ഓസ്കർ വേദിയിലെ കയ്യാങ്കളിക്ക് ശേഷം ഉണ്ടായ വിവാദങ്ങൾക്കു കണക്കില്ല. ഭാര്യയെ ബോഡി ഷെയ്മിങ് ചെയ്തതിന്റെ പേരിൽ വിഖ്യാത നടൻ വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. അടി കൊടുത്തത് നന്നായി എന്ന് അഭിപ്രായമുള്ളവരും സ്മിത്ത് ചെയ്തത് ശരിയായില്ല എന്ന് അഭിപ്രായമുള്ളവരും ഉണ്ട്.
അതിനിടെ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്‍റ് ആര്‍ട്ടില്‍ നിന്നും വിൽ സ്മിത്ത് രാജിവച്ചു. സ്മിത്തിനെതിരെയുള്ള അച്ചടക്ക നടപടി ഏപ്രിൽ 18ന് ചർച്ച ചെയ്യാനിരിക്കെയാണ് നടപടി. അക്കാദമി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ സാധിച്ചില്ല എന്നും തന്റെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതും വേദനയുളവാക്കുന്നതും ആണെന്നും സ്മിത്ത് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ സ്മിത്തിന്റെ രാജി സ്വീകരിച്ചതായും അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകുമെന്നും ഫിലിം അക്കാദമിയുടെ പ്രസിഡന്റ് ഡേവിഡ് റൂബിൻ പറഞ്ഞു.