മോഹന്‍ തോമസ് (മലയാള സിനിമയിലെ പ്രതിനായകർ – 5)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
327 VIEWS

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.

മലയാള സിനിമയിലെ പ്രതിനായകർ – 5
മോഹന്‍ തോമസ് (രതീഷ്)
ചിത്രം – കമ്മീഷണര്‍ (1994)

ഇതുവരെ ഈ പംക്തിയിൽ കൈകാര്യം ചെയ്ത പ്രതിനായകരിൽ നിന്നും ഒരു ചെറിയ വ്യത്യാസം വരുത്തുകയാണ് ഇത്തവണ. ഒരു തരം ‘ബുദ്ധിജീവി’ വില്ലന്മാരെയാണ് ഇതിൽ അവതരിപ്പിക്കുന്നത് എന്ന് പലരും പറഞ്ഞു. ഇക്കാര്യത്തിൽ ഞാൻ ആദ്യമേ പറഞ്ഞ ഒരു കാര്യം ഓർമിപ്പിക്കട്ടെ, ക്ളീഷേ വില്ലന്മാരെ പരിചയപ്പെടുത്തൽ ഈ സീരീസിന്റെ ഉദ്ദേശമല്ല. തികച്ചും വ്യത്യസ്തരായ പ്രതിനായകർ. എന്നാൽ അക്കൂട്ടത്തിനിടയിൽ ഇടയ്ക്ക് മലയാളി കയ്യടി നൽകിയ ചില ജനപ്രിയ വില്ലന്മാരെയും അവതരിപ്പിക്കാം എന്ന് പറഞ്ഞിരുന്നു. ഒരു പാട് ഫ്രണ്ട്സ് ജനപ്രിയ വില്ലന്മാരെ സജസ്റ്റ് ചെയ്തിരുന്നു. അത്തരത്തിൽ ഏറ്റവും കൂടുതൽ നിർദേശിക്കപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഇത്തവണ അവതരിപ്പിക്കുന്നത്. രതീഷ് അവതരിപ്പിച്ച മോഹൻ തോമസ് (ചിത്രം – കമ്മീഷണർ)

1991ൽ നമ്മുടെ രാജ്യത്ത് നിലവിൽ വന്ന ഉദാരീകരണ നയങ്ങൾ എല്ലാ മേഖലകളിലും മാറ്റത്തിന് വഴി തുറന്നു. 1990കൾ മുതൽ ബോളിവുഡ് അടക്കം എല്ലാ ഇൻഡസ്ട്രികളിലും ഇത്തരം മാറ്റങ്ങൾ ഉണ്ടായതായി കാണാം. ഷാരൂഖ് ഖാന്റെയൊക്കെ ഇക്കാലത്തെ ആദ്യകാല ചിത്രങ്ങൾ ശ്രദ്ധിക്കുക. ബാസിഗർ, ഡർ എന്നിങ്ങനെ സ്ത്രീകളെ കീഴടക്കി സ്നേഹിക്കാൻ ശ്രമിക്കുന്ന പ്രതിനായക സ്വഭാവമുള്ള കഥാപാത്രങ്ങൾ ഉദയം ചെയ്യുന്നത് കാണാം. പിന്നെ ഒരു തരം പാൻ ഇന്ത്യ അല്ലെങ്കിൽ globalised റൊമാൻസ് പറയുന്ന “ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ” പോലുള്ള ചിത്രങ്ങളുടെ വരവ്. മലയാള സിനിമയും ഇക്കാര്യത്തിൽ വ്യത്യസ്തമായിരുന്നില്ല. മമ്മൂട്ടിയുടെ ‘അഴകിയ രാവണനി’ൽ ഒരു തരം ഷാരൂഖ് ഖാൻ ടൈപ്പ് പ്രണയം കാണാം, ക്ലൈമാക്സ് അവസാന നിമിഷം സ്റ്റാറിന് വേണ്ടി മാറ്റിയെങ്കിലും. ജോഷിയുടെ സൈന്യത്തിലെ “we want liberisation” എന്ന് പറയുന്ന “ബാഗി ജീൻസും ഷൂസുമണിഞ്ഞു ടൗണിൽ ചെത്തിനടക്കാൻ” എന്ന പാട്ട് ഓർമയുണ്ടോ? അതിലെ വരികൾ ശ്രദ്ധിച്ചിട്ടുള്ളവർക്കറിയാം ഒരു പുതിയ സ്വാതന്ത്ര്യ പ്രഖ്യാപനം അവയിലൊക്കെ കാണാം. ‘പാറി നടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല, കൂടെയുറങ്ങാൻ marriage act ഉം താലിയുമൊന്നും വേണ്ട” എന്നൊക്കെയുള്ള വരികൾ ആ ഗാനത്തിൽ കാണാം. ഫാസിലിന്റെ ‘എന്റെ സൂര്യപുത്രിക്ക്” എന്ന പടം പരിശോധിച്ചാലും ആ കാലഘട്ടത്തിന്റെ സ്വാധീനം തെളിഞ്ഞു കാണാം.

