മലയാള മണമുള്ള സിനിമകൾ സത്യൻ അന്തിക്കാടിന് ശേഷവും തുടരും എന്ന് ആദ്യ ചിത്രത്തിലൂടെ മകൻ അനൂപ് തെളിയിച്ചു

150
സാനി മേരി ജോൺ
“വരനെ ആവശ്യമുണ്ട് “
മലയാളത്തിന്റെ മണമുള്ള ചിത്രങ്ങൾ എടുക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സീമന്ത പുത്രൻ അനൂപ് സത്യൻ ,അച്ഛന്റെ പാതയിലേക്ക്. സ്വന്തമായി കഥയും തിരക്കഥയും രചിച്ചു അനൂപ് സത്യൻ തന്റെ കന്നി ചിത്രം സംവിധാനം ചെയ്തപ്പോൾ ചിത്രത്തിന്റെ പേര് “ വരനെ ആവശ്യമുണ്ട്” . പോസ്റ്ററുകളിൽ തിളങ്ങുന്ന രണ്ടു നായികമാർ. കല്യാണ പ്രായത്തിലെത്തിയ കല്യാണി പ്രിയദർശനും കല്യാണ പ്രായം കഴിഞ്ഞ പ്രിയ നായിക ശോഭനയും. ആർക്കായിരിക്കാം വരനെ ആവശ്യം?
കഥയിലേക്ക് കടക്കുന്നില്ല.. കാരണം സിനിമ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നു. ചിത്രത്തിലെ മുഖ്യ കഥാപാത്രത്തിൽ ഒന്നിനെ അവതരിപ്പിച്ച ദുൽഖർ സൽമാൻ ചിത്രത്തിന്റെ നിർമ്മാതാവാണ്. വെറുതെ പണികൊടുക്കേണ്ട.
Image result for varane avashyamund posterഒരുപാടു നാളുകൾക്കു ശേഷമാണു സുരേഷ് ഗോപി സിനിമയിൽ. സിനിമയിൽ മനം കവരുന്നതും സുരേഷ് ഗോപി തന്നെ. മേജർ ഉണ്ണികൃഷ്ണൻ എന്ന ഒറ്റയാൻ സുരേഷ് ഗോപിയുടെ കൈയിലും മെയ്യിലും ഭദ്രം. പുള്ളിക്കാരൻ പറയുന്ന പോലെ “എവറസ്റ്റ് കീഴടക്കാൻ എന്തൊരു എളുപ്പമാണ്. പക്ഷെ ഉള്ളിലെ ഇഷ്ടം ഒരാളോട് പറയാൻ എന്തൊരു ബുദ്ധിമുട്ടും”. ഇപ്പോൾ ആളുടെ സ്വഭാവം കുറച്ചു പിടികിട്ടിയില്ലേ ?
അനുപ് സത്യൻ ശോഭനയുടെ വലിയ ആരാധകനാണെന്നു തോന്നുന്നു. നാഴികക്ക് നാൽപതു വട്ടം ഓരോ കഥാപാത്രങ്ങളെ കൊണ്ട് “ടീച്ചർ സുന്ദരിയാണ് “എന്ന് പറയിക്കുന്നുണ്ട്. അത് പറയേണ്ട ആവശ്യമില്ല. സിമ്പിൾ കോട്ടൺ സാരിയുടുത്തു, കൈ നീളൻ ബ്ലൗസുമിട്ടു ശോഭന അടിപൊളി സ്റ്റൈലിലാണ്. “പ്രണയിക്കാത്തതു കൊണ്ടാണ് നിനക്ക് കാര്യങ്ങൾ മനസിലാവാത്തതെന്നു “സ്വന്തം മകളുടെ മുഖത്തു നോക്കി പറയുന്ന ‘അമ്മ. ജീവിതത്തിൽ പ്രണയം കാത്തു സൂക്ഷിച്ചാൽ മാത്രമേ ജീവിക്കാൻ ഒരു സുഖമുള്ളൂ. എന്തായാലും ശോഭനയുടെ നീന കലക്കി. പണ്ട് മുതലേ നല്ല ഡ്രസിങ് സെൻസുള്ളത് കൊണ്ട് ശോഭനയെ കണ്ടിരിക്കാൻ രസമാണ്. എന്താ ഉയരം ! എന്താ ഫിഗർ !
കല്യാണി പ്രിയദർശന്റെ ആദ്യ ചിത്രമാണ് വരനെ ആവശ്യമുണ്ട്. നല്ല മുഖശ്രീയും അതി ഭാവുകത്വമില്ലാത്ത അഭിനയവും കൊണ്ട് സീനിയർ താരങ്ങൾക്കൊപ്പം കല്യാണി മിന്നി തിളങ്ങി. നിർമാതാവായ ദുൽഖർ സിനിമയുടെ രണ്ടാം പകുതിയിലാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ദുൽഖറിന്റെ കാമുകിയായി വരുന്ന വഫ എന്ന പെൺകുട്ടി അതിസുന്ദരിയാണ്. ഏതാണീ പെൺകുട്ടി എന്ന് അന്വേഷിച്ചു അന്വേഷിച്ചു ഒടുവിൽ കണ്ടു പിടിച്ചു. നമ്മുടെ റൊമാന്റിക് ഹീറോ റഹ്മാന്റെ മകൾ വഫ റഹ്മാൻ (അതെ, ഒരു മധുര കിനാവിൻ റഹ്മാൻ). വഫ ഇനി അഭിനയിക്കുമോ എന്തോ..എന്തായാലും സുന്ദരിയാണ്. അഭിനയവുമുണ്ട്.
Image result for varane avashyamund posterഡോക്ടർ ഷേർളിയായി ഉർവ്വശിയുണ്ട്. ആകാശവാണി എന്ന കഥാപാത്രമായി ലളിതയും. രണ്ടു പേരും തങ്ങളുടെ കഥാപാത്രത്തെ സൂപ്പറാക്കി എന്ന് പറയേണ്ട ആവശ്യമില്ല. ഡോക്ടർ ബോസ് എന്ന മനഃശാസ്ത്രന്ജന്റെ റോളിൽ സംവിധായകൻ ജോണി ആന്റണി അതിശയിപ്പിച്ചു.സുരേഷ് ഗോപിയുമായുള്ള കോംബോ സീനുകൾ കൊമേഡിയാണ് . (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും സംവിധായകനുണ്ട്. ഇനി അഭിനയം ധൈര്യപൂർവം തുടരാം ) ലാലു അലക്സ്, മേജർ രവി, ലാൽ ജോസ് തുടങ്ങിയ പ്രമുഖരും പേരറിയാത്ത ഒട്ടനവധി പുതുമുഖങ്ങളും സിനിമയിലുണ്ട്.
കേട്ടിരിക്കാവുന്ന പാട്ടുകൾ കൊണ്ട് സമ്പന്നമാണ് ചിത്രം. അൽഫോൻസ് ജോസഫാണ് സംഗീത സംവിധാനം.
കഥയിൽ പുതുമയില്ലെങ്കിലും കഥാപാത്രങ്ങളെക്കൊണ്ടും അഭിനേതാക്കളെ കൊണ്ടും ചിത്രത്തിന് ഫ്രഷ്നെസ്സ് അനൂപ് സത്യൻ കൊണ്ടുവന്നിട്ടുണ്ട്. കഥയുടെ ക്ലൈമാക്സ് എന്താവുമെന്ന് രണ്ടാം പകുതിയുടെ തുടക്കത്തോടെ പ്രേക്ഷകന് മനസ്സിലാവുന്നു. അതോടെ കഥയുടെ ഗതി ഒന്നിടിയുന്നിടത്തു അപ്രതീക്ഷിതമായി സിനിമ അവസാനിക്കുന്നു. ശോ .. സുരേഷ് ഗോപിയും ശോഭനയും എന്തൊരു മാച്ചായിരുന്നു.. നമ്മളെന്തെല്ലാം പ്രതീക്ഷിച്ചു. പക്ഷെ സംവിധായകൻ ഇത്രയും കണ്ടാൽ മതിയെന്ന് പറഞ്ഞു പടമവസാനിപ്പിക്കുമ്പോൾ തിയേറ്റർ വിടാതിരിക്കാൻ നിവർത്തിയില്ല.
അനുപ് സത്യൻ നിരാശപ്പെടുത്തുന്നില്ല. മലയാള മണമുള്ള സിനിമകൾ സത്യൻ അന്തിക്കാടിന് ശേഷവും തുടരും എന്ന് ആദ്യ ചിത്രത്തിലൂടെ അനൂപ് തെളിയിച്ചു. എന്തായാലും കക്ഷിയുടെ അടുത്ത സിനിമക്കും ധൈര്യപൂർവ്വം ടിക്കറ്റെടുക്കാം.
വാൽക്കഷ്ണം : ഏതാണ്ട് സമപ്രായക്കാരാണ് ഉർവ്വശിയും ശോഭനയും. കല്യാണവും തുടർന്നുള്ള പ്രസവവും ജീവിതവുമെല്ലാം നല്ലൊരു ശതമാനം സ്ത്രീകളെ എങ്ങിനെ ബാധിക്കുന്നുവെന്ന് ഉർവശിയെ കണ്ടാലറിയാം. ഇപ്പോൾ ശോഭന എങ്ങിനെ സുന്ദരിയായി എന്ന് ഞാൻ പറയേണ്ട ആവശ്യമേയില്ല. **