സ്വവർഗ്ഗാനുരാഗം എന്ന പ്രമേയത്തെ അന്തസ്സോടെ അവതരിപ്പിക്കുന്നതിൽ ഗീതു മോഹൻദാസ് വിജയിച്ചിരിക്കുന്നു

493

Deepa Nisanth

“അപാരമായ അസാന്മാർഗികതയ്ക്ക് ഓസ്കാർവൈൽഡ് രണ്ടു വർഷത്തോളം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു!”

വിക്കിപീഡിയയിൽ ലോകപ്രശസ്ത എഴുത്തുകാരൻ ഓസ്കാർവൈൽഡിനെ പരിചയപ്പെടുത്തുന്ന ഒരു വാചകമാണിത്.നാടകകൃത്ത്, കവി, ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ പരിചയപ്പെടുത്തലുകൾക്കപ്പുറം ഓസ്കാർ വൈൽഡ് ഒരു സ്വവർഗരതിക്കാരനാണെന്ന വെളിപ്പെടുത്തലിനാണ് വിക്കിപീഡിയയിലും ‘പ്രസക്തി’.നാൽപ്പത്താറാം വയസ്സിൽ അദ്ദേഹം മരിച്ചു പോവുന്നതിന് കാരണമായതും ഈ ജയിൽവാസമാണെന്ന് വിക്കിപേജിൽ പറയുന്നു.

ലോർഡ് ആൽഫ്രഡ് ഡഗ്ലസ് എന്ന പ്രഭുകുമാരനുമായി ഓസ്കാർ വൈൽഡ് അനുരാഗത്തിലായത് അദ്ദേഹത്തിൻ്റെ ആരാധകരെ ഞെട്ടിച്ചിരുന്നു. സാമൂഹികതിരസ്കാരവും ജയിൽശിക്ഷയുമെല്ലാം അനുഭവിച്ച് ജന്മദേശമായ അയർലണ്ടിൽ നിന്നും പാരീസിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഗതികേട് ഓസ്കാർ വൈൽഡിനെപ്പോലൊരു വിഖ്യാതസാഹിത്യകാരനുണ്ടായത് അന്നത്തെ വിക്ടോറിയൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ഭുതമേയല്ലായിരുന്നു.

ഓസ്കാർ വൈൽഡിനെ നാടുകടത്തിയ അതേ അയർലണ്ടാണ് ജനവിധിയിലൂടെ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കിയ ആദ്യത്തെ രാജ്യം.

അതേ അയർലണ്ടിലാണ് സ്വവര്‍ഗ്ഗാനുരാഗിയായ ഇന്ത്യന്‍വംശജന്‍ ലിയോ വരാദ്ക്കര്‍ ഇപ്പോൾ പ്രധാനമന്ത്രിയായിരിക്കുന്നത്😊

എന്തൊരു കാവ്യനീതിയാണല്ലേ?

കാലം മാറി എന്നർത്ഥം!

മാറാൻ നമ്മളും ശ്രമിച്ചേ മതിയാകൂ.

പത്തുവർഷം മുൻപത്തെ അയർലണ്ടിൽ ഇത്തരമൊരു കാര്യം സങ്കൽപ്പിക്കാൻ പോലും ആകില്ലായിരുന്നു.

വൈവിധ്യങ്ങളെ അംഗീകരിക്കാനാകാത്ത ഏതു മനുഷ്യരും അടിസ്ഥാനപരമായി ഫാഷിസ്റ്റുകളാണ്. നാനാത്വങ്ങളെ ഏകത്വമാക്കി ചുരുക്കുന്നതല്ല, ബഹുസ്വരതകളെ അംഗീകരിക്കുന്നതിലാണ് ജനാധിപത്യത്തിൻ്റെ കാതൽ. അതു തിരിച്ചറിയുന്ന ഏതു മനുഷ്യനും കാലഹരണപ്പെട്ട ചിന്തകളിൽ നിന്നും മാറാൻ തയ്യാറാകും. അല്ലാത്തവർ പാരമ്പര്യത്തിൻ്റെ ജഡവും പേറി നടക്കും.സ്വന്തം ശരീരത്തിൽ നിന്നാണ് ദുർഗന്ധമെന്ന് തിരിച്ചറിയാതെ , ‘അരികത്തുള്ളോരുമകലത്തുള്ളോരും ഒഴിഞ്ഞു മാറുന്നത് ‘ എന്തുകൊണ്ടാണെന്നറിയാതെ മൂക്കും പൊത്തി നടക്കും.