1990 കളുടെ തുടക്കത്തിൽ പുറത്തു വന്ന ഷാജി കൈലാസ് – രഞ്ജി പണിക്കർ ചിത്രങ്ങൾ വയലൻസിന് ഒരു പുതിയ ഭാഷ്യം നൽകി. വായിൽ ബോംബ് കുത്തിത്തിരുകി കൊല്ലുക, ജീവനോടെ ചുട്ടുകരിക്കുക എന്നിങ്ങനെ തീവ്രമായിരുന്നു പ്രതികാരത്തിന്റെ ശൈലികൾ. ഐ വി ശശി – ടി ദാമോദരൻ കൂട്ടുകെട്ടിൽ മുമ്പ് പുറത്തു വന്നു കൊണ്ടിരുന്ന ചിത്രങ്ങളുടെ തീവ്രമായ മറ്റൊരു വേർഷൻ ആയിരുന്നു ഈ ചിത്രങ്ങൾ. പച്ചത്തെറി വിളിച്ചു പറഞ്ഞത് കേട്ട് പ്രേക്ഷകർ കയ്യടിച്ചു. രാഷ്ട്രീയ നേതാക്കളെ പ്രത്യക്ഷമായിത്തന്നെ കടന്നാക്രമിച്ചു. നാടറിയുന്നവരെ പുലഭ്യം പറയുന്നത് കേൾക്കുമ്പോഴുള്ള സുഖം പ്രേക്ഷകരും നന്നായി ആസ്വദിച്ചു. അന്ന് ഇന്നത്തെപ്പോലെ ചാനലുകളും സോഷ്യൽ മീഡിയയും ഇല്ലാതിരുന്നതിനാൽ കാണികൾക്ക് ഈ തിയേറ്റർ കാഴ്ച്ച ഹരമായി. മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജീവ് ഗോസ്വാമി എന്ന യുവാവ് തീ കൊളുത്തി മരിക്കാൻ ശ്രമിച്ച വാർത്തയിൽ നിന്നും സ്പാർക്ക് ഉൾക്കൊണ്ടാണ് അവർ തലസ്ഥാനം (1992) ഒരുക്കിയത്. പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മാഫിയ, കമ്മീഷണർ, ദി കിംഗ്‌ … അങ്ങനെ സിനിമകൾ ആവർത്തിച്ചു.

കണ്ണൂരിന്റെ സിനിമ കാഴ്ചയിൽ സവിത ഫിലിം സിറ്റിക്ക് സവിശേഷ പ്രാധാന്യമുണ്ട്. 1994 ഏപ്രിൽ 14 ന് ഒരു വിഷു ദിനത്തിൽ ആണ് തിയേറ്റർ പ്രദർശനം തുടങ്ങിയത്. ഉദ്‌ഘാടന ചിത്രം അന്നത്തെ പുതിയ റിലീസ് ‘കമ്മീഷണർ’ ആയിരുന്നു. അന്നത്തെ കലക്ടർ ആയിരുന്നു ഉദ്ഘാടനം. ആദ്യ പ്രദർശനം സൗജന്യമായിരിക്കും എന്നൊക്കെ കാണിച്ചു പത്രത്തിൽ വാർത്ത വന്നതൊക്കെ ഓർക്കുന്നു. അന്ന് ഞാൻ കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ പ്രീ- ഡിഗ്രിക്ക് പഠിക്കുന്നു. ഏതായാലും സിനിമയും തിയേറ്ററും ‘രാശി’യുള്ളതായി എന്നത് പിൽക്കാല ചരിത്രം.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 1994-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘കമ്മീഷണര്‍’ എന്ന ചിത്രത്തെ പറ്റി കൂടുതൽ വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. കമർഷ്യൽ മലയാള സിനിമ ചരിത്രത്തിൽ ഈ ചിത്രത്തിന് സവിശേഷ പ്രാധാന്യമുണ്ട്. സുരേഷ് ഗോപിയുടെ ചലച്ചിത്ര ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സിനിമയിലെ ഭരത് ചന്ദ്രന്‍ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വേഷം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് രഞ്ജി പണിക്കര്‍ ആണ്.

