Maneesh Anandh

“ആരാണ് മോൺസ്റ്റർ?” ഈ ചോദ്യവുമായാണ് പ്രിയ ജാപ്പനീസ് സംവിധായകനായ കൊറേദ ഹിരോകാസു അര പതിറ്റാണ്ടിനുശേഷം തന്റെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. കുട്ടികളുടെ കാഴ്ചപ്പാട് കടമെടുത്ത് മുതിർന്നവരുടെ ലോകത്തിന്റെ പ്രശ്‌നങ്ങൾ ആർദ്രതയോടെയും മാനുഷിക സ്നേഹത്തോടെയും വരച്ചുകാട്ടുന്ന സംവിധായകൻ ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. കഥ സങ്കീർണ്ണമാക്കാതെ, എന്നാൽ അല്പം കൂടി വ്യത്യസ്തത നിറഞ്ഞ രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഇടയിലെത്തി നിൽക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മിനാതോയ്ക്ക് ചെറുപ്പത്തിലേ അച്ഛനെ നഷ്ട്ടപ്പെട്ട്, അമ്മയായ സയോരിയോടൊപ്പമാണ് താമസം. കുറച്ചു ദിവസങ്ങളായി മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മയ്ക്ക്, ക്ലാസ് ടീച്ചറായ ഹോരി അവനെ മർദിക്കുകയും, മകനോട് പറയരുതാത്ത കാര്യങ്ങൾ പറഞ്ഞതുമായി മനസ്സിലാക്കുന്നു. പരാതിയുമായി സ്‌കൂളിൽ ചെന്ന സയോരിയുടെ പ്രതീക്ഷകൾക്ക് നേരെ വിപരീതമായിരുന്നു സ്കൂളിന്റെ പ്രതികരണം. കൃത്യമായ സത്യം മനസ്സിലാക്കുന്നതിനുപകരം, ഔപചാരികമായ ക്ഷമാപണം മാത്രമാണ് സ്കൂൾ ആവർത്തിക്കുന്നത്. എന്നിരുന്നാലും, ടീച്ചറുടെ വീക്ഷണകോണിൽ നിന്ന് പറയുന്ന അടുത്ത അധ്യായത്തിൽ, മിനാതോയുടെ പ്രശ്നങ്ങൾ അധ്യാപകന്റെ അക്രമത്തിൽ നിന്നല്ല ഉടലെടുക്കുന്നത്. എവിടെ, എന്ത് പിഴച്ചു? ഉത്തരം കിട്ടാൻ നമുക്ക് മിനാതോയുടെയും സുഹൃത്ത് യോരിയുടെയും കഥ കൂടി കേൾക്കണം.

തന്റെ ആദ്യ ചിത്രമായ “മബൊരോസി”ക്ക് ശേഷം ഇതാദ്യമായാണ് മറ്റൊരാളുടെ തിരക്കഥയിൽ (യുജി സകാമോത്തോ) കൊറേദ സംവിധാനം നിർവഹിക്കുന്നത്. അതുകൊണ്ട് തന്നെ കൊറേദയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ആഖ്യാനഘടനയാണ് മോൻസ്റ്ററിന്റേത്.

ഒരു എലിമെന്ററി സ്‌കൂളിൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു അക്രമ സംഭവം നടക്കുന്നു… ഇതിനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിൽ നിന്ന് വീക്ഷിച്ചാണ് പ്രേക്ഷകർ സത്യത്തെ സമീപിക്കുന്നത്. സ്‌കൂൾ അക്രമത്തിൽ അകപ്പെട്ടതായി തോന്നുന്ന ഒരു വിദ്യാർത്ഥിയുടെ അമ്മയുടെയും ക്ലാസ് ടീച്ചറുടെയും സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിയുടെയും കാഴ്ചപ്പാടുകൾ തുടർച്ചയായി കാണിക്കാൻ ഒരേ സംഭവവും സമയവും ഉപയോഗിക്കുന്ന ഒരു “റാഷോമോൻ” ശൈലിയിലുള്ള കഥാഘടനയാണ് ഈ ചിത്രം പിന്തുടരുന്നത്. ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതിനുള്ള എളുപ്പവഴി ഒഴിവാക്കിക്കൊണ്ട്, വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വിവിധ വശങ്ങളിലേക്ക് കൊറേദയുടെ സിനിമകൾ നോക്കുന്നത് എന്നതുകൊണ്ട് തന്നെ “വില്ലൻ” കഥാപാത്രങ്ങൾ ഉണ്ടാവാറില്ല. മനുഷ്യർ അടിസ്ഥാനപരമായി നല്ലവരാണെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. ആ ഒരു കാഴ്ചപ്പാടിലാണ് ഈ ചിത്രവും.

