സദാചാര മാമാ പോലീസിംഗ് !

201

Adv Sreejith Perumana

സദാചാര മാമാ പോലീസിംഗ് !

ഇനി മുതല്‍ സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്യേണ്ടവര്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും സദചാര എൻഒസി വാങ്ങേണ്ടതാണ്. സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച്‌ പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നിൽക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്. ഇപ്പോഴിതാ പോലീസും സദചാരപ്പണി ഏറ്റെടുത്തിരിക്കുന്നു.

ചുംബനവും രതിയുമൊക്കെ അവിടെ നിൽക്കട്ടെ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ, അല്ലെങ്കിൽ ഒന്ന് നോക്കിയാൽ, ഒരു ഫോട്ടോഷൂട്ട് നടത്തിയാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ വലിയ വിശാലമനസ്ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ്ഇ എങ്കിലും ടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യം.

തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം. സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയില്‍ തുല്യ പങ്ക് വഹിക്കുന്നു.
കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും കൊണ്ടുചെന്നെത്തിച്ചത്. പോലീസ് സോഷ്യൽ മീഡിയയിലൂടെ നടത്തിയത് സദാചാര മുന്നറിയിപ്പ് അത്തരമൊരു ലൈംഗിക അരാജകത്വത്തിന്റെ ആകെത്തുകയാണ്. ആണും പെണ്ണും അവർ കാമുകിയും കാമുകനും ആകട്ടെ,
സുഹൃത്തുക്കളാകട്ടെ, സഹോദരീ സഹോദരനാകട്ടെ, ദമ്പതിമാരാകട്ടെ ആരുമായിക്കൊള്ളട്ടെ ഒരു പൊതു സ്ഥലത്തു സംസാരിച്ചതിരിക്കുന്നതോ, ഫോട്ടോഷൂട്ട് നടത്തുന്നതോ ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് ? അതല്ലെങ്കിൽ അവർ പൊതു ശല്യമുണ്ടാക്കുകയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, മറ്റാരുടെയെങ്കിലും സ്വാതന്ത്രത്തെ ഹനിക്കുകയോ ചെയ്യണം എന്നാണു നിയമം പറയുന്നത്. നിയമം അനുശാസിക്കുന്നതിനപ്പുറം സദാചാര ക്ളാസുകൾ നനൽകാൻ പോലീസിനെ നിയോഗിക്കാൻ ഉത്തരവിട്ടത് ഏതു മഹാനായാലും അയാൾ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന “തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ” എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളായിരിക്കും.

പ്രായത്തിന്റെ ചതിക്കുഴികൾ എന്ന പേരിൽ ഒരു പുസ്തകം സർക്കാർ ചിലവിലിറക്കി സ്‌കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ പഠന വിഷയമാക്കി ലൈംഗിക വിദ്യാഭ്യാസം നൽകി ലൈംഗികാതിക്രമങ്ങൾ ചെറുക്കാം എന്നിരിക്കെ, നീലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഫാമിലി ചാനലുകൾക്കുവരെ അനുവാദം നൽകുകയും, കോടികൾ മുടക്കി പോൺ സ്റ്റാറുകളെ വേറെ സർക്കാർ അതിഥികളാക്കി സൽക്കരിച്ചു സെൽഫിയുമെടുത്തു വിടുന്ന ഭരണാധികാരികൾ പിങ്ക് പോലീസ് എന്ന പേരിൽ നടത്തുന്ന സദാചാര പോലീസിംഗ് ശുദ്ധ ചെറ്റത്തരവും തോന്ന്യാസവും ഭരണഘടനാ ലംഘനവുമായണെന്നു പറയാതെ വയ്യ. ആണും പെണ്ണ് ഒരുമിച്ചിരിക്കുമ്പോഴോ, നടക്കുമ്പോഴോ സദാചാര ക്ളാസുകൾക്കായി നിങ്ങളുടെ അടുത്തേക്ക് വരുന്ന പോലീസിനെ നല്ല പച്ചത്തെറി പറഞ്ഞു ഓടിക്കണം എന്നാണു എന്റെ മാന്യ സുഹൃത്തുക്കളോട് ഒരു അഭിഭാഷകൻ എന്ന നിലയിൽ നൽകാനുള്ള നിയമോപദേശം.