ഭരത് ചന്ദ്രന്‍ ഐ പി എസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത കഥാപാത്രമാണ് ഈ ചിത്രത്തിലെ പ്രതിനായകന്‍ മോഹന്‍ തോമസ് എന്ന ബിസിനസ്സുകാരന്‍. ലാലു അലക്സിനു വേണ്ടി നിശ്ചയിച്ച ഈ കഥാപാത്രം പിന്നീട് രതീഷില്‍ എത്തിച്ചേരുകയായിരുന്നു എന്ന് കേട്ടിരുന്നു. ഏതായാലും തിരിച്ചു വരവിലെ തകര്‍പ്പന്‍ വേഷം ഗംഭീരമാക്കി രതീഷ്. 1994 ഏപ്രിൽ 7 ന് റിലീസ് ചെയ്ത “കാശ്മീരം”, ഏപ്രിൽ 14 ന് റിലീസ് ചെയ്ത “കമ്മീഷണർ” എന്നിവ രതീഷ്‌ എന്ന നടന്റെ സിനിമയിലേക്കുള്ള ഗംഭീര രണ്ടാം വരവായി. “കാശ്മീര”ത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പ്രിയ സഹപ്രവർത്തകൻ ആയിരുന്നെങ്കിൽ ‘കമ്മീഷണറി”ൽ മലയാള സിനിമ കണ്ട എണ്ണം പറഞ്ഞ പ്രതിനായകനായി. അക്ഷരങ്ങളില്‍ അഗ്നി നിറച്ച കഥാപാത്രം. തിളച്ച ലോഹത്തിനോളം ചൂടുള്ള നെടുനീളന്‍ ഡയലോഗുകള്‍ നായകന്റെ നാവില്‍ നിന്നും വീഴുമ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ അതിനെ പാടെ ഇല്ലാതാക്കി കളയുന്ന മോഹന്‍ തോമസെന്ന വില്ലനെ മലയാളി പ്രേക്ഷകന് മറക്കാനാവില്ല.

“ചര്‍ക്കയില്‍ നൂറ്റെടുത്ത ഖദര്‍ കൊണ്ട് നാണം മറയ്ക്കുന്ന പഴയ ദരിദ്രവാസി രാഷ്ട്രീയക്കാരന്റെയല്ല, അവനെയൊക്കെ അപ്പാടെ പടിയടച്ചു പിണ്ഡം വെച്ച്‌ ഹൈടെക്കിലും, ബ്ലൂചിപ്പിലും, കംപ്യൂട്ടിങ്ങിലും, ബ്രെയിന്‍ ബാങ്കുകളിലുമെല്ലാം രാഷ്ട്രീയ സമസ്യകള്‍ക്കു ഉത്തരം കണ്ടെത്തുന്ന പുതിയ ഡല്‍ഹി. കോടികള്‍ കൊണ്ട് അമ്മാനം ആടുന്ന സമൃദ്ധയായ ഡല്‍ഹി, ‘ഐ ബിലോങ്ങ് ദെയര്‍”.
ഈ ഡയലോഗിന്റെ പ്രസക്തി ഇന്നത്തെ രാഷ്ട്രീയത്തില്‍ പോലും വലിയ രീതിയിലുണ്ടെന്ന് നമുക്കറിയാവുന്നതാണ്. ഉദാരീകരണത്തിന്റെ തുടക്കകാലത്ത് രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ വന്നു തുടങ്ങിയ മാറ്റവും ഈ ഡയലോഗില്‍ നിന്ന് വായിച്ചെടുക്കാം.