‌പ്രായപൂർത്തിയായ രണ്ടുപേർ സ്വേച്ഛയാ ഏർപ്പെടുന്ന രതിയെ ‘പ്രകൃതിവിരുദ്ധം’ എന്ന് വിശേഷിപ്പിക്കുന്നതിൻ്റെ യുക്തി എന്താണ്?

രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധം പ്രത്യുൽപ്പാദനവും വംശവർദ്ധനവും മാത്രം ലക്ഷ്യമാക്കിയാണോ മുന്നോട്ടുപോകേണ്ടത്?

പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തവനും കൊലപ്പെടുത്തിയവനും ആസിഡൊഴിച്ചവനും പൊതുസമൂഹത്തിൽ ഒരു മറയുമില്ലാതെ ജീവിക്കുമ്പോൾ, സ്വന്തം ജെൻഡർ ഐഡൻ്റിറ്റി മറച്ചുവെച്ച് കുറേ മനുഷ്യർക്കു കഴിയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? സമൂഹത്തിൻ്റെ പൊതു സ്വീകാര്യത എന്നത് ഒരു വിദൂരസ്വപ്നം മാത്രമാവുകയും നിരന്തരം പൊതുസമൂഹത്തിൻ്റെ ‘വെർബൽ അബ്യൂസിനിരയായി ചില മനുഷ്യർക്ക് ഇപ്പോഴും കഴിയേണ്ടി വരുന്നത് എന്തു കാരണം കൊണ്ടാണ്?


‌ ലൈംഗികതയെ സംബന്ധിച്ച് സമൂഹത്തിൻ്റെ പൊതുബോധങ്ങൾ തന്നെയാണ് കാരണം. ആ പൊതുബോധങ്ങൾ സിനിമയേയും സാഹിത്യത്തേയുമെല്ലാം സ്വാധീനിക്കുന്നുണ്ട്.

ഭരണകൂടവും മതവും മുഖ്യധാരാസമൂഹവും മേൽക്കുമേൽ ആക്രമിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യാൻ ഇന്നും സിനിമ പോലുള്ള മാധ്യമങ്ങൾ മടിക്കുന്നുണ്ട്. സിനിമയുടെ കമ്പോള താൽപ്പര്യങ്ങൾക്കിടയിൽ വിമതലൈംഗികവ്യക്തിത്വങ്ങൾ പലപ്പോഴും അപഹസിക്കപ്പെടാറാണ് പതിവ്.

പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരോട് മലയാള സിനിമ ഇതുവരെ കാട്ടിയ നെറികേടിനും അവഹേളനങ്ങൾക്കുമുള്ള മര്യാദാപ്രകടനം കൂടിയാണ് ഗീതു മോഹൻദാസിൻ്റെ ‘മൂത്തോൻ’ എന്ന ചിത്രം.

‌മലയാളസിനിമയെ സംബന്ധിച്ചിടത്തോളം സ്വവർഗാനുരാഗം എന്നത് പരമ്പരാഗത സങ്കൽപ്പപ്രകാരമുള്ള ‘ ആണത്തമില്ലായ്മ’യോ ‘പെണ്ണത്തമില്ലായ്മ’യോ ആണ്. ‘മുംബൈപോലീസി’ലെ അസിസ്റ്റൻ്റ് കമ്മീഷണറായ ആൻ്റണി മോസസിനെ ആര്യനു മനസ്സിലാകാത്തതും അതുകൊണ്ടാണ്.സമൂഹത്തിൻ്റെ മുന്നിലുള്ള ജീവിതത്തിനപ്പുറം തനിക്കൊരു
‌അദൃശ്യജീവിതമുണ്ടെന്ന് മറ്റൊരാൾ തിരിച്ചറിയുന്നത് ആൻറണിമോസസിനും സഹിക്കാൻ കഴിയുന്നില്ല. അയാളെ സംബന്ധിച്ചിടത്തോളം തൻ്റെ സ്വവർഗാനുരാഗം സമൂഹത്തിനു മുൻപിൽ മറച്ചു വെക്കേണ്ട ഒരു വലിയ ‘തെറ്റാ’ണ്. സിനിമയിൽ ആൻ്റണി മോസസും സുഹൃത്തും തമ്മിലുള്ള ഗേ റിലേഷൻഷിപ്പ് നേരിൽ കണ്ട ആര്യൻ ആൻ്റണിക്കു നേരെ പൊട്ടിത്തെറിക്കുന്ന ഒരു രംഗമുണ്ട്. ആര്യൻ്റെ തകർപ്പൻ ഡയലോഗ് ഇപ്രകാരമാണ്:

“പ്രതികൾക്ക് പേടിസ്വപ്നം! നൊട്ടോറിയസ് മർദ്ദനമുറകൾ ! ആളും തരവും നോക്കാത്ത, കൺട്രോൾ ഇല്ലാത്ത ഡെയ്ഞ്ചറസ് വയലൻസ് റാസ്ക്കൽ മോസസ്.. എല്ലാം വേറൊരു ആണത്തമില്ലായ്മയെ മറയ്ക്കുവാനുള്ള ഒന്നാന്തരം മുഖംമൂടി! പെണ്ണു വേണ്ടായെന്നു വെച്ചതും ആൻ്റണി മോസസിൻ്റെ പൗരുഷമായി കരുതി ആരാധിച്ചവരും മണ്ടന്മാർ !”

ആര്യനും ആ ‘മണ്ടന്മാരിൽ ‘ഒരാളാണ്.അതാണയാളെ വിറളി പിടിപ്പിക്കുന്നതും.അയാളൊരു ഹെട്രോസെക്ഷ്വലായ മനുഷ്യനാണ്. അയാളെ സംബന്ധിച്ചിടത്തോളം ആൻ്റണി മോസസിൻ്റെ സ്വവർഗാനുരാഗം അസ്വാഭാവികതയാണ്. ആര്യൻ്റെ സ്വാഭാവികജീവിതം മറ്റൊന്നാണ്. ആ മറ്റൊന്നിൽ നിന്നു കൊണ്ടാണ് അയാൾ ആൻറണിമോസസിൻ്റെ ‘ ആണത്ത’ത്തെ അളക്കുന്നത്.

ഇത്തരം ജഡ്ജ്മെൻറുകൾ തന്നെയാണ് നമ്മളും നടത്താറുള്ളത്. അത്തരം ജഡ്ജ്മെൻറുകൾക്കെതിരെ കലഹിക്കുന്ന ചിത്രമാണ് ‘മൂത്തോൻ’. ഹോസ്റ്റലിലോ മറ്റോ ഒന്നിച്ച് താമസിക്കുന്നവർക്കിടയിൽ ഉണ്ടാകുന്ന ഒരു താൽക്കാലിക പ്രതിഭാസം മാത്രമായി മലയാളസിനിമയും സാഹിത്യവും കൈകാര്യം ചെയ്ത് വഷളാക്കിയ ഒരു പ്രമേയത്തെ അന്തസ്സോടെ അവതരിപ്പിക്കുന്നതിൽ ഗീതു മോഹൻദാസ് വിജയിച്ചിരിക്കുന്നു.

എൻ്റെ ഓർമ്മയിൽ ‘ഗേയിസം’ (പുരുഷസ്വവർഗാനുരാഗം) പ്രധാനപ്രമേയമാക്കിയ 2 ചിത്രങ്ങളേ ഇതിനു മുൻപ് മലയാളത്തിൽ കണ്ടിട്ടുള്ളൂ. ഒന്ന് മുംബൈ പോലീസ്‌. മറ്റൊന്ന് പത്മകുമാറിൻ്റെ ‘മൈ ലൈഫ് പാർട്ണർ’.

