Bineesh K Achuthan 

മലയാള സിനിമക്ക് നർമ്മത്തിൽ പൊതിഞ്ഞ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് – ശ്രീനിവാസൻ – മോഹൻലാൽ ത്രയങ്ങളുടെ സൻമനസ്സുള്ളവർക്ക് സമാധാനം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഇന്ന് 36 വർഷം പൂർത്തിയാക്കുന്നു. സാധാരണക്കാരന്റെ നൊമ്പരങ്ങളും ആശങ്കകളും സന്തോഷസന്താപങ്ങളുമെല്ലാം ഹാസ്യ രൂപേണ പ്രേക്ഷകരിലേക്കെത്തിക്കുന്ന സ്ഥിരം സത്യൻ ശ്രേണിയിലുള്ള ഈ ചിത്രം ഗോപാലകൃഷ്ണ പണിക്കരുടെ ജീവിത പ്രാരാബ്ധങ്ങളും അതിൽ നിന്നും വിമോചിതനാകാനുള്ള അദ്ദേഹത്തിന്റെ നെട്ടോട്ടവുമാണ് പ്രമേയം.

വളരെ ചെറിയ പ്രായത്തിൽ തന്നെ ഹിറ്റ് മേക്കറായി മാറിയ പി.ചന്ദ്രകുമാറിന്റെ ശിഷ്യനാണ് സത്യൻ അന്തിക്കാട്. എന്നാൽ ഗുരുവിന്റെ പാതയിൽ നിന്നും തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് സത്യൻ അന്തിക്കാട് തന്റെ ചിത്രങ്ങൾ ദൃശ്യവൽക്കരിച്ചിട്ടുള്ളത്. കൂടുതലും സാധാരണക്കാരന്റെ ജീവിതമായിരുന്നു സത്യൻ അന്തിക്കാട് പ്രമേയമായി സ്വീകരിച്ചിട്ടുള്ളത്. ആദ്യ ചിത്രമായ കുറുക്കന്റെ കല്യാണത്തിൽ നിന്നും അഞ്ചാമത്തെ ചിത്രമായ അപ്പുണ്ണിയിലേക്ക് എത്തുമ്പോഴേക്കും സത്യന്റെ തനത് ശൈലി മലയാള പ്രേക്ഷകരിൽ പതിയെ സ്വാധീനം ചെലുത്തി കഴിഞ്ഞിരുന്നു. ആ ശൈലിക്കണങ്ങും വിധമുള്ള തിരക്കഥാ രീതികളുമായി ശ്രീനിവാസൻ ഒപ്പം ചേരുകയും നായകനായി മോഹൻലാൽ വരികയും ചെയ്തപ്പോൾ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ മിനിമം ഗാരന്റി ഉറപ്പായി.

സാമൂഹിക വിമർശനങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ധാരാളം തിരക്കഥകൾ രചിച്ചിട്ടുള്ള ശ്രീനിവാസൻ ഒരു നടനായിട്ടാണ് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. 1977 – ൽ പി.എ.ബക്കറിന്റെ മണി മുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസന്റെ അരങ്ങേറ്റം. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ അഭിനയിച്ച ശ്രീനിവാസൻ, പ്രിയദർശൻ ചിത്രങ്ങളിലെ തിരക്കഥാകാരനും സംഭാഷണ രചയിതാവുമായി മാറി. 1986 – ൽ റിലീസായ ” ടി.പി. ബാലഗോപാലൻ എം.എ ” എന്ന ചിത്രമാണ് ശ്രീനിയുടെ രചനയിലെ സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രം. കൂടാതെ സത്യൻ – ശ്രീനി – മോഹൻലാൽ കോംബോ ആരംഭിക്കുന്നതും ഈ ചിത്രത്തോടെയാണ്. തുടർന്നിങ്ങോട്ട് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സൻമനസുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, വരവേൽപ്പ് എന്നീ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി ചിത്രങ്ങൾ ഈ കൂട്ട്കെട്ടിൽ നിന്നും പുറത്തു വന്നു.

