സ്വാതന്ത്ര്യദിനാശംസകൾ

Moidu Pilakkandy

ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപടമുള്ള രാജ്യം…! 195 ൽ അധികം രാജ്യങ്ങളുള്ള ഈ ഭൂലോകത്തെ ഏത് രാജ്യത്തിൻ്റെ ഭൂപടങ്ങൾ മുഴുവൻ എടുത്തു നിരത്തി പരിശോധിച്ചാലും ഈ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് തുല്ല്യമായ മറ്റൊന്ന് വരില്ല എന്നല്ല ഇന്ത്യയുടെ ഏഴയലത്ത് വരില്ല ബഹുഭൂരിപക്ഷം വരുന്ന രാജ്യങ്ങളും ഈ സവിശേഷതയിൽ എന്നതാണ് സത്യം. ആംഗലേയഭാഷയിൽ ഇത്രയും സുന്ദരമായ ഒരു പേരും മറ്റൊരു രാജ്യത്തിനുണ്ടോ എന്നും സംശയമാണ്. “ഇന്ത്യ” എന്ന് നമ്മൾ വിളിക്കുമ്പോൾ “ഇൻഡിയ” എന്നതാണ് ശരിയായ ഇംഗ്ലീഷ് Pronunciation. ആധുനിക രാഷ്ട്രം എന്നനിലയിൽ ഒഫിഷ്യൽ പേര് “Republic of India” എന്നാണ്.

ചരിത്രപരമായും ഭൂമിശാസ്ത്രപരമായ അനുമാനങ്ങളിലും 55000 ൽ അധികം വർഷത്തെ പഴക്കമുണ്ടെന്ന് ആധുനിക ശാസ്ത്രം പറയുന്ന ഈ വാഗ്ദത്തഭൂമിയിൽ മനുഷ്യകുലത്തിൻ്റെ ആദിപൂർവികർ എത്തിചേർന്നത് മാനവികതയുടെ കളിത്തൊട്ടിലായ ആഫ്രിക്കയിൽ നിന്നും ആകാം. ദക്ഷിണേന്ത്യയിലും മറ്റും കാണപ്പെടുന്ന ആദിമ ഗോത്രവംശക്കാർക്ക് നരവംശശാസ്ത്രപ്രകാരം ആഫ്രിക്കൻ ഗോത്രങ്ങളുമായി തള്ളിക്കളയാൻ ആവാത്തരീതിയിൽ പ്രകടമായ സാമ്യതകളുണ്ട്.

പിന്നീട് ചരിത്രം പറയുന്ന മറ്റൊരു വസ്തുതയാണ് ആര്യൻ ഇൻവേഷൻ തിയറി. മദ്ധേഷ്യയിൽ നിന്നോ യൂറോപ്പിൽ നിന്നോ എത്തിയ ആര്യൻമാർ ഈ രാജ്യത്തെ പ്രബലരായ ജനതയായിമാറി. തുടർന്ന ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും പല സംസ്കാരവിഭാഗങ്ങൾ ഇവിടെ എത്തി സമന്വിയിച്ച് ലോകത്തിലെ ഏറ്റവും വൈവിദ്ധ്യങ്ങളുടെ , ഏറ്റവും വലിയ മൾട്ടി കൾച്ചറൽ ഇത്തനിക് ഗ്രൂപ്പായിമാറി ഇവിടത്തെ ജനത.

ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസത്തിൻ്റെ പേര് മഹാഭാരതം. പൗരാണിക കാലഘട്ടത്തിൽ തന്നെ വേദവ്യാസൻ രാജ്യത്തിൻ്റെ പേരിൽ തന്നെ എഴുതിയ എപ്പിക്ക്. അതിന് മുന്നേ വാൽമീകി രചിച്ച ആദികാവ്യം എന്നറിയപ്പെടുന്ന രാമായണം എന്ന മറ്റൊരു ഇതിഹാസമനുസരിച്ച് അയോധ്യാ രാജകുമാരൻ മര്യാദാപുരുഷോത്തമൻ ഭഗവാൻ ശ്രീരാമചന്ദ്രൻ രാജ്യം തൻ്റെ ഇളയ സഹോദരനായ ഭരതനെ ഏൽപ്പിച്ചു വനവാസത്തിന് പോയപ്പോൾ ജ്യേഷ്ഠൻ മടങ്ങിവരുന്നതുവരെ ജ്യേഷ്ഠൻ്റെ പാദുകങ്ങൾ സിംഹാസനത്തിൽ വച്ച് പൂജിച്ച് അദ്ദേഹത്തിന്റെ പ്രതിനിധിയായി രാജ്യം ഭരിച്ച മഹാനായ ഭരണാധികാരിയായ ഭരതൻ്റെ പേരിൽ ഭാരതം എന്ന് നാമകരണം ചെയ്യപ്പെട്ട രാജ്യമാണിത്. ആര്യാവർത്തം എന്നും ഭാരതവർഷം എന്നും പുരാണങ്ങൾ ഈ സവിശേഷ ഭൂമികയ്ക്ക് പര്യായപദങ്ങൾ നൽകുന്നുണ്ട്.

