മോഹൻലാലിനെ നായകനാക്കി സിബിമലയിൽ സംവിധാനം ചെയ്ത സിനിമയാണ് ദേവദൂതൻ . സിബിമലയിൽ എന്ന സംവിധായകന്റെ അതുവരെയുള്ള സിനിമകളിൽ നിന്നും പ്രമേയം കൊണ്ടും മേക്കിങ് കൊണ്ടും എല്ലാം വ്യത്യസ്തമായിരുന്നു ദേവദൂതൻ. കാലങ്ങൾക്കിപ്പുറവും ആ സിനിമയും കഥയും ഗാനങ്ങളും ചർച്ചചെയ്യപ്പെടുന്നു എങ്കിലും തിയേറ്ററിൽ എന്തുകൊണ്ട് ഈ സിനിമ പരാജയപ്പെട്ടു എന്നത് ഉത്തരംകിട്ടാത്ത ചോദ്യമാണ്. മോഹൻലാലിനെ ജനം കാണാൻ ആഗ്രഹിച്ച രൂപഭാവങ്ങളിലും കഥാപാത്ര സവിശേഷതകളിലും ഈ സിനിമയിൽ കാണാൻ സാധിച്ചില്ല എന്നതുകൊണ്ടാകാം എന്ന് ചിലർ ആശ്വസിക്കുകയും ചെയുന്നു. എന്തായാലും നല്ല സിനിമകളുടെ പരാജയം സിനിമാസ്നേഹികളെ നൊമ്പരപ്പെടുത്തുന്നത് തന്നെയാണ്.
കാലങ്ങൾക്കിപ്പുറം ദേവദൂതനെ കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. രഘുനാഥ് പാലേരി ദേവദൂതന്റെ കഥ പറഞ്ഞപ്പോൾ ചിത്രത്തിൽ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് തമിഴ് നടൻ മാധവനെ ആയിരുന്നു. എന്നാൽ മാധവൻ അഭിനയിച്ച ‘അലൈപായുതേ’ സൂപ്പർഹിറ്റ് ആയതുകാരണം മാധവന്റെ ഡേറ്റ് കിട്ടാത്തതാണ് പ്രശ്നമായത്.
ഇനി ആരെ നായകനാക്കും എന്നൊരു വിഷയം വന്നു. അങ്ങനെയിരിക്കെ ഒരു ബന്ദുദിനം വന്നു. അന്ന് മോഹൻലാലിന്റെ കാൾ വന്നു. താൻ എറണാകുളത്തെ ഒരു ഹോട്ടലിൽ കുടുങ്ങിപ്പോയെന്നും വന്നാൽ സംസാരിച്ചിരിക്കാം എന്നും ലാൽ പറഞ്ഞത് പ്രകാരരം ഞാനവിടെ പോയി. അവിടെ വച്ച് ദേവദൂതന്റെ കഥ ഞാൻ ലാലിനോട് പറഞ്ഞു. ആരെ നായകനാക്കും എന്നൊരു ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ് എന്നും പറഞ്ഞു. അപ്പോൾ ലാൽ പറഞ്ഞു, ഞാനിതു ചെയ്യാം എന്ന്. പിന്നൊന്നും ആലോചിച്ചില്ല…സിയാദ് കോക്കർ പറഞ്ഞു.