നോം എന്താ ഈ കാണണ്…കേരളത്തിന്റെ തനതായ വേഷത്തിൽ റാസ്പുട്ടിൻ ഡിസ്ക്കോ നൃത്തമോ…

168

ജാനകിയ്ക്കും നവീനും പിന്തുണ അറിയിച്ചുകൊണ്ടു കൂടുതൽ കൂടുതൽ ‘റാസ്പുട്ടിൻ’ ഡാൻസുകൾ വരുന്നു. ശിവ ശിവ..നോം എന്താ ഈ കാണണ്..കേരളത്തിന്റെ തനതായ വേഷത്തിൽ ഡിസ്ക്കോ നൃത്തമോ. കലികാലം..ഹരിതാഭേം പച്ചപ്പും കേരളത്തനിമയും തുളുമ്പുന്ന വസ്‌ത്രരീതിയും നൃത്തവും. ഇനി കണ്ടീലാ കേട്ടീലാന്ന്‌ പറയരുത്‌. പാവം വക്കീലേട്ടൻ പിള്ളേരെ ഒന്ന്‌ തോണ്ടി നോക്കിയതാ, ഇപ്പോ എല്ലാവരും കൂടിയങ്ങ്‌ മാന്തി. ഇവര്‌ എവിടെ പ്രോഗ്രാം അവതരിപ്പിച്ചാലും ഇതാണല്ലോ സ്‌ഥിതി ! ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഗുഹാ നിവാസികളുടെ നെഞ്ചത്ത് കയറി ശിവ താണ്ഡവമാണ് ശരിക്കും നടത്തേണ്ടത്.

Basheer Vallikkunnu എഴുതിയ കുറിപ്പ് വായിക്കാം

‘ആങ്ങള’മാർ മൊത്തം രംഗത്തിറങ്ങിയിട്ടുണ്ട്.

ഡാൻസ് വിവാദവുമായി ബന്ധപ്പെട്ട് ഇന്നലെയിട്ട സ്റ്റാറ്റസിൽ വലിയ വലിയ തത്വശാസ്ത്രങ്ങളാണ് ആങ്ങളമാർ നടത്തുന്നത്. ഡാൻസല്ല വിഷയം, ഒരു പെൺകുട്ടി മുസ്‌ലിം ചെറുപ്പക്കാരനുമൊത്ത് ഡാൻസ് ചെയ്തത് വർഗീയവത്കരിച്ചതാണ് പ്രശ്നം, അതുകൊണ്ടാണ് ഞങ്ങളും പ്രതിഷേധിക്കുന്നത് എന്നൊക്കെയാണ് ഫിലോസഫി. അതൊക്കെ അറിയാം മക്കളേ, അത് കൊണ്ടാണ് കേരളത്തിലെ മതേതര സമൂഹം അതിലെ അപകടം മനസ്സിലാക്കി ഇൻസ്റ്റന്റ് ആയി പ്രതികരിച്ചത്. പറഞ്ഞ സംഘിയുടെ വായടപ്പിച്ചത്. ഇപ്പോൾ ആ പ്രതിഷേധങ്ങൾ സർഗാത്മകതയുടെ പുതിയ തലങ്ങളിലേക്ക് പടരുന്നതും പകരുന്നതും അതുകൊണ്ടാണ്.

ഒരു ജോഡിക്ക് പകരം പല ജോഡികൾ രംഗത്ത് വന്നത് കണ്ടില്ലേ, മുല്ലപ്പൂ ചൂടി നിലവിളക്ക് കൊളുത്തി റാസ്പുട്ടിൻ സ്റ്റെപ്പ് വെച്ച പെൺകുട്ടിയെ കണ്ടില്ലേ, ജാനകിയും നവീനും തുടക്കമിട്ട ഡാൻസ് സ്റ്റെപ്പിന് എൻട്രി ക്ഷണിച്ചു കൊണ്ടുള്ള കുസാറ്റിലെ കുട്ടികളുടെ മത്സര നോട്ടീസ് കണ്ടില്ലേ.. സംഘിയുടെ വംശീയതക്ക് മരുന്ന് കൊടുക്കാനും അവരുടെ ലൗ ജിഹാദ് അസംബന്ധങ്ങളെ പ്രതിരോധിക്കാനും ഇവിടെയൊരു ജാഗ്രത്തായ മതേതര സമൂഹമുണ്ട്. അത് കൊണ്ടാണ് അവരീ മണ്ണിൽ വേര് പിടിക്കാത്തത്. അതിൽ നിങ്ങൾ ‘ആങ്ങള’മാർക്ക് പ്രത്യേക റോളൊന്നുമില്ല.

ജാനകിക്കും നവീനും പകരം നേരെ തിരിച്ചായിരുന്നു കാര്യമെങ്കിൽ, ജാനകിക്ക് പകരം ഒരു സുഹറയോ സുബൈദയോ ആയിരുന്നെങ്കിൽ നിങ്ങളെത്ര ആങ്ങളമാർ ഇവിടെ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമായിരുന്നു എന്നതാണ് ചോദ്യം. ഇപ്പോൾ സംഘിക്കാണ് കുരു പൊട്ടിയതെങ്കിൽ അപ്പോൾ നിങ്ങൾക്കാവില്ലേ കുരു പൊട്ടുക. ആ പെൺകുട്ടിയെ നരകത്തിലെ വിറക് കൊള്ളിയാക്കാനും അപഹസിക്കാനുമായിരിക്കല്ലേ നിങ്ങൾ മുന്നിലുണ്ടാവുക. എത്ര ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അപ്പോൾ ഫിലോസഫിയൊക്കെ തത്ക്കാലം കയ്യിൽ വെച്ചാൽ മതി, ഇങ്ങോട്ട് വിളമ്പേണ്ട..

ഒരു ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഏതാനും മുസ്ലീം പെൺകുട്ടികൾ ഫ്‌ളാഷ് മോബ് കളിച്ചപ്പോൾ അവരെ കടിച്ചു കീറിയ നിങ്ങളുടെ പഴയ ചരിത്രം, ജാനകിയുടേയും നവീന്റെയും സ്വാതന്ത്ര്യത്തിന് വേണ്ടി നിങ്ങൾ ചാടി വീണപ്പോൾ ആളുകൾ ഓർത്ത് പോയി. ഓർമ്മക്കുറവിന്റെ അസുഖം ഇല്ലാത്തത് കൊണ്ട് വന്നു പോയതാണ്. ക്ഷമി..

പറയാനുള്ളത് ഇത്ര മാത്രമാണ്, സംഘിയുടെ വിഷത്തിനെതിരെ മറുചികിത്സ നടത്താൻ നിങ്ങൾ ‘സോ കോൾഡ് ആങ്ങള’മാരുടെ ആവശ്യം കേരളത്തിനില്ല, അതിന് ഇവിടെ സുബോധവും വ്യക്തി സ്വാതന്ത്ര്യങ്ങളെന്തെന്നും തിരിച്ചറിവുള്ള ഒരു മതേതര സമൂഹമുണ്ട്. ഇത് നിങ്ങൾ നയിക്കേണ്ട യുദ്ധമല്ല, നിങ്ങൾക്കെതിരെയുള്ള യുദ്ധം കൂടിയാണ്.
So please step back.