1980 അവസാനം റിലീസായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ മുഖ്യധാരാ സിനിമയിലെത്തിയ മോഹൻലാൽ, ശശികുമാർ, ഐ.വി.ശശി, പ്രിയദർശൻ എന്നിവരുടെ ചിത്രങ്ങളിലൂടെയാണ് ജനപ്രിയത കൈവരിക്കുന്നത്. ആക്ഷൻ മൂഡിലുള്ള ഐ.വി.ശശിയുടെ ബഹുതാര കേന്ദ്രീകൃത ചിത്രങ്ങളിലെ ഉപനായക വേഷങ്ങളും പ്രിയദർശൻ ചിത്രങ്ങളിലെ കോമഡി വേഷങ്ങളും ശശികുമാറിന്റെ ആക്ഷൻ – കുടുംബ ചിത്രങ്ങളിലെ നായക വേഷങ്ങളും മോഹൻലാലിനെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിച്ചു. 80 – കളുടെ മധ്യത്തിൽ ഗൗരവപ്രകൃതിയായ കുടുംബനാഥന്റെ റോളുകളിൽ മമ്മൂട്ടി തിളങ്ങുമ്പോൾ മറുവശത്ത് നർമ്മത്തിൽ ചാലിച്ച കഥാപാത്രങ്ങളിലൂടെയായിരുന്നു മോഹൻലാൽ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നത്. അയൽവക്കത്തെ പയ്യൻ എന്ന താരമൂശയിലേക്ക് മോഹൻലാലിനെ പരിവർത്തിപ്പിക്കാൻ ഏറ്റവുമധികം ഇടയാക്കിയത് സത്യൻ – ശ്രീനി ചിത്രങ്ങളിലെ നായക വേഷങ്ങളായിരുന്നു. ആ വേഷങ്ങളിൽ ഗോപാലകൃഷ്ണ പണിക്കരുടെ തട്ട് താണു തന്നെയിരിക്കും. കേവലം 26 വയസു മാത്രമുള്ളപ്പോഴാണ് 32 – 35 പ്രായം വരുന്ന പണിക്കരെ മോഹൻലാൻ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്.

പരിചയമില്ലാത്ത ബിസിനസ് സംരംഭങ്ങളിൽ തല വച്ച് കടക്കെണിയിലായി ജപ്തി ഭീക്ഷണി നേരിടുന്ന ഗോപാലകൃഷ്ണ പണിക്കർ ; മരിച്ചു പോയ തന്റെ അച്ഛന്റെ പേരിൽ നഗരത്തിലുള്ള വീടും വസ്തുവും വിൽക്കാൻ തീരുമാനിക്കുന്നു. എന്നാൽ വർഷങ്ങളായി ആ വീട്ടിൽ സ്ഥിരമായി വാടകക്ക് താമസിക്കുന്ന ഒരു കുടുംബത്തിന്, ആ വീടിനോടുള്ള വൈകാരികതയാൽ വീടൊഴിഞ്ഞ് പോരാൻ തയ്യാറാകുന്നില്ല. അവരെ ആ വീട്ടിൽ നിന്നുമിറക്കാൻ പണിക്കർ നടത്തുന്ന വേലത്തരങ്ങളാണ് സൻമനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിന്റെ ഇതിവൃത്തം. വാടക വീട്ടിലെ ഗൃഹനാഥയായി കെ പി എ സി ലളിതയും മകളായി കാർത്തികയും മകനായി യദുകൃഷ്ണനും വേഷമിടുന്നു. വാടകക്കാരെ ഒഴിപ്പിക്കാനായി പണിക്കർ രംഗത്തിറക്കുന്ന തന്റെ സഹപാഠിയും സ്ഥലം സബ് ഇൻസ്പെക്ടറുമായ രാജേന്ദ്രൻ എന്ന കഥാപാത്രം ശ്രീനിവാസന്റെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു വേഷമാണ്. ഷൂട്ടിംഗ് വേളയിൽ ശ്രീനിവാസന്റെ പ്രകടനം കണ്ട് മോഹൻലാൽ നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ചത് സത്യൻ അന്തിക്കാട് പല തവണ പറഞ്ഞിട്ടുണ്ട്. അതേ പോലെ തന്നെ കാർത്തികയുടെ അമ്മാവനായി എത്തുന്ന ദാമോദർജി എന്ന ബോംബെക്കാരൻ അധോലോകക്കാരനായി തിലകനും തിളങ്ങുകയുണ്ടായി. തിലകന്റെയും ശ്രീനിവാസന്റെയും ഹാസ്യ രംഗങ്ങൾ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നവയാണ്. വിവിധ മെമ്മുകളിലൂടെ ഇരുവരുടെയും ഡയലോഗുകൾ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. പൂങ്കിനാവ് വാരികയുടെ പത്രാധിപർ സ്ഥാനമലങ്കരിക്കുന്ന, ശ്രീനിവാസന്റെ അമ്മാവനായി വന്ന സോമന്റെ കഥാപാത്രവും രസകരമായിരുന്നു.

