മോഹന്‍ലാലിന്റെ ഫോണ്‍കോള്‍

289

mohanlal-phone

പരീക്ഷാകാലം, ഹിന്ദി പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കു, ജോയിചേട്ടന്റെ കടയില്‍  നിന്ന് ഒരു സിപ് അപ്പും നുണഞ്ഞു വീട്ടിലേക്കു അലമ്പിതല്ലി കയറി വന്നു, അതും അടുക്കള വശത്ത് കൂടി. വിശന്നു കുടല് കരിഞ്ഞു വരുമ്പോള്‍ സ്ഥിരം ചെയ്യാറുള്ളത് പോലെ അടുക്കളയിലെ കാസ്റോളിന്റെ  അടപ്പ് വലിച്ചു തുറന്നു. രാവിലെയുണ്ടാക്കിയ ചപ്പാത്തിയുടെ ഒരു മുറി കഷ്ണം ആവി വെള്ളത്തില്‍ നനഞ്ഞു കിടക്കുന്നു. ഉടന്‍ തന്നെ വിളി തുടങ്ങി.

“ഇവിടെ ആരുമില്ലേ?പണ്ടാരമടങ്ങാന്‍, കഴിക്കാനൊന്നുമില്ലേ ? ”

അടുക്കളയുടെ ഭിത്തി ആ ശബ്ദം പ്രതിധ്വനിപ്പിച്ചതല്ലാതെ വേറെ ഒരു മറുപടിയും വന്നില്ല.
നിരാശ!

തലകുനിച്ചുകൊണ്ട് ഡ്രോയിംഗ്  റൂമിലേക്ക്‌ ,എന്നെ കണ്ടതും എന്റെ പുന്നാര സഹോദരന്‍ ആടിന്റെ വയറ്റില്‍ ആന കയറുമ്പോള്‍ ഉണ്ടാകുന്ന മുഖഭാവവുമായി എന്റെ മുന്നില്‍ വന്നു .

പാവത്തിന് എന്തോ കുഴപ്പമുണ്ട്,വയറു വേദനയായിരിക്കും  എന്ന് ഞാന്‍ കരുതി.

അല്ലല്ലോ ,അതല്ല കാര്യം , അവനു എന്നോട് എന്തോ പറയാനുള്ളത് പോലെ തോന്നി.പക്ഷെ അവന്റെ വോക്കല്‍ കോര്‍ഡില്‍ നിന്നും ശബ്ദം  പുറത്തേക്കു വരുന്നില്ല,ഫോണ്‍ ഇരിക്കുന്ന വശത്തേക്ക് കൈ ചൂണ്ടി കാണിക്കുന്നുണ്ട് .

ശവം !
എനിക്കൊന്നും പിടികിട്ടിയില്ല.

അണ്ണന്‍തമ്പി സിനിമയില്‍ ഊമയായ മമ്മൂട്ടിയോട് ചോദിക്കും പോലെ ഞാനും ചോദിച്ചു.
‘നീ എന്ത് പിണ്ണാക്കാട  പറയുന്നത് ,എനിക്കൊന്നും മനസിലാവുന്നില്ല ‘

എന്റെ മനസില്‍ ശൂന്യമായ കാസ്റോള്‍ മാത്രമാണുള്ളത്,അതിന്റെ ദേഷ്യം വയറ്റില്‍ നിന്നും മുകളിലേക്ക് കയറുന്നു അതിന്റെ കൂടെ ഇവന്‍…ഹോ…”അണ്‍ സഹിക്കബിള്‍ ”

“മോഹന്‍….ലാ ….ല്‍ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!………………”
പെട്ടെന്ന് ഇടിവെട്ടിയത് പോലെ ഒരു ഞരക്കം അവന്റെ തൊണ്ടയില്‍ നിന്നും ടെലികാസ്റ്റ്   ചെയ്തു.

“എന്താടാ?മോഹന്‍ലാലിനു എന്നാ പറ്റി?”
ഉടനെ അവന്‍

“വിളിച്ചു….”

“അയ്യോ മോഹന്‍ലാലിനെ മുകളിലോട്ടു വിളിച്ചോ?”

“അല്ലേട ,മോഹന്‍ലാല്‍ ഉച്ചക്ക് വിളിച്ചു,നിന്നെ അന്വേഷിച്ചു,ഞാനാ ഫോണെടുത്തത്,നീ എവിടെ പോയി കിടക്കുവാരുന്നു?”

