എനിക്കും, ഒബാമയ്ക്കും ഇടയ്ക്ക് എന്ത്?

0
74

മൃദുല രാമചന്ദ്രൻ.

എനിക്കും, ഒബാമയ്ക്കും ഇടയ്ക്ക് എന്ത്?

നവംബർ 3ന് , ഇത് എഴുതുന്ന ദിവസത്തിൽ നിന്നും നാലു ദിവസങ്ങൾക്ക് അപ്പുറം അമേരിക്കയിൽ പ്രസിഡന്റ് ഇലക്ഷൻ നടക്കുകയാണ്.അത് കൊണ്ടാണോ എന്തോ, ഞാൻ ബാരക് ഹുസൈൻ ഒബാമയെ ഓർക്കുന്നു.ഒരു കാര്യവും, കാരണവും ഇല്ലാതെ എന്റെ ഇഷ്ട്ട മനുഷ്യരിൽ ഒരാൾ ആയൊരാൾ ആണ് ഒബാമ.1982 ഇൽ ഞാൻ ജനിക്കുമ്പോൾ റൊണാൾഡ് റീഗൻ ആണ് അമേരിക്കയുടെ പ്രസിഡന്റ്.അത് കഴിഞ്ഞു സീനിയർ ബുഷ്, ജൂനിയർ ബുഷ്, അതിനിടക്ക് ബിൽ ക്ലിന്റൻ. തന്റെ പ്രസിഡന്റ് കാലത്ത് ഇന്ത്യ സന്ദർശിക്കുമ്പോൾ ഹോളി കളിച്ചു, നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന ബിൽ ക്ലിന്റൻ ചിത്രം ‘ മാതൃഭൂമി’ യിൽ നിന്ന് വെട്ടിയെടുത്ത് സൂക്ഷിച്ചത് ഇന്നും എന്റെ ശേഖരത്തിൽ ഉണ്ട്.

1983 ഇൽ ,കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാരാക് ഹുസ്സൈൻ