“ഈ കഥ യാദൃച്ഛികം ആണ് . കഥയിലെ ചെമ്പ് , പിച്ചള പാത്രങ്ങൾ ആകസ്മികമാണ് . ജീവിച്ചിരിക്കുന്നവരാരെങ്കിലും മരിച്ചു പോയിട്ടുണ്ടെങ്കിൽ കഥാ കൃത്തിന് യാതൊരു സങ്കൽപ്പവും ഇല്ലാ.”..
ഇനി അഥവാ ഈ കഥ മറ്റാരെങ്കിലും ഇതിന് മുൻപ് എഴുതിയിട്ടുണ്ടെങ്കിൽ ” ഇത് ആദ്യം എഴുതിയ കൊശവൻ നല്ല കലാകാരനാണ് , അവനോട് ഞാൻ ക്ഷമിച്ചിരിക്കുന്നു ”
അങ്ങനെ കഥയുടെ ലീഗൽ ഫോർമാലിട്ടീസ് കംപ്ലീറ്റഡ് ..സമാധാനമായി …

കഥ ഫ്ളാഷ് ബാക്കിലാണ് സംഭവിച്ചത് ..ഒരു പത്ത് പതിനാറ് കൊല്ലം മുൻപ് ..ബ്ളാക് ആൻഡ് വൈറ്റ് വേണമെന്നില്ല..നല്ല കളറുകള് ഉള്ള കാലമായിരുന്നു .. നഗരത്തിലെ ഇപ്പോഴത്തെ ഒന്നാം നമ്പ്ര സൂപ്പർ സ്റ്റാർ സർജൻ മനോഹരൻ സാർ , സർജന്മാരുടെ ഇടയിലെ മനോഹരനും , മനോഹരന്മാരുടെ ഇടയിലെ സർജനും, ഒന്നാം നമ്പ്ര സൂപ്പർ സർജനും , എൻറെ ചങ്ക് ബ്രോയും ആകുന്നതിന് മുൻപ് …അത്ര മാത്രം മുൻപ് …. ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ സാർ പറഞ്ഞപോലെ ഓന്തുകൾക്കും ദിനോസാറുകൾക്കും മുൻപൊന്നും അല്ല …

മനോഹരൻ ചേട്ടൻ ആള് സൂപ്പറാണ് . പേര് പോലെ തന്നെ മനോഹരൻ . മനോഹരമായ ചിരി. പുഞ്ചിരിയിൽ ജൂലിയ റോബെർട്സും , പൊട്ടിച്ചിരിയിൽ ബാലൻ കെ നായരും ആയിരുന്നു കൊച്ചാട്ടൻറെ കോച്ചുകൾ എന്ന് തോന്നും.
വർത്തമാനത്തിൽ സരസൻ. ഭാവിയിൽ ഒരു ഭൂതം അവാൻ തക്ക പ്രമാദമാന സെൻസ് ഓഫ് ഹ്യൂമർ .
ചെറുപ്പമാണെങ്കിലും കൈ തെളിഞ്ഞ സർജൻ. ആശാൻ ഓപ്പറേഷൻ ചെയ്യുന്നത് കണ്ടാൽ സർജറി ചെയ്യുവാണെന്നെ തോന്നൂ എന്നാണ് അറിവിൻറെ പണ്ടാരങ്ങൾ ആയ ടി വി ചാനൽകാര് പോലും പറയുന്നത്.