⟨⟨⟨SPOILERS AHEAD⟩⟩⟩

രണ്ട് പ്രധാന കഥാപാത്രങ്ങൾ കഥാപാത്രങ്ങളിലുടനീളം തിരയുന്ന രാക്ഷസനെ കണ്ടെത്താൻ പ്രയാസമാണ്. ക്ലാസ് ടീച്ചറോ സ്കൂളിൽ പ്രശ്നമുണ്ടാക്കുന്ന പ്രധാന കഥാപാത്രമായ മിനാതോയോ രാക്ഷസന്മാരായിരുന്നില്ല. യഥാർത്ഥത്തിൽ മിനാതോ തന്റെ സെക്ഷ്വൽ ഐഡന്റിറ്റിയെക്കുറിച്ച് ആശയക്കുഴപ്പം അനുഭവിക്കുകയും തന്റെ ആശങ്കകൾ മറയ്ക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. നമ്മൾ മുതിർന്നവർ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുധാരണയിൽ അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണിത്. ആ ഭയത്തിൽ കുട്ടികൾ, തങ്ങൾ നോർമൽ അല്ലെന്നും തങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്നുമുള്ള ധാരണയിൽ സ്വയം രാക്ഷസന്മാരായി കാണുന്നുവെങ്കിലും അവരല്ല രാക്ഷസന്മാർ. നമ്മുടെ ജീവിതത്തിൽ, നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങളിലും സാമൂഹിക മാനദണ്ഡങ്ങളിലും കുരുങ്ങി, ശരിയും തെറ്റുമെന്ന് നാം കരുതുന്ന നിരവധി കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള വാക്കുകളും പ്രവൃത്തികളും പലപ്പോഴും നമ്മൾ പോലുമറിയാതെ പുതിയ കുറ്റവാളികളെയും ഇരകളെയും സൃഷ്ടിക്കുന്നു.

അതോടൊപ്പം സ്വന്തം വീക്ഷണകോണിൽ നിന്ന് മാത്രം ചിന്തിക്കുകയും മറ്റുള്ളവരെ പരിഗണിക്കാൻ ശ്രമിക്കാതിരിക്കുന്നതിന്റെയും പ്രശ്നങ്ങൾ ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. നിങ്ങൾ മറ്റുള്ളവരുടെ കാഴ്ചപ്പാടിലൂടെ കാണാനും മനസ്സിലാക്കാനും ശ്രമിച്ചാൽ അത് പരിഹരിക്കാൻ കഴിയും, എന്നാൽ അത് വിചാരിക്കുന്ന അത്ര എളുപ്പമല്ലെന്നതാണ് സത്യം. മറ്റുള്ളവരെ പൂർണമായി മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞേക്കില്ലെങ്കിലും കുറച്ചുകൂടി പരിഗണന നൽകിയാൽ നമുക്ക് സന്തോഷിക്കാൻ കഴിയുമെന്ന് ചിത്രം കാട്ടിത്തരുന്നു. ഒരു തരത്തിൽ “ആരാണ് മോൻസ്റ്റർ?” എന്ന ചോദ്യം പ്രേക്ഷകൻ അവനവനോട് ആരായേണ്ടതായി വ്യാഖ്യാനിക്കാം. കാരണം സിനിമ കാണുമ്പോൾ ഒരാളെ ക്രോസ്-സെക്ഷണൽ വീക്ഷണകോണിൽ നിന്ന് നോക്കി വിലയിരുത്തുന്ന ഒരു “രാക്ഷസനാ”യിരുന്നു നമ്മളുമെന്ന് നമ്മെ ചിന്തിപ്പിക്കുന്ന സിനിമയാണിത്…!

You May Also Like

‘കേരളസ്റ്റോറി’ പറയാൻ ശ്രമിച്ചത് ഒരു ഇൻ്റർനാഷണൽ ലെവലിൽ എട്ട് എപ്പിസോഡായി Kalifat സീരീസ് പറഞ്ഞിട്ടുണ്ട്

പത്മിനി ധനേഷ് കെ  ‘The Kerala story” യുടെ അണിയറകൾ തേടിപ്പോയപ്പോഴാണ് ‘kalifat’ എന്ന വെബ്…

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” പൂജ തിരുവനന്തപുരത്ത് നടന്നു

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” പൂജ തിരുവനന്തപുരത്ത് നടന്നു അയ്മനം സാജൻ ​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​…

സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു രേഷ്മയുടെ തകർച്ച, ആരും ശ്രദ്ധിക്കാതെ പോയ ചില കാരണങ്ങൾ

ഷക്കീലയെക്കൾ അല്ലെങ്കിൽ മറിയത്തെക്കാൾ ആരാധകരുള്ള സ്വപ്ന സുന്ദരിയായിരുന്നു രേഷ്മ. ആകാരവടിവ് മാത്രമായിരുന്നില്ല ആ കണ്ണുകൾ വരെ…

വളരെ വേഗം വളർന്നു പന്തലിക്കുന്ന ആ സസ്യം മനുഷ്യവംശത്തിന്ന് ഒരു ഭീഷണി ആകുമ്പോൾ…

Warriors of Future 2022/Cantonese Vino John ഹോങ്കോങ്ങിൽ നിന്നും നെറ്റ്ഫ്ലിക്സിൽ വന്ന ഒരു മൾട്ടി…