ഞാൻ അറിയാതെ പത്മരാജനെപ്പോലെ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു

75

പപ്പേട്ടന്റെ മരണ ദിവസത്തെ അനുഭവം, മോഹൻലാലിന്റെ വാക്കുകളിലൂടെ.

“1991 ജനുവരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്താണ്.അന്നു ഞാൻ ‘ഭരതം’ എന്ന സിനിമയുടെ ചിത്രീകരണവുമായി കോഴിക്കോട്ടുണ്ട്. ഒരുദിവസം അതിരാവിലെ നിർമാതാവ് ഗാന്ധിമതി ബാലൻ വിളിക്കുന്നു. ഒറ്റ വാചകമേ പറഞ്ഞുള്ളൂ: ”പപ്പേട്ടൻ പോയി”. ഞങ്ങൾക്കിടയിൽ ഒരു പപ്പേട്ടനേ ഉണ്ടായിരുന്നുള്ളൂ: പത്മരാജൻ. ഇളം തണുപ്പുണ്ടായിരുന്നിട്ടും, അതിരാവിലെയായിരുന്നിട്ടും, ഞാൻ നിന്നുവിയർത്തു. കണ്ണിൽനിറയെ ഇരുട്ട്. കാതിൽ പപ്പേട്ടന്റെ മുഴങ്ങുന്ന ശബ്ദം. കേട്ടവാർത്ത ശരിയാവരുതേ എന്ന് വിതുമ്പലോടെ ഉള്ളിൽ പ്രാർഥിച്ചുകൊണ്ട് ഞാൻ അദ്ദേഹം പാർത്തിരുന്ന ഹോട്ടലിലേക്കു പാഞ്ഞു….

മുറിയിൽച്ചെന്നപ്പോൾ, നിലത്തുവിരിച്ച കാർപ്പെറ്റിൽ കമിഴ്ന്നുകിടക്കുന്നു എന്റെ പപ്പേട്ടൻ, മലയാളത്തിന്റെ പത്മരാജൻ. കാർപ്പെറ്റിന്റെ ഒരുഭാഗം ഉള്ളം കൈകൊണ്ട് ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. ആ കിടപ്പുകണ്ട് എനിക്കു സഹിച്ചില്ല.മുഖംപൊത്തി ആ മുറിയിൽനിൽക്കുമ്പോൾ ഞങ്ങളൊന്നിച്ചുള്ള എത്രയോ നല്ലനിമിഷങ്ങൾ ഒരു ദീർഘമായ സിനിമപോലെ എന്റെയുള്ളിലൂടെ കടന്നുപോയി.എത്രയെത്ര സിനിമകൾ! ഒന്നിച്ചിരുന്ന്, ഒന്നിച്ചു ഭക്ഷണംകഴിച്ച്, ഒന്നിച്ചുറങ്ങിയ പകലുകൾ, രാത്രികൾ. ഒറ്റയടിക്ക് അതെല്ലാം അസ്തമിച്ചിരിക്കുന്നു, ഒരു പ്രഭാതത്തിൽ. എന്റെയുള്ളിൽനിറഞ്ഞ ആ ചിത്രങ്ങളിലേക്ക് കരച്ചിൽ മഴപോലെ വീണുകൊണ്ടിരുന്നു. ആരൊക്കെയോ ചുറ്റിലുംനിൽക്കുന്നു, എന്തൊക്കെയോ അടക്കംപറയുന്നു. അതിന്റെ നടുവിൽ ഉണരാതെ എന്റെ പപ്പേട്ടൻ കമിഴ്ന്നുകിടക്കുന്നു.

മൃതദേഹത്തെ അനുഗമിച്ച് ഞാനും അദ്ദേഹത്തിന്റെ നാടായ മുതുകുളത്തേക്കുപോയി.ഗാന്ധിമതി ബാലൻ, ജയറാം, സെവൻ ആർട്സ് വിജയകുമാർ, നിധീഷ് ഭരദ്വാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒരു പൂമരംപോലെ തെളിഞ്ഞുനിന്നിരുന്ന പപ്പേട്ടൻ ഒരുപിടിച്ചാരമാവുന്നത് കണ്ടുനിന്നു. തിരിച്ച് കോഴിക്കോട്ടെത്തിയപ്പോൾ പെട്ടെന്ന് അനാഥനായിപ്പോയതുപോലെ എനിക്കുതോന്നി. ഇപ്പോഴും ഈ നഗരത്തിലൂടെ കടന്നുപോകുമ്പോൾ പപ്പേട്ടൻ വേദനയായി എന്നെ പിന്തുടരുന്നതുപോലെ. ഇതെഴുതാൻ ആലോചിച്ച ഇന്നലെയും ഒരു മിന്നൽപോലെ എപ്പോഴൊക്കെയോ പപ്പേട്ടൻ മനസ്സിൽവന്നുപോയി.”


ലാലേട്ടൻ എഴുതിയ ‘പത്മരാജൻ ഒരു വൈറസ് ആണ്’ എന്ന ലേഖനത്തിൽ നിന്ന്

“എന്നെ ഹൃദയത്തിൽ ചേർത്ത് നിർത്തിയ ഒരാൾ ആയിരുന്നു പപ്പേട്ടൻ, പ്രണയിച്ചു പ്രണയിച്ചാണ് ഞങ്ങൾ ജീവിച്ചത്, പരസ്പരം അലിയുകയായിരുന്നു എനിക്ക് താടി നീട്ടുന്നത് വലിയ ഇഷ്ടമായിരുന്നു പപ്പേട്ടനെപ്പോലെ താടിയുണ്ടാകുന്നത് ഭംഗിയായി ഞാൻ കരുതി. എനിക്ക് ആയുർവേദ ചികിത്സ നടക്കുന്ന കാലത്ത് പപ്പേട്ടൻ കാണാൻ വന്നു, എന്റെ താടി കണ്ടതും പപ്പേട്ടന് സന്തോഷമായി
‘എടാ ഇതിങ്ങനെ വച്ചാൽ പോരാ, നന്നാക്കണം’

പപ്പേട്ടൻ തന്നെയൊരു കത്രികയെടുത്ത് എന്റെ താടി വെട്ടി ശരിപ്പെടുത്തി കണ്ണാടി നോക്കിയപ്പോൾ എന്നെ കാണാൻ ഭംഗിയുണ്ടെന്നു തോന്നി…!!’സിനിമ മടുത്തു തുടങ്ങി പപ്പേട്ടാ, ഞാൻ ഇന്ത്യ മുഴുവൻ കാണാനുള്ളൊരു യാത്ര തുടങ്ങുകയാണ് ‘ ഇത് കേട്ടതും പപ്പേട്ടൻ ചാടി എഴുന്നേറ്റു..!!
‘എടാ ഞാനുമുണ്ട്, നമ്മൾ ഇരുവരുമായി ഒരു യാത്ര ചെയ്യണം, ഇന്ത്യ മുഴുവൻ കാണണം, ഹിമാലയത്തിൽ അലയണം’ പക്ഷെ ഞങ്ങളുടെ യാത്ര നടന്നില്ല…!!
“ശരിക്കും ഞങ്ങൾ പരസ്പരം അലിയുകയായിരുന്നു. ഓരോ സെറ്റിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഞാൻ അറിയാതെ പത്മരാജനെപ്പോലെ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നുവത്രെ. അത്രയേറെ എന്റെ രക്തത്തിൽ പപ്പേട്ടനുണ്ടായിരുന്നു”