Mohammed Abbas

വിഷത്തിനു പോലും നമ്മുടെ നാട്ടിൽ Expiry date ഉണ്ട് .പക്ഷേ മത ഭ്രാന്തിന് Expiry date ഇല്ല എന്ന് മാത്രമല്ല , കാലം ചെല്ലുന്തോറും അതിന് വീര്യം കൂടി കൂടി വരുന്നത് കണ്ടും അനുഭവിച്ചുമാണ് നമ്മൾ ജീവിക്കുന്നത്.ഈ പുസ്തകം അറ്റുപോവാത്ത ഓർമ്മകളുടെ കഥ മാത്രമല്ല ,ഒരു മനുഷ്യനേയും കുടുംബത്തേയും മതത്തിന് എങ്ങനെയൊക്കെ മുറിവേൽപ്പിക്കാം എന്നതിന്റെ രക്ത സാക്ഷ്യം കൂടിയാണ്.

ഒരു നടുക്കത്തോടെയല്ലാതെ ഇത് വായിച്ച് തീർക്കാനാവില്ല. കൈകൾ വിറയ്ക്കാതെ പേജുകൾ മറിക്കാനാവില്ല. ഒന്നാം ഭാഗത്തിലെ ഒന്നാം അധ്യായം തന്നെ ആ ചോദ്യത്തെ കുറിച്ചാണ്.ഒരു കൂട്ടം മതഭ്രാന്തൻമാർ വിവാദമാക്കി മാറ്റിയ ആ ചോദ്യത്തെ കുറിച്ച് … അത് രൂപപ്പെട്ട സാഹചര്യത്തെക്കുറിച്ച് , അതിന്റെ നിർമ്മിതിക്ക് പിന്നിലെ തികച്ചും അക്കാദമികമായ താൽപ്പര്യത്തെ കുറിച്ച്.
32 കുട്ടികൾ എഴുതിയ ആ പരീക്ഷയിലെ ഒരു ചോദ്യത്തിൽ മുഹമ്മദിനെ അവഹേളിച്ചു എന്നു തോന്നിയത് വിദ്യാർത്ഥികൾക്കല്ല പുറത്തുള്ളവർക്കാണ്.

പരീക്ഷ എഴുതിയവരിൽ ഒരു പെൺകുട്ടി ആ ചോദ്യത്തിലെ പടച്ചവൻ , മുഹമ്മദ് എന്നീ കഥാപാത്രങ്ങളുടെ പേരുകൾ മാറ്റി , അനിയൻ / ചേട്ടൻ എന്നെഴുതുകയുണ്ടായി.ശേഷം അത് പ്രൊഫസർ ജോസഫിനോട് തന്നെ പറയുകയും അതിൽ കുഴപ്പമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. പേര് എന്തായാലും കുഴപ്പമില്ല , ചിഹ്നങ്ങൾ ശരിയായാൽ മതി മാർക് കിട്ടും എന്ന് അദ്ദേഹം ആ കുട്ടിയോട് പറഞ്ഞതുമാണ് .കാരണം ചിഹ്നങ്ങൾ അടയാളപ്പെടുത്താനുള്ള ചോദ്യമായിരുന്നു അത് . പരീക്ഷ എഴുതിയ വിശ്വാസിയായ മുസ്ലിം പെൺകുട്ടി കാണിച്ച പക്വതയോ , വിവേകമോ പുറത്തുള്ള ദൈവത്തിന്റെ സ്വയം പ്രഖ്യാപിത ഗുണ്ടകൾക്ക് ഉണ്ടായില്ല. ( അവരിൽ നിന്നു അത് പ്രതീക്ഷിക്കാനും വയ്യ ) ഭ്രാന്തെടുത്ത ആൾക്കൂട്ടത്തിനും ഉണ്ടായില്ല. പരശുരാമന്റെ മഴു എന്ന 25 ആം അധ്യായത്തിന്റെ വായന ഉണ്ടാക്കിയ നടുക്കവും വിറയലും ഇപ്പഴും മാറിയിട്ടില്ല.

ദൈവത്തിന്റെ ഗുണ്ടകൾ അവരുടെ ഭ്രാന്തൻ ഫത് വ നടപ്പാക്കിയതിന്റെ വിവരണമാണ് ആ അധ്യായത്തിൽ . ഒരു മനുഷ്യനാണെന്ന പരിഗണന പോലും കൽപ്പിക്കാതെ , ഒരു കൽപ്പിത കഥയിൽ പോലും കാണാനാവാത്ത ക്രൂരതയോടെ അവർ ഏത് ദൈവത്തെയാണ് പ്രീതിപ്പെടുത്തിയത് ?വാഹനം റോഡിൽ തടഞ്ഞിട്ട് അതിന്റെ ചില്ലുകൾ മഴു കൊണ്ടും വാക്കത്തികൊണ്ടും അടിച്ചു തകർത്ത് അതിലൂടെ കൈയ്യിട്ട് മഴു കൊണ്ട് ഒരു മനുഷ്യനെ തുരുതുരാ വെട്ടിയപ്പോൾ പ്രസാദിച്ച ദൈവം ഏതാണ് ?അക്രമികൾ സ്വന്തം മകനെ വെട്ടുന്നതും പുറത്തേക്ക് വലിച്ചിട്ട് വീണ്ടും വീണ്ടും വെട്ടുന്നതും കണ്ട് അന്തിച്ച ഒരമ്മയുടെ നിലവിളിയിലാണോ ദൈവം പ്രസാദിച്ചത് ? അതോ തന്നെ തടഞ്ഞ് വെച്ച് തന്റെ കൺമുമ്പിലിട്ട് സ്വന്തം സഹോദരനെ കശാപ്പ് ചെയ്യുന്നത് കണ്ട് ആർത്തു വിളിച്ച ഒരു സഹോദരിയുടെ ദുഃഖത്തിനും കണ്ണീരിനും മുമ്പിലോ ?