ഗ്രീക്കുകാരും യൂറോപ്യൻമാരും നമ്മുടെ നാടിനെ “ഇൻഡിയ” എന്നുവിളിച്ചു. സിന്ധു നദീ തടത്തിൽ ജീവിച്ചിരുന്ന ഈ ബൃഹത് സംസ്കൃതിയെ അറിഞ്ഞ ഗ്രീക്കുകാർ സിന്ധു നദിയെ ഗ്രീക്ക് ഭാഷയിൽ ഇൻഡസ് എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ ഇൻഡസ് നദിയുടെ ദേശം എന്ന അർത്ഥം വരുന്ന “ഇൻഡിയ” എന്ന പേരിൽ ഗ്രീക്കുകാർ ഈ നാടിനെ വിളിച്ചു. പൗരാണിക കാലഘട്ടത്തുതന്നെ ബി.സി. 350- 290 ന് ഇടയ്ക്ക് ഗ്രീക്ക് ചരിത്രകാരൻ ഇന്ത്യയെക്കുറിച്ച് വിവരിച്ച് എഴുതിയ അതി പ്രശസ്തമായ കൃതിയാണ് “ഇൻഡിക്ക”. ഇന്ത്യയെ അറിയാനായി മറ്റു യൂറോപ്യരും മദ്ധ്യേഷ്യരും ഈ പുസ്തകത്തെ ആശ്രയിച്ചു. അങ്ങനെ “ഇൻഡിയ” എന്നപേര് ആഗോളതലത്തിൽ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. അറബികളും പേർഷ്യക്കാരും നമ്മുടെ നാടിനെ ഹിന്ദുസ്ഥാൻ എന്നുവിളിച്ചു . ഈ രാജ്യത്തെ ജനതയെ ഹിന്ദുക്കൾ എന്നും നാമകരണം ചെയ്തു. ചൈനാക്കാർ അവരുടെ ഭാഷയിൽ ടിയാൻഷു (Tianzhu) എന്നും ജപ്പാൻകാർ Tenjiku എന്നും കൊറിയയിൽ Cheonchuk എന്നും ഇന്ത്യക്ക് പേരുകളുണ്ട്.

ഭാരത് മാതാ, ഭാരാതാംബ എന്ന് നമ്മൾ ബഹുമാനത്തോടെ അമ്മയായി , ദേവിയായി കാണുന്ന നമ്മുടെ മഹത്തായ രാജ്യത്തിന് ഇങ്ങനെ 15 ൽ അധികം വിളിപ്പേരുകൾ ഉണ്ട്. ശക്തിസ്വരൂപിണിയായി നിന്ന് അനുഗ്രഹം വർഷിക്കുന്ന ഒരു ദേവിയുടെ രൂപം, സാരി ഉടുത്ത് കൈകൾ വിടർത്തി നിൽക്കുന്ന ഒരു അമ്മയുടെ രൂപം , നടരാജ വിഗ്രഹങ്ങളിൽ നാം കാണാറുള്ള നടരാജൻ്റെ താണ്ഡവനൃത്തം ചെയ്യുന്ന പൊസിഷൻ ഇതെല്ലാം ശ്രദ്ധിച്ചുനോക്കിയാൽ നമുക്ക് ഇന്ത്യയുടെ ഭൂപടത്തിൽ പലരീതിയിൽ ദർശിക്കാനാവും. എങ്ങനെയാണ് ഇന്ത്യയ്ക്ക് ഇങ്ങനെ പ്രൊപ്പോഷനേറ്റ് സിമ്മട്രിക്കൽ ആയ ജീവൻ തുടിക്കുന്ന ഈ സവിശേഷമായ ആകൃതി കൈവന്നത് എന്നത് അദ്ഭുതകരമായ വസ്തുകയാണ്.

