വീനസ് ഫ്ലൈ ട്രാപ്പ് : സസ്യലോകത്തെ ഒരു വാസ്തുവിദ്യാ പ്രതിഭ
Mridula Narayanan
സസ്യലോകം വിസ്മയകരമാണെന്ന് എല്ലാവർക്കും അറിയാം. അതിലെ ഒരംഗം ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചുകൊണ്ടിക്കുന്ന കാര്യമാണിവിടെ പറയുന്നത്. ഡയോനിയ മസ്സിപുല എന്നറിയപ്പെടുന്ന വീനസ് ഫ്ലൈട്രാപ്പ് പണ്ടേ ശാസ്ത്രജ്ഞരുടെ മനം കവർന്നതാണ്. ഡ്രോസെറേസി കുടുംബത്തിൽ പെടുന്ന ബഹുവർഷിയായൊരു മാംസഭോജി സസ്യമാണിത്.
ഈ സസ്യങ്ങളെക്കുറിച്ചുള്ള പൊതുവിജ്ഞാനം, സ്കൂൾ കാലം മുതലേ കേൾക്കുന്ന, അവയ്ക്ക് ജീവജാലങ്ങളെ ഇലകളാകുന്ന കെണികളിലൂടെ കുടുക്കാനും ഭക്ഷണമാക്കാനും കഴിയും എന്നതിനപ്പുറം പോകുന്നില്ല. ഈ സസ്യ സ്വഭാവത്തിന്റെ ജൈവരാസപരമായ അടിത്തറ ഒരു രഹസ്യമായി തുടർന്നുപോരുന്നു.
വാസ്തുവിദ്യാപരമായ പ്രത്യേകതകൾ ഈ ചെടിയുടെ സജീവതയെ സൂചിപ്പിക്കുന്നു. രസകരമെന്നു പറയട്ടെ, ചെടിയുടെ മുൻകരുതൽ അതിന്റെ പൂക്കളുടെ സ്ഥാനത്തിലാണ് കാണപ്പെടുന്നത്. ചെടിയുടെ വെളുത്ത പൂക്കൾ, കെണികളിൽ നിന്ന് ഏകദേശം 30 സെന്റീമീറ്റർ അകലെ, കുത്തനെയുള്ള തണ്ടിന്റെ അഗ്രത്തിലാണ് വിരിയുന്നത്. സുരക്ഷിതമായ പരാഗണം അതുവഴി സസ്യത്തിന്റെ നിലനിൽപ്പ് എന്നിവ ഉറപ്പാക്കുന്നതിൽ ഇവ കാണിക്കുന്ന കരുതൽ പ്രശംസനീയമാണ്. പരാഗണം സാധ്യമാക്കുന്ന ജീവികൾ അബദ്ധത്തിൽ കെണിയിൽപ്പെടാതെ നോക്കണമല്ലോ. മനുഷ്യരാശിയുടെ ഭാവി ഗവേഷണങ്ങൾക്കും നവീകരണ പ്രക്രിയകൾക്കും ഈ സസ്യമൊരു വഴികാട്ടിയാണെന്ന് സമീപകാല ഗവേഷണ ഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കെണിയടയാൻ വേണ്ട ട്രിഗറുകളുടെയോ വൈദ്യുത സിഗ്നലുകളുടെയോ അളവ് ‘എണ്ണാനും’ ‘ഓർമ്മിക്കാനും’ ഇവക്ക് കഴിയുമെന്നു മാത്രമല്ല ഇരയുടെ വലുപ്പവും പോഷക ഉള്ളടക്കവും നിർണ്ണയിക്കാൻ പോലും കഴിയുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സങ്കീർണ്ണമായ ദഹനപ്രക്രിയയ്ക്കായി ഊർജ്ജം ചെലവഴിക്കുന്നത് മൂല്യവത്താണോ എന്ന് വിവേചിച്ചറിയാൻ ഇത് അവരെ പ്രാപ്തരാക്കുന്നു. ഈ എണ്ണൽ സമ്പ്രദായവും ഹ്രസ്വകാല ഓർമ്മശക്തിയും രുചികരമായ ഭക്ഷണവും ‘വ്യാജ ഭക്ഷണവും’ തമ്മിൽ വേർതിരിച്ചറിയാൻ അവരെ സഹായിക്കുന്നു. ഈ ചെലവ്-ആനുകൂല്യ അനുപാതം സന്തുലിതമാക്കുന്ന ലാഭകരമായ വേട്ടയാടലുകൾ അവർ തിരഞ്ഞെടുക്കുന്നുണ്ടത്രേ. ഇവയുടെ കെണികളുടെ പ്രവർത്തനം ശാസ്ത്രലോകം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.