അലമുറയും നിലവിളിയും പൊട്ടിത്തെറിയും കേട്ട് ഓടിയെത്തിയ മകനെ തൂക്കിയെടുത്ത് വലിച്ചെറിഞ്ഞത് കണ്ടാണോ ദൈവം സംതൃപ്തനായത് ? അതോ വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ ആ വലതു കയ്യിന്റെ കാഴ്ച്ചയിലാണോ നിങ്ങളുടെ ദൈവത്തിന്റെ മനം കുളിർത്തത് ?

എങ്കിൽ അത് ദൈവമല്ല. നിങ്ങളേക്കാൾ വലിയ മൃഗമാണ് ( മൃഗങ്ങൾ ക്ഷെമിക്കട്ടെ ) ആ നായിന്റെ മക്കളുടെ ക്രൂരതയെ അധികം വിവരിച്ചാൽ വാക്കുകൾക്ക് നിയന്ത്രണം നഷ്ടമാവും ( നായകൾ ക്ഷമിക്കട്ടെ ) ഇപ്പഴും ഈ സംഘടന കേരളത്തിൽ നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നമ്മുടെ ഭരണാധികാരികൾ നട്ടെല്ലിന്റെ സ്ഥാനത്ത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന വാഴപ്പിണ്ടി സ്ഥാപിച്ചത് കൊണ്ട് കൂടിയാണ്. വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ ആ വലതു കൈ ഒരു അദ്ധ്യാപകന്റെതായിരുന്നു.കുട്ടികൾക്ക് അറിവ് പകർന്ന് കൊടുത്ത ഒരു ഗുരുനാഥന്റെതായിരുന്നു.

അദ്ദേഹം പഠിപ്പിച്ച ഒരു വിദ്യാർഥിക്ക് പോലും അദ്ദേഹത്തിൽ അന്യ മതവിദ്വോഷം ആരോപിക്കാനില്ല. ഈ പുസ്തകം വായിക്കുന്നത് വരെ കൈ വെട്ടിയ ക്രൂരത മാത്രമേ അറിയാമായിരുന്നുള്ളൂ . അതിനു ശേഷം അദ്ദേഹത്തെ ഒറ്റപ്പെടുത്തി കള്ളക്കഥകൾ ഉണ്ടാക്കി അപമാനിച്ച് , നീതി നിഷേധിച്ച് ,ഭാര്യ സലോമിയെ മരണത്തിലേക്കു വരെ തള്ളിയിട്ട കോളേജ് മാനേജ്മെന്റിന്റെ ക്രൂരതകളും ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ഇടയലേഖനങ്ങൾ മുറയ്ക്ക് ഇറക്കി അദ്ദേഹത്തെ എല്ലാ അർത്ഥത്തിലും പീഢിപ്പിച്ച പുരോഹിത വർഗ്ഗത്തേയും ഈ പുസ്തകത്തിൽ കാണാം . ഫലത്തിൽ ഇവരും ചെയ്തത് ദൈവത്തിന്റെ ഗുണ്ടാപ്പണി തന്നെയാണ്.

വിശ്വാസിയും അവിശ്വാസിയും ,ദൈവങ്ങളുടെ സ്വയം പ്രഖ്യാപിത ഗുണ്ടാസംഘങ്ങളുമൊക്കെ നിർബന്ധമായും ഈ പുസ്തകം വായിക്കേണ്ടതാണ്. ഒരു അറവ് മാടിനേക്കാൾ ക്രൂരമായി തന്നെ വെട്ടി പരിക്കേൽപ്പിച്ച ,ആ മത ഗുണ്ടകളോട് തനിക്കു വെറുപ്പില്ലെന്ന് പറയുന്ന ,അവരോട് ക്ഷമിച്ചു എന്ന് പറയുന്ന ഈ മനുഷ്യനിലുണ്ട് ദൈവം . ആയുധങ്ങൾ തോറ്റ് പോവുന്ന ഇത്തരം ദൈവസാനിദ്ധ്യങ്ങളെ അറിയാതെ പോയാൽ അതിന്റെ നഷ്ടം ദൈവത്തിനല്ല .നമ്മൾ മനുഷ്യർക്കാണ്. പ്രിയപ്പെട്ട ജോസഫ് സാർ ..അങ്ങയുടെ മുമ്പിൽ വിനയാദരങ്ങളോടെ തല കുനിക്കുകയാണ് .

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.