(പ്രായത്തില്‍ എന്നെക്കാളും വളരെ പ്രായം കുറവാണേലും ‘എടാ’ എന്നല്ലാതെ ഒന്നും അവന്‍ ‘ബഹുമാനത്തോടെ’ വിളിക്കാറില്ല)

അപ്പോളെക്കു ദേഷ്യം എന്റെ തൊണ്ടയുടെ മുകളില്‍ ,സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 4 -5 അടി ഉയരത്തില്‍ എത്തി.
“എടാ ‘പോന്നു’ മോനെ ഞാനിവിടെ വിശന്നു ചാകാറായി ഇരിക്കുവാണ് അപ്പോളാണ് മനുഷ്യനെ ആസാക്കുന്ന ഏര്‍പ്പാട്”

പാവം അവന്‍.

“പരുമല തിരുമേനിയാണ് സത്യം !!!!!!വിളിച്ചു,പ്രൈവറ്റ് സെക്രട്ടറിയാണ് വിളിച്ചത്,പിന്നെ മോഹന്‍ലാലും,ബ്ലോഗിന്റെ എന്തോ കാര്യം ചോദിക്കാന്‍ വിളിച്ചതാണെന്നു പറഞ്ഞു”

പക്ഷെ അണ പൊട്ടാറായ  ദേഷ്യം ഒരു ചിരിയിലേക്ക്‌ മാറി.പാവം പയ്യന്‍;
സ്വന്തം ചേട്ടനെ പറ്റിക്കുമ്പോള്‍ അല്പം ലെവല്‍ കുറഞ്ഞ കള്ളത്തരം പറയാമായിരുന്നു എന്ന് ഞാനോര്‍ത്തു സഹതാപത്തോടെ അവനെ നോക്കി.

അവന്‍

“അമ്മച്ചിയാണ് സത്യം..അല്ലേല്‍ അമ്മയോട് ചോദിച്ചു നോക്ക്”

പതിവില്ലാത്ത പരിഭ്രമം കണ്ടു ഞാന്‍ സംശയത്തിലായി,അമ്മയോടും അമ്മച്ചിയോടും ചോദിച്ചു.ആരോ വിളിച്ചു! ഇവന്‍ പറഞ്ഞു ഏതോ മോഹനലാല്‍   ആണെന്ന്…ആര്‍ക്കറിയാം.
അവര്‍ക്ക് രണ്ടു പേര്‍ക്കും’ സാ’ മട്ടു..ഏതു മോഹന്‍ലാല്‍  എന്നുള്ള ഭാവത്തില്‍ എന്നെ നോക്കി.

ഉദ്ദേശിച്ചത് പോലെ തന്നെ പുളു ;ഞാനുറപ്പിച്ചു ,അനിയനിട്ടു രണ്ടെണ്ണം കൊടുക്കണം.പാവം ചെറുക്കന്‍ എന്നെ നോക്കി എന്തൊക്കെയോ പറയാന്‍ വിചാരിച്ചിട്ട് പറയാന്‍ വയ്യാത്ത വല്ലാത്തൊരു അവസ്ഥ.

“എടാ സ്കൂളില്‍ നിന്നും വന്നിട്ട് നിനക്ക് വല്ലതും കിട്ടിയോ?മിച്ചം വല്ലതുമുണ്ടേല്‍ എനിക്കൂടെ എടുക്കാന്‍ അമ്മയോട് പറ”

ഇത്രയും പറഞ്ഞു അവന്റെ തലക്കിട്ടു ഒരു ‘തേമ്പ്’ കൊടുത്തിട്ട് ഞാന്‍ മുറിയിലേക്ക് പോയി.

വേഷം മാറി തിരിച്ചു വന്നപ്പോളും ,ചെറുക്കന്‍ 440 കെ വി ലൈന്‍ല്‍ കയറി പിടിച്ചത് പോലെ ഇരിക്കുന്നു.എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് .അല്ലേല്‍ അവനിങ്ങനെ ഇരിക്കില്ല.ഞാന്‍ ചോദിച്ചു “എന്താടാ കുട്ടാ കാര്യം?”