ഇതുകൊണ്ടൊക്കെ മനുഷ്യർക്കെന്ത് ഗുണം എന്ന് അവഗണിക്കാൻ വരട്ടെ…
ഈ സസ്യങ്ങളുടെ കെണികളിലെ കാൽസ്യം മെക്കാനിസങ്ങൾ മനസ്സിലാക്കുന്നത് റോബോട്ടിക്സിലെയും ഡാറ്റ സ്റ്റോറേജ് സിസ്റ്റങ്ങളിലെയും സാങ്കേതിക നവീകരണത്തിന് വിലപ്പെട്ട മുതൽക്കൂട്ടായിരിക്കും എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സസ്തനികളുടെ മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസ് മേഖലയിൽ എങ്ങനെ ഹ്രസ്വകാല ഓർമ സ്റ്റോർ ചെയ്യപ്പെടുന്നുവെന്ന് മനസ്സിലാക്കാനും ഈ അറിവ് സഹായിക്കുന്നു.
”ഫ്ലൈകാച്ചർ 1” പ്രോട്ടീന്റെ ഘടനാ പര്യവേക്ഷണം ടച്ച് സെൻസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട് സമാന പ്രോട്ടീനുകൾ മനുഷ്യരിലും മൃഗങ്ങളിലും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ഗവേഷകരെ സഹായിക്കും.
ട്രാപ്പുകളുടെ പ്രവർത്തന തത്വങ്ങൾക്ക് റോബോട്ടിക്സ് ഉൾപ്പെടെയുള്ള ബയോ ഇൻസ്പൈർഡ് വർക്കിംഗ് ആശയങ്ങളിൽ സ്ഥാനം കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന്, അതിലോലമായ വസ്തുക്കൾ പിടിച്ചെടുക്കാൻ സസ്യ പ്രചോദിത റോബോട്ടുകളോ ബയോ ഹൈബ്രിഡുകളോ നിർമിക്കാം. വ്യാവസായിക പ്രക്രിയകളിൽ കൂടുതൽ സൂക്ഷ്മമായ ഓട്ടോമേറ്റഡ് ഹാൻഡ്ലിംഗ് ആവശ്യമുള്ള അത്യാധുനിക ഉപകരണങ്ങളുടെയും പ്രോസ്തെറ്റിക്സിന്റെയും വികസനത്തിന് ഈ കണ്ടെത്തൽ കാരണമാകും.
വേണ്ടവിധം ഉപയോഗപ്പെടുത്താത്ത ഒരു കൺസെപ്റ്റ് ജനറേറ്ററായി മറ്റു പല സസ്യങ്ങളെയും പോലെ ഇതും തുടരുന്നു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ അനുരൂപമായ “പ്രതിരോധശേഷിയുള്ളതും ജീവനുള്ളതുമായി” കണക്കാക്കാവുന്ന ബുദ്ധിയുള്ള ബയോമിമെറ്റിക് സിസ്റ്റങ്ങൾ സൃഷ്ടിക്കാൻ ഇവ പ്രചോദനം നൽകും. ഭാവിയിൽ സ്വയംഭരണാധികാരമുള്ള ഗ്രിപ്പറുകൾ, സസ്യ പ്രചോദിത റോബോട്ടുകൾക്കുള്ള കുറഞ്ഞ മെയിന്റനൻസ് മാത്രമാവശ്യമുള്ള സോളാർ ഹാർവെസ്റ്ററുകൾ, സെൽഫ് ചാർജിംഗ് സെൻസറുകൾ, സ്മാർട്ട് ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, എനർജി ഹാർവേസ്റ്ററുകൾ, ലോ-എനർജി കെട്ടിടങ്ങൾക്ക് അഡാപ്റ്റീവ് ഷേഡിംഗ്, എന്തിനു സുസ്ഥിരമായ ആർക്കിടെക്ചർ പോലും ഈ സസ്യത്തിന്റെ ഘടനാപരവും പ്രവർത്തനപരവുമായ തത്വങ്ങൾ അടിസ്ഥാനപ്പെടുത്തി ഉയർന്നു വരുമെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു