ഓപ്പറേഷൻ ജവക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ‘സൗദി വെള്ളക്ക’ ഗോവയില്‍ നടക്കുന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. . ഫീച്ചര്‍ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ 25 ഫീച്ചര്‍ സിനിമകളും 20 നോട്ട് ഫീച്ചര്‍ സിനിമകളുമാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം. നാളെയാണ് സൗദി വെള്ളക്ക പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്രൂ മെമ്പർ ആയി പ്രവർത്തിച്ച Mohit Krishnan ന്റെ കുറിപ്പ് വായിക്കാം.
Mohit Krishnan
“ഐ എഫ് എഫ് ഐയും ഇന്ത്യൻ പനോരമയും ഒക്കെ ഒരു കാലം വരെ ആരുടെയൊക്കെയോ വാർത്തകളും പിന്നീട് സിനിമാ ചർച്ചകളും മാത്രമായി ലൈഫിൽ ഒതുങ്ങി നിന്ന കാര്യമാണ് . സിനിമാസ്വാദകൻ എന്ന നിലയിൽ പക്ഷെ ഐ എഫ് എഫ് ഐ മോഹം എപ്പോഴും മനസ്സിലെ ബക്കറ് ലിസ്റ്റിൽ വെട്ടാതെ കിടന്ന ഒന്നാണ്. അതിന് നാളെ ഒരു അവസനമുണ്ടാവുകയാണ്,കഴിഞ്ഞ 2 വർഷമായി ലൈഫിന്റെ തന്നെ ഭാഗമായി നിൽക്കുന്ന സൗദി വെള്ളക്കയിലൂടെ.കാണി എന്നതിൽ നിന്നും മാറി ,വളരെ അഭിമാനത്തോടെ ഒരു ക്രൂ മെമ്പറായി നിന്ന് നാളെ ആദ്യത്തെ ഐ എഫ് എഫ് ഐ കാഴ്ച സാധ്യമാവുകയാണ്. വൈകീട്ട് 6:30നു ഇന്ത്യൻ പനോരമ വിഭാഗത്തിൽ സൗദി വെള്ളക്കയേ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ്.
നമ്മൾ പ്ലാൻ ചെയ്യുന്ന വഴിക്ക് സിനിമയെ കൊണ്ട് പോവുക എന്നതായിരുന്നു മുന്നേയുള്ള സിനിമാ അനുഭവങ്ങൾ . പക്ഷെ സൗദി വെള്ളക്ക ഒരു പുത്തൻ അറിവാണ്. സിനിമയാണ് ഞങ്ങളെ കൈ പിടിച്ച് കൊണ്ട് പോകുന്നതെന്ന തിരിച്ചറിവ്…പുതിയ വഴികൾ തുറന്ന് കാട്ടി പ്രേക്ഷകരിലേക്കുള്ള ദൂരം കുറച്ചു കൊണ്ട് ,നിറഞ്ഞ സദസ്സുകളുടെ കയ്യടികളും ചിരികളും സങ്കടങ്ങളും എല്ലാം ആഗ്രഹിച്ചു സൗദി വെള്ളക്ക കൊടി കയറുകയാണ്, ഡിസംബർ രണ്ടിലേ പൂരത്തിന് മുന്നോടിയായി…”