ഒരർഥത്തിൽ ഒരു പാൻ-ഇന്ത്യൻ വില്ലനായിരുന്നു മോഹൻ തോമസ്. അയാൾ ഒരു രാഷ്ട്രീയക്കാരനല്ല, ബിസിനസ്സുകാരനാണ്. അധികാര രാഷ്ട്രീയവും കോർപ്പറേറ്റ് താല്പര്യങ്ങളും കൂടിക്കുഴഞ്ഞു വന്ന ഒരു കാലഘട്ടത്തിന്റെ ഉദയം ഈ ചിത്രത്തിൽ കാണാം. ഒരു തരം ക്രോണി ക്യാപിറ്റലിസം തന്നെ. അധികാരമെടുത്ത് കൈക്കുമ്പിളിൽ വെച്ച് അമ്മാനമാടുന്ന ഉപജാപകനായ ബിസിനസ്സുകാരനായിരുന്നു മോഹൻ തോമസ്. അയാൾ തന്നെ ഒരവസരത്തിൽ അത് പറയുന്നുമുണ്ട്.
ഒരു കാലത്ത് മലയാള സിനിമയിലെ നായകന്‍ ആയിരുന്ന രതീഷിന്റെ തിരിച്ചു വരവ് തന്നെ ആയിരുന്നു മോഹന്‍ തോമസ് എന്ന കഥാപാത്രം. കമ്മീഷണര്‍ എന്ന ചിത്രം സുരേഷ്‌ഗോപിയുടെ ഭരത്ചന്ദ്രന്‍ ഐപിഎസിനെ മാത്രമല്ല നമുക്ക് സമ്മാനിച്ചത്. മോഹന്‍ തോമസെന്ന മികവുറ്റ വില്ലനെ കൂടിയാണ്. നടന്‍ രതീഷിന്റെ എക്കാലത്തെയും ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഇന്നും മുന്നിലുള്ള വേഷമാണ് മോഹന്‍ തോമസ്. സിനിമയെ പ്രണയിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല മോഹന്‍ തോമസ് എന്ന ആന്റി ഹീറോയെ.. മലയാളത്തിന്റെ പൂച്ചക്കണ്ണുകളുള്ള എവർഗ്രീൻ വില്ലനെ.

മറ്റൊരു പ്രശസ്ത ഡയലോഗ് ഓര്‍മയുണ്ടോ..
“അന്നു കണ്ടപ്പോഴേ പറഞ്ഞിരുന്നതാണല്ലോ സര്‍, കേരളമല്ല, ഡല്‍ഹിയാണ് മോഹന്‍ തോമസിന്റെ ഭൂമിയെന്ന്. ഈ കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടന്ന് ഒരു സാദാ പോലീസ് ഓഫീസറോട് തായം കളിക്കാന്‍ മോഹന്‍ തോമസ് തയ്യാറല്ല എന്നല്ല; താല്പര്യമില്ല. I am not interested. So, എന്താണ് demand എന്നുവച്ചാല്‍ പറയാം. പണമെങ്കില്‍ പണം. നിങ്ങള്‍ പറയുന്നതെന്തും. But, ഒരു ചെറിയ warning ഉണ്ട്. മോഹന്‍ തോമസുമായി ഒരു യുദ്ധത്തിനാണ് പുറപ്പാടെങ്കില്‍ അതിന് ഭരത് ചന്ദ്രന്‍ ഇന്നുവരെ ശേഖരിച്ചു വച്ച ആയുധങ്ങളൊന്നും ഒരുപക്ഷേ മതിയായില്ലെന്നു വരും.”

ചിത്രത്തിന്റെ ക്ലൈമാക്സിനോടടുക്കുമ്പോൾ ഭരത് ചന്ദ്രന്റെ അസിസ്റ്റന്റ് ആയ ഇഖ്ബാൽ അഹമ്മദ് (വിജയരാഘവൻ) എന്ന പൊലീസ് ഓഫീസറെ കൊല്ലുന്ന ഒരു സീനുണ്ട്. ദാഹിച്ചു വരണ്ട ഇഖ്‌ബാൽ വെള്ളത്തിന് യാചിക്കുന്നു. അയാളുടെ വായിൽ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുന്ന മോഹൻ തോമസ് അതിനു ശേഷം വായിലേക്ക് തോക്ക് കയറ്റി വെടിയുതിർത്ത് ഇഖ്ബാലിനെ കൊല്ലുന്നു. അതിന് മുമ്പ് വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ അയാൾ ഇഖ്ബാലിനോട് പറയുന്നുണ്ട്, “ചെന്നു പറഞ്ഞേക്കണം, ഭരത് ചന്ദ്രനോട്, മോഹൻ തോമസിന്റെ ദീനാനുകമ്പയെക്കുറിച്ച്’. ഇഖ്ബാലിനെ കൊന്ന ശേഷം മുഖത്തേക്ക് തെറിച്ച രക്തത്തുള്ളികൾ തുടച്ചു മാറ്റിയ ശേഷം അയാൾ പുഞ്ചിരിച്ചുകൊണ്ട് കൂടെയുള്ളവരോട് പറയുന്നു, “അദ്ദേഹത്തെ (ഭരത്ചന്ദ്രനെ) ഒന്നറിയിച്ചേക്കണം”. അതിന് ശേഷം മൃതദേഹം റോഡിലേക്ക് വലിച്ചെറിയുകയാണ്.

