തിങ്കളാഴ്ച രാവിലത്തെ വ്യായാമം മുടക്കാന്‍ പാടില്ല! എന്തുകൊണ്ട്?

859

early_jogging
സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്കെല്ലാം അറിയാം തിങ്കളാഴ്ച രാവിലെ വ്യായാമം ചെയ്യുവാന്‍ പോകുന്നത് എത്ര ശ്രമകരമായ ഒരു ജോലിയാണെന്ന്. വ്യായാമത്തിന് ഒഴിവുകൊടുക്കുന്ന ഏക ദിവസമാണ് ഞായര്‍. അപ്പോള്‍, ശനിയാഴ്ച രാവിലെ വ്യായാമം ചെയ്തുകഴിഞ്ഞാല്‍ പിന്നെ അടുത്തത് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം തിങ്കള്‍ രാവിലെയാണ്. അതുകൂടാതെ, പല ഓഫീസ് ജീവനക്കാരുടെയും ഏക ഒഴിവു ദിവസമാണ് ഞായറാഴ്ച എന്നതുകൊണ്ടുതന്നെ അന്നത്തെ സന്തോഷവും വിശ്രമവും എല്ലാം കഴിഞ്ഞ് നല്ല ഒരു ഉറക്കം ഉറങ്ങി തിങ്കള്‍ രാവിലെ എണീക്കുമ്പോള്‍ സുഖകരമായ ഒരു ആലസ്യം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്.

അങ്ങനെ വരുമ്പോള്‍, തിങ്കള്‍ ഒരു ദിവസം കൂടി വ്യായാമം ചെയ്തില്ലെങ്കിലും കുഴപ്പമൊന്നും ഉണ്ടാവില്ല എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ച് തിരിഞ്ഞു കിടക്കുകയാവും പലരും ചെയ്യുക. എന്നാല്‍, ഇത്തരത്തില്‍ തിങ്കളാഴ്ച മടി പിടിച്ച് വ്യായാമം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. തിങ്കളാഴ്ച വ്യായാമം ചെയ്യുന്നത് മറ്റേതു ദിവസത്തെക്കാളും പ്രധാനാപ്പെട്ടത് ആണെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്തുകൊണ്ട് തിങ്കളാഴ്ച ദിവസം വ്യായാമം മുടക്കരുത് എന്നതിന് ചില ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചില കാരണങ്ങള്‍ നമ്മുക്ക് കണ്ടുനോക്കാം.

ആഴ്ചയിലെ ബാക്കി ദിവസങ്ങളില്‍ വ്യായാമം ചെയ്യുവാനുള്ള പ്രേരകശക്തി ലഭിക്കുന്നു.
പുതുവര്‍ഷത്തില്‍ നാമെല്ലാവരും പ്രതിജ്ഞകള്‍ പുതുക്കാറില്ലേ? വര്‍ഷത്തിന്റെ ആദ്യം ചെയ്യുന്ന കാര്യങ്ങള്‍ ആ വര്ഷം മുഴുവന്‍ ചെയ്യുവാന്‍ സാധിക്കും എന്ന ഒരു വിശ്വാസം കൊണ്ടാണിത്. അതുപോലെ തന്നെയാണ് തിങ്കളാഴ്ചത്തെ വ്യായാമത്തിന്റെ കാര്യവും. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷവും തിങ്കളാഴ്ച വ്യായാമം ചെയ്യുവാന്‍ സാധിക്കുന്നുണ്ടെങ്കില്‍ പിന്നെ ബാക്കി ദിവസങ്ങളില്‍ മടിയോ അലസതയോ പിടികൂടുമെന്ന പേടിയേ മറന്നേക്കൂ.

കൂടുതല്‍ ചിരിക്കുവാന്‍ പ്രേരിപ്പിക്കുന്നു.
ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ജോലിക്ക് പോകുന്ന ആളുകള്‍ സാധാരണ തിങ്കളാഴ്ച ദിവസം ഓഫീസില്‍ എത്തിയാല്‍ ചിരിക്കുവാന്‍ 23 മണിക്കൂര്‍ എങ്കിലും എടുക്കും എന്നാണ്. കഴിഞ്ഞ ആഴ്ചത്തെ ബാക്കിവന്ന ജോലികള്‍, ആഴ്ചയുടെ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍, പ്ലാനിംഗ് എന്നിങ്ങനെ തിങ്കളാഴ്ച രാവിലെ സമയം ഒന്നിനും തികയാനേ പോകുന്നില്ല. എന്നാല്‍, രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് അത് നല്‍കുന്ന അധിക ഊര്‍ജം മൂലം എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാന്‍ ചെയ്യുവാനും ചിരിച്ചുകൊണ്ട് സാവധാനം എല്ലാം ചെയ്തുതീര്‍ക്കുവാനും കഴിയും.