ഇന്ന് നമ്മുടെ മഹത്തായ രാജ്യത്തിൻ്റെ 77 ആം സ്വാതന്ത്യദിനം. 7 എന്ന സംഖ്യയ്ക്ക് സംഖ്യാശാസ്ത്രത്തിലും ഇന്ത്യയെ സംബന്ധിച്ച് കൂടുതലും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ന്യൂമറോളജി പ്രകാരം 7 എന്നത് ” Driving desire for Spiritual Wisdom & Knowledge ” എന്നതിൻ്റെ പ്രതീകമാണ്. ഈ ഇന്ത്യ മഹാരാജ്യത്തിൻ്റെയും മഹാമുനിമാർ ഉൾപ്പെടുന്ന നമ്മുടെ പൂർവികരുടേയും ഈ ജനതയുടേയും എക്കാലത്തെയും മുഖമുദ്രയും അതുതന്നെ ആയിരുന്നു. പാശ്ചാത്യ-പൗരസ്ഥ്യ ദേശങ്ങളിൽ നിന്നും ലോകത്തെ പല രാജ്യങ്ങളിൽ നിന്നും ജ്ഞാനികൾ കൂടുതൽ അറിവുകൾ സ്വായത്തമാക്കാൻ എക്കാലത്തും ഇന്ത്യയിൽ ഒഴുകിയെത്തിയിട്ടുണ്ട്. നമ്മേക്കാൾ കൂടുതൽ അവർക്കറിയാം ഇന്ത്യയുടെ മഹത്വം എന്താണെന്ന്.

ഇന്ത്യയുടെ ഷെയ്പ്പ് തന്നെ 7 എന്ന അക്കത്തോട് സാമ്യമുള്ളതായി കാണാനാവും. ഇന്ത്യ സ്വതന്ത്രമായ വർഷമായ 1947 , അതിൻ്റെ അവസാന അക്കം 7. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള 7 ആമത്തെ രാജ്യമാണ് ഇന്ത്യ. വൻകരകൾ 7 , മഹാസമുദ്രങ്ങൾ 7 , സംഗീതസ്വരങ്ങൾ 7, ആഴ്ചയിലെ ദിവസങ്ങൾ 7, ലോകാദ്ഭുതങ്ങൾ 7, മഴവില്ലിന്റെ നിറങ്ങൾ 7, മഹാമുനിമാർ 7. ആയതിനാൽ 7 എന്ന സംഖ്യയുടെ സൗന്ദര്യം ഇന്ത്യയുമായി കൂടുതൽ ഇഴുകിചേർന്നിരിക്കുകയാണ്. ആയതിനാൽ ഈ 77 ആം സ്വാതന്ത്ര്യ ദിനം അതിൻ്റെ സുന്ദരതയോടെ നമ്മൾ ആഘോഷിക്കേണ്ടതുതന്നെയാണ്.

സപ്ത മഹാസമുദ്രങ്ങൾ – അതിലൊന്നിന് ലോകത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേരിൽ നാമകരണം ചെയ്തിട്ടുണ്ടോ? ഉണ്ട്. അതിനും ഒരേയൊരുത്തരം ഇന്ത്യ – ഇന്ത്യൻ മഹാസമുദ്രം. ഇന്ത്യയേക്കാൾ ഇരട്ടി വലിപ്പമുള്ള പല രാജ്യങ്ങളും ഉണ്ടായിട്ടും പസഫിക് മുതൽ അത്-ലാൻ്റിക് വരെ മഹാസമുദ്രങ്ങളിൽ ഒന്നിന് അവയ്ക്ക് നാമകരണം ചെയ്ത പാശ്ചാത്യർ തന്നെ ഇന്ത്യയുടെ പേര് നൽകി ആദരിച്ചു. ലോകചരിത്രത്തിൽ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത സവിശേഷത.

