Moidu Pilaakkandy
മലയാള സീരിയൽ രംഗത്തെ സൂപ്പർ സ്റ്റാർ എന്ന പദവിക്ക് അർഹനായ ഒരേയൊരു നടൻ ഉണ്ടെങ്കിൽ അത് കടമറ്റത്ത് കത്തനാരായി അഭിനയിച്ച പ്രകാശ് പോൾ മാത്രമാണ്…! 2004 ൽ ആണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത മലയാള ടെലിവിഷൻ രംഗത്തെ സർവകാല സൂപ്പർ ഹിറ്റ് സീരിയലായ കടമറ്റത്ത് കത്തനാർ സംപ്രേക്ഷണം ആരംഭിച്ചത്…! അന്നേവരെ ഉള്ള മലയാള ടെലിവിഷൻ TRP റേറ്റിങ്ങുകൾ കടപുഴക്കി ഈ സീരിയൽ ചരിത്രത്തിൻ്റെ ഭാഗമായി…! ടി.എസ്. സുരേഷ് ബാബു എന്ന സിനിമാ സംവിധായകൻ സംവിധാന മേൽനോട്ടം വഹിച്ച ഈ സീരിയലിൽ കത്തനാരായി ആദ്യം കാസ്റ്റ് ചെയ്യാൻ സുരേഷ് ബാബു പരിഗണിച്ചത് ബാബു ആന്റണി, ക്യാപ്റ്റൻ രാജു എന്ന മെയ്ൻസ്ട്രീം പ്രമുഖരെ ആയിരുന്നു. കാരണം കത്തനാരായി ഹൈറ്റിലും ആകാരസൗഷ്ഠവത്തിലും പറ്റിയ ഒരു നടനെ വേണമായിരുന്നു.
എന്നാൽ കത്തോലിക്കരായ ഇവർ കത്തോലിക്കർ അംഗീകരിക്കാത്ത ഓർത്തഡോക്സ് സഭയിൽ പെട്ട മഹാമാന്ത്രികനായ കത്തനാരുടെ വേഷം ചെയ്യാൻ വിമുഖത കാട്ടിയതിനാൽ അടുത്ത ഓപ്ഷൻ മെയ്ൻസ്ട്രീം വില്ലൻ നടനായ സുരേഷ് കൃഷ്ണയെ കാസ്റ്റ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ അക്കാലത്ത് സിനിമയിൽ തിരക്കുള്ള നടനായ സുരേഷ് കൃഷ്ണ പ്രതിഫലകാര്യത്തിൽ അൽപം കാർക്കശ്യം കാട്ടിയതിനാൽ അതും വർക്കൗട്ടാവാതെ പോയി. പറ്റിയ നടൻമാരുമായി സംഗതികൾ വർക്കൗട്ടാവാതെ പ്രൊജക്ട് തടസ്സപ്പെട്ടതിനാൽ ഈ സീരിയലിൽ ഡ്യൂപ്പായി വിളിച്ച അതിന് മുന്നേ ആരും അറിയപ്പെടാത്ത പ്രകാശ് പോൾ എന്ന നടനെ ലീഡ് റോളായി കാസ്റ്റ് ചെയ്യാനുള്ള ധീരമായ നടപടി സുരേഷ് ബാബു കൈക്കൊണ്ടു. പിന്നീട് നടന്നത് ചരിത്രം…!