അനന്യവും അന്ന്യായവും ആയ സുഹൃത് വലയം ആണ് മറ്റൊരു ഹൈ ലൈറ്റ് . മെഡിക്കൽ കോളേജിലെ ആദ്യകാല പ്രിസിപ്പാൾ സി ഓ കരുണാകരൻ സാർ മുതൽ കഴിഞ്ഞ വർഷം ജോയിൻ ചെയ്ത പീക്കിരി പയ്യൻ വരെ മനോഹരൻ സാറിന്റെ മിത്രങ്ങൾ ആണ് എന്നാണു ആത്മ ശത്രുക്കൾ പോലും പറയുന്നത് …
സർജറി ഡിഗ്രിയൊക്കെ എടുത്ത് , വേറെ എവിടെയോ ഒരു ആശുപത്രിയിൽ , കണ്ടർമാനം ഓപ്പറേഷനൊക്കെ അറഞ്ചം പുറഞ്ചം ചെയ്ത് മാനത്തോടെ മര്യാദക്ക് കഴിഞ്ഞിരുന്നപ്പോളാണ് , അണ്ണൻ സ്വന്തം വീട്ടിനടുത്ത് പുതുതായി തുടങ്ങിയ സൂപ്പർ ആശുപത്രിയിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചത്. തേപ്പ് കഴിഞ്ഞു പെയിന്റിന്റെ നാറ്റം പോലും മാറാത്ത ആശുപത്രിയിൽ ചേർന്നത് പിന്നീട് ഒരു ഭീകര തേപ്പായി മാറുമെന്ന് ആള് സ്വപ്നേപി നിരൂപിച്ചിരുന്നില്ല കേട്ടാ ..

Moni K Vinod

ജോയിൻ ചെയ്ത് മാസം ഒന്ന് രണ്ട് കഴിഞ്ഞിട്ടും ഓപ്പറേഷൻ ചെയ്യാനുള്ള കാര്യമായ കേസ് കെട്ടുകൾ ഒന്നും കിട്ടുന്നില്ല എന്ന് കണ്ടപ്പോളാണ് , അത് വരെ മര്യാദരാമനായി , താഴെ മാത്രം നോക്കി നടന്നിരുന്ന ചെല്ലൻ , മുകളിലേക്ക് ഒന്ന് നോക്കിയത്..
ഞെട്ടിപ്പോയി. ആൻഡറാ പടർന്ന് പന്തലിച്ച് ഒരു വമ്പൻ ഷാമിയാന കെട്ടിയ പോലെ നില്ക്കുന്നു ഒരു വടവൃക്ഷം …ഞങ്ങളുടെ എല്ലാം അധ്യാപകനായിരുന്ന റിട്ടയേഡ് പ്രൊഫസർ അജയൻ സാർ ..
സത്യത്തിൽ , തന്നെ ചാക്കിട്ട് പിടിക്കാൻ വന്ന ആശുപത്രിയിലെ അച്ചാർ (അതോ എച്ചാറോ ..ആ ആർക്കറിയാം ) മാനേജരോട് മനോഹരാക്ഷൻ
” അജയൻ സാർ അവിടെയുണ്ടെങ്കിൽ , രോഗികൾ എല്ലാം സാറിനടുത്തേക്കല്ലേ പോകൂ , പിന്നെ എൻറെ കാര്യം പിച്ചപ്പാളയണല്ലോ എന്ന് ” ഇങ്ങനെയല്ലെങ്കിലും വളരെ പോഷ് ആയി ആദ്യം തന്നെ ചോദിച്ചതായിരുന്നു ..
അതിന് മറുപടിയായി അച്ചാറുകാരൻ പാണ്ടി പയല് മണിപ്രവാളത്തിൽ പറഞ്ഞത്
” അത് വന്ത് , അജയൻ സാറ് വന്ത് വിസിറ്റിങ്ങ് കൺസൾട്ടൻറ് , നീങ്ക വന്ത് നമ്മുടെ ആസ്ഥാന കൺസൾട്ടൻറ്. അജയൻ സാർ എന്നെങ്കിലും എപ്പോഴെങ്കിലും വന്നാലായി വന്നില്ലേലായി , വന്നാൽ വല്ല രോഗിയെയോ മറ്റോ കണ്ടാലായി , കണ്ടാൽ വല്ല ഓപ്പറേഷനോ കീപ്പറേഷനൊ ചെയ്താലായി …നീങ്കെ അത് മാതിരിയല്ലെ , നീങ്കെ വന്ത് നമ്മ സൊന്തം ആള് . ഇവിടെ വരുന്ന സകലമാന രോഗികളും നിങ്ങളുടെ പൈതൃക സൊത്ത് മാതിരി നിനൈയ്ച്ചാൽ പോതും സാർ ” എന്നാണ്. അച്ചാറിന്റെ നീട്ടിയുള്ള “സാർ” വിളി കേട്ട് വഴിയിൽ നിന്ന പിച്ചക്കാരൻ ചമ്മി പോയി ..ഇൻഫീരിയോരിറ്റി കാമ്പ്ലക്സ്…
പക്ഷേ ജോയിൻ ചെയ്ത് രണ്ട് മാസം കഴിഞ്ഞാണ് വിസിറ്റിങ്ങ് ആണെങ്കിലും വെറും സിറ്റിംഗ് ആണെങ്കിലും , അജം അജം മാത്രമാണെന്നും , ഗജം ഗജം ആണെന്നും, അജ ഗജാന്തരം എന്ന പ്രയോഗം ഈ കോണ്ടെക്സ്റ്റിൽ ഇതേ ആശുപത്രിയിൽ നിന്നാണ് ഉണ്ടായതെന്നും , കാര്യങ്ങൾ ഇങ്ങനെ പോയാൽ തൻറെ കാര്യം ആട് കിടന്നിടത്തെ “പ്യൂഡാ ” പോലെയാവും എന്നും മനോഹരന് മനസ്സിലായത്.
അളിയനെ സഹായിക്കാൻ മാനേജ്മെൻറ് ചില മാർക്കറ്റിംഗ് തന്ത്രങ്ങളും അടവ് നയങ്ങളും ഒക്കെ പയറ്റിയെങ്കിലും , വടവൃക്ഷം വടവൃക്ഷമായി തന്നെ തുടർന്നു. വൃക്ഷത്തിൽ നിന്നും തുരുതുരെ പരിപ്പ് വടകളും, ഉഴുന്ന് വടകളും , അപൂർവമായി പക്കാ വടകളും പൊഴിഞ്ഞു വീണ് കൊണ്ടിരുന്നു.
ഇതിനിടെ പണിയൊന്നുമില്ലാതെ ഈച്ചകളുമായി തിരുവാതിര കളിച്ചുകൊണ്ടിരുന്ന കഥാ നായകന് മറ്റൊരു പാരയും വന്ന് പെട്ടു . പൊടുന്നനെ സഹകളിക്കാരായ ഈച്ചകൾ എല്ലാം അപ്രത്യക്ഷരായി ..
കാരണം ??
അൻപത് ഡോക്ടർമാർക്ക് നൂറ് അഡ്മിൻ സ്റ്റാഫ് എന്ന വിപ്ലവകരമായ പരിഷ്കാരം നടക്കുന്ന ആശുപത്രിയിൽ ആ റേഷിയോ തികയ്ക്കാനായി രണ്ട് അഡ്മിൻസ് കുഞ്ഞാടുകളെ കൂടി അധികാരികൾക്ക് നിയമിക്കേണ്ടി വന്നു ….
” ഈച്ച ക്യാച്ചിംഗ് എക്സിക്ക്യൂട്ടിവുകൾ “.. നല്ല കളർ സാരിയുടുത്ത ഒരു സുന്ദരി എൻറ്റമോളജിസ്റ്റ് , കൂടെ ഒരു ടൈ കെട്ടിയ കുട്ടപ്പൻ , (ലവൻ “നിൻറ്റമോളജിസ്റ്റ്” ആയിരിക്കണം). എവരെ കണ്ടപാടെ ഈച്ചകൾ കൂട്ടമായി തൊട്ടടുത്തുള്ള പാർവതി പുത്തനാറിൽ ചാടി “സ്വയം ആത്മഹത്യ ” എന്ന ആചാരം അനുഷ്ടിച്ചു എന്നാണ് വാർത്ത . മാർത്താണ്ഡം , നാഗർകോവിൽ ഭാഗത്ത് നിന്നുമുള്ള രോഗികൾപ്പൊക്കം ലിഫ്റ്റ് അടിച്ച് വന്ന ഈഹൾ മറ്റൊന്നാണ് ചെയ്തത് ..” തൽകോലൈ”. അതും സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ച്…
ഈ സമയത്താണ് ആശുപത്രി എം.ഡി. ഒരു പുതു പുത്തൻ പരിപാടി തുടങ്ങിയത്. . പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ളതും എന്നാൽ നമ്മുടെ നാട്ടിൽ കേട്ട് കേഴ്വി പോലും ഇല്ലാത്ത ഒരു കലാപരിപാടി.
“മോർട്ടാലിറ്റി മീറ്റിംഗ് ”
അതായത് ആശുപത്രിയിൽ മരിച്ച് പോവുന്ന രോഗികളുടെ കേസ് ഫയലുകൾ പഠിച്ച് , ചികിൽസിച്ച ഡോക്ടർമാരും , ഫീൽഡിലെ മറ്റ് ഡോക്ടർമാരുമായി ചർച്ച ചെയ്ത് , നെല്ലും പതിരും പല രീതിയിൽ പരതി നോക്കി ,ചികിത്സയിൽ പിഴവ് വല്ലതും ഉണ്ടായിട്ടുണ്ടോ എന്ന് കണ്ട് പിടിക്കാനുള്ള ഒരു പരിപാടി.
മോർട്ടാലിറ്റി കമ്മിറ്റി ചെയർമാൻ എന്ന കക്ഷിയാണ് ഇത് കോർഡിനേറ്റ് ചെയ്യേണ്ടത് ..സംഭവം ഉഗ്രൻ കൺസെപ്റ്റ് ആണെങ്കിലും , സമയം കൊറേ പോകും എന്നതിനാലും , സഹപ്രവർത്തകരുടെ ഇടയിൽ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന സൗഹൃദം ഹനിക്കപ്പെടും എന്ന പേടിയുള്ളതിനാലും സ്വമനസ്സാലെ ആരും ചെയർമാൻ സ്ഥാനം എന്ന കുരിശ് ഏറ്റെടുക്കാറില്ല…
എല്ലാ മാസവും നടക്കുന്ന “മൻ കി ബാത്” ലൈനിലുള്ള ആശുപത്രിയിലെ ഒരു സ്റ്റാഫ് മീററിംഗിൽ വച്ച് എന്തോ ഒരു ദേശീയ അവാർഡ് കൊടുക്കുന്ന ഭാവത്തിൽ , ഭീകര ബിൽഡ് അപ്പോടെ , എം ഡി , മനോഹരൻ കൊച്ചാട്ടനെ മോർട്ടാലിറ്റി കമ്മിറ്റി ചെയർമാനായി അവരോധിച്ചു ..
വൻ ജനാവലിയുടെ മുൻപിൽ വച്ച് “സമയമില്ല” എന്ന കാരണം പറഞ്ഞു തലയൂരാൻ കൊച്ചാട്ടന് പറ്റില്ല എന്ന് തലൈവർക്ക് അറിയാമായിരുന്നു ..
വെരി വെൽ കാൽകുലേറ്റഡ് സൈക്കോളജിക്കൽ മൂവ് ….
അണ്ണൻ ഫ്ളാറ്റ് ..രണ്ടും കയ്യും പൊക്കി സമ്മതം അറിയിച്ചു ..
മൊതലാളി തന്നെ മനോഹരമായി തേച്ചത് ആണെന്ന് മനോഹരനും മനസ്സിലായി.
കഥയിലേക്ക് വരട്ടെ ..
പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ കൊണ്ടാണോ , ശനിയുടെ അപഹാരം മാറിയത് കൊണ്ടാണോ എന്നറിയില്ല കാത്തിരിപ്പിനൊടുവിൽ മനോഹരൻ മച്ചുവിനെ തേടി ഒരുനാൾ ഒരു രോഗിയെത്തി..
ഇരുന്നിരുന്ന് വന്നത് ഒരു വമ്പൻ സ്രാവ് . ഒരു സൊയമ്പൻ തൈറോയിഡ് നോഡ്യൂൾ , ഒരു ഗൺ വി ഐ പി അക്കച്ചിയുടെ കഴുത്തിൽ കയറിക്കൂടി ഇരിക്കുന്നു. അക്കനോ, എട്ട് വീട്ടിൽ പിള്ളമാരുടെ തൊട്ടടുത്ത നെയ്ബർ ..
പുളിങ്കൊമ്പാണ് , ഇതൊന്ന് നടന്ന് കിട്ടിയാൽ പിന്നെ ഒരു കയറ്റമായിരിക്കും . പിന്നെ തനിക്കു പോലും തന്നെ പിടിക്കാൻ കിട്ടില്ല എന്ന് അണ്ണന് ഉറപ്പായി.
സംഗതി ഒന്ന് കളറാക്കാൻ അണ്ണൻ രോഗിയുടെ ബന്ധു മിത്ര ആധികളെ ആകമാനം ഒരു കുടുംബ സംഗമത്തിനും , ഓപ്പറേഷനെ കുറിച്ചുള്ള ചർച്ചകൾക്കുമായി സമൻസ് അയച്ച് വരുത്തി..വന്നില്ലെങ്കിൽ ഇനി വാറണ്ടായിരിക്കും അയക്കുന്നത് എന്ന ഭീഷണിയും അറ്റാച്ച് ചെയ്തു ..പേടിച്ചരണ്ട സൈന്യം ഓടി കിതച്ചെത്തി.
ഒരു നല്ല തിങ്കളാഴ്ച ഉച്ച കഴിഞ്ഞതോടെ ഉച്ചകോടി ആരംഭിച്ചു.
ഓപ്പറേഷൻറെ ആവശ്യകതയെയും, ജയാ അപജയ സാധ്യതകളെയും, അവസാനം ഹോസ്പിറ്റൽ ബില്ല് കാണുമ്പോൾ ഭർത്താവിന് ഹാർട്ട് അറ്റാക്ക് ഉണ്ടാവാനുള്ള സാധ്യതയേയും എല്ലാം പറ്റി സർജൻ ഘോര ഘോരം പ്രസംഗിച്ച് കൊണ്ടിരുന്നതിനിടയിൽ അത് സംഭവിച്ചു..വരാനുള്ളത് തന്നെ ആയിരുന്നത് കൊണ്ട് വഴിയിൽ തങ്ങിയില്ല …
കയ്യിൽ ഒരു കെട്ട് കേസ് ഫയലുകളുമായി, കാല് കൊണ്ട് വാതിൽ പാളികൾ ചവിട്ടി പിളർന്ന് , ഒരു കാൽ അകത്തും മറ്റൊന്ന് പുറത്തുമായി നിൽക്കുന്നു വാർഡ് ബോയ് സജീവൻ ..
ത്രിസന്ധ്യ നേരം , ചപ്രച്ഛ തലമുടി, നഖം വളർന്ന വിരലുകൾ ,ചെവി മുതൽ ചെവി വരെ ദ്രംഷ്ടകൾ കാട്ടിയുള്ള ചിരി, അകത്തും പുറത്തുമല്ലാതെയുള്ള നിൽപ് , ഭീകര എൻട്രി പഞ്ച് …
മനോ തിരിഞ്ഞു നോക്കി …സംശയമില്ല മൈന തന്നെ ( ശ്ശെ അല്ലാ , നരസിംഹം തന്നെ …)
കഴിഞ്ഞ മാസം ആശുപത്രിയിൽ ആകെ ദിവംഗതന്മാർ ആയ ഹത ഭാഗ്യവാന്മാരുടെയും , ദിവംഗതകളായ മഹതികളുടെയും തിരുശേഷിപ്പായ കേസ് ഫയലുകൾ ആണ് കയ്യിൽ ഇരിക്കുന്നത് എന്നതിൻറെ ഇമോഷൻ ഒന്നുമില്ലാതെ കൂൾ കൂൾ ആയി അകത്ത് വച്ച കാൽ ആട്ടി ആട്ടി നിന്നു കിങ്കരൻ.
വിശദീകരണ യോഗത്തിലെ പ്രഭാഷണത്തിൽ തടസം നേരിട്ടതിലെ നീരസത്തിലും , ഇത് എന്താണ് ഈ അവതാരം കയ്യിൽ പിടിച്ചിരിക്കുന്ന ഫയലുകൂമ്പാരം എന്ന കൺഫ്യുഷനിലും വാതിൽ പടിയിലെ നരസിംഹത്തോട് ഹിരണ്യ കശിപു ചോദിച്ചു ..
“എന്താണ് ഇത് ??”
“ഇത് എന്തരാണെന്ന് കണ്ടാൽ അറിയാൻ പാടില്ലേടോ കൂവേ ” എന്ന് മനസ്സിൽ പറഞ്ഞെങ്കിലും
” ഫയലാണ് സാർ ” എന്നാണ് സിങ്കം പുറത്തു പറഞ്ഞത്.
മനോഹരൻ സാർ അശ്വമേധം കളിക്കാൻ തീരുമാനിച്ചു .
“എന്ത് ഫയൽ ??, ആരുടെ ഫയൽ ??”
മെഡിക്കൽ റെക്കോർഡ്സിലെ അശ്വതി ചേച്ചി ” കഴിഞ്ഞ മാസം മരിച്ചു പോയ രോഗികളുടെ ഫയലുകൾ ആണ് , മനോഹരൻ സാറിന് കൊടുക്കണം ” എന്ന് നൽകിയ മിനിമം ഇൻഫോർമേഷൻ ഓർത്ത് ശിങ്കം മെദുവാ ഗർജ്ജിച്ചു
” മരിച്ച് പോയ രോഗികളുടെ ഫയലുകൾ ”
താൻ തലവനായ മോർട്ടാലിറ്റി കമ്മിറ്റിയുടെ ആദ്യ മീറ്റിങ്ങ് സമാഗതമാവാൻ പോകുന്ന മഹാ സംഭവം മറന്നേ പോയ തലൈവർ ഗൗരവം വിടാതെ അശ്വമേധം തുടർന്നു ..
“ഏത് മരിച്ച രോഗികൾ ?? ആരുടെ രോഗികൾ ?? ഇതെന്തിനാ എനിക്ക് കൊണ്ട് വന്നത് ???”
ചിരി മങ്ങി , ഉത്തരം മുട്ടിയ അവതാരം , മനസ്സിലെ കമ്പ്യൂട്ടർ തുറന്നു , ഡോക്കുമെന്റ്സിൽ പോയി ഭാവന , മനോധർമ്മം ,യുക്തി , പ്രോബബിലിറ്റി,ലോകപരിചയം , ശരാശരി മലയാളികളുടെ വിവരദോഷം തുടങ്ങിയ ഫോൾഡറുകൾ ഓപ്പൺ ചെയ്ത് നോക്കി , ഒരു കവിൾ ഉമിനീരും വിഴുങ്ങി ഒറ്റശ്വാസത്തിൽ പറഞ്ഞു
“കഴിഞ്ഞ മാസം സാർ ഓപ്പറേഷൻ ചെയ്ത് മരിച്ച് പോയ ആ പതിനാറ് രോഗികളുടെ ഫയലുകൾ”
ധീരനായ മനോഹരൻ സാർ ബോധം കേട്ട് വീണില്ല , പക്ഷെ തല തിരിച്ച് രോഗിയുടെയും ആദികളുടെയും മുഖത്തേക്ക് നോക്കാനുള്ള ധൈര്യം അദ്ദേഹത്തിന് ഇല്ലായിരുന്നു.
ഇതിലും ഭേദം , നരസിംഹം അകത്ത് കയറി തന്നെ തൂക്കിയെടുത്ത് ആ എക്സാമിനേഷൻ കോട്ടിൽ കിടത്തി ( അതാവുമ്പോ ഭൂമിയിലും സ്വർഗ്ഗത്തിലും അല്ലല്ലോ ) വയർ കീറി കുടലും പണ്ടാരങ്ങളും വലിച്ച് പുറത്തിടുന്നതായിരുന്നു എന്ന് കരുതി ചേട്ടായി സ്വന്തം ഷൂസുകളിൽ നോക്കി സ്ലോ മോഷനിൽ മുറിക്ക് പുറത്ത് കടന്നു ..

വാൽ കഷണം : സാക്ഷാൽ നരസിംഹമൂർത്തിയുടെ അപൂർവ ദർശനം കിട്ടിയത് കൊണ്ടാണോ എന്തോ , രണ്ടു വർഷം കഴിഞ്ഞു ഞാൻ ആദ്യമായി കാണുമ്പോഴേക്ക് മനോഹരൻ സാർ തിരക്കേറിയ സൂപ്പർ സർജൻ ആയി കഴിഞ്ഞിരുന്നു … കണ്ടയുടനെ തന്നെ ഞങ്ങൾ ചങ്ക്സ് ആവുകയും അണ്ണൻ മോർട്ടാലിറ്റി കമ്മിറ്റി ചെയർമാൻ എന്ന കുരിശ് എനിക്ക് കൈമാറുകയും ആണ് ഉണ്ടായത് ..ശുഭം ..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.