‘കുഴപ്പക്കാരനായ ‘ഭർത്താവിനെ നേർവഴിക്കു നയിക്കാൻ ‘ഉത്തമ കുടുംബിനിക്കു’ കഴിയും എന്ന പരമ്പരാഗത ക്ലീഷേയിൽപ്പിടിച്ചു തന്നെയാണ് ‘മൈ ലൈഫ് പാർട്ണർ’ മുന്നോട്ടു പോകുന്നത്.പുരുഷന് ‘പാർട്ണർ’ ആയി സ്ത്രീയെ പ്രതിഷ്ഠിച്ചാണ് സിനിമ അവസാനിക്കുന്നതും.’ലവ്വും കെയറും’ കിട്ടാനാണ് കിരണുമായി അടുത്തതെന്ന നായകമൊഴിയിൽ സിനിമയുടെ നിലപാടുണ്ട്.അതു കേട്ട് അൽപ്പം പുച്ഛത്തോടെ, ‘ലവ്വും കെയറും പാരൻ്റ്സിൽ നിന്നു കിട്ടില്ലേ?’ന്നു ചോദിക്കുന്ന ഡോക്ടർക്ക് മലയാളി ഉറപ്പായും കയ്യടിക്കും. ആ കയ്യടിക്കുന്ന മലയാളി ‘മൂത്തോൻ ‘സിനിമയ്ക്കിടെ കൂവും. സീൽക്കാരശബ്ദങ്ങളുയർത്തും.കുടുംബത്തോടൊപ്പം ഇറങ്ങിപ്പോകും.

“ഇതൊരു മാനസികാവസ്ഥയാണ്. ചികിത്സിക്കേണ്ടത് മനസ്സിനാണ്. തെറ്റുകൾ ചെയ്യാത്തവരായി ആരുമില്ല!” എന്ന ‘ ലൈഫ് പാർട്ണറി’ലെ ഡോക്ടറുടെ വിധിപ്രസ്താവം സാമൂഹികധാർമ്മികസദാചാരമൂല്യങ്ങളെ സംബന്ധിച്ചുള്ള പോപ്പുലിസ്റ്റ് ധാരണകളെ അരക്കിട്ടുറപ്പിക്കുന്നതു തന്നെയാണ്.അതു പറയാനാണ് സംവിധായകൻ സിനിമയിലുടനീളം ശ്രമിക്കുന്നതും.

“എന്തിനാ ഡോക്ടർ നിങ്ങളെപ്പോലെ നോർമൽ എന്നു പറയുന്ന ആൾക്കാർ ഞങ്ങളെപ്പോലെ ഗേ എന്ന് പറയുന്ന സമൂഹത്തെ ഒറ്റപ്പെടുത്തുന്നേ? ലോകത്തെ ഏതു സൈക്കോളജിയിലോ ബയോളജിയിലോ ആണ് പറഞ്ഞിരിക്കുന്നത്, ഒരാളുടെ സുഖം മറ്റൊരാൾ പറയുന്നതുപോലെയായിരിക്കണമെന്ന്?” _എന്ന കിരണിൻ്റെ ചോദ്യം അയാളിൽ തുടങ്ങി അയാളിൽ മാത്രം അവസാനിക്കുന്നതാണ്. ആ ചോദ്യത്തോടുള്ള ഡോക്ടറുടെ മറുപടി “കിരണും റിച്ചാർഡും തമ്മിലുള്ള റിലേഷൻഷിപ്പിൽ പ്രകൃതിക്കെന്താണ് മെച്ചം?” എന്ന അരാഷ്ട്രീയ ചോദ്യമാണ്. ആ സിനിമയുടെ രാഷ്ട്രീയവും ആ അരാഷ്ട്രീയത തന്നെയാണ്. ഇത്തരം അരാഷ്ട്രീയ കാഴ്ചപ്പാടോടെയല്ല ഗീതു മോഹൻദാസ് ‘മൂത്തോനെ’ സമീപിച്ചിരിക്കുന്നത്. ഇത്ര സൗന്ദര്യാത്മകമായി വിമതലൈംഗികത മലയാളസിനിമയിൽ ആവിഷ്കരിക്കപ്പെട്ടിട്ടില്ല എന്ന് നിസ്സംശയം പറയാം.

