ഹെഡ് മാസ്റ്റർ, ആദ്യദിവസത്തെ ആദ്യപ്രദർശനം സൗജന്യം
അയ്മനം സാജൻ
ബാബു ആൻ്റണി, തമ്പി ആൻ്റണി സഹോദരങ്ങൾ ഒന്നിക്കുന്ന , രാജീവ് നാഥ് സംവിധാനം ചെയ്ത ” ഹെഡ് മാസ്റ്റർ ” ജൂലായ് 29 – ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.ആദ്യ പ്രദർശനം സൗജന്യമാണെന്ന പ്രത്യേകതയുമുണ്ട്.
പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ . കഴിഞ്ഞ തലമുറകളിലെ അദ്ധ്യാപകരുടെ ജീവിതത്തിലെ നോവും നൊമ്പരവും വരച്ചിട്ട കഥയാണ് പൊതിച്ചോർ . ഒപ്പം കേരളത്തിൽ ഒരു സാമൂഹികമാറ്റത്തിന് തുടക്കം കുറിച്ച വിദ്യാഭ്യാസബില്ലിന് പ്രചോദനമായതും ഈ കൊച്ചുകഥയാണ്. കാരൂരിന്റെ ചെറുകഥ മലയാളത്തിനു പകർന്നു നൽകിയ തീവ്രഭാവങ്ങൾ അതേപോലെ തന്നെ രാജീവ് നാഥ് ഹെഡ്മാസ്റ്ററിലും പകർന്നു നല്കുന്നു. മലയാളത്തിനു നഷ്ടമായികൊണ്ടിരിക്കുന്ന നല്ല സിനിമകളുടെ തിരിച്ചുവരവ് കൂടിയാണ് ഹെഡ്മാസ്റ്റർ . അദ്ധ്യാപകവിദ്യാർത്ഥി ബന്ധത്തിന്റെ നേരടയാളങ്ങൾ പറഞ്ഞുവെയ്ക്കുന്ന ചിത്രമാണ് ഹെഡ്മാസ്‌റ്റർ . അതുകൊണ്ടു തന്നെ പുതിയ തലമുറയ്ക്കുള്ള ഒരു പാഠവും കൂടിയായി മാറുകയാണ് ഹെഡ്മാസ്റ്റർ .
ഹെഡ്മാസ്റ്ററിന്റെ നിർമ്മാണ ആരംഭത്തിൽ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒരു നിർബ്ബന്ധമുണ്ടായിരുന്നു. ഈ ചിത്രം കേരളത്തിലെ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും കാണണമെന്ന് . അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന കുടുംബം കാണണമെന്ന്. ആ ഒരു നിർബ്ബന്ധത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്ററിന്റെ ആദ്യ ദിവസത്തെ ആദ്യപ്രദർശനം എല്ലാവർക്കും തികച്ചും സൗജന്യമായിരിക്കും.
ചാനൽ ഫൈവിൻ്റെ ബാനറിൽ ശ്രീലാൽ ദേവരാജനാണ്ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ രാജീവ് നാഥും കെ ബി വേണുവും ചേർന്നാണ് നിർവ്വഹിച്ചത്. ക്യാമറ പ്രവീൺ പണിക്കരും എഡിറ്റിംഗ് ബീനാ പോളും നിർവ്വഹിച്ചിരിക്കുന്നു. കാവാലം നാരായണ പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെഡ്മാസ്റ്റർ . പ്രഭാവർമ്മയുടേതാണ് വരികൾ . ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനും നിത്യ മാമ്മനുമാണ്.
തമ്പി ആന്റണി, ബാബു ആന്റണി, ജഗദീഷ് , സഞ്ജു ശിവറാം , മധുപാൽ, ശങ്കർ രാമകൃഷ്ണൻ , പ്രേംകുമാർ , ബാലാജി, ആകാശ് രാജ്, ദേവ്നാഥ്, മഞ്ജു പിള്ള , ദേവി, സേതു ലക്ഷ്മി, വേണു ജി വടകര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.