മലയാള ടെലിവിഷൻ ചരിത്രത്തിലെ സർവകാല ഹിറ്റായ സീരിയലും നായകനും പിറന്നു. ജനങ്ങൾ എല്ലാ തിരക്കുകളും മറന്ന് ഈ സീരിയൽ കാണാനായി ടെലിവിഷനുമുന്നിൽ കുത്തിയിരുന്നു..! പ്രകാശ് പോൾ എന്ന നടൻ അക്ഷരാർത്ഥത്തിൽ കടമറ്റത്ത് കത്തനാർ എന്ന ഇതിഹാസപുരുഷനായി ജനമനസുകളിൽ ചേക്കേറി. അന്നത്തെ ഒട്ടുമിക്ക മെയിൻസ്രിം സിനിമാ-സീരിയൽ പ്രതിഭകളെല്ലാം ഈ സീരിയലിൽ പ്രകാശ് പോൾ എന്ന പുതിയ നായകൻ്റെ പിറകിൽ കാസ്റ്റ് ചെയ്യപ്പെട്ടു. സുകുമാരി ചേച്ചി, നരേന്ദ്രപ്രസാദ് സാർ, ബൈജു, കണ്ണൂർ ശ്രീലത, സ്ഫടികം ജോർജ്ജ്, കൃഷ്ണകുമാർ, രശ്മി സോമൻ തുടങ്ങി നീണ്ടു നിരന്നുകിടക്കുന്നു ആ നിര..!
ഹൈന്ദവ പാരമ്പര്യമുള്ള നമ്മുടെ നാടിൻ്റെ ചരിത്ര-ഐതിഹ്യകഥകൾ പറഞ്ഞ കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന ലെജൻഡറി സാഹിത്യകാരൻ ക്രോഡീകരിച്ച് എഴുതിയ മലയാളസാഹിത്യചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലെജൻഡറി കൃതിയായ ഐതിഹ്യമാലയിൽ 95% ഹൈന്ദവ ഐതിഹ്യകഥകളും ബാക്കി മുസ്‌ലിം ചരിത്രവ്യക്തിത്വങ്ങളായ ടിപ്പു സുൽത്താൻ, അറയ്ക്കൽ ബീവി, കായംകുളം കൊച്ചുണ്ണി എന്നിവരുടെ അദ്ധ്യായങ്ങൾക്കിടയിൽ ഒരുപക്ഷേ ഒരേയോരു ക്രൈസ്തവ വ്യക്തിത്വമായ കടമറ്റത്ത് കത്തനാരുടേതാണ് ജനങ്ങൾക്കിടയിലും വായനക്കാരുടെ ഇടയിലും ഏറ്റവും പോപ്പുലറായിമാറിയ ഐതിഹ്യകഥ…! കാരണം സമാനതകളില്ലാത്ത നറേഷനും രോമാഞ്ചം ഉണർത്തുന്ന മാന്ത്രിക പ്ലോട്ടുകളുമായിരുന്നു കടമറ്റത്ത് കത്തനാരുടെ കഥയുടെ ഇതിവൃത്തം..!
മോർ ആബോ എന്ന സുറിയാനി ഓർത്തഡോക്സ് പുരോഹിതൻ ദത്തെടുത്ത് വളർത്തിയ പൗലോസ് എന്ന അനാഥബാലൻ ജാതിമതഭേദമന്യേ എല്ലാവരുടേയും ആരാധനാപാത്രവും ഇതിഹാസപുരുഷനുമായ മഹാമാന്ത്രികനായ കഥ എക്കാലത്തും വായനക്കാരെ ത്രസിപ്പിക്കുന്നതായിരുന്നു…! തൻ്റെ സത്യസന്ധതയിലും വിശ്വാസനിഷ്ഠയിലും മോർ ആബോ കത്തനാരുടെയും നാട്ടുകാരുടെയും പ്രീതി പിടിച്ചുപറ്റി ശെമ്മാശൻ എന്ന പട്ടം നേടി മുന്നേറിയ പൗലോസ് ഒരു പ്രത്യേക സാഹചര്യത്തിൽ കാട്ടുവാസികളായ നരഭോജികൾ എന്ന് വിശ്വസിക്കപ്പെടുന്ന മലയരയുടെ കൈകളിൽ പെടുകയും അവരുടെ നേതാവായ ഭദ്രകാളീ ഉപാസകനായ മലയരയമൂപ്പൻ്റെ കൈകളിൽ നിന്ന് ഇന്ദ്രജാലം, മഹേന്ദ്രജാലം, കൺകെട്ട്, ആവാഹനവിദ്യ തുടങ്ങിയ മന്ത്രവാദ പ്രയോഗങ്ങൾ 12 വർഷം മൂപ്പൻ്റെ ശിഷ്യനായി കഴിഞ്ഞ് പ്രാവീണ്യം നേടി ഗുരുവായ മൂപ്പൻ്റെ മൗനാനുവാദത്താൽ നാട്ടിൽ തിരിച്ചെത്തി ഘോരയക്ഷികളേയും രക്ഷസുകളേയും തളച്ച് കാൽക്കീഴിൽ നിർത്തിയ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാന്ത്രികനായ സമാനതകളില്ലാത്ത ഐതിഹാസിക പുരുഷനായ കഥ…!
കത്തനാരുടെ സിനിമാ ചരിത്രം:
1966 ൽ തിക്കുറിശ്ശി നായകനായി പ്രേക്ഷകരെ ത്രസിപ്പിച്ച് ഹിറ്റായ കടമറ്റത്തച്ചൻ എന്ന പടമാണ് കത്തനാരെ ബെയ്സ് ചെയ്ത് വന്ന ആദ്യ മലയാള സിനിമ. നിർഭാഗ്യവശാൽ ഈ സിനിമയുടെ പ്രിൻ്റോ നെഗറ്റീവോ ഇന്ന് ഇന്ത്യൻ ഫിലിം ആർക്കൈവിൽ പോലും ലഭ്യമല്ല…! ശേഷം 1984 ൽ നിത്യഹരിത നായകൻ നസീർ സാർ കത്തനാരായി വന്ന് മുൻപിറങ്ങിയ അതേ പേരിൽ വന്ന കടമറ്റത്തച്ചൻ എന്നസിനിമയും പ്രേക്ഷകർ ഏറ്റെടുത്ത് ഹിറ്റായി. ഇതിൽ കത്തനാർ തളച്ച കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയായി അഭിനയിച്ചത് മലയാളസിനിമയിലെ എക്കാലത്തെയും വലിയ സൗന്ദര്യധാമമായ ശ്രീവിദ്യാമ്മയായിരുന്നു. രഹസ്യമായി ഭദ്രകാളീ ഉപാസന തുടർന്ന് സിദ്ധികൾ ജനനന്മക്കായി പ്രവർത്തിച്ച് ജാതിമതങ്ങൾക്കതീതമായ ജനകീയനായ കത്തനാർ പക്ഷേ തിരുസഭയിലെ ഉന്നതപുരോഹിതൻമാരുടെ എതിർപ്പുകളും അപേക്ഷകൾക്കും വിധേയനായി ജനനന്മയ്ക്കല്ലാതെ സ്വന്തം ആവശ്യങ്ങൾക്കായി ഒരിക്കലും മന്ത്രവാദം നടത്തില്ലെന്ന് പുരോഹിതർക്ക് വാക്കുനൽകി അനുനയിപ്പിച്ചു…! തക്കംപാർത്തുനിന്ന കത്തനാർ കൂട്ടം വിട്ടുപോയതിൽ എതിർപ്പുണ്ടായിരുന്ന ഒരുപറ്റം മലയരയൻമാർ നാട്ടിലെത്തി അദ്ദേഹത്തെ ഉപദ്രവിച്ച് ഇല്ലാതാക്കാനെത്തിയപ്പോൾ പുരോഹിതൻമാർക്ക് നൽകിയ വാക്ക് ധിക്കരിക്കാനാവാതെ ഗത്യന്തരമില്ലതായ കത്തനാർ പ്രപഞ്ചപിതാവായ കർത്താവിനോട് മുട്ടിപ്പായി ” ഈ നാട്ടിലെ പൂർവികർ പറഞ്ഞുതന്നെ ഈ വിദ്യകൾ ജനനൻമക്കായി പ്രയോഗിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ പിതാവേ…! അങ്ങയെ ഞാൻ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല. എൻ്റെ മാർഗ്ഗം തെറ്റായിരുന്നെങ്കിൽ പരമാകാരുണ്യവാനായ അങ്ങ് എന്നോട് പൊറുക്കേണമേ..! എന്നെ രക്ഷിക്കില്ലേ പിതാവേ ” എന്ന് കേണു പ്രാർത്ഥിക്കുകയും ദൈവം അത് കേൾക്കുകയും ഒരു വലിയ പ്രകാശരശ്മികൾ സൃഷ്ടിക്കപ്പെട്ട് മലയരയൻമാർക്ക് കാഴ്ച്ചമങ്ങി അവർ രശ്മികളുടെ തീക്ഷ്ണത താങ്ങാനാവാതെ പിൻതിരിഞ്ഞോടിയെന്നും കത്തനാർ ദൈവ ഇച്ഛയനുസരിച്ച് കടമറ്റം പള്ളിയിലെ കിണർവഴി പാതാളത്തിലേക്ക് പോയെന്നുമാണ് ഐതിഹ്യം.
