ശിൽപ നിരവിൽപുഴ
Movie : Ready or not
ധനികനായ അലക്സിനെ വിവാഹം കഴിക്കുന്ന അനാഥയായ ഗ്രെയ്സ്. ആദ്യരാത്രി തന്നെ പക്ഷെ ഗ്രെയ്സിനെ വരവേറ്റത് കുടുംബം കാലങ്ങളായി തുടർന്നുപോന്ന വിശ്വാസങ്ങളുടെ മാറാപ്പാണ്.അതിനാവട്ടെ അവളുടെ ജീവന്റെ വിലയുണ്ട്.അതേയ്, ചില വിശ്വാസങ്ങളുണ്ടല്ലോ?വർഷങ്ങളായി പാരമ്പര്യമെന്നും സംസ്കാരമെന്നുമൊക്കെ പറഞ്ഞ് ചുമ്മാ പിന്തുടർന്നു പോവുന്ന ആചാരങ്ങൾ,.വിട്ടുകളയാൻ മനസില്ലാതെ അവയൊക്കെ ഉന്തിവലിച്ചു കൊണ്ടുപോവുന്നത് ഒട്ടുമിക്കവയും അനാചാരങ്ങളാണെന്ന് അറിയാഞ്ഞിട്ടാണോ അതോ അറിയാത്ത പോലെ നടിക്കുന്നത് എളുപ്പമായത് കൊണ്ടാണോ?
നിഷ്കളങ്കമായി അവയൊക്കെ ആർക്കും കേടില്ലാത്ത പാവം പാവം വിശ്വാസങ്ങളല്ലേ എന്നൊരു ചിരി ഉണ്ടല്ലോ.എട്ടായി മടച്ചു പെട്ടിയിൽ പൂട്ടിവച്ചോ.വിശ്വാസങ്ങൾ കൊണ്ട് മുറിവേറ്റ,ക്രൂരമായി മുറിവേല്പിക്കപ്പെട്ടവരുടെ കഥകൾ വെറും കഥകളല്ലെന്ന് എനിക്കും നിങ്ങൾക്കുമറിയാമല്ലോ.
Ready or not ത്രില്ലറാണോ എന്ന് ചോദിച്ചാൽ,ആക്ഷേപഹാസ്യമാണോ എന്ന് ചോദിച്ചാൽ,!ഇതൊക്കെ അതിലുണ്ടെന്ന് വേണമെങ്കിൽ പറയാം.പ്രതീക്ഷിക്കും വിധമൊരു ക്ലൈമാക്സ് സിനിമ തന്നില്ലെന്നതാണ് വാസ്തവം.അതൊരു തരത്തിൽ സിനിമ പറഞ്ഞു വക്കുന്ന രാഷ്ട്രീയത്തോട് നീതി പുലർത്താതിരുന്നിട്ടുണ്ടോ എന്ന ചർച്ചകൾ പലയിടങ്ങളിലായി കണ്ടിരുന്നു.
അതേതായാലും,കണ്ടുതീരുമ്പോൾ സ്വയമേ ഒന്നളന്ന് നോക്കിയാൽ നല്ലതാണ്.ഇതുപോലെ എത്രവട്ടം സ്വയം വിഡ്ഢികളായിട്ടുണ്ടെന്ന് ഒന്നെണ്ണി നോക്കുകയെങ്കിലും ചെയ്യാമല്ലോ.സിനിമയിലേറ്റവും ഇഷ്ടപ്പെട്ട രണ്ടുമൂന്നു സീനുകളുണ്ട്.
Jorge എന്ന കൊച്ചുപയ്യനോട്
“why would you do that?”
എന്ന് ചോദിക്കുമ്പോൾ അവന്റെ മറുപടി
“That’s what everyone else is trying to do.”
ഈ ഒരു തിരിച്ചറിവുണ്ടല്ലോ, മിനിമം അതെങ്കിലും എല്ലാർക്കുമുണ്ടായാൽ എന്ത് നന്നായേനെ.ചെയ്യുന്ന പല മണ്ടത്തരങ്ങളിലും എന്തിനാണ് ഇത് ചെയ്യുന്നത് എന്നൊരൊറ്റ ചോദ്യത്തിൽ ഉത്തരമില്ലാതാവും.ചോദിക്കാൻ തയ്യാറാവണം എന്ന് മാത്രം.
ആത്യന്തികമായി ബഹുഭൂരിപക്ഷം മനുഷ്യരും സ്വാർത്ഥരാണ് എന്ന് കൂടി സിനിമ പറഞ്ഞുവക്കുന്നുണ്ടെന്നാണ് തോന്നിയത്.അതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടെന്ന് മാത്രം. എപ്പോഴും പറയുന്നത് പോലെ, തിരിച്ചു പറയാൻ,ചോദിക്കാൻ,പൊരുതാൻ ഒന്നോ രണ്ടോ പേരുണ്ടെങ്കിൽ ഈ പറഞ്ഞ അന്ധവിശ്വാസങ്ങളുടെ പടുകൂറ്റൻ കോട്ടയുണ്ടല്ലോ,അത് വീണ് തകർന്ന് തരിപ്പണമാവുക തന്നെ ചെയ്യും.
“I knew that at some point,somebody has to burn it all down.Never thought it would be me.”
ഡാനിയൽ പറയുന്നതാണ്!ആരെങ്കിലും ഏതെങ്കിലുമൊരു നേരത്ത് ഒന്ന് മറിനടന്നാൽ എത്ര ചരിത്രങ്ങൾ തിരുത്തി എഴുതപ്പെട്ടേനെ,ല്ലേ.അവസാനം സ്റ്റെപ്പിലിരുന്നു തന്റെ മുഖത്ത് പതിഞ്ഞ ചോരക്കറ പോലും തുടച്ചു മാറ്റാതെ കൂളായൊരു സിഗരറ്റ് വലിക്കുന്ന ഗ്രെയ്സ്!ആ സീൻ,എന്റെ സാറേ..!
അപ്പോൾ,വേണമെങ്കിൽ കണ്ട് നോക്കുക.ഇഷ്ടപ്പെടുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല.ഒന്ന് ചിന്തിക്കാൻ കഴിയും,തീർച്ച.!