സമീപകാലത്ത് ട്രാവൽ ടൈറ്റൺ എന്ന ലോകോത്തര ട്രാവലിങ്ങ് ഏജൻസി ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യം ഏതെന്ന് തെരഞ്ഞെടുക്കാൻ ഒരു സർവേ നടത്തിയിരുന്നു. ലോകത്തിൻ്റെ നാനാഭാഗങ്ങളിലുമുള്ള ജനതയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സർവേ. സ്വിറ്റ്സർലൻഡ് , സ്കോട്ട്ലൻഡ്, ഇറ്റലി പോലുള്ള ഏതെങ്കിലും യൂറോപ്യൻ രാഷ്ട്രമോ സിംഗപ്പൂർ , യു.എസ് പോലുള്ള ഏതെങ്കിലും വികസിത രാജ്യമോ ഇതിൽ ഒന്നാം സ്ഥാനത്ത് വരുമെന്നാണ് നിങ്ങൾ ഊഹിച്ചത് എങ്കിൽ നിങ്ങൾക്കുതെറ്റി. ട്രാവൽ ടൈറ്റണെ വരെ ഞെട്ടിച്ചുകൊണ്ട് , ലോകജനതയുടെ അഭിപ്രായത്തിലൂന്നി നടത്തിയ ഈ സർവേയിൽ ഒന്നാമത് വന്നത് ഇന്ത്യയായിരുന്നു. വെറും ബാഹ്യമായ സൗന്ദര്യത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല സർവേ. ഭൂപ്രകൃതി, കാലവസ്ഥ, ചരിത്രപരമായ ഘടകങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, സാംസ്കാരിക പൈതൃകം , മറ്റു സവിശേഷതകൾ എല്ലാം അടിസ്ഥാനമാക്കിയാണ് ഈ ഫലപ്രഖ്യാപനം നടത്തിയത്. രണ്ടാം സ്ഥാനം ജപ്പാനും മൂന്നാമത് ഇറ്റലിയും വന്നു. ഇന്തോനീഷ്യ, ഫ്രാൻസ്, മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ, തായ്ലൻഡ്, തുർക്കി എന്നിവയാണ് ശേഷം ഈ ലിസ്റ്റിൽ ഇടം പിടിച്ച മറ്റുരാജ്യങ്ങൾ.

വിഭജനത്തിന് സ്വാതന്ത്ര്യത്തിന് മുൻപ് അഫ്ഗാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ടിബറ്റ്, ഭൂട്ടാൻ, മ്യാൻമാർ എന്നിവ ഉൾപ്പെട്ട, ഇന്നത്തെ ഇന്ത്യയുടെ ഇരട്ടി വലിപ്പമുള്ള അഖണ്ഡഭാരതം എന്ന അതി ബൃഹത്തായ പ്രദേശം ആയിരുന്നു ഇന്ത്യ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയ്ക്ക് ഈ സവിശേഷത ആകൃതി കൈവന്നെങ്കിലും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന മാപ്പിൽ കാണുന്ന കശ്മീർ , ലഡാക്ക് സംസ്ഥാനങ്ങളുടെ പലഭാഗങ്ങളും ഇന്ത്യയുടെ നിയന്ത്രണത്തിലല്ല എന്നത് ഖേദകരമായ വസ്തുകയാണ്. ഭൂമിയിലെ സ്വർഗ്ഗം എന്ന് വിളിപ്പേരുള്ള കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരിൻ്റെയും ലഡാക്കിൻ്റെയും നഷ്ടപ്പെട്ട പ്രദേശങ്ങൾ നമ്മൾ തിരിച്ചു പിടിക്കേണ്ടതുണ്ട്.

1997 ൽ സ്വാതന്ത്ര്യത്തിൻ്റെ 50 ആം വാർഷികവേളയിൽ മുൻപ് കാണാത്ത രീതിയിൽ വിപുലമായ ആഘോഷങ്ങൾ ഇന്ത്യയിൽ നടന്നതും നമ്മൾ ആഘോഷിച്ചതും ഇന്നും നമ്മളിൽ പലർക്കും മറക്കാനാവാത്ത നൊസ്റ്റാൾജിയ ആണല്ലോ. എക്ലയറും കാരമിൽക്കും നിർമ്മിച്ചിരുന്ന പാരീസ് കാൻഡി കമ്പനി ആ അവസരത്തിൽ ഇന്ത്യൻ എന്ന ഒരു ബ്രാൻഡിൽ തന്നെ ഒരു മിട്ടായി ഇറക്കി. ത്രിവർണ്ണ പതാകയുടെ ചെറു റാപ്പറിൽ പൊതിഞ്ഞ് ഇറക്കിയ ഈ മിട്ടായികളുമായി വഴിയരികിലെ ചേട്ടൻമാർ അന്നത്തെ ഇളം തലമുറയെ വരവേറ്റൂ. സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലും ഈ മിട്ടായി തന്നെയാണ് വിതരണം ചെയ്തിരുന്നത്.

Patriotism / ദേശഭക്തി പ്രകടമാക്കുന്ന തീമിൽ നിരവധി സിനിമകളും പല ഇൻഡ്യൻഭാഷകളിലും ഇറങ്ങിയിട്ടുണ്ട്. ഇന്ഡിപെൻഡൻസ് സ്പെഷൽ ആയി വന്ന കമൽഹസൻ്റെ “ഇന്ത്യൻ” എന്ന പടം സൂപ്പർ ഹിറ്റ് ആയിരുന്നു. ബോളിവുഡിൽ ലഗാൻ, സ്വദേശ്, പർദേശ്, ബോർഡർ, മിഷൻ കശ്മീർ, ചക്ക് ദേ ഇന്ത്യ, രംഗ് ദേ ബസന്തി തുടങ്ങി നിരവധി സിനിമകൾ ഇറങ്ങിയപ്പോൾ മലയാളത്തിലും ദേശസ്നേഹം പ്രകടമാക്കുന്നതും ഇന്ത്യൻ മിലിട്ടറിയെ പ്രകീർത്തിച്ചു കൊണ്ടുള്ളതുമായ സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്. മോഹൻലാൽ നായകനായ കാലാപാനി, കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ , മമ്മുട്ടി നായകനായ സൈന്യം, ദാദാസാഹിബ് , മിഷൻ 90 ഡെയ്സ്, വന്ദേമാതരം, സുരേഷ് ഗോപിയുടെ കാശ്മീരം, എഫ്‌.ഐ.ആർ , ഭാരതീയം എന്നിവ അതിൽ ചിലതാണ്.

 

Leave a Reply
You May Also Like

ഒളിമ്പിക്സിന്റെ ചരിത്രത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത ഒരു പ്രതിഷേധമായിരുന്നു അത്

1968 ഒക്ടോബർ 16 മെക്സിക്കോ ഒളിമ്പിക്സ് വേദി .200 മീറ്റർ ഓട്ടമത്സര മെഡൽദാന ചടങ്ങിനായി വിജയപീഠത്തിൽ മൂന്ന് പേർ നിൽക്കുന്നു. 19.83 സെക്കൻഡ് എന്ന ലോകറെക്കോർഡോടെ ടോമി സ്മിത്ത് ഒന്നാമനായും ഓസ്ട്രേലിയയുടെ പീറ്റർ നോർമന് രണ്ടാം സ്ഥാനത്തും

ചരിത്രം ഇവിടെ ശില്പങ്ങളായി നൃത്തം വയ്ക്കുന്നു

“തകർക്കപ്പെട്ട നഗരം” എന്നർത്ഥoവരുന്ന ഹലേബീഡുവിന് “നശിപ്പിക്കാൻ കഴിയാത്ത നഗരം” എന്ന വിശേഷണമായിരിക്കും കൂടുതൽ ഉചിതം. ശില്പങ്ങൾ വിസ്മയമായി നിലകൊള്ളുന്ന ഈ ക്ഷേത്രo ഹൊയ്സാലശ്വര ക്ഷേത്രം എന്ന പേരിലറിയപ്പെടുന്നു.

ഒരു ധീരന്റേയും ഒരു മാപ്പെഴുത്തുകാരന്റെയും, ബ്രിട്ടീഷുകാർക്കുള്ള കത്തുകൾ

ഒരു പുതിയ കരുത്തോടെ, കൂടുതൽ ധൈര്യത്തോടെ, അചഞ്ചലമായ ഉറപ്പോടെ ഈ യുദ്ധം തുടരും. ഇപ്പോഴുള്ള സാമൂഹ്യക്രമം മാറ്റി എല്ലാത്തരം ചൂഷണങ്ങളെയും ഇല്ലാതാക്കി പൊതുവായ പുരോഗതി ഉറപ്പാക്കി സത്യസന്ധവും സ്ഥായിയുമായ

ചാരത്തിന് വേണ്ടിയുള്ള കളി

ആഷസ് ടെസ്റ്റിന്റെ പേരിനു പുറകിൽ രസകരമായ ഒരു കഥയുണ്ട്