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് കാലാന്തരത്തിൽ സംഭവിച്ച രൂപമാറ്റം ഈ ചിത്രത്തിൽ കാണാം. ഇവിടെ മോഹൻ തോമസിന്റെ കുടുംബം ഒക്കെ കാണിക്കുന്ന സീനിൽ അയാൾ ഏതൊരു ഭർത്താവിനെപ്പോലെയും ഏതൊരു ചേട്ടനെപ്പോലെയും ഒക്കെ ആണ്. ‘ഷോലെ’ യിലെ ഗബ്ബാർ സിംഗിനെ പോലെ ‘ഹ ഹ ഹ ഹ..’ എന്ന് അത്യുച്ചത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്ന വില്ലന്മാരിൽ നിന്നും ‘ഗുഡ് മോണിംഗ് മിസ്റ്റർ പെരേര’ എന്നും പറഞ്ഞ് മുതലക്കുഞ്ഞുങ്ങളെ വളർത്തുന്ന വില്ലന്മാരിൽ നിന്നും ഒക്കെ ഒരു പാട് മുന്നോട്ട് പോകുന്നുണ്ട്. പുറമെ വെള്ളയും വെള്ളയും ധരിക്കുന്ന, അല്ലെങ്കിൽ പുറത്തേക്ക് പോകുമ്പോൾ എക്സിക്യൂട്ടീവ് വസ്ത്രം ധരിക്കുന്ന ഒരു ‘മാന്യൻ’ ആണ് ഇവിടെ മോഹൻ തോമസ്. നായകന്റെ കയ്യിൽ നിന്ന് ഇടി വാങ്ങിക്കൂട്ടുന്ന വില്ലന്മാരുടെ ഗണത്തിൽ അയാൾ വരില്ല.

ക്ളൈമാക്സിലെ അനിവാര്യമായ പതനത്തിനു നിമിഷങ്ങള്‍ക്കു മുമ്പു വരെ ആ ചുണ്ടില്‍ വിരിഞ്ഞ ഗൂഢസ്മിതം… ക്ലൈമാക്സ് സീനിൽ ഭരത്ചന്ദ്രൻ ഉഗ്രസ്വരൂപമായി ആളിക്കത്തി ജീവനോടെ ചുട്ടുകൊല്ലുന്ന ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുമ്പുള്ള സെക്കന്റ് വരെയുള്ള അതിര് കവിഞ്ഞ ആത്മവിശ്വാസം..അത് തന്നെയാണ് മോഹന്‍ തോമസ് എന്ന കഥാപാത്രത്തെ നിര്‍വചിക്കുന്നത്.

അടുത്ത കാലത്ത് രതീഷിന്റെ മക്കള്‍ ഒരഭിമുഖത്തില്‍ പറയുന്നതു കണ്ടു, അച്ഛന്റെ കഥാപാത്രങ്ങളില്‍ അവര്‍ക്കേറ്റവും ഇഷ്ടം മോഹന്‍ തോമസിനെയാണെന്ന്. ഇത്തരമൊരു സാക്ഷ്യപത്രത്തിനപ്പുറം വേറെന്തു വേണം? അല്ലെങ്കില്‍ ഇതിനപ്പുറമൊരു ബഹുമതി പത്രം ആര് കൊടുക്കാനാണ്?
അപ്പോൾ ഓക്കെ, എല്ലാവർക്കും ഒരു നല്ല അവധി ദിവസം ആശംസിക്കുന്നു. ഒരു പുതിയ കഥാപാത്രവുമായി കാണാം. അതുവരെ ബൈ..

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