ചൈനയിൽ വൈറസ് പടർന്നത് ചൈനീസ് പൊളിറ്റിക്കൽ സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് വിമർശിക്കുമ്പോൾ ജനാധിപത്യ ഇറ്റലിയിലോ ?

0
166
Mrinal Cheruvoor
ചൈനയിൽ കൊറോണ പടർന്നു തുടങ്ങുന്ന സമയത്ത് തന്നെ വന്ന ചില ‘നിരീക്ഷണങ്ങൾ’ ഓർമ്മ ഉണ്ടാകും. വൈറസ് പടർന്നത് ചൈനീസ് പൊളിറ്റിക്കൽ സിസ്റ്റത്തിന്റെ കുഴപ്പമാണ്, ചൈനീസ് സർക്കാർ നിർമ്മിച്ച ദുരന്തമാണ് എന്നൊക്കെ വളരെ ആധികാരികം എന്നോണം തന്നെ വാൾ സ്ട്രീറ്റ് ജേർണൽ മുതൽ ഇക്കണോമിസ്റ്റ് വരെയുള്ള ലിബറൽ പ്രൊപ്പഗാണ്ട മൗത്പീസുകൾ എഴുതി പിടിപ്പിച്ചു. അതിനു ഇങ്ങു കേരളത്തിലും വായനക്കാരുണ്ടായി. എത്ര ദുരുദ്ദേശപരം ആണെന്ന് നോക്കണം. അധികമൊന്നും പരിചയം ഇല്ലാത്ത പുതിയ ഒരു വൈറസ്, അതെങ്ങിനെയൊക്കെ പടരുന്നു എന്ന് അറിവില്ല, അതിന്റെ പ്രത്യേകതകൾ എന്ത് എന്ന് അറിയില്ല, ഇൻകുബേഷൻ പിരീഡിൽ പടരും എന്ന് തന്നെ മനസിലാക്കുന്നത് പിന്നീടാണ്, അപ്പോഴേക്കും ഒരുപാട് പേരിലേക്ക് രോഗം പടർന്നിരുന്നു. എങ്കിലും ഇതൊന്നും പറയാതെ, ലിബറൽ പ്രൊപ്പഗാൻഡിസ്റ്റുകൾ ഇത് രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായാണ് ഉടനടി കണ്ടത്! തുടരെ തുടരെ ഒരു ദുരന്തത്തെ രാഷ്ട്രീയമായി മുതലെടുത്ത് ആ നറേറ്റിവ് കിട്ടുന്നിടത്തൊക്കെ കയറ്റി വിടുകയും ചെയ്തു.
ഇന്ന് കൊറോണ വൈറസിനെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം. അതിനെ പ്രതിരോധിക്കാവുന്ന രീതി തന്നെ ചൈനീസ് പരിശ്രമത്തിൽ നിന്ന് മനസിലാക്കാം. ലോകാരോഗ്യ സംഘടന അതിൽ നിന്നുള്ള പാഠങ്ങളും ലോക രാജ്യങ്ങൾ എങ്ങിനെ ചൈനയെ മാതൃകയാക്കണം എന്നും വിശദമായ റിപ്പോർട്ട് തയ്യാറാക്കി. എന്നിട്ടും ഇന്ന് ഇറ്റലിയിൽ കൊറോണ പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ ആയിരം പേർ മരിക്കുകയും പതിനയ്യായിരത്തിലധികം ആൾക്കാർക്ക് രോഗം സ്ഥിതീകരിക്കുകയും ചെയ്തു. വടക്കൻ ഇറ്റലിയിലെ പ്രവിശ്യയിൽ ആണ് ആദ്യം വന്നതെങ്കിലും ചൈനയിലെ പോലെ അവിടെ തടഞ്ഞു നിർത്താൻ അവർക്കായില്ല, രാജ്യം മുഴുവൻ പടർന്നു. മാത്രവുമല്ല ചൈന ചെയ്ത പോലെ വലിയ രീതിയിൽ ഡോക്ടർമാരെയും ഹെൽത് കെയർ പ്രൊവൈഡേഴ്സിനെയും വിന്യസിപ്പിക്കാനോ പുതിയ ആശുപത്രികൾ തന്നെ കെട്ടാനോ ഒന്നും ഇറ്റാലിയൻ സർക്കാരിന് സാധിക്കുന്നും ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഇത് ഇറ്റാലിയൻ പൊളിറ്റിക്കൽ സിസ്റ്റത്തിന്റെ വീഴ്ചയോ ലിബറലിസത്തിന്റെ കുറ്റമോ എന്നു പറയുന്ന ഒരു ലേഖനമോ വിശകലനമോ എങ്കിലും ലിബറൽ മാധ്യമങ്ങളിൽ ആരെങ്കിലും കണ്ടതായുണ്ടോ?
ദുരന്തങ്ങളെ രാഷ്ട്രീയമായി മുതലെടുക്കുക എന്നത് എന്നും ലിബറൽ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്. ദുരന്തത്തെ നേരിടുന്ന കാര്യത്തിലെ പ്രശ്നങ്ങൾ അല്ല, ദുരന്തം തന്നെ മനുഷ്യ സൃഷ്ടിയാണ് എന്ന് പറഞ്ഞുവച്ചുകളയും! ഏതു ദുരന്തത്തിനോടുള്ള പ്രതികരണത്തിന്റെ കാര്യത്തിലും പിന്നോട്ട് നോക്കി അങ്ങിനെ ചെയ്‌താൽ എന്താകുമായിരുന്നു എന്ന് കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആർക്കും ചോദിക്കാം, പഴി ചാരാം. എളുപ്പമുള്ള കാര്യമാണ്. എന്നാൽ ഇടതു പക്ഷ ഭരണങ്ങൾ ഉള്ള ഇടങ്ങളിൽ ഇവയെ പർവ്വതീകരിച്ചു ‘മനുഷ്യ നിർമ്മിത ദുരന്തം’ എന്ന് മാറ്റുകയും വലതു പക്ഷ ഭരണങ്ങൾ ഉള്ള ഇടങ്ങളിൽ പ്രകൃതി ദുരന്തത്തോട് മല്ലടിക്കുന്ന സർക്കാർ എന്ന് മാത്രം എഴുതുകയും ചെയ്യുന്ന ലിബറൽ മാധ്യമങ്ങളുടെ ഹിപ്പോക്രിസി എടുത്തു പറയേണ്ടതുണ്ട്!