Moidu Pilakkandy
കുംതാസ്….! ഷക്കീലാ തരംഗകാലത്ത് മറിയ, രേഷ്മ, സിന്ധു, സജിനി, രോഷ്ണി എന്നീ താരങ്ങൾ കഴിഞ്ഞാൽ ഏറെ ആരാധകരുണ്ടായിരുന്ന മറ്റൊരു താരം…! ആന്ധ്രാ സ്വദേശിയായ കുംതാസിൻ്റെ ശരിയായ പേര് പ്രീതി എന്നായിരുന്നു…! നൃത്തത്തിൽ പ്രാവീണ്യമുണ്ടായിരുന്ന കുംതാസ് സിനിമയിൽ നർത്തകിയായി തിളങ്ങാൻ ആഗ്രഹിച്ചാണ് സിനിമയിൽ വരുന്നത്. അക്കാലത്തെ തമിഴ് സിനിമയിൽ ഏറ്റവും സ്റ്റാർ വാല്ല്യു ഉണ്ടായിരുന്ന മുംതാസിന്റെ ആരാധികയായിരുന്ന പ്രീതി തൻ്റെ ആരാധനാപാത്രമായ മുംതാസിനെപോലെ ശ്രദ്ധിക്കപ്പെടാനുള്ള മോഹം കൊണ്ടാണ് തമിഴ് സിനിമയിൽ “ഗുംതാസ്” എന്ന പേര് സ്വീകരിച്ചത്. (മലയാളത്തിൽ വന്നപ്പോൾ മലയാള സിനിമാവാരികകൾ “കുംതാസ്” എന്നാണ് എഴുതിയിരുന്നത്) . എന്നാൽ നൃത്തരംഗത്ത് അധികം വേഷങ്ങൾ കിട്ടിയില്ല.
ചാർമ്മിള, ശങ്കർ എന്നിവർ മുഖ്യതാരങ്ങളായി വന്ന 2002 ൽ പുറത്തിറങ്ങിയ “മധുരം” ആണ് കുംതാസിൻ്റെ ആദ്യമലയാള സിനിമ. പിന്നീട് “ഞാൻ തമ്പുരാൻ” എന്നപടത്തിൽ ഉപനായികയായി അഭിനയിച്ചു. അതിനുശേഷം “കവിത” എന്ന പടത്തിൽ നായികയായി അഭിനയിച്ചു. ഇത് “ഇളമൈ നില” എന്നപേരിൽ തമിഴിലും റിലീസ് ചെയ്തു.എന്നാൽ പതിയെ ഈ തരംഗം കുറഞ്ഞപ്പോൾ അവസരങ്ങൾ കുറഞ്ഞപ്പോൾ തമിഴിലും കന്നടയിലും ഐറ്റം ഡാൻസ് രംഗത്തേക്ക് ചുവടുമാറ്റി. 2002 ൽ തന്നെ പുറത്തിറങ്ങിയ “ഇരുവു പാടകൻ” എന്ന തമിഴ് പടത്തിൽ അൽഫോൺസ, ബാബിലോണ എന്നിവരോടൊപ്പം കുംതാസും ഗാനരംഗത്ത് ഡാൻസറായി വന്നിരുന്നു. 2003 ൽ “ബദ്രി” എന്ന കന്നടചിത്രത്തിലും ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടു. എങ്കിലും അൽഫോൺസയെപോലെ സിനിമയിൽ തിരക്കുള്ള ഒരു ഡാൻസറായി തിളങ്ങാൻ സാധിച്ചില്ല..!
2005 ൽ പുറത്തിറങ്ങിയ ജയം രവിയുടെ “ദാസ്” എന്ന മുഖ്യധാരാ സിനിമയിൽ വടിവേലുവിനൊപ്പം ശ്രദ്ധേയമായ ഒരു കോമഡി രംഗത്ത് അഭിനയിച്ചിട്ടുണ്ട്. ഷക്കീലയുടെ ചുവടുപറ്റി കോമഡി വേഷങ്ങളിലൂടെ ഒരു തിരിച്ചുവരവിനായി ശ്രമിച്ചെങ്കിലും അവിടെയും കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. അങ്ങനെ സിനിമയിൽ നിന്നും ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി.ഷക്കീലയുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളാണ് കുംതാസ്. മലയാള സിനിമയിൽ നിന്ന് വിടപറഞ്ഞെങ്കിലും കൂടെ അഭിനയിച്ചവരിൽ ഷക്കീല ഇന്നും സൗഹൃദം സൂക്ഷിക്കുന്ന താരമാണ് കുംതാസ്. ഇപ്പോൾ ചെന്നെയിൽ സായിബാബയുടെ ഭക്തയായി ജീവിക്കുന്നു.
NB: കുംതാസിനെ പറ്റി കൂടുതൽ വിവരങ്ങളും അഭിനയിച്ച മറ്റുപടങ്ങളും അറിയുന്നവർ പങ്കുവെക്കുക.