Monachen Jacob
CBI – യെ തെറി വിളിച്ച നാരായണൻ ആയിട്ടായിരിക്കാം പുതു തലമുറ പ്രതാപചന്ദ്രനെ ഓർക്കുന്നത്. ആഗസ്റ്റ് 1 ലെ കഴുത്തു മുട്ടത്തിനും പുതു തലമുറയിൽ നല്ല ഫാൻ ബേസ് ഉണ്ട്. ഒപ്പം സംഘത്തിലെ പണിക്കർക്കും ഇരുപതാം നൂറ്റാണ്ടിലെ മുഖ്യമന്ത്രി ഇഞ്ചക്കാട് രാമകൃഷ്ണ പിള്ളക്കും. ഒരു പ്രത്യേക രീതിയിലുള്ള അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി രസകരമാണ്. പുതു തലമുറ അത് അനുകരിക്കുമ്പോൾ രസകരമായി തോന്നാറുണ്ട്. ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽ പോലും അധികം ആഘോഷിക്കപെട്ട ഒരു നടനല്ല അദ്ദേഹം. ട്രോളുകളിലൂടെയും മിമിക്രിയിലൂടെയുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രതാപചന്ദ്രൻ നിറഞ്ഞു നിൽക്കുന്നു എന്ന വസ്തുത കൗതുകകരമാണ്.
1941 – ൽ പത്തനംതിട്ടക്കടുത്തുള്ള ഓമല്ലൂരിൽ ജനിച്ച പ്രതാപചന്ദ്രൻ ചെറു പ്രായത്തിൽ തന്നെ മദ്രാസിലെത്തുകയും 1962 -ൽ വിയർപ്പിന്റെ വില എന്ന ചിത്രത്തിലൂടെ സിനിമയിൽ പ്രവേശിച്ചെങ്കിലും ശ്രദ്ധ നേടാനായില്ല. നിരാശനായ അദേഹം നാട്ടിലേക്ക് മടങ്ങുകയും നാടക രംഗത്ത് സജീവമാവുകയും ചെയ്തു. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന കാളിദാസ കലാകേന്ദ്രയിലെ നടനായി ദീർഘകാലം പ്രതാപചന്ദ്രൻ തുടർന്നു. അങ്ങനെ തുടരവെ 1977 – ൽ പി.ഭാസ്കരൻ സംവിധാനം ചെയ്ത ജഗദ്ഗുരു ആദി ശങ്കരൻ എന്ന ചിത്രത്തിൽ അദേഹം അഭിനയിക്കുകയുണ്ടായി. ആ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പ്രതാപചന്ദ്രന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
70 – കളുടെ അവസാനം മുതൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു പ്രതാപചന്ദ്രൻ. 80 – കളുടെ രണ്ടാം പകുതിയിൽ മമ്മൂട്ടി, മോഹൻലാൽ എന്നീ മുൻനിര താരങ്ങളുടെ ഒട്ടുമിക്ക ചിത്രങ്ങളിലും പ്രതാപ് ചന്ദ്രൻ ഒരു നിത്യ സാനിധ്യമായിരുന്നു. പ്രത്യേകിച്ചും എസ്.എൻ.സ്വാമിയുടെ രചനകളിലെ പ്രതാപചന്ദ്രന്റെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ മാനവ ധർമ്മം, പ്രകടനം, കോടതി, ഇവിടെ ഇങ്ങനെ, കാട്ടു തീ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവുമായി.
പ്രതാപ ചന്ദ്രന്റെ നിർമ്മാണ സംരംഭങ്ങൾ വേണ്ടത്ര വിജയമായിരുന്നില്ല എന്നാണറിവ്. നിർമ്മാണ രംഗത്ത് നിന്നുമുണ്ടായ കടബാധ്യതകളെ തുടർന്നദ്ദേഹത്തിന് നിലനിൽപ്പിനായി ധാരാളം ബി ഗ്രേഡ് ചിത്രങ്ങളിലഭിനയിക്കേണ്ടി വന്നു. ഇന്ന് (ഡിസംബർ 16) അദേഹം വിടപറഞ്ഞിട്ട് 18 വർഷം തികയുന്നു. 2004 -ൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മലയാള പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രതാപചന്ദ്രന് സ്മരണാഞ്ജലികൾ.