അങ്ങനെ ചെയ്യുന്ന വസരങ്ങളിൽ അദ്ദ്യോദിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന പേരിൽ നിങ്ങൾക്കെതിരെ നടപടികളെടുക്കാൻ സാധ്യതകളുണ്ട്. എന്നാൽ മനസിലാക്കുക ഒരുമിച്ചിരുന്നു സംസാരിച്ചു ചുംബിച്ചു, ഫോട്ടോയെടുത്തു എന്നതിന്ന്റെ പേരിൽ നിങ്ങളുടെ അരികിലേക്ക് സദാചാര കൈവിലങ്ങുമായി വരുന്ന പോലീസ് അവിടെ നടത്തുന്നത് ഔദ്യോദിക കൃത്യ നിർവഹണമല്ല മറിച്ച് സദാചാര പൊലീസിംഗാണ്‌. അതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങളിൽ ഏതു പൊലീസായാലും നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ നല്ല ആട്ടു കൊടുത്ത് ഓടിച്ചു വിടുക. പിങ്ക് പോലീസെന്ന പേരിൽ എറണാകുളത്തും, കാണാവുന്ന കൊട്ടാരവളപ്പിലും ബീച്ചുകളിലുമെല്ലാം ഈ സദചാര വേട്ട നടന്നിട്ടുണ്ട്.

പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂർത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോർട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നതാണ് യാഥാർഥ്യം. പണമോ പാരിതോഷികങ്ങളോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നൽകി നടത്തുന്ന വാണിജ്യപരമായ ലൈംഗിക ബന്ധം മാത്രമാണ് The Immoral Traffic (Prevention) Act, 1956 പ്രകാരം രാജ്യത്തു കുറ്റകരമായിട്ടുള്ളത്. എന്നാൽ ഈ വസ്തുതകൾ മറച്ചു വെച്ചതാണ് നമ്മുടെ നാട്ടിലെ നിയമ പാലകരും, ഹോട്ടൽ ലോഡ്ജ് ഉടമകളും സദാചാര പോലീസിങ്ങിന്റെ കടക്കൽ വളം വെച്ചുകൊടുക്കുന്നതു എന്ന യാഥാർഥ്യം നാം മനസിലാക്കേണ്ടതുണ്ട്. ഇവ ചോദ്യം ചെയ്യാനുള്ള ആർജ്ജവം നാമെന്നു കാണിക്കുന്നു ആണ് മാത്രമേ ഈ കപട സദാചാരത്തിന്റെ ചങ്ങലയിൽ നിന്നും നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.

ശരാശരി പതിനഞ്ച് വയസ്സാകുന്നതോടെ സ്ത്രീക്കും പുരുഷനും അനുഭവപ്പെടുന്ന സ്വാഭാവിക ശാരീരിക ചോദനയാണ് ലൈംഗീകത.
ഇരുപത്തഞ്ചിനും മുപ്പത്തിനും ഇടക്ക് ശരാശരി വിവാഹ പ്രായം ഉള്ള അഭ്യസ്തവിദ്യരായ സ്ത്രീ പുരുഷന്മാര്‍ ഈ ഒരു ശാരീരിക ആവശ്യത്തെ പത്തും പതിനഞ്ചും കൊല്ലം പിടിച്ച് വെക്കേണ്ടതുണ്ടോ?

അങ്ങനെ പിടിച്ച് വെക്കാന്‍ കഴിയുമോ ?
ഇത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കാന്‍ പോലും മലയാളിക്ക് പേടിയാണ്. ലൈംഗീകത എന്ന ‘പാപം’ ഒളിച്ചും പാര്‍ത്തും നല്ല പ്രായത്തില്‍ ആസ്വദിക്കാത്ത എത്ര സദാചാര വാദികള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് ?
ഈ പാപത്തെ പാപമല്ലാതാക്കാന്‍ വല്ല വഴിയുമുണ്ടോ?
ലൈംഗീക ‘തിമിരം’ ബാധിച്ചവര്‍ക്കാണ് ഫ്ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും പെണ്ണിനെ തേടി വരുന്നവന്‍ ആണെന്ന് തോന്നുന്നത്.

ഒരു ആണും പെണ്ണും ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാല്‍ അവര്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ അല്ലെങ്കില്‍ ‘ഇമ്മോറല്‍ ട്രാഫ്ഫിക്ക്’ ആരോപിച്ച് കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന ഇല്ലാത്ത നിയമം ഉള്ള നാടാണിത്.ഈ അപ്രഖ്യാപിത നിയമം ആണ് ആദ്യം മാറേണ്ടത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാല്‍, ഇനി അവര്‍ ശാരീരിക ബന്ധം പുലര്‍ത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതില്‍ എന്താണ് കാര്യം.സ്ത്രീയുടെ കന്യാചര്‍മ്മത്തിന് കാവല്‍ നില്ക്കാന്‍ ഭരണ ഘടനയുടെ ഏത് വകുപ്പാണ് പോലീസിനെ അധികാരപ്പെടുത്തിയത്?ലൈംഗീകത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം.അതിന് കേരളീയന്‍റെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരും.

കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. മനുഷ്യ സഹചമായ ലൈഗീക ചോദനയെ മണിച്ചിത്ര താഴിട്ട് പൂട്ടി വെച്ച് സദാചാരം പ്രസംഗിക്കുന്ന വിഡ്ഡിത്വത്തിന് ലോകത്തെ ഒരു സംസ്കാരവും മതവും അരുനിന്നിട്ടില്ല .പകരം ലൈംഗീകതയെ ആസ്വാദ്യവും നിയന്ത്രണ വിധേയവുമാക്കുകയാണ് ചെയ്തത്.
സദാചാരത്തിന്‍റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കാട്ടെ.

ശ്രീ. സിവിക് ചന്ദ്രന്‍ തന്റെ ഒരു ലേഖനത്തില്‍ പറഞ്ഞത് ഓര്മ വരുന്നു. ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാന്‍ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത്‌ തോല്‍പിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത്. നമ്മുടെ നിയമങ്ങള്‍ പോളിചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉഭയ കക്ഷി സമ്മത പ്രകാരം സെക്സില്‍ എര്പെടുന്നതില്‍ തെറ്റില്ല. എന്നാല് 18 വയസ്സ് ‍ തികയാത്ത പെണ്‍കുട്ടികള് മായുള്ള സെക്സ്, ബലാല്‍സംഗം എന്നിവ കുറ്റകരമാക്കുയും വേണം. അല്ലാതെ സദാചാര പോലീസ് കൈകാര്യം ചെയ്യേണ്ട കാര്യമല്ല.

സദാചാരം ഊണിലും ഉറക്ക്ക്തിലും എല്ലാം മലയാളിയെ വേട്ടയാടുകയാണ്.ഇത്രയും സദാചാര വാദികളായ മലയാളികളുടെ നാട്ടില്‍ എന്തുകൊണ്ടാണ് സൌമ്യമാര്യം ശാരി മാരും പെരുകുന്നത്?ഒരു താലി ചരടിന്റെ പരിധിയില്‍ നിന്നുകൊണ്ട് എന്തും ചെയ്യാം. ഭാര്യക്കിഷടമില്ലെങ്ങില്‍ അവളെ ബലമായി പ്രാപിക്കാം. അതിനുള്ള അധികാരം മാത്രം സമൂഹം എല്ലാവര്ക്കും കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്‌. ഒരാണും പെണ്ണും ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും മാത്രമാണ് ഇവിടെ പ്രശ്നം.മലയാളിയുടെ സദാചാര സംഗല്പ്പതിലെ പ്രകടമായ വൈരുധ്യങ്ങളില്‍ ഒന്നാണിത്.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലംഘിച്ചു അയാളെ അവഹേളിക്കുന്നത്..അത് എന്തിനെ പെരിലനെങ്ങിലും തികച്ചും പരിതാപകരമാണ്.ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്… പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്കാരത്തിന്റെ ചില സങ്കൽപ്പങ്ങളുടെ നിലനിൽപ്പും തമ്മിലുള്ള യുദ്ധം ….. സത്യത്തിൽ അതാണു ഇവിടെ നടക്കുന്നത്…

അഡ്വ ശ്രീജിത്ത് പെരുമന