40 വര്‍ഷത്തോളം തന്നെ സേവിച്ച മലയാളിക്ക് അര്‍ഹിക്കുന്ന ആദരവ് നല്കി അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തിറക്കിയ വീഡിയോ വൈറലായി മാറുന്നു. മലയാളിയായ ഇപ്പോള്‍ അറുപത്തിമൂന്നുകാരനായ കുഞ്ഞി മുഹിയുദ്ധീന് പ്രവാസികളുടെ അഭിമാനമായി മാറിയിരിക്കുന്നത്. കുഞ്ഞി മുഹിയുദ്ധീനെ ആലിംഗനം ചെയ്ത ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അദ്ദേഹത്തിന് സുരക്ഷിതമായ യാത്ര ആശംസിച്ചു.
യു എ ഇ മന്ത്രിമാര്‍ ഉള്‍പ്പടെ പങ്കെടുത്ത ചടങ്ങിലാണ് ഷെയ്ഖിന്റെ മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് സെക്രട്ടറി ആയ കുഞ്ഞി മുഹിയുധീന്‍ ഷെയ്ഖ് യാത്രയയപ്പ് നല്‍കിയത്. കുഞ്ഞി മുഹിയുദ്ധീന് യു എ ഇ എന്നും രണ്ടാം മാതൃരാജ്യം ആയിരിക്കുമെന്നും തനിക്ക് തോന്നുമ്പോള്‍ ഒക്കെ കുഞ്ഞി മുഹിയുദ്ധീനു യു എ ഇ സന്ദര്‍ശിക്കാമെന്നും ഷെയ്ഖ് അറിയിക്കുമ്പോള്‍ വികാരഭരിതനായിരുന്നു കുഞ്ഞി മുഹിയുദ്ധീന്.
എമിറാത്തികള്‍ എല്ലാവരും ഇങ്ങനെ ഇപ്പോഴും സ്നേഹം തരുന്നവര്‍ ആണെന്നും കഴിഞ്ഞ 40 വര്‍ഷമായി താനത് അനുഭവിച്ചു വരികയാണെന്നും കുഞ്ഞി മുഹമ്മദ് ഗള്‍ഫ് ന്യൂസിനോട് വെളിപ്പെടുത്തി.
1977 ല്‍ ജോലി തേടി യു എ ഇയില്‍ എത്തിയ കുഞ്ഞി മുഹിയുദ്ധീനു ഒരു വര്‍ഷം അലഞ്ഞ ശേഷമാണ് കിരീടാവകാശിയുടെ ഓഫീസില്‍ മീഡിയ ഡിപ്പാര്‍ട്ട്മെന്റില്‍ ഓഫീസ് അസിസ്റ്റന്റ്റ് ആയി ജോലി ലഭിക്കുന്നത്. പത്താം തരം പാസാവാത്ത തനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ജോലിയാണ് ഇതെന്ന് കുഞ്ഞി മുഹിയുദ്ധീന് പറയുന്നു. ഇത്രയും കാലമായിട്ടും തനിക്കിതെ വരെ യാതൊരുവിധ തിക്താനുഭവവും ഇവിടെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കണ്ണീരോടെ പറഞ്ഞു. തന്റെ മേലധികാരികള്‍ എന്നും തന്നെ പിന്തുണച്ചിട്ടേയുള്ളൂ.
48 കാരിയായ അദ്ദേഹത്തിന്റെ പത്നി ആബിദ ഇപ്പോള്‍ യു എ ഇ സന്ദര്‍ശിക്കാന്‍ വന്നിട്ടുണ്ട്. അവരും ഭര്‍ത്താവിന് ലഭിച്ച യാത്രയയപ്പില്‍ സന്തോഷവതിയാണ്. അഞ്ചു മക്കളുള്ള ദമ്പതികളുടെ ഏക ആണ് തരി സൌദിയില്‍ അമ്മാവന്റെ ഷോപ്പില്‍ ജോലി ചെയ്യുകയാണ്. തനിക്ക് ലഭിച്ച ഭാഗ്യത്തിന് എപ്പോഴും നന്ദി മനസ്സില്‍ സൂക്ഷിക്കുന്ന ഇദ്ദേഹം തന്റെ മറ്റു ബന്ധുക്കളെ വരെ സഹായിക്കുവാന്‍ കഴിയുന്നതില്‍ അതീവ സന്തുഷ്ടനാണ്.
ഈ വരുന്ന ജനുവരി 31 നു ജോലിയില്‍ നിന്നും വിരമിക്കുന്ന മുഹിയുദ്ധീന് വരുന്ന ഫെബ്രുവരി 15 നു ഭാര്യയോടൊപ്പം നാട്ടിലേക്ക് മടങ്ങും.