മോഹൻലാൽ ഒരു ബഹുമുഖ പ്രതിഭയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അഭിനയത്തിൽ അദ്ദേഹം കാഴ്ചവച്ച കഥാപാത്രങ്ങളുടെ വൈവിധ്യവും പറയേണ്ട കാര്യമില്ല. അതുപോലെ തന്നെ സംഗീതത്തിൽ തനിക്കുള്ള കഴിവും പ്രകടിപ്പിക്കാൻ അദ്ദേഹം മടികാട്ടാറില്ല. അനവധി സിനിമകളിലും വേദികളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഇപ്പോൾ വൈറലാകുന്നത് ഒരു പഴയ വീഡിയോ ആണ്. സാക്ഷാൽ പ്രേം നസീർ ജീവിച്ചിരുന്ന കാലത്തെ വീഡിയോ. ഒരു പ്രോഗ്രാം വീഡിയോ ആണ്. അതിൽ നസീർ മോഹൻലാലിനെ പാടാനായി ക്ഷണിക്കുന്നുണ്ട്.
“കേരളത്തിന് ഇപ്പോൾ പാടാൻ കൂടി കഴിവുള്ള ഒരു സൂപ്പർസ്റ്റാറുണ്ട്. ഞാൻ പറയാതെ തന്നെ ആളെ നിങ്ങൾക്കറിയാം. വേറെയാരുമല്ല, മിസ്റ്റർ മോഹൻലാൽ ” എന്നു പറഞ്ഞുകൊണ്ട് ആണ് ലാലിനെ നസീർ പാടാനായി ക്ഷണിക്കുന്നത്.
അതിനുശേഷം ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തിലെ ‘നീയറിഞ്ഞോ മേലേ മാനത്തെ ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്’ എന്ന ഗാനം പിന്നാലെ മോഹൻലാലും എം.ജി ശ്രീകുമാറും ചേർന്ന് ആലപിക്കുകയുണ്ടായി .. ചിത്രത്തിൽ മോഹൻലാലും മാളയും ചേർന്നാണ്ആ ഗാനരംഗത്തിൽ പാടി അഭിനയിക്കുന്നത്. 1985 ൽ ആണ് ‘കണ്ടു കണ്ടറിഞ്ഞു ഇറങ്ങുന്നത്. എന്തായാലും നിത്യ ഹരിത നായകനും കംപ്ലീറ്റ് ആക്ടറും ഒരേവേദി പങ്കിടുന്ന വീഡിയോ ആരാധകർ ഏറെ സന്തോഷത്തോടെ ആസ്വദിക്കും എന്നതിൽ തർക്കമില്ല.