ഇത് അതേപടി നസീർസാറിൻ്റെ കടമറ്റത്ത് കത്തനാർ പടത്തിൽ കാണിക്കുന്നുണ്ട്…! കത്തനാർ പാതാളത്തിലേക്ക് പോയെന്ന് വിശ്വസിക്കുന്ന പിന്നീട് പാതാളക്കിണർ എന്ന പേരിൽ പ്രശ്സ്തമായ കിണർ ഇന്നും കടമറ്റം പള്ളിയിൽ സ്ഥിതിചെയ്യുന്നു. ആ പള്ളിയിൽ പാതാളക്കിണറിന് സമീപം ഇന്നും തുടരുന്ന മന്ത്രവാദക്രിയകളുടെ ഊരായ്മ ഹൈന്ദവ സഹോദരരായ കർമ്മികൾക്കാണ്….! അതിനുശേഷം കത്തനാരെ ബെയ്സ് ചെയ്ത് സിനിമകൾ ഉണ്ടായില്ലെങ്കിലും 2004 ൽ വന്ന “കടമറ്റത്ത് കത്തനാർ” എന്ന സീരിയൽ സിനിമകളേക്കൾ വലിയ ഹിറ്റാവുകയും മലയാളസീരിയൽ ചരിത്രത്തിൻ്റെ ഭാഗമായ പോപ്പുലർ ഷോ ആയി മാറുകയും ചെയ്തു. പ്രകാശ് പോൾ എന്ന നടനെ കത്തനാരായി തിക്കുറിശ്ശി സാറിനും നസീർസാറിനും മുകളിൽ ജനം പ്രതിഷ്ഠിച്ചു.സീരിയലിൻ്റെ മെയ്ൻ ഹൈലൈറ്റായ ടൈറ്റിൽ സോങ്ങായ “മന്ത്രികൻ മഹാമാന്ത്രികൻ …! കീർത്തിതൻ സഹയാത്രികൻ…! കടമറ്റത്തു കത്തനാർ കത്തനാർ ” എന്നുള്ള സോങ്ങ് ഇന്നും കേൾക്കുന്നത് വല്ലാത്ത നൊസ്റ്റാൾജിയ ആണ്.പ്രകാശ്പോൾ അഭിനയിച്ച മറ്റുപടങ്ങളെ പറ്റി അറിയുന്നവർക്ക് പങ്കുവെക്കാവുന്നതാണ്…!
NB: സമീപകാലത്ത് രണ്ട് മൂന്ന് വർഷം മുൻപ് ജയസൂര്യയെ നായകനാക്കി കത്തനാർ – ദ വൈൽഡ് സോഴ്സറർ എന്ന പടം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രൊജക്ട് എങ്ങുമെത്താതെ നിൽക്കുന്നു.