അനാവശ്യ ടെന്‍ഷനുകള്‍ അകറ്റുവാന്‍ സഹായിക്കുന്നു.
മുന്‍പ് സൂചിപ്പിച്ചത് പോലെ, തലേ ആഴ്ചത്തെ ജോലികള്‍ തീര്‍ക്കുവാന്‍ ഉണ്ടെങ്കില്‍ അതിന്റെ ടെന്‍ഷന്‍ ആരംഭിക്കുന്നത് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ പോകാറാകുമ്പോള്‍ ആണ്. അങ്ങനെ ടെന്‍ഷന്‍ അടിച്ചു ഓഫീസില്‍ പോകുന്നത് ഒഴിവാക്കാന്‍ രാവിലത്തെ വ്യയാമം ഉപകരിക്കും. വ്യായാമം ചെയ്യാത്തവര്‍ മടുപ്പോടെ ജോലിക്ക് പോകുമ്പോള്‍ വ്യായാമം ചെയ്യുന്നവര്‍ കൂടുതല്‍ ആവേശത്തോടെ ജോലികളെ സമീപിക്കുകയും വളരെ എളുപ്പം അവ ചെയ്തു തീര്‍ക്കുകയും ചെയ്യും.

കൂടുതല്‍ അച്ചടക്കം ഉണ്ടാക്കുന്നു.
ചെയ്യാനുള്ള ജോലികള്‍ അലസത കൂടാതെ ചെയ്യാന്‍ സാധിക്കും എന്നത് മാത്രമല്ല, അവ കൃത്യമായി ചെയ്യുവാനും വ്യായാമം സഹായിക്കും. ഇവിടെ അച്ചടക്കം എന്നതുകൊണ്ട് കൃത്യത, സൂക്ഷ്മത എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്.

ഉറക്കമില്ലായ്മ പരിഹരിക്കുവാനും വ്യായാമത്തിന് സാധിക്കും.
ഓഫീസില്‍ നിന്ന് ജോലിക്ക് ശേഷം ക്ഷീണിച്ചു വീട്ടില്‍ എത്തിയാലും ശരിയായി സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നില്ല എന്നത് ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. രാവിലത്തെ വ്യായാമം കൊണ്ട് ഇതിനും ഒരു പരിഹാരം കാണുവാന്‍ കഴിയും. രാവിലത്തെ വ്യായാമം നല്‍കുന്ന അധിക ഊര്‍ജം കൂടുതല്‍ ആവേശത്തോടെയും ഉണര്‍വോടെയും ജോലിയില്‍ ശ്രദ്ധിക്കുവാന്‍ സഹായിക്കും. അങ്ങനെ വരുമ്പോള്‍ ഉണര്‍വോടെ തന്നെ വീട്ടില്‍ തിരികെ എത്തുവാനും കഴിയും. സംശയിക്കേണ്ട, ഒന്ന് ചെയ്തു നോക്കൂ. കട്ടിലിലേയ്ക്ക് കിടക്കേണ്ട താമസം നല്ല ഉറക്കത്തിലേയ്ക്ക് നിങ്ങള്‍ വഴുതി വീണിട്ടുണ്ടാവും.

ബുദ്ധിയെയും ഓര്‍മയെയും കൂടുതല്‍ ഉത്തേജിപ്പിക്കുന്നു.
ശാരീരികമായ വ്യായാമവും മാനസിക ആരോഗ്യവും തമ്മില്‍ വളരെ ശക്തമായ ഒരു ബന്ധമുണ്ട്. കൂടുതല്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ തലച്ചോറിലേയ്ക്ക് രക്തയോട്ടം കൂടുകയും അങ്ങനെ നിങ്ങളുടെ ബുദ്ധിയും ഓര്‍മയും ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ജോലിയില്‍ ഉന്നതി നേടുവാന്‍ സഹായിക്കുന്നു.
ശരീരം വിയര്‍ത്താല്‍ പണം കിട്ടും എന്നൊന്നും ഇതിനെ വ്യാഖ്യാനിക്കേണ്ട. മുകളില്‍ പറഞ്ഞ ആറു കാര്യങ്ങളും ഒന്ന് ശ്രദ്ധിക്കൂ. എല്ലാം നിങ്ങളെ കൂടുതല്‍ നല്ല ഒരു ജോലിക്കാരന്‍ ആക്കി മാറ്റുകയാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ എല്ലാം കൃത്യതയോടെ ചെയ്യുവാന്‍ തുടങ്ങിക്കഴിയുമ്പോള്‍ ഉയര്‍ച്ചകള്‍ നിങ്ങളെ തേടിയെത്തുക സ്വാഭാവികം.

അപ്പോള്‍, അടുത്ത തിങ്കള്‍ വരെ കാത്തിരിക്കുകയൊന്നും വേണ്ട. നാളെ തന്നെ വ്യായാമം ചെയ്യുവം തയ്യാര്‍ ആയിക്കോളൂ. ഇപ്പോള്‍ വ്യായാമ ചെയ്യുന്നവര്‍ തിങ്കളാഴ്ച അല്പം മടി തോന്നിയാലും അതൊക്കെ തട്ടിക്കളഞ്ഞ് കൂടുതല്‍ ആവേശത്തോടെ വ്യായാമം ചെയ്യാന്‍ ഇറങ്ങിക്കൊള്ളൂ. എല്ലാ ഭാവുകങ്ങളും. ഇനി മുതല്‍ വ്യായാമം ചെയ്തു തുടങ്ങണം എന്ന് വിചാരിക്കുന്നവര്‍ക്ക് വേണ്ടി, എങ്ങനെയാണ് ജോഗിംഗ് ശരിയായി ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുന്ന ഈ വീഡിയോ കൂടി ചേര്‍ക്കുന്നു.