നമ്മുടെ പെണ്‍കുട്ടികളെ സിറിയയില്‍ കൊണ്ടുപോയി 60 പേരുടെയൊക്കെ ഭാര്യയാക്കുന്നെന്ന്, ഇതാണ് കേരളത്തിലെ പുതിയ വിഷം

228

Mohamed Sherif Wismayam ന്റെ കുറിപ്പ്

‘തീവ്രവാദികളുടെ എണ്ണം കൂട്ടാൻ നമ്മുടെ പെൺകുട്ടികളെ സിറിയയിൽ കൊണ്ടുപോവുന്നു’; മുസ്‌ലിം വിരുദ്ധ-വ്യാജ-വിദ്വേഷ പ്രചരണത്തിലൂടെ വോട്ട് തേടി ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി. പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ചു കയറി ഭാരത് മാതാ കീജയ് വിളിച്ച് പുഷ്പാർച്ചന നടത്തി വിവാദത്തിലായ ആലപ്പുഴ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതി തെരഞ്ഞെടുപ്പിൽ വോട്ട് തേടുന്നത് മുസ്‌ലിം വിരുദ്ധ- വ്യാജ-വിദ്വേഷ- വർ​ഗീയ പ്രചരണത്തിലൂടെ. ഒരു ഫാക്ടറിയിലെ തൊഴിലാളികളോട് ഇയാൾ വോട്ടഭ്യർഥിക്കുന്ന വീഡിയോ പുറത്തുവന്നു.

നമ്മുടെ പെണ്‍കുട്ടികളെ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും 60 പേരുടെയൊക്കെ ഭാര്യയായിട്ടാണ് ഒരു പെൺകുട്ടിയെ ഉപയോഗിക്കുന്നതെന്നും തീവ്രവാദികളുടെ എണ്ണം കൂട്ടാനാണ് ഇതെന്നുമാണ് ഇയാൾ തൊഴിലാളി സ്ത്രീകളോട് പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണിതെന്നിരിക്കെയാണ് ഇത്തരത്തിൽ ഒരു സമുദായത്തിനെതിരെ വർ​ഗീയ-വ്യാജ പ്രചരണം നടത്തി ബിജെപി സ്ഥാനാർഥി പരസ്യമായി വോട്ട് തേടുന്നത്.

”നമ്മുടെ പെണ്‍കുട്ടികളെ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണ്. എന്തിനാ കൊണ്ടുപോവുന്നത്. 60 പേരുടെയൊക്കെ ഭാര്യയായിട്ടാണ് ഒരു പെൺകുട്ടിയെ ഉപയോഗിക്കുന്നത്. എന്തിന് തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍. അതായത് തീവ്രവാദികളുടെ എണ്ണം കൂട്ടാൻ പ്രസവിച്ചുകൂട്ടുകയാണ്. അതിന് നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ടുപോവുകയാണ്. ഇതാരാ തടയേണ്ടത്”.

”നമ്മുടെ സര്‍ക്കാര്‍ എന്തേലും ചെയ്യുന്നുണ്ടോ. ഉടനെ പറയും മതേതരത്വം തകരുമെന്ന്. ഈ മതേതരത്വം എന്നുപറഞ്ഞാൽ നമ്മുടെ മാത്രം ബാധ്യതയാണോ. ഇങ്ങോട്ട് എന്തും ആവാം. തിരിച്ചുചോദിച്ചാല്‍ മതേതരത്വം തകരും. ഇതൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ആലോചിച്ച് വോട്ട്‌ചെയ്യുക”.

”ഇപ്പോള്‍ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിക്കും. അതുകൊണ്ടാണ് ഞാൻ എനിക്ക്, ബിജെപിക്ക് ഒരു വോട്ട് തരണം എന്ന് പറയുന്നത്. വേറൊന്നിനുമല്ല. ഇപ്രാവശ്യം ഒരോട്ട്. ഒറ്റത്തവണ മതി. അടുത്ത തവണ നിങ്ങളെനിക്ക് ചെയ്യേണ്ട. ഒരേ ഒരു വോട്ട്.”- എന്നാണ് ഇയാൾ തൊഴിലാളി സ്ത്രീകളോട് പറയുന്നത്.