Mohammed Subhan
പ്രകാശമലിനീകരണം
GPS – നും Map – കൾക്കുമൊക്കെ മുൻപ് ആളുകൾ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയായിരുന്നു ദിശ മനസ്സിലാക്കിയിരുന്നതും, കപ്പൽ മാർഗ്ഗവും കര മാർഗ്ഗവും സഞ്ചരിച്ചിരുന്നതും എന്ന് വായിച്ചിട്ടുണ്ടാകുമെല്ലോ? നമ്മളിൽ ചിലരെങ്കിലും ആകാശത്ത് നോക്കി എങ്ങനെ ഈ കറുത്ത് ഇരുണ്ടു ഇരിക്കുന്ന ആകാശത്ത് അവിടെയും ഇവിടെയും മങ്ങികാണുന്ന നക്ഷത്രങ്ങളെ നോക്കി പണ്ടുള്ളവർ സഞ്ചരിച്ചു എന്ന് അത്‍ഭുതപ്പെട്ടു കാണും. അത് പോലെ തന്നെയാണ് നക്ഷത്രഗണങ്ങളുടെ കാര്യവും, മാനിന്റെയും കുതിരയുടെയും വേട്ടക്കാരന്റെയും ഒക്കെ ആകൃതിയിൽ ഉള്ള നക്ഷത്രഗണങ്ങളെ ആകാശത്ത് കണ്ടു പിടിക്കാൻ നോക്കി ഈ പറഞ്ഞ സംഭവം എവിടെ എന്ന് ആലോചിച്ചു നമ്മൾ തല ചൊറിഞ്ഞു കാണും.
എന്നാൽ ഇന്ന് നമ്മൾ കാണുന്ന ആകാശവും ഒരു നൂറു വർഷം മുൻപുള്ള ആകാശവും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കൃത്യമായി പറഞ്ഞാൽ ഇലക്ട്രിക് ലൈറ്റുകൾ ഉപയോഗത്തിൽ വരുന്നതിന് മുൻപ് നമ്മുടെ ആകാശം താരനിബിഡമായിരുന്നു, ആകാശഗംഗയെ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കാമായിരുന്നു.എന്നാൽ അതിനു എന്ത് സംഭവിച്ചു?
Industrial revolution – ന്റെ ഫലമായി ഇലക്ട്രിക് ലൈറ്റുകളുടെ വ്യാപക ഉപയോഗം പ്രകാശമലിനീകരണത്തിനു കാരണമായി.
ഒരു വസ്തുവിൽ നിന്നുള്ള പ്രകാശം തടസ്സം കൂടാതെ നമ്മുടെ retina – യിൽ പതിക്കുമ്പോളാണല്ലോ നമുക്ക് ആ വസ്തുവിനെ കാണാൻ കഴിയുന്നത്. എന്നാൽ ഇലക്ട്രിക് ലൈറ്റുകളുടെ വ്യാപകമായ ഉപയോഗം നമ്മുടെ രാത്രി അന്തരീക്ഷത്തെ കോടിക്കണക്കിനു പ്രകാശകണങ്ങളെ കൊണ്ട് നിറച്ചു യഥാർത്ഥ ആകാശകാഴ്ച തടയുകയാണ് ചെയ്തത്. ഇത് എത്ര മാത്രം രൂക്ഷമാണെന്ന് കാണാൻ ഭൂമിയുടെ രാത്രികാലങ്ങളിൽ ഉള്ള ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാൽ മതി. ലോകത്തിലെ എല്ലാ രാജ്യങ്ങളും കോടിക്കണക്കിനു ലൈറ്റുകളുടെ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കാഴ്ച നമുക്ക് കാണാം.ഫലമോ?അരിസ്റ്റോട്ടിലും ആര്യഭടനുമൊക്കെ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിച്ച നക്ഷത്രസമൂഹങ്ങളെ കാണാൻ നമുക്കിന്നു ശക്തിയേറിയ ടെലസ്കോപ്പുകൾ വേണം!
വായു മലിനീകരണത്തെക്കുറിച്ചും ജലമലിനീകരണത്തെക്കുറിച്ചും നമ്മൾക്കറിയാമെങ്കിലും പ്രകാശമലിനീകരണത്തെ കുറിച്ച് വളരെ ചുരുങ്ങിയ പക്ഷം ആൾക്കാരാണ് ബോധവാന്മാരായിട്ടുള്ളത്. പ്രകാശമലിനീകരണം ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത് ദേശാടന പക്ഷികൾക്കും കടലാമകൾക്കുമാണ്.ചന്ദ്രനെയും നക്ഷത്രങ്ങളെയും ദിശയറിയാൻ ആശ്രയിക്കുന്ന ദേശാടന പക്ഷികൾ പ്രകാശമലിനീകരണം മൂലം പലപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നില്ല. അത് പോലെ പ്രകാശമാനമായ കടൽതീരങ്ങൾ കടലാമകളെ തീരത്ത് വന്നു മുട്ടയിടുന്നതിൽ നിന്ന് ഭയപ്പെടുത്തി അകറ്റുകയും അവയുടെ വംശവർദ്ധനവിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
പ്രകാശമലിനീകരണം ഏറ്റവും ദോഷകരമായി ബാധിച്ച മേഖല വാനനിരീക്ഷണമാണ്. ഒരു കാലത്ത് നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കാമായിരുന്ന ഗ്യാലക്സികളും നെബുലകളും നക്ഷത്രഗണ
ങ്ങളും ഇന്ന് പ്രകാശമലിനീകരണത്തെ ഫിൽറ്റർ ചെയ്യുന്ന സംവിധാനങ്ങളുടെ സഹായത്തോടെയേ വീക്ഷിക്കാൻ സാധിക്കുകയുള്ളൂ.
ലോകം മുഴുവൻ രാത്രി സമയത്തും പകൽ പോലെ ലൈറ്റുകളുടെ വെളിച്ചത്തിൽ കുളിച്ചു നിൽക്കുമ്പോൾ പ്രകാശമലിനീകരണം തടയാനുള്ള മാർഗ്ഗങ്ങൾ പരിമിതമാണ്.എന്നാലും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇവയാണ്. അലങ്കാര ദീപങ്ങളുടെ ഉപയോഗം കുറയ്ക്കുക, പ്രത്യേകിച്ചും ആകാശത്തേക്ക് പൊസിഷൻ ചെയ്തു വച്ചിരിക്കുന്നവ, പിന്നീടുള്ളത് പ്രകാശമലിനീകരണം കുറഞ്ഞ രീതിയിൽ ഉള്ള പ്രത്യേകം രൂപകല്പന ചെയ്ത LED Light – കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ്.
Ladak – ലെ Pangong തടാകം, ഗുജറാത്തിലെ കച്ച്,ആൻഡമാനിലെ ദ്വീപുകൾ, ഹിമചൽ പ്രാദേശിലെ Spiti Valley എന്നീ സ്ഥലങ്ങൾ ഇന്ത്യയിൽ പ്രകാശമലിനീകരണത്തിന്റെ തടസ്സമില്ലാതെ ആകാശത്തിലെ നെബുലകളെയും, ഗ്യാലക്സികളെയും, ഗ്രഹങ്ങളെയും, നക്ഷത്രഗണങ്ങളെയും വീക്ഷിക്കാവുന്ന സ്ഥലങ്ങളാണ്.