1986 ജൂലൈ 17 – ന് റിലീസ് ചെയ്ത രാജാവിന്റെ മകനിലൂടെ സൂപ്പർ താര പദവിയിലേക്കുയർന്ന മോഹൻലാലിന്റെ, താളവട്ടം എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം റിലീസാകുന്ന ചിത്രം കൂടിയായിരുന്നു സൻമനസുള്ളവർക്ക് സമാധാനം. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. തമിഴിൽ ശിവകുമാറും തെലുങ്കിൽ രാജേന്ദ്ര പ്രസാദും ഹിന്ദിയിൽ സുനിൽ ഷെട്ടിയുമാണ് മോഹൻലാലിന്റെ വേഷം കൈകാര്യം ചെയ്തത്. തമിഴ് പതിപ്പ് ഐ.വി.ശശിയും ഹിന്ദി പതിപ്പ് പ്രിയദർശനുമാണ് സംവിധാനം നിർവ്വഹിച്ചത്. 2003 – ൽ കന്നഡ ഭാഷയിൽ ഈ ചിത്രത്തിന്റെ രണ്ട് റീമേക്കുകൾ പുറത്തിറങ്ങുകയുണ്ടായി.

80 – കളിൽ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു താരജോടിയായിരുന്നു മോഹൻലാൽ – കാർത്തിക. താളവട്ടം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ജനുവരി ഒരു ഓർമ്മ തുടങ്ങി ഒരു ഡസനടുത്ത് ചിത്രങ്ങൾ ഈ ജോടിയുടേതായി പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും അധികം ആഘോഷിക്കപ്പെട്ട മോഹൻലാലിന്റെ ജോടി ശോഭനയായിരുന്നു. ശരീര പ്രകൃതം കൊണ്ട് പാർവ്വതിയും അഭിനയ ശൈലി കൊണ്ട് ഉർവ്വശിയുമാണ് മോഹൻലാലിന്റെ മികച്ച ജോടികൾ എന്നു വിലയിരുത്തപെട്ടിട്ടുണ്ട്. പക്ഷേ, മോഹൻലാലിന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ജോടി കാർത്തികയാണ്. പ്രണയത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു ഈ ജോടികളുടെ അക്കാലത്തെ ഒട്ടുമിക്ക ചിത്രങ്ങളും. എന്നാൽ, സന്മനസ്സുള്ളവർക്ക് സമാധാനം അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. റൊമാൻസിന് ഒട്ടും പ്രാധാന്യം നൽകാത്ത ഈ ചിത്രമാണ് എനിക്കേറ്റവും പ്രിയപ്പെട്ട റൊമാന്റിക് ചിത്രമെന്ന് പറഞ്ഞാലത് വൈരുധ്യമായി തോന്നാം. പക്ഷേ, അതാണ് വാസ്തവം. ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ കാർത്തിക അവതരിപ്പിക്കുന്ന മീരയോടായി പറയുന്ന ഗോപാലകൃഷ്ണ പണിക്കരുടെ വാക്കുകൾ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട് ; അതിങ്ങനെ ചുരുക്കാം. ” ഓരോരോ സാഹചര്യങ്ങളാണ് മനുഷ്യരെ തമ്മിൽ അകറ്റുന്നതും അടുപ്പിക്കുന്നതും. ജീവിതം അവസാനിക്കുകയല്ല ; ആരംഭിക്കുകയാണ് ..”

Leave a Reply
You May Also Like

നാച്ചുറൽ സ്റ്റാർ നാനി നായകനായ, നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യാ ചിത്രം ഹായ് നന്ന

നാച്ചുറൽ സ്റ്റാർ നാനി, ശൗര്യവ്, വൈര എന്റർടെയ്ൻമെന്റ്സ്, ഹായ് നന്നാ പുതിയ ഷൂട്ടിംഗ് ഷെഡ്യൂൾ കൂനൂരിൽ…

സിനിമകളിലെ ആത്മഹത്യാ രംഗങ്ങൾ

Binil Issac Moolaiparambil ചില സിനിമകളിലെ ആത്മഹത്യാ രംഗങ്ങൾ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കും. പ്രത്യേകിച്ചും ഗൺ…

വേലായുധൻ ശിക്ഷകഴിഞ്ഞു മടങ്ങിവരുമ്പോഴുള്ള മുള്ളൻകൊല്ലിയുടെ കഥ

മുള്ളൻകൊല്ലി രാജാവ് Arabhi Ashik “തോണീൽ കേറി വാ സാറുമ്മാരേ… ഞാൻ അക്കരെ കാത്തിരിക്കാം… ”…

കഥാപാത്രമായി ടൊവീനോയുടെ ഈ മാറ്റം ആരാധകരെ വിസ്മയിപ്പിക്കുകയാണ്

അടിച്ചുപൊളി നായകവേഷങ്ങളിൽ നിന്നും ടൊവീനോയുടെ ഈ മാറ്റം ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഡോ. ബിജുകുമാർ ദാമോദരൻ ഒരുക്കുന്ന…