ദീപ്തി സതി മലയാളത്തിൻ്റെ ബോളിവുഡ് ലുക്കുള്ള പ്രസന്നവതിയായ യുവനടി..!

Moidu Pilakkandy

ഒരു ബോളിവുഡ് നടിയായി വരെ തിളങ്ങാനുള്ള ലുക്കും കഴിവും ആറ്റിറ്റ്യൂഡും ഉള്ള യുവ മലയാളി അഭിനേത്രിയാണ് ദീപ്തി സതി. ഒരു മലയാള നടിക്ക് ഇത്രയധികം നല്ലൊരു ബോളിവുഡ് ലുക്ക് കിട്ടുക എന്നത് അപൂർവ്വമാണ്. മലയാളത്തിന് പുറമേ മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട് . 2015-ൽ ലാൽജോസ് സംവിധാനം ചെയ്ത നീ-ന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി അഭിനയരംഗത്തേക്ക് കടന്നുവരുന്നത് .

1995 ജനുവരി 29 ന് മുംബൈയിലാണ് ദീപ്തി സതി ജനിച്ചത് . ദീപ്തിയുടെ അച്ഛൻ, ദിവ്യേഷ് സതി, ഉത്തരാഖണ്ഡിലെ നൈനിറ്റാൾ സ്വദേശിയും അമ്മ മാധുരി സതി കേരളത്തിലെ കൊച്ചി സ്വദേശിയുമാണ്. ആയതിനാൽ നോർത്ത് ഇന്ത്യൻ ലുക്കും ആറ്റിറ്റ്യൂഡും അതോടൊപ്പം മലയാളത്തനിമയും ദീപ്തി സതിക്ക് പാരമ്പര്യമായി കിട്ടി. മുംബൈയിൽ ആണ് പഠിച്ചതും വളർന്നതും എങ്കിലും നന്നായി മലയാളം കൈകാര്യം ചെയ്യും ദീപ്തി സതി. ഇത് അന്യനാട്ടിൽ വളർന്ന ഒരു മലയാളികുട്ടി എന്ന നിലയിൽ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു ക്വാളിറ്റിയാണ്.

മുംബൈയിലെ അന്ധേരിയിലെ കനോസ കോൺവെന്റ് ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദീപ്തി സതി മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി.വിദ്യാഭ്യാസത്തിന് ശേഷം മോഡിലിംഗ് രംഗത്ത് ഭാഗ്യപരീക്ഷണം നടത്താനാണ് ദീപ്തി ശ്രമിച്ചത്. പാൻ്റലൂൺ ഫ്രഷ് ഫേസ് ഹണ്ട് എന്ന മത്സരത്തിലൂടെയാണ് ദീപ്തി സതി മോഡലിംഗ് ജീവിതം ആരംഭിച്ചത്. 2012 ൽ അർഹതയ്ക്കുള്ള അംഗീകാരം ആയി ഇംപ്രസാരിയോ മിസ് കേരള 2012 കിരീടം നേടി ദീപ്തി ഞെട്ടിച്ചു. 2013 ലെ നേവി ക്വീൻ കിരീടവും ഇന്ത്യൻ പ്രിൻസസ് 2013-ലെ മത്സരത്തിലെ റണ്ണറപ്പ് സ്ഥാനവും ദീപ്തി നേടി. 2014 ലെ ഫെമിന മിസ് ഇന്ത്യ മൽസരത്തിലെ മികച്ച പത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ദീപ്തി. കൂടാതെ മിസ്. ടാലന്റഡ് 2014 & മിസ്. അയൺ മെയ്ഡൻ 2014 എന്നീ പദവികളും ലഭിച്ചു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക് , ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ ഒരു നർത്തകിയും കൂടിയായ ദീപ്തി സതി , മൂന്ന് വയസ്സ് മുതൽ നൃത്തത്തിൽ പരിശീലനം നേടിയിട്ടുണ്ട്.

