1995 മാര്‍ച്ച് 30 ന് റിലീസ് ചെയ്ത സ്ഫടികം മലയാളികൾക്ക് എന്നും ഗൃഹാതുരത നൽകുന്ന ചിത്രമാണ്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആടുതോമയായി മോഹൻലാലും ചാക്കോ മാഷ് ആയി തിലകനും കെപിഎസി ലളിതയും ഉർവശിയും കരമനയും നെടുമുടിവേണുവും രാജന്പി ദേവും എൻ എഫ് വർഗീസും സ്ഫടികം ജോര്ജും കുണ്ടറ ജോണിയും ശ്രീരാമനും ചിപ്പിയും എല്ലാം കസറി. ‘ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ്’ എന്ന തിലകന്റെ ഡയലോഗും വൻ ഹിറ്റായിരുന്നു.
ഈ ചിത്രം ഒരു കൊമേഴ്‌സ്യൽ സിനിമ എന്നതിലുപരി അനവധി മൂല്യങ്ങൾ പകർന്നു നൽകുന്നതിലും വിജയിച്ചിരുന്നു. മോഹൻലാലിൻറെ ‘മുണ്ടുപറിച്ചടി’ ഓർത്ത് ഇന്നും പഴയകാല പ്രേക്ഷകർ കോൾമയിർ കൊള്ളാറുണ്ട് എന്നതാണ് സത്യം. തിലകന്റെയും മോഹൻലാലിന്റേയും അച്ഛൻ-മകൻ കെമിസ്ട്രി ഈ ചിത്രത്തിലും നന്നായി വർക്ഔട്ട് ആയിരുന്നു. ഇപ്പോഴിതാ ‘സ്‍ഫടിക’മെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാല്‍.
”എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ‘ആടു തോമ’ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം ഒമ്പതിന് ‘സ്‍ഫടികം’ 4k അറ്റ്‍മോസില്‍ എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. ‘അപ്പോൾ എങ്ങനാ.. ഉറപ്പിക്കാവോ?” – മോഹൻലാലിൻറെ സോഷ്യൽ മീഡിയ കുറിപ്പ് ഇങ്ങനെയായിരുന്നു .
സിനിമയുടെ തനിമ നഷ്‍ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്.