“സത്യമായും ഒരാള്‍ വിളിച്ചു മോഹന്‍ലാലിന്റെ ഓഫീസില്‍ നിന്നാണ് .ജിക്കുവിനു ഫോണ്‍ കൊടുക്കുമോ ,സര്‍ ലൈനിലുണ്ട് എന്ന് പറഞ്ഞു .ഞാന്‍ പറഞ്ഞു അനിയന്‍ ആണ് ,അവന്‍ പരീക്ഷക്ക്‌ പോയേക്കുവാനെന്നു,പക്ഷെ അതിനു മറുപടി പറഞ്ഞത് ലാലേട്ടനാരുന്നു(അവന്റെ മോന്ത 180 ഡിഗ്രിയിലായി ) .ബ്ലോഗിന്റെ കാര്യം ചോദിച്ചു.എന്റെ അന്വേഷണം  ചേട്ടനെ അറിയിക്കാന്‍ പറഞ്ഞു,വീണ്ടും വിളിക്കാമെന്നു പറഞ്ഞു,ഫോണ്‍ വെച്ചു”

ഞാനിത് കേട്ട് ഒന്നു ആലോചിച്ചു ലാലേട്ടന്റെ ബ്ലോഗില്‍ കമന്റ്‌ ഇടുന്നവരെ സെലക്ട്‌ ചെയ്തു ഫോണില്‍ വിളിക്കുമെന്ന് കേട്ടിട്ടുണ്ട് .പക്ഷെ എന്നെ വിളിക്കുമോ?ഏയ്‌ വിളിക്കില്ല .ഞാന്‍ ഉറപ്പിച്ചു .

എന്നിട്ടവനോട്‌ പറഞ്ഞു
“മോനെ കുട്ടാ,ഇനി ആ ലാലേട്ടന്‍ വിളിക്കുമ്പോ ,നമ്പര്‍ തരാന്‍ പറയണം കേട്ടോ,നമ്മുക്കിടക്കിടെ വിളിച്ചു പുള്ളിക്ക് സുഖമാണോ എന്ന് അന്വേഷിക്കാമല്ലോ ,അവന്റെ ഒരു ലാലേട്ടന്‍……”
ഒരു ഇളിച്ച ചിരി പാസാക്കി ഞാന്‍ നടന്നകന്നു

അപ്പോളേക്കും ചൂട് ദോശ പ്ലേറ്റില്‍ എന്റെ മുന്‍പിലെത്തി.പ്ലേറ്റ് തിന്നരുതു എന്ന മുന്നറിയിപ്പോടെ അമ്മ അടുക്കളയിലേക്കു പോയി,ടീ വി യില്‍ സണ്‍ മ്യൂസിക്‌,അലസമായി ഞാന്‍ കഴിക്കുന്നു,ഒപ്പം ടീ വിയിലേക്ക് എത്തി വലിഞ്ഞു നോക്കുന്നു.അനിയന്‍ ടി.വി സ്ക്രീനില്‍ നോക്കിയാണ് ഇരിക്കുന്നത് പക്ഷെ ഒരു മാതിരി ഇഞ്ചി കടിച്ച മങ്കിയെ പോലെ പ്രതിമ കണക്കെ  ഇരിക്കുന്നു.

അധികം താമസിക്കാതെ ഒരു ഫോണ്‍ കോള്‍.ഞാന്‍ ഫോണെടുത്തു
“ഹെലോ ജിക്കുവല്ലേ?”

“അതെ ആരാണ് വിളിക്കുന്നത്‌?”

“ലാലേട്ടന്‍ പകല് വിളിച്ചിരുന്നു ,ഞാന്‍ ഓഫീസില്‍ നിന്നാണ് ,ഇപ്പോള്‍ അദ്ദേഹം ലൈന്‍ല്‍ അല്ല ,ബ്ലോഗില്‍ കമന്റ് കണ്ട് 25 പേരെ തെരഞ്ഞെടുത്ത കൂടെ ജിക്കുവുണ്ടായിരുന്നു,ഇനിയും അവസരമുണ്ടാകും,കാണാം”

വിളിച്ചത് ഇസഹാക്ക് ഈശ്വരമംഗലം ,മോഹന്‍ലാല്‍ പ്രചാരണ സ്ഥാനപതിയായ ആക്റ്റ് ഫോര്‍ ഹ്യുമാനിട്ടിയുടെ ചെയര്‍മാന്‍,പ്രമുഖ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍. ലാലേട്ടനും ഈശ്വരമംഗലവും  കൂടിയാണ് വിളിച്ചത്.

“ദൈവമേ………………….”

അനിയന്‍  ആന വിഴുങ്ങിയ മുഖ ഭാവം കാണിച്ചെങ്കില്‍ ഞാന്‍ ആനക്കോണ്ടയെ വിഴുങ്ങിയ പടിയായി .ദോശയുടെ പ്ലേറ്റ് മടിയില്‍ നിന്നും ചെരിഞ്ഞു പ്ലേറ്റിലെ ചമ്മന്തി നിലത്തേക്ക് ഒലിച്ചിറങ്ങി .അനിയന്റെ മുഖത്ത് സന്തോഷം ഇരച്ചു കയറുന്നു
‘ഇപ്പൊ എങ്ങനെയിരിക്കുന്നെടാ തെണ്ടി ‘ എന്ന മട്ടില്‍ അവന്റെ നോട്ടം.

സ്വപ്നമാണോന്നറിയാന്‍  ചമ്മന്തിയുടെ ഒരു തരി എടുത്തു വായില്‍ വെച്ചു..റിയാലിറ്റി തന്നെ ഉപ്പുണ്ട്‌.

ഞാനവനെ  കെട്ടി പിടിച്ചു !കരയാനും ചിരിക്കാനും പറ്റാത്ത അവസ്ഥ !

മലബാര്‍ ഗോള്ടിന്റെ  ഉദ്ഘാടനത്തിന് 4 നില കെട്ടിടത്തിന്റെ മുകളില്‍ ഇടിയും തൊഴിയും ചവിട്ടും കൊണ്ട് കയറി നിന്നിട്ടും ആരാധക പ്രവാഹം മൂലം കാണാന്‍ കഴിയാഞ്ഞ ആ മഹാ മനുഷ്യന്‍,ഒരു ആരാധകനെ ഇങ്ങോട്ട് വിളിച്ചിരിക്കുന്നു  .!!!!!!!!!!!!!!!
അപ്പോയിന്മേന്റുകളും ഫോണ്‍ കോളുകള്‍ക്കും മറുപടി കൊടുക്കാന്‍ കഴിയാത്ത അദ്ദേഹം എന്നെ ഇങ്ങോട്ട് വിളിച്ചിരിക്കുന്നു!!!!!!!!!!!!!!!!!!!!

അടിച്ചു മോളെ!!!!!!!!!!!!!!!!!!!!

ഒരു തരം ബോധാക്കേടോടെ ഞാന്‍ ഇരുന്നു.അനക്കമില്ല,അനിയന്‍ പള്‍സ്‌ നോക്കുന്നുണ്ട് ,അന്തരിച്ചോ എന്നറിയാനായിരിക്കും,പള്‍സ്‌ ഉണ്ടെന്നറിഞ്ഞപ്പോള്‍ നിരാശയോടെ ‘ശവം !വെറുതെ കൊതിപ്പിച്ചു’ എന്ന മട്ടില്‍ മാറി നിന്നു. സംഭവം സത്യം തന്നെ ലാലേട്ടന്റെ ബ്ലോഗില്‍ കമന്റ് ഇട്ടതു തന്നെ കാരണം.വിളിച്ചത് ലാലേട്ടന്‍ തന്നെ.

സന്തോഷം വന്നു തുടങ്ങിയപ്പോള്‍ ഒരു ആസൂയ,ഞാന്‍ കഷ്ട്ടപെട്ടു  കമന്റ് ഇട്ടിട്ടു  അനിയന്‍ ചുളുവില്‍ കയറി സംസാരിച്ചു.എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായി പിന്നീട്….മുടിഞ്ഞ ഹിന്ദി!! ഹിന്ദി ഭാഷയുടെ ആചാര്യന്മാരെയും ,പരീക്ഷ കണ്ട്രോള്‍ ബോര്‍ഡിനെയും  ശപിച്ചു കൊണ്ട് ബാത്ത്റൂമിലേക്ക്‌  നടന്നകന്നു,അപ്പോളും ആ ഫോണ്‍ ശബ്ദിക്കുന്നുണ്ടായിരുന്നു.

അടുത്തത് ആരായിരിക്കാം???

“ജീവിതത്തിലെ ഏറ്റവും സന്തോഷവും  അത് പോലെ നിരാശയും നിറഞ്ഞ ഏക ദിനം”

എല്ലാം വിധിയാണ് എന്നോര്‍ത്ത്  സമാധാനിക്കാന്‍ ഞാനന്ന് പഠിച്ചു.ലാലേട്ടന്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഇരുന്നു ഇത് വായിക്കുന്നു എങ്കില്‍ ഒരു നിമിഷമെങ്കിലും ഈ പാവത്തിനെ ഓര്‍ക്കുമെന്ന  സന്തോഷ-നിരാശ-പ്രതീക്ഷയോടെ ഒരു പാവം ആരാധകന്‍”