാശുള്ള ഒരു വിദേശിയെ തൃപ്തിപ്പെടുത്താവുന്ന ഒരു അമ്യുസ്മെന്റ് പാർക്കോ മികച്ച ഷോപ്പിങ് മാളോ കേരളത്തിൽ ഇല്ല എന്നതാണ് സത്യം.
കുടുമ്പവുമായി പല രാജ്യങ്ങളിലേക്കും യാത്ര ചെയ്തത് ഒരു ട്രാവൽ ഏജൻസിയുടെയും പിന്തുണ ഇല്ലാതെയാണ്. പോകേണ്ട രാജ്യം തീരുമാനിച്ചാൽ ട്രിപ്പ് അഡ്വൈസർ, ലോൺലി പ്ലാനറ്റ് തുടങ്ങിയ സൈറ്റുകൾ വഴി യാത്ര സ്വയം പ്ലാൻ ചെയ്യുകയാണ് പതിവ്. മികച്ച ടൂറിസം സംസ്ക്കാരവും സുരക്ഷയും ഉള്ള രാജ്യങ്ങളിൽ ആസൂത്രണത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാലും ഭയപ്പെടേണ്ടതില്ല,ഏതു പാതിരാ നേരത്തും ഒരു ടാക്സി വിളിച്ചു നമുക്ക് താമസ സ്ഥലത്തോ മറ്റോ എത്തിപ്പെടാം. അതെ സമയം ഇന്ത്യയിൽ ഏതെങ്കിലും സ്ഥലത്തേക്ക് ആരുടെയെങ്കിലും പിന്തുണയില്ലാതെ ഒറ്റയ്ക്ക് കുടുമ്പവുമായി യാത്ര ചെയ്യാൻ ഭയമാണ്. കേരളത്തിൽ പോലും പാതിരാ നേരത്തു ചില ഒറ്റപ്പെട്ട ഇടങ്ങളിൽ കുടുമ്പവുമായി പോവാൻ കഴിയില്ല.
ഈ കഴിഞ്ഞ ദിവസമാണ് അസർബൈജാൻ യാത്ര നടത്തിയത്. 96 ശതമാനം മുസ്ലിം മതവിഭാഗം ഉള്ള രാജ്യമാണ്. എങ്കിലും മതത്തിന്റെ വിലക്കുകളും അടയാളങ്ങളും ഒട്ടും ഇല്ലാത്ത നാട്. ആധുനിക ചിന്തകളും ജീവിത രീതിയുമുള്ള രാജ്യം. വിശ്വാസത്തിന്റെയും മതത്തിന്റെയും പേരിൽ ആ രാജ്യത്തു ഒന്നിനും വിലക്കില്ല.മദ്യം കുഞ്ഞു കടകളിൽ പോലും സുലഭം. (പാശ്ചാത്യർ മദ്യപിക്കാനല്ല കേരളത്തിൽ എത്തുന്നത്. പക്ഷെ മദ്യം അവരുടെ ജീവിത രീതിയിൽ ഒഴിച്ച് നിർത്താനാവാത്തതാണ് എന്ന അറിവ് പോലും ഇല്ലാത്തവരാണ് കേരള രാഷ്ട്രീയത്തിൽ ഉള്ളത്) വൃത്തിയും മനോഹരവുമായ തെരുവുകൾ. മര്യാദയും സംസകാരവുമുള്ള ജനങ്ങൾ.
ടൂറിസം അതാത് രാജ്യങ്ങളിലെ മനുഷ്യരുടെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതായാണ് തോന്നിയിട്ടുള്ളത്. വൃത്തിയില്ലാത്ത പരിസരവും, പശുക്കളും നായ്ക്കളും യഥേഷ്ടം അലഞ്ഞു നടക്കുന്ന തെരുവുകളും മാലിന്യം പേറുന്ന നദികളും, നിത്യ ജീവിതത്തോട്കെട്ടുപിണഞ്ഞു കിടക്കുന്നതീവ്രമായ കുറെ വിശ്വാസങ്ങളും നിലനിൽക്കുന്ന രാജ്യം മാനസിക ഉല്ലാസത്തിനു വേണ്ടി ആരാണ് തിരഞ്ഞെടുക്കുക….? സന്തോഷ് ജോർജിന് എങ്ങിനെയാണ് ഇന്ത്യക്കാരുടെ അല്ലെങ്കിൽ കേരളീയരുടെ പൊതു മനോഭാവത്തെ മാറ്റിയെടുക്കാൻ കഴിയുക…? കാത്തിരുന്നു കാണാം…….!
326 total views, 1 views today
