മമ്മൂട്ടി – ജോഷി
മോഹൻലാൽ – പ്രിയദർശൻ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് കൂട്ട്കെട്ടുകളാണിവ. ജോഷിക്ക് മമ്മൂട്ടിയുടെ കരിയറിൽ സുപ്രധാന സ്ഥാനമാണുള്ളത്. ഉപനായകനിൽ നിന്നും നായകനിലേക്കും നായകനിൽ നിന്നും സൂപ്പർ താര പദവിയിലേക്കുമുള്ള മമ്മൂട്ടിയുടെ ഘടനാപരമായ വളർച്ചയിൽ ജോഷി പങ്ക് നിർണ്ണായകമായിരുന്നു. ആ രാത്രി, സന്ദർഭം, മുഹൂർത്തം പതിനൊന്നുമുപ്പത്, ഇനിയും കഥ തുടരും, നിറക്കൂട്ട് തുടങ്ങിയവയെല്ലാം വിജയങ്ങളായിരുന്നു. വിജയം വരിച്ച നായകനിൽ നിന്നും പരാജയ നായകനിലേക്ക് മമ്മൂട്ടി കൂപ്പു കുത്തിയപ്പോഴും ഒരു കൈതാങ്ങായി ജോഷിയുണ്ടായിരുന്നു. മമ്മൂട്ടിയുടെ തിരിച്ചു വരവിന് ന്യൂ ഡൽഹിയിലൂടെ ചുക്കാൻ പിടിച്ചതും മറ്റാരുമായിരുന്നില്ല.
തുടർന്ന് സംഘം, നായർസാബ്, കൗരവർ തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ ഈ ടീമിൽ നിന്നും ഉണ്ടായി. എന്നാൽ 1993 – ൽ റിലീസ് ചെയ്ത ധ്രുവത്തിന് ശേഷം ഈ കൂട്ടുകെട്ടിൽ നിന്നും വൻ വിജയങ്ങൾ ഉണ്ടായിട്ടില്ല. ബമ്പർ ഹിറ്റായി മാറിയ ട്വിന്റി : 20 ആകട്ടെ ഒരു മൾട്ടി സ്റ്റാർ ചിത്രമായിരുന്നു. എങ്കിൽ തന്നെയും സമാന്തരമായി ഇരുവരും വളർന്നു കൊണ്ടിരുന്നു. മമ്മൂട്ടിയെ കൂടാതെ ഇതര നായകരെ വച്ച് ജോഷിക്കും ജോഷിയെ കൂടാതെ മമ്മൂട്ടിക്കും ധാരാളം വിജയങ്ങൾ ഉണ്ടായി. ബമ്പർ ഹിറ്റായി മാറിയ ട്വിന്റി : 20 ആകട്ടെ ഒരു മൾട്ടി സ്റ്റാർ ചിത്രമായിരുന്നു.
മോഹൻലാലിനൊപ്പം വളർന്ന ചരിത്രമാണ് പ്രിയദർശനുള്ളത്. സത്യൻ അന്തിക്കാട്, ശശികുമാർ, ഐ.വി.ശശി എന്നിവരുടെ ചിത്രങ്ങളിലൂടെയാണ് മോഹൻലാൽ വളരുന്നത്. എന്നാൽ മോഹൻലാലിന്റെ ഒട്ടേറെ ചിത്രങ്ങളുടെ അണിയറയിൽ പ്രിയദർശന്റെ സാനിധ്യം ഉണ്ടായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, അരം + അരം = കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നീ ചിത്രങ്ങളിലെല്ലാം നായക വേഷം ചെയ്ത മോഹൻലാൽ 1986 – ൽ റിലീസായ ഹലോ മൈ ഡിയർ റോംഗ് നമ്പർ എന്ന ചിത്രത്തിലൂടെയാണ് ഒരു പ്രിയദർശൻ ചിത്രത്തിൽ സോളോ ഹീറോ ആകുന്നത്.
അതിനകം ഒരു നായകനെന്ന നിലയിൽ മോഹൻലാൽ ഏറെ ദൂരം മുന്നേറിയിരുന്നു. സൂപ്പർ താര പദവി ലഭ്യമായതിന് ശേഷം റിലീസ് ചെയ്ത പ്രിയദർശന്റെ താളവട്ടം, റെഗുലർ ഷോയിൽ 100 ദിവസം പൂർത്തിയാക്കുന്ന മോഹൻലാലിന്റെ ആദ്യത്തെ സോളോ ഹീറോ ചിത്രമാണ്. തുടർന്ന് ആര്യൻ, ചിത്രം, കിലുക്കം, അദ്വൈതം, തേൻമാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, ഒപ്പം തുടങ്ങി നിരവധി വൻ ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. മോഹൻലാലില്ലാതെ മലയാള സിനിമയിൽ പ്രിയദർശനൊരു ഹിറ്റില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്നും മുൻ നിരയിൽ തന്നെ നിൽക്കുന്ന ഈ നാല് പേരുടെയും ട്രാക്ക് റെക്കോഡ് പരിശോധിച്ചപ്പോഴാണ് ഇരു ടീമുകളുടെയും പ്രഥമ ക്ലാഷ് റിലീസായ കഥ ഇന്ന് 37 വർഷം പിന്നിട്ടതായി മനസിലാക്കാനായത്. 1985 ആഗസ്റ്റ് 22 ന് റിലീസ് ചെയ്ത ഇനിയും കഥ തുടരും, ബോയിംഗ് ബോയിംഗ് എന്നിവയാണാ ചിത്രങ്ങൾ. വിജയ പരാജയങ്ങൾ മാറി മാറി വന്ന ഈ ടീമുകളുടെ ഏതാനും ക്ലാഷ് റിലീസുകൾ ചുവടെ കുറിക്കുന്നു.
ജോഷി – മമ്മൂട്ടി
VS
പ്രിയദർശൻ – മോഹൻലാൽ
1. ഇനിയും കഥ തുടരും – ബോയിംഗ് ബോയിംഗ് : 1985 ഓണം
2. ക്ഷമിച്ചു എന്നൊരു വാക്ക് – ഹലോ മൈ ഡിയർ റോംഗ് നമ്പർ : 1986 വിഷു
3. വീണ്ടും – താളവട്ടം : 1986 ഒക്ടോബർ
4. ദിനരാത്രങ്ങൾ – മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു : 1988 ജനുവരി
5. തന്ത്രം – ആര്യൻ : 1988 ഓണം
6. നായർ സാബ് – വന്ദനം : 1989 ഓണം
7. സൈന്യം – മിന്നാരം : 1994 ഓണം