2015-ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീ-ന എന്ന മലയാളം സിനിമയിൽ വിജയ് ബാബുവിനും ആൻ അഗസ്റ്റിനുമൊപ്പമാണ് ദീപ്തി സതി ആദ്യമായി അഭിനയിച്ചത് , അതിൽ ഒരു പരസ്യ കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടറായി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു. ശക്തമായ ടോംബോയിഷ് കഥാപാത്രത്തിലൂടെ ഈ അഭിനേത്രി പ്രേക്ഷകരെ ആകർഷിച്ചു .ജാഗ്വാർ (കന്നട – 2016) , സോളോ (മലയാളം- 2017) , ലക്കി (മറാഠി – 2019) , ഡ്രൈവിംഗ് ലൈസൻസ് (മലയാളം – 2019) , നാനും സിംഗിൾ താൻ (തമിഴ് – 2021) , രണം (കന്നട – 2021) തുടങ്ങിയ സിനിമകളിൽ ദീപ്തി നായികയായി.

2017 ൽ പുറത്തിറങ്ങി മമ്മുക്ക നായകനായ പുള്ളിക്കാരൻ സ്റ്റാറാ, നീരജ് മാധവ്-അജു വർഗ്ഗീസ് എന്നിവർ പ്രധാനവേഷത്തിൽ വന്ന് 2017 ൽ പുറത്തിറങ്ങിയ ലവകുശ, 2022 ൽ വിനയൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറാണ്ട്, കുഞ്ചാക്കോ ബോബൻ നായകനായ ഒറ്റ്, പൃഥ്വിരാജ് നായകനായി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് എന്നീ ചിത്രങ്ങളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച യുവനടൻ ചിരഞ്ജീവി സർജ നായകനായി 2023 ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ രാജ മാർത്തണ്ഡ എന്ന ചിത്രത്തിലും ദീപ്തി നായികയായിരുന്നു.

ചില ടെലിവിഷൻ റിയാലിറ്റി പ്രോഗ്രാമുകളിൽ ജഡ്ജ് ആയും ചില വെബ്സീരീസുകളിലും ഇതിനകം ദീപ്തി സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. കഴിവും സൗന്ദര്യവും ജോവിയൽ ആറ്റിറ്റ്യൂഡും ഉള്ള മലയാളത്തിൻ്റെ ഈ യുവനടി ബോളിവുഡിലും അവസരങ്ങൾ നേടി തിളങ്ങി ഉയർന്നുവരട്ടെ എന്ന് ആശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു

You May Also Like

മമ്മൂട്ടിയുടെ നായികയായി വരേണ്ടിയിരുന്ന മാധുരി ദീക്ഷിത്തും, മോഹൻലാലിന്റെ നായികയായി വരേണ്ടിയിരുന്ന വിദ്യാ ബാലനും

മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ വരേണ്ടിയിരുന്ന മാധുരി ദീക്ഷിത്തും, മോഹൻലാലിന്റെ നായികയായി വരേണ്ടിയിരുന്ന വിദ്യാ ബാലനും: അകലത്തെ…

നിഖില്‍ സിദ്ധാര്‍ത്ഥയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘സ്‌പൈ’

യുവ നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥയുടെ പത്തൊമ്പതാമത്തെ ചിത്രമായ സ്‌പൈ അദ്ദേഹത്തിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം…

ഇനി സെക്‌സും സ്പോർട്ട്സ് ഇനം, ആദ്യ സെക്സ് ചാമ്പ്യൻ ഷിപ്പ് സ്വീഡനിൽ

സെക്‌സും സ്‌പോര്‍ട്‌സും തമ്മില്‍ ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും ഭൂരിഭാഗംപേരുടെയും ഉത്തരം. എന്നാല്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയാണ് സ്വീഡന്‍.പിന്നാലെ ജൂണ്‍…

ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ

25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ…