വിവാഹ സൽക്കാരങ്ങളിലേക്ക്,വിരുന്നുകളിലേക്ക്,ബന്ധു-സുഹൃത്ത് സംഗമങ്ങളിലേക്ക് ഒക്കെ കടന്ന് ചെല്ലുമ്പോൾ എന്നെ എതിരേൽക്കുന്ന അഞ്ച് ചോദ്യങ്ങൾ ഉണ്ട്

150
മൃദുല രാമചന്ദ്രൻ
വിവാഹ സൽക്കാരങ്ങളിലേക്ക്,വിരുന്നുകളിലേക്ക്,ബന്ധു-സുഹൃത്ത് സംഗമങ്ങളിലേക്ക് ഒക്കെ കടന്ന് ചെല്ലുമ്പോൾ എന്നെ എതിരേൽക്കുന്ന അഞ്ച് ചോദ്യങ്ങൾ ഉണ്ട്.
ചോദ്യം1.”അയ്യോ,എന്താ ഒന്നും കഴിക്കാരില്ലേ?മെലിഞ്ഞു എല്ലും,തോലും ആയല്ലോ…”
ചോദ്യം 2.”മുടി ഒക്കെ കൊഴിഞ്ഞു പോയി ഒന്നും ഇല്ലാതായീലോ…വെപ്പ് മുടി വയ്ക്കാരുന്നില്ലേ??”
ചോദ്യം 3.”ഇത്ര ചെറുപ്പത്തിൽ തന്നെ ആകെ നരച്ചു ലോ…ഒന്നു കറുപ്പിച്ചൂടേ…??”
ചോദ്യം 4:” പല്ലിന് ക്ലിപ്പ് ഇട്ടൂടെ??പല്ല് പൊന്തുന്നുണ്ടല്ലോ….”
ചോദ്യം 5: “ഉടുക്കാൻ ഈ സാരിയെ കിട്ടിയുള്ളൂ? എന്നാൽ പോട്ടെ ഇത് ഇത്തിരി വൃത്തിയിൽ ഒക്കെ ഉടുക്കാം ആയിരുന്നില്ലേ??”
ഈ അഞ്ചു ചോദ്യവും കഴിഞ്ഞാൽ ഞാൻ എന്റെ എല്ലിച്ചു, മെലിഞ്ഞ ശരീരവും,കൊഴിഞ്ഞു നരച്ച മുടിയും,പൊന്തുന്ന പല്ലും,അലങ്കോലം ആയി ഉടുത്ത കോട്ടൻ സാരിയും ആയി ചോദ്യം ചോദിച്ച ആളെ നോക്കി സ്നേഹത്തോടെ ചിരിക്കും…ആത്മവിശ്വാസത്തോടെ,അഭിമാനത്തോടെ,ജീവിതത്തെ ഓരോ നിമിഷവും സ്നേഹിക്കുന്ന ഒരാളുടെ ചിരി.മറ്റുത്തരങ്ങൾ ഒന്നും തന്നെ എനിക്കില്ല.
കാരണം,ഞാൻ കേൾക്കുകയും,കാണുകയും,ശ്വസിക്കുകയും,അനുഭവിക്കുകയും,സ്നേഹിച്ചലങ്കരിച്ചു കൊണ്ട് നടക്കുകയും ചെയ്യുന്ന ഈ ശരീരം എനിക്ക് വേണ്ടി തിരഞ്ഞെടുത്തത് ഞാൻ അല്ല. അങ്ങനെ ഒരു തിരഞ്ഞെടുപ്പ് സാധ്യം ആണെങ്കിൽ,ഒരു പക്ഷെ നാം എല്ലാവരും ഐശ്വര്യ റായിയുടെ ഉടലഴകും,ശ്രേയ ഘോഷാലിന്റെ മൊഴിയഴകും തിരഞ്ഞു എടുത്തേനെ!!(ആരാണ് സൗന്ദര്യം ആഗ്രഹിക്കാത്തത്??).പക്ഷെ,നമ്മുടെ ഉയരം,വണ്ണം,നിറം,മുടി,അംഗ വടിവുകൾ ,ശബ്ദം ഇതൊന്നും നാം തിരഞ്ഞു എടുക്കുന്നത് അല്ല. ജനിതകങ്ങളിലൂടെ നമുക്ക് സിദ്ധിക്കുന്നതും,ജീവിതാവസ്ഥകളിലൂടെ ശക്തിപ്പെടുകയോ,ശോഷിക്കുന്നവയോ ചെയ്യുന്നവയാണ് നമ്മുടെ ശരീര സിദ്ധികൾ ഒട്ടു മിക്കവയും.
എന്റെ കൗമാര കാലത്ത്-ഒരു എട്ടാം ക്ലാസ് മുതൽ,കല്യാണം കഴിയുന്ന വരെ-ഞാൻ സ്ഥിരം കേട്ടിരുന്ന ചോദ്യം വേറെ ഒന്നായിരുന്നു “ഇത് എന്തൊരു തടിയാണ്!വണ്ണം കുറയ്‌ക്കാൻ വല്ലതും ചെയ്യണം ട്ടോ!ഇല്ലെങ്കിൽ കല്യാണം കഴിയാൻ ഒക്കെ ബുദ്ധിമുട്ട് ആകും.ഭക്ഷണം കുറച്ചാൽ മതി”.അന്നത്തെ ആ പൊണ്ണതടിക്കാരി ഇന്ന് നൂൽവണ്ണക്കാരിയായത് കാലത്തിന്റെ കളിതമാശ എന്നു കരുതാം.മുടിയും,പല്ലും,ഉടുപ്പും അന്നും,ഇന്നും പ്രതി കൂട്ടിൽ തന്നെ ആണ്…ആശ്വാസം.
പക്ഷെ,അന്ന് അത് കേൾക്കുമ്പോൾ എനിക്ക് ഒരിക്കലും ചിരിക്കാൻ കഴിഞ്ഞിരുന്നില്ല.കരച്ചിൽ വരികയും ചെയ്യുമായിരുന്നു.കരയാൻ പറ്റാത്ത സാഹചര്യങ്ങൾ ആയത് കൊണ്ട്,ഞാൻ എന്റെ കുഞ്ഞു കണ്ണുകൾ വിടർത്തി,വിടർത്തി പിടിച്ച്, കണ്ണീരിനെ തടയും.സ്വരം ഇടറുന്നത് ആരും അറിയാതിരിക്കാൻ മിണ്ടാതെ നിൽക്കും.ഒരു കൗമാരക്കാരിയുടെ ആത്മവിശ്വാസത്തെ തകർത്ത് എറിഞ്ഞു, അപകർഷതാ ബോധത്തിലേക്ക് വലിച്ചെറിയാൻ പോന്ന പ്രഹര ശേഷി ഉള്ളവയായിരുന്നു ആ വാക്കുകൾ പലതും.കാണാൻ ഭംഗി ഇല്ലാത്തത് കൊണ്ട് എന്നെ ആരും പരിഗണിക്കുകയില്ല എന്നും,സ്നേഹിക്കുകയില്ല എന്നും എല്ലായിടത്തും തോറ്റ് പോകും എന്നും ഞാൻ അന്ന് വാസ്തവമായും ഭയപ്പെട്ടു.പണവും,ഭംഗിയും ഇല്ലാത്തവൾക്ക് വാക്ക് എങ്കിലും കൂട്ടുണ്ടാകട്ടെ എന്ന് വെപ്രാളപ്പെട്ടു പഠിച്ചു.എന്ത് കൊണ്ടോ, എന്റെ ഈ കുറവ് ഒന്നും കണ്ണിൽ പെടാത്ത എന്റെ ഭർത്താവ് ആണ് എന്റെ ആത്മവിശ്വാസത്തിന്റെ പതാക ആകാശത്തോളം ഉയർത്തിയത്.
കൊല്ലത്തിൽ, ഒരു തവണ,ഓണത്തിന് മാത്രം അമ്മ വാങ്ങി തരുന്ന ഉടുപ്പുകൾ ഇടണം എന്നതായിരുന്നു കുട്ടിക്കാലത്തെ നിയമം.കല്യാണത്തിന് ഒരേ ഒരു സാരി ആണ് എടുത്തത്.വിവാഹത്തിന്റെ തലേ ദിവസം ഉള്ള ‘പുടവ തരൽ’ ചടങ്ങിനും,കല്യാണം കഴിഞ്ഞു നാലാം നാൾ ഉള്ള ‘ഗൃഹപ്രവേ ശ’ത്തിനും ഞാൻ അതേ സാരി ആണ് ചുറ്റിയത്.”രണ്ടു ചടങ്ങിനും എന്തേ ഒരേ സാരി ചുറ്റിയത്,വേറെ സാരി ഒന്നും ഇല്ലേ??” എന്നതാണ് എന്റെ ഭർതൃഗൃഹത്തിൽ ഞാൻ ആദ്യം കേട്ട ചോദ്യങ്ങളിൽ ഒന്ന്. സ്വന്തം ഇഷ്ടത്തിന് ഒരു ഉടുപ്പ് തിരഞ്ഞു എടുക്കുന്നത് കല്യാണം കഴിഞ്ഞിട്ടാണ്.ആ എനിക്ക്,എന്റെ അലമാരയിൽ ഉള്ള ഓരോ സാരിയും ഒരു അധിക സമ്മാനം ആണ്,ഈശ്വരനോട് ഉള്ള നന്ദിയാണ്.
ഒരു സോഷ്യൽ ഗാദറിങ്ങിൽ,നാലാൾ കേൾക്കെ തമാശക്കോ,സ്നേഹം കൊണ്ടോ ആണെങ്കിൽ കൂടി കുട്ടികളെ ” കറുമ്പാ,തടിയാ,നീളൻ കോലാ,കൊന്ത്രൻ പല്ലാ” എന്നൊക്കെ വിളിക്കുന്നവർ ഒന്നു മനസിലാക്കുക,നിങ്ങൾ അവരുടെ മനസിനെ വല്ലാതെ മുറിപ്പെടുത്തുന്നു.ആരും കാണാതെ ആ കുഞ്ഞുങ്ങൾ കണ്ണീർ ഒളിപ്പിക്കുന്നു. നിങ്ങൾ കാണുന്ന ഉടലിനപ്പുറത്തു,ചിന്തകളും,സ്വപ്നങ്ങളും,സിദ്ധികളും,ശേഷികളും ഉള്ളവരാണ് കുഞ്ഞുങ്ങൾ.അത് കണ്ടറിഞ്ഞ് അഭിനന്ദിച്ചില്ലെങ്കിൽ വേണ്ട. അവരുടെ കഴിവ് കേട് കൊണ്ടല്ലാതെ അവരിലുണ്ടായി പോയ കുറവുകളെ തിരഞ്ഞു പിടിച്ചു കളിയാക്കാതിരിക്കുക,അവരെ മുറിവേല്പിക്കാതെയിരിക്കുക.
Advertisements