‘ അമീറേ’ എന്ന അക്ബറിൻ്റെ വിളിയിൽ പുറത്തിറങ്ങി വരുന്ന അമീർ ! അയാളുടെ നോട്ടം! പ്രണയത്തിൻ്റെ മൗനഭാഷ! കുത്ത് റാത്തീബിനിടയ്ക്ക് അക്ബറിനെ പ്രണയാർദ്രമായി നോക്കുന്ന അമീർ ! റോഷൻ മാത്യു എന്ന നടൻ എന്തൊരു ഗംഭീരമായാണ് തൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത് ! തീർത്തും നിസ്സഹായനായി, ”നമുക്കു പോകാം, ജനൽ തുറന്നാൽ പ്രാവുകളെ കാണുന്ന മുറിയിലേക്ക് ” എന്ന മൗനസംവേദനം എത്ര തീവ്രമായാണ് അക്ബറിനോട് അയാൾ നടത്തുന്നത്. അമീറിൻ്റെ ഭാഷ സ്നേഹമാണ്. അതു മനസ്സിലാക്കാൻ അക്ബറിനേ കഴിയൂ.’ ഞാൻ പറയുന്നതൊന്നും ആർക്കും മനസ്സിലാകുന്നില്ല!’ എന്ന നിരാശ, അമീറിൻ്റേതു മാത്രമല്ല. ഗേ സമൂഹത്തിൻ്റേതുകൂടിയാണ്.

കണ്ണാടിക്കു മുന്നിൽ അഭിമാനവും നാണവും കലർന്ന് തന്നെത്തന്നെ നോക്കുന്ന അക്ബർ.. ആ ഒറ്റരംഗം മതി നിവിൻപോളി എന്ന നടനെ വിലയിരുത്താൻ.

അമീറും അക്ബറും ഒരിക്കലെങ്കിലും ഒന്നു ചുംബിച്ചിരുന്നെങ്കിലെന്ന് തോന്നുംവിധം പ്രണയം അതിതീവ്രമായി സിനിമയിലൂടെ പ്രേക്ഷകനിലേക്ക് സംവേദനം ചെയ്യപ്പെടുന്നു.ഇത്ര സൗന്ദര്യാത്മകമായി ഈ വിഷയം കൈകാര്യം ചെയ്തിട്ടുപോലും തിയേറ്ററിനുള്ളിൽ ഉയരുന്ന സീൽക്കാര ശബ്ദങ്ങൾ അറപ്പുളവാക്കുന്നതാണ്.സ്ത്രീവിരുദ്ധതയും ജാത്യധിക്ഷേപവും മനുഷ്യ വിരുദ്ധതയുമെല്ലാം കയ്യടികൾ നേടുന്ന തിയേറ്ററുകളിൽ മൂത്തോൻ അധികനാൾ നിന്നില്ലെങ്കിലും അത്ഭുതപ്പെടാനൊന്നുമില്ല.

ജനിതക കാരണങ്ങളാൽ സ്വവർഗാനുരാഗികളായ മനുഷ്യരെ ഭിന്നവർഗലൈംഗികതയുടെ ഭാഗമാക്കാനും വിവാഹം കഴിപ്പിച്ച് കുടുംബത്തിൻ്റെ മാനം രക്ഷിക്കാനും ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിലേക്കു കൂടി സിനിമ വിരൽ ചൂണ്ടുന്നുണ്ട്. വൈകാരികസമ്മർദ്ദങ്ങൾ താങ്ങാൻ കഴിയാത്ത മനുഷ്യൻ്റെ നിസ്സഹായതകളും അപകടകരമായ ജീവിത വഴികളും സിനിമ അടയാളപ്പെടുത്തുന്നു.

സ്വവർഗാനുരാഗികളെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചും കുട്ടികൾക്ക് ഭീഷണിയാകുന്ന സാമൂഹ്യവിരുദ്ധരും അരാജകവാദികളുമാണെന്ന പൊതുബോധം മിക്ക മലയാളസിനിമകളേയും നയിച്ചിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തിലും രാഷ്ട്രത്തിലും ബ്ലാക്കിലും ക്രൈം ഫയലിലുമെല്ലാം ഈ പൊതുബോധം ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ആ അർത്ഥത്തിൽ അത്തരം പൊതുബോധങ്ങൾക്കുനേരെയുള്ള സർഗ്ഗാത്മകമായ ഒരു ‘കുത്ത് റാത്തീബ് ‘ തന്നെയാണ് ‘മൂത്തോൻ’.