പെണ്ണിന്റെ ഓരോ ചിരിയും ഒരു വലിയ കരച്ചിലിനെ തോല്പിച്ചിട്ടാണ്

78

Mrudhula Ramachandran

മനസുറപ്പ് കൊണ്ട് ജീവിക്കുന്ന ജീവിയുടെ പേര് പറയുക.

സോഷ്യൽ മീഡിയ നിറയെ കാലുകൾ ആണ്.സ്ത്രീകൾക്ക് കാലുകൾ ഉണ്ടെന്ന മഹാത്ഭുതം അവിടെ ആഘോഷിക്കപ്പെടുന്നു.പതിനെട്ട് വർഷം മുൻപ്, whatsapp നും, ഫേസ് ബുക്കിനും മുൻപുള്ള ആ പ്രാചീനകാലത്ത് , എനിക്ക് മുടിയുണ്ട് എന്ന് വിളിച്ചു പറയാൻ തോന്നിയ കാലത്തെ ഞാൻ ഓർക്കുന്നു.

അച്ഛനും, അമ്മയും രണ്ട് ആണ്മക്കളും ഉള്ള വീട്ടിലേക്ക് മൂത്ത മകന്റെ ഭാര്യയാണ് കയറി ചെല്ലുന്നത്.വയസ് ഇരുപത്.ഡിഗ്രി അവസാന വർഷ പരീക്ഷ കഴിഞ്ഞ് കൃത്യം ആറാം ദിവസം കല്യാണം.ഭർത്താവിന്റെ വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വൃത്തി ആയിരുന്നു .വർഷങ്ങളെ തോൽപ്പിച്ചു കൊണ്ട്, കറുത്ത ചാന്ത് മിനുക്കിയ നിലം കണ്ണാടി പോലെ മിന്നി കിടന്നു.അടുക്കു ചിട്ടകളുടെ അളവ് കോൽ തെറ്റിക്കാതെ എല്ലാ വസ്തുക്കളും സ്വസ്ഥാനങ്ങൾ സൂക്ഷിച്ചു.ആ വൃത്തിയുടെ മിനുപ്പിലേക്ക്‌ ആണ് എന്റെ മുടിയിഴകൾ കൊഴിഞ്ഞു വീണത്.കാലാ കാലങ്ങൾ ആയി കാത്തു സൂക്ഷിച്ച, ശുദ്ധി, വൃത്തികൾക്ക് ഭംഗം വരാതെ കാക്കാൻ ഞാൻ , ആകെയുള്ള ഇത്തിരി സ്ഥലത്തിന്റെ അതിരോളം പോയി നിന്ന് , എന്റെ ഇത്തിരിയോളം പോന്ന മുടി വേറിട്ടു.പക്ഷെ, എന്നെ ദയനീയമായി തോൽപ്പിച്ചു കൊണ്ട്, മുടിക്കകത്തും, കുളിമുറിയിലും എന്റെ ഭംഗിയില്ലാത്ത മുടി കൊഴിഞ്ഞു കൊണ്ടേ ഇരുന്നു. മുടി വലുതാകാൻ വേണ്ടി ഓർമ വച്ച കാലം തൊട്ട്, എന്റെ തലയിൽ കഞ്ഞുണ്ണി കാച്ചിയ വെളിച്ചെണ്ണ തേക്കാൻ നിഷ്കർഷിച്ച അമ്മൂമ്മയെ ഞാൻ ഓർത്തു.എന്തായാലും, ഇത്തിരി മാത്രമേ ഉള്ളൂ, അത് അപ്പാടെ വെട്ടികളഞ്ഞാലോ എന്നോർത്തു.അന്ന് വീടിന്റെ അകത്തു, മുടി വീണിട്ടുണ്ടോ എന്ന് നോക്കി നടക്കുന്ന കാലത്ത്, എന്റെ മനസിൽ ഒരു ഹാഷ്ടാഗ് ഉണ്ടായിരുന്നു, ഞാൻ പെണ്ണാണ്, എനിക്ക് മുടിയുണ്ട്.😊

കാലും, മുടിയും മാത്രമല്ല നല്ല ചങ്കുറപ്പും ഉണ്ട് പെണ്ണുങ്ങൾക്ക്.ചിലത് ഉള്ളതിന്റെ പേരിലും, ചിലത് ഇല്ലാത്തതിന്റെ പേരിലും സദാ കേൾക്കുന്ന പഴികൾക്ക് പരിചയാകുന്നതും, പിന്നെ ചിലപ്പോൾ, ചില ഗതി കിട്ടാ നേരത്ത് കൂർത്ത വാൾ ആകുന്നതും ആ കരളുറപ്പ് ആണ്.പകലന്തിയോളം പാടത്തും, കെട്ടിടം പണി സ്ഥലത്തും, ടാർ ഉരുകുന്ന റോഡിലും പണിയെടുത്ത് കിട്ടിയ പണം കൊണ്ട് വാങ്ങിയ റേഷനരി, കള്ള് കുടിച്ചു വന്ന് കെട്ടിയവൻ നിലത്തേക്ക് എടുത്ത് എറിഞ്ഞു കളയുന്ന രംഗത്തിന്റെ ആവർത്തനങ്ങൾ ഉണ്ടായിട്ടും , ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന പെണ്ണുങ്ങൾ….കത്തുന്ന സൂര്യനെക്കാൾ കടുപ്പം ഉള്ളവർ.

പഠിച്ചും, പാടുപെട്ടും, കഴിവും, അറിവും തെളിയിച്ചും സ്വന്തമാക്കുന്ന ഉയർന്ന പദവികളിൽ പെണ്ണ് ഇരിക്കുമ്പോൾ, ഇവൾ പെണ്ണ് അല്ലെ, ഇവൾക്ക് എന്തറിയാം എന്ന് പരിഹസിക്കുന്ന മേൽകോയ്മകളോട് നിരന്തരം പോരാടുന്നത് പെണ്ണിന്റെ ഉള്ളുറപ്പ് ആണ്…..
ഒറ്റയ്ക്കും, കൂട്ടമായും സ്വന്തം ശരീരത്തെ ആക്രമിച്ചവർ നിയമ പഴുതുകളുടെയും, പണത്തിന്റെയും, സ്വാധീനത്തിന്റെയും പേശി ബലങ്ങൾ കൊണ്ട് രക്ഷപെട്ടു , സുഖമായി ജീവിക്കുന്നത് കണ്ണിന്റെ മുൻപിൽ കണ്ടിട്ടും , അതേ ലോകത്ത് ജീവിച്ചിരിക്കാൻ മുറിവേറ്റവൾക്ക് കരുത്ത് ആകുന്നത് , തോൽക്കാത്ത മനസ് ആണ്…

മണ്ണോട് ചേർത്ത് ചവിട്ടിയ, കനത്ത കാൽ പാദങ്ങൾക്ക് അടിയിൽ നിന്ന് കുതറി എണീറ്റ് വന്ന്, നീതി ചോദിച്ചവളെ, പിന്നിൽ നിന്ന് കുത്തി, കാലു മാറുന്ന കൂലം കുത്തികളെ നേരിൽ കണ്ടിട്ടും ,അടി പതറാത്തത്, നെഞ്ചുറപ്പ് ആണ്…പ്രണയത്തിന്റെ ഒടുക്കം പെയ്യുന്ന ആസിഡ് മഴയിൽ തൊലിയും, മുഖവും ഉരുകി പോയിട്ടും ജീവിതത്തിലേക്ക് എഴുന്നേറ്റു വരുന്ന ഓരോ പെണ്ണും ഓരോ മഹായുദ്ധങ്ങൾ ഒറ്റക്ക് ജയിച്ചവർ ആണ്….

തിരക്കുള്ള ഇടങ്ങളിൽ, ഇരുൾ വീഴുന്ന നേരങ്ങളിൽ, ജീവിക്കുന്ന വീട്ടിൽ, സ്വന്തം എന്ന് മനസ് തുറന്ന് വിശ്വസിക്കുന്നവർക്കിടയിൽ, രോഗകിടക്കയിൽ….അങ്ങനെ എവിടെയും ആക്രമിക്കാൻ തക്കം പാർത്തു നിൽക്കുന്ന ആർക്ക് ഒക്കെയോ ഇടയിൽ, ജീവിച്ചു പോകുന്നത് മനസും, ആ മനസിന് നല്ല ഉറപ്പും ഉള്ളത് കൊണ്ടാണ്…പെണ്ണിന്റെ ഓരോ ചിരിയും ഒരു വലിയ കരച്ചിലിനെ തോല്പിച്ചിട്ടാണ്.