”സദാചാരം” – കേരള മോഡല്‍.!!

1094

Saapo

സമൂഹത്തില്‍ നടമാടുന്ന അക്രമവും അനീതിയും ഇല്ലായ്മ ചെയ്യുവാന്‍ ദൈവം പലകാലങ്ങളില്‍ പല ദേശങ്ങളില്‍ ചരിത്രപുരുഷന്മാരായി അവതാരമെടുക്കാറുണ്ട്. കൂടെ സാത്താനും.

ആദിയില്‍ ആദമും ഹവ്വയും ഡ്യുയറ്റ് പാടി നടന്ന ഏദന്‍ ആപ്പിള്‍ തോട്ടം മുതല്‍ ഇങ്ങ് കൊച്ചിയില്‍ വെണ്ടുരുത്തിപ്പാലത്തിന്റെ അടിയില്‍ വരെ കയ്യിലൊരു ടോര്‍ച്ചും തലയിലൊരു ഈരിഴത്തോര്‍ത്തു വളച്ചു കെട്ടുമായി പുള്ളിയുടെ സോ കോള്‍ഡ് ശത്രു (ദി വണ്‍  ആന്‍ഡ്‌ ഒണ്‍ലി സാത്താന്‍)എന്നും എപ്പോഴും കൂടെയുമുണ്ട്.

മംഗലശ്ശേരി നീലണ്ഠന് മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നപോലെ കട്ടയ്ക്ക് കട്ട ദൈവത്തിന്റെ ഓരോ അവതാരത്തിന്റെയും കൂടെ മറ്റേ പുള്ളിക്കാരനും എടുത്തു നല്ല കിടിലന്‍ അവതാരങ്ങള്‍…
നമ്മുടെ ക്രിയേറ്റര്‍ എന്ത് നല്ല കാര്യം ചെയ്താലും പുള്ളി നല്ല എട്ടിന്റെ പണി കൊടുക്കും.സാത്താന്‍ ആരാ മോന്‍ ??

പണ്ടു മുതലേ സെന്‍സിറ്റീവ് വിഷയങ്ങളിലേ ആള്‍ ഇടപെടാറുള്ളൂ….വല്ല ജാതിയോ മതമോ അങ്ങനെ വല്ലതും. അതാവുമ്പോള്‍ നമ്മള്‍ ചുമ്മാ ഒന്നു ഞോണ്ടിക്കൊടുത്ത് സൈഡില്‍ ഇരുന്നാല്‍ മതി… ബാക്കി  നമ്മുടെ പിള്ളേര് ചെയ്തോളും.

പരശുരാമന്‍ എന്നൊരു കക്ഷി പണ്ട് ദേഷ്യം വന്ന് ചുമ്മാ ഒരു മഴുവെടുത്തെറിഞ്ഞപ്പോള്‍ ഒരു കാര്യവുമില്ലാതെ പൊങ്ങിവന്ന കയ്പ്പക്കയുടെ ഷേപ്പുള്ള ഒരു നാടിനെ പറ്റി പുള്ളിക്ക് ഇന്റലിജന്‍സ് ബ്യൂറോയുടെ അടുത്തു നിന്നും കിട്ടിയ അടിയന്തിര സ്വഭാവമുള്ള ഒരു റിപ്പോര്‍ട്ടില്‍ നിന്നുമാണ് കഥയുടെ തുടക്കം.
റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു.

“ഈ നാട്ടിലെ പയലുകള്‍ക്കെല്ലാം ഒടുക്കത്തെ വിവരമാണ്. ലവന്മാര്‍ ആ നാട്ടില്‍ ഇരിപ്പുറയ്ക്കാതെ ലോകത്തിന്റെ പല കോണിലും പോയി ബുദ്ധി പ്രയോഗിക്കുന്നുണ്ട് ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പണിയാകും….”

അങ്ങനെയാണ് സാത്താന്‍ ഭൂലോകത്തെ (നോട്ട് ‘ബൂ’) അവൈലബില്‍ എജന്റ്റ് മാരെയെല്ലാം വിളിച്ചു ചേര്‍ത്ത് എമര്‍ജന്‍സി മീറ്റിംഗ് നടത്തിയത് ,വിത്ത്‌ രഹസ്യ അജണ്ട.
കൂലങ്കഷമായ വട്ടമേശ സമ്മേളനത്തില്‍, ടി നാട്ടുകാരുടെ പരമ്പതാഗതമായ മൂന്നു ബലഹീനതകള്‍ ഉയര്‍ന്നു വന്നു.
അതിലേതിലെങ്കിലും ഇട്ടു പണിതാല്‍ മതിയാകും.
രാഷ്ട്രീയം.
മതം.
സദാചാരം.
ഇതില്‍ ഏതാണ് ഏറ്റവും സ്യൂട്ട് ആയിട്ടുള്ളത് എന്ന ചര്‍ച്ചയില്‍ പല അഭിപ്രായങ്ങളാണ് പൊങ്ങിവന്നത്.
മതം വേള്‍ഡ് വൈഡ് ആയി നമ്മള്‍ പ്രയോഗിക്കുന്നതാണ്.അതിന്റെ ആഫ്റ്റെര്‍ ഇഫക്റ്റുകള്‍ അവിടെയും ഉണ്ടാവാതിരിക്കില്ല.അതു കൊണ്ട് അതു വിടാം.

പിന്നെ രാഷ്ട്രീയം.ഏതെങ്കിലും നേതാക്കന്‍മാരെ ഇളക്കി വല്ല കൊനഷ്ട്ടു പ്രസ്താവനയും നടത്തിയാല്‍ തന്നെ ഇക്കൂട്ടര്‍ക്ക് ഒടുക്കത്തെ വിവരമായത് കൊണ്ട് സംഗതി പിടികിട്ടും. പിന്നെ കുറച്ചു നാള്‍ കഴിഞ്ഞാല്‍ അതു മാഞ്ഞു പോകുകയും ചെയ്യും.അതു മാത്രമല്ല നാം ലക്ഷ്യമിടുന്നത് . യങ്ങ് ജനറേഷന്‍ ആയിരിക്കണം നമ്മുടെ പ്രധാന എയിം.

അപ്പോഴാണ്‌ ആ നാടിന്റെ പ്രത്യേക ചുമതലയുള്ള എജന്റ്റ്  തന്റെ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു.

“പണ്ടത്തെപ്പോലെ ഇവിടത്തെ പയ്യന്‍സിനെ രാഷ്ട്രീയത്തില്‍ കിടന്ന് അടി കൂടാന്‍ കിട്ടുന്നില്ല..അവന്മാര്‍ ഈ ഐഐടിയിലും  ഐഐഎമ്മിലുമൊക്കെ കേറി പഠിച്ച് വേറെ നാട്ടില്‍ പോയി നല്ലോണം തുട്ട് എണ്ണി മേടിച്ചു  ലൈഫ് അടിച്ചു പൊളിക്കുന്നു.”

“അപ്പോള്‍ പിന്നെ സദാചാരത്തില്‍ കേറി പിടിക്കാം”.സാത്താന്‍ പറഞ്ഞു.
അതു സഭ കയ്യടിച്ചു പാസ്സാക്കി.

ഏജന്റുമാര്‍ മിക്കവരും അമേരിക്ക-അഫ്ഗാനിസ്ഥാന്‍-ഇറാക്ക്-അല്‍ ക്വൈദ ഏരിയയില്‍ ബിസി ആയിരുന്നതിനാല്‍ ജൂനിയര്‍ പയ്യന്‍സ് മാത്രമേ അവൈലബില്‍ ആയിരുന്നുള്ളൂ..ജൂനിയേര്‍സിന് ട്രെയിനിങ്ങ് കൊടുക്കാന്‍ സദാചാര വിഷയത്തില്‍ വേണ്ടത്ര പരിചയമുള്ള ഒരാളുടെ സേവനം അത്യന്താപേക്ഷിതമായി വന്നു.അങ്ങനെയാണ് പഴയ കുറിയേടത്ത് താത്രി കേസ് സുന്ദരമായി ഹാന്‍ഡില്‍ ചെയ്ത  റിട്ടയെര്‍ഡ് എജന്റ്റ് മീറ്റിങ്ങിലേക്ക് വിളിക്കപ്പെടുന്നത്.
ആള്‍ ഒരു പഴയ പുലിയാണ്.
അങ്ങനെ വിത്ത് എക്സാമ്പിള്‍സ് എജന്റ്റ് ട്രെയിനീസിനു ക്ലാസ് എടുത്തു കൊടുത്തു.തന്റെ പഴയ നമ്പരുകള്‍ക്ക് പുറമേ പുതിയ വിദ്യകളും ആശാന്‍ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്തു.

സംഭവം സിമ്പിളാണ്.
ആദ്യം എവിടെയൊക്കെ സ്ത്രീകള്‍ തനിച്ചു താമസിക്കുന്നു എന്ന് വാച്ച് ചെയ്യുക. ഗള്‍ഫുകാരുടെ ഭാര്യമാര്‍, പട്ടാളക്കാരുടെ ഭാര്യമാര്‍, വിധവകള്‍, വിവാഹ മോചിതരായ സ്ത്രീകള്‍, സോഷ്യല്‍ ആയി ഇടപഴകുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഒരാളെ കിട്ടിയാല്‍ ആ സ്ത്രീ പിന്നെ എപ്പോഴും നിങ്ങളുടെ നിരീക്ഷണ വലയത്തിലായിരിക്കണം. അവര്‍ എന്ത് ചെയ്യുന്നു,എവിടെ പോകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക.
അടുത്ത സ്റ്റെപ്പ് സൂക്ഷിച്ചു പ്രയോഗിക്കണം.
ആ സ്ത്രീ ബന്ധുവല്ല്ലാത്ത ഏതെങ്കിലും പുരുഷനോട്  സംസാരിക്കുന്നത് കണ്ടാല്‍, അല്ലെങ്കില്‍ അവര്‍ ഏതെങ്കിലും പുരുഷന്മാരുടെ കൂടെ യാത്ര ചെയ്യുന്നതു കണ്ടാല്‍ അവരുടെ അയല്‍വാസിയോടോ അല്ലെങ്കില്‍ പരിചയക്കാരോടോ ഒന്നു ചോദിച്ചാല്‍ മതി…”അതാരാ അവരുടെ കൂടെ?? ഇവിടെങ്ങും കണ്ടിട്ടില്ലാത്ത ആളാണല്ലോ..” എന്ന്.
ബാക്കി അവര്‍ ചെയ്തു കൊള്ളും…!!!

“അതെങ്ങനെ ??”
“അതങ്ങനെയാ…”..അനുഭവത്തിന്റെ വെളിച്ചത്തില്‍ എക്സ് എജന്റ്റ് പറഞ്ഞു.

സാത്താന് സന്തോഷമായി.എല്ലാ ശിഷ്യന്മാരെയും അനുഗ്രഹിച്ചു യാത്രയയച്ചു.

അങ്ങനെ പണ്ടെങ്ങാനും ഏദന്‍ തോട്ടത്തിന്റെ ഒരു മൂലയില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുകയായിരുന്ന ആപ്പിള് പോലുള്ള ഒരു പഴം അടിച്ചു മാറ്റി തിന്ന കുറ്റത്തിന് സ്വര്‍ഗത്തില്‍ നിന്നും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ആദമിന്റെയും ഹവ്വയുടെയും സ്വന്തം ഭൂമിയിലേക്ക്‌ സാത്താന്‍ പുറപ്പെട്ടു.
തന്റെ പിള്ളേരെക്കൊണ്ട് ലവന്മാരെ ശരിയാക്കിയെടുക്കാന്‍ പറ്റുമോ, ഇല്ലെങ്കില്‍ വല്ല അനോണിയായും അവതരിക്കേണ്ടി വരുമോ എന്നറിയാനാണ് വിസിറ്റ് .
ദൈവത്തിനിട്ടു പണ്ടാരോ കൊടുത്ത ഒരു പണി കാരണം “പുള്ളിക്കാരന്റെ സ്വന്തം നാട്” എന്ന് വിളിക്കപ്പെടുന്ന ദേശത്തേക്ക് അങ്ങനെ സാത്താന്‍ വിസിറ്റ് വിസയില്‍ വന്നിറങ്ങി.

പക്ഷേ സ്ഥലത്തെത്തി അല്‍പ്പസയത്തിനകം തന്നെ കക്ഷി ഞെട്ടി തകര്‍ന്നു പോയി.
നമ്മുടെ റിട്ടയെര്‍ഡ് എജന്റ്റ് പറഞ്ഞത് മുഴുവനും തെറ്റാണ്.

ഈ നാട്ടില്‍ നിറയെ സദാചാരത്തിന്റെ വെള്ളരിപ്രാവുകളാണ്…!!!
അവ ഊണും ഉറക്കവുമില്ലാതെ പാതിരാത്രി പോലും പറന്നു നടക്കുന്നു..!!
പിന്നെങ്ങനെ  ഇവിടത്തെ സദാചാരം തകര്‍ത്ത്  തരിപ്പണമാക്കാന്‍ കഴിയും??

പെണ്ണുങ്ങളൊക്കെ നല്ല വേഷം ധരിച്ചാണ് നടപ്പ്. ആണുങ്ങളുടെയെല്ലാവരുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും യാതൊരു കുഴപ്പവുമില്ല എല്ലാവരും എക്സ്ട്രാ ഡീസന്റ്..!!
അണ്‍ ബിലീവബിള്‍..!!!!!

നേരം വൈകുന്നേരമായപ്പോള്‍ ഒരു സാദാ അനോണി കള്ളുകുടിയനായി വേഷം മാറി സാത്താന്‍ റോന്തു ചുറ്റാനിറങ്ങി. സംഭവം മനസ്സിലാക്കണമല്ലോ..
അപ്പോഴാണ്‌ ഒരു സദാചാരത്തിന്റെ വെള്ളരി പ്രാവ് ലുങ്കിയും മാടിക്കുത്തി ഭര്‍ത്താവ് സ്ഥലത്തില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീടിന്റെ ഗേറ്റിനു വെളിയില്‍ പരുങ്ങി നില്‍ക്കുന്നത് കണ്ടത്.

ഒരു ലോക്കല്‍ കള്ളുകുടിയന്‍ തന്റെ മുന്നില്‍ വന്നു വായും പൊളിച്ചു നില്‍ക്കുന്നതുകണ്ടപ്പോള്‍ വെള്ളരിപ്രാവിനു ദഹിച്ചില്ല..എങ്കിലും പറഞ്ഞു..

“ദാണ്ടേ ആ വീട്ടിലെ പെണ്ണ് ആള് ശെരിയല്ല…ചെല അവന്മാരുമായി അവള്‍ക്ക് ഇടപാടുണ്ട്…”
“അതു തനിക്കെങ്ങനെ അറിയാം??”
“ലവള്‍ എന്നേം വിളിച്ചതാ..പക്ഷേ ഞാന്‍ പോയില്ല..”
അതും പറഞ്ഞു സദാചാരത്തിന്റെ വെള്ളരി പ്രാവ് ചിറകടിച്ച് അടുത്ത കര്‍മഭൂമിയിലേക്ക്‌ പറന്നു…

സാത്താന് ഒടുക്കത്തെ സന്തോഷമായി.. വിചാരിച്ച പോലെയല്ല കാര്യങ്ങള്‍…ഈ പ്രാവുകളൊക്കെ നമ്മുടെ  സൈഡാണ്. ആ പ്രാവ് വേറെ ഒന്നു രണ്ടു  കുഞ്ഞാടുകളോട് കൂടി പറഞ്ഞാല്‍ മതി സംഗതി സക്സസ്….
ആ പെണ്ണ് വല്ല വിഷവുമടിച്ചോ സാരിയില്‍ കെട്ടിത്തൂങ്ങിയോ ചത്തോളും.

പക്ഷേ പ്രശ്നം അതല്ല..
ഈ പ്രാവിനു വലിയ വിദ്യാഭ്യാസമൊന്നുമില്ല ഒരു ഇസ്പേഡ് ഏഴാം കൂലി…
ബട്ട്‌ ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന വിവരമുള്ളവരോ….ഒക്കെയും ഐടി യിലൊക്കെ പുലികളാണ്.
അവിടെയും കാണുമോ വെള്ളരിപ്രാവുകള്‍..??

അങ്ങനെയാണ് പുള്ളിക്കാരന്‍ ഭയങ്കര ബുദ്ധിയുള്ള ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു സാദാ സര്‍ക്കാര്‍ ഓഫീസില്‍ കയറിചെല്ലുന്നത്‌.
അവിടെയും ഉണ്ട് ചില വെള്ളരിപ്രാവുകള്‍. കൂടെ വര്‍ക്ക്‌ ചെയ്യുന്ന സ്ത്രീകളോട് മാന്യമായും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുന്നവര്‍.
പക്ഷേ കൂട്ടത്തില്‍ തല നരച്ചു തുടങ്ങിയ ഒരു പ്രാവ് തന്റെ സഹപ്രവര്‍ത്തക പോയിക്കഴിഞ്ഞ് കൂട്ടുകാരോട് അവരെ പറ്റി പറയുന്ന ചില ‘കാര്യങ്ങള്‍’ കേട്ടപ്പോള്‍ സാത്താന്‍ രണ്ടാം നിലയില്‍ നിന്നു താഴേക്കെടുത്ത് ചാടി.

എന്റമ്മോ..!!! ഇങ്ങനെയുമുണ്ടോ ആള്‍ക്കാര്‍.!!! യാതൊരു ചമ്മലുമില്ലാതെയല്ലേ ഗോസിപ്പ് അടിച്ചു വിടുന്നത്.!!

ഇവിടെ തന്റെയോ ശിഷ്യന്‍മാരുടെയോ ആവശ്യമില്ല…!!
സദാചാരം സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു വന്‍ ജനാവലി തന്നെ ഇവിടെയുള്ളപ്പോള്‍ ആത്മഹത്യയും കൊലപാതകവുമൊക്കെ ഈസിയായി നടന്നോളും.

സോ..ഡോണ്ട് വറി..!! വെള്ളരി പ്രാവുകള്‍ ഇവിടെ എപ്പോഴും വട്ടമിട്ടു പറക്കുന്നുണ്ട്.

അങ്ങനെ നിറഞ്ഞ സന്തോഷത്തോടെ സാത്താന്‍ തിരിച്ച് സ്വന്തം വീട്ടിലെത്തി.
പക്ഷേ അപ്പോഴും സാത്താന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ഏത് അവതാരമാണ് ക്രിയേറ്റര്‍ “പുള്ളിക്കാരന്റെ സ്വന്തം നാട്ടുകാര്‍ക്ക്” വേണ്ടി എടുത്തിട്ടുണ്ടാവുക എന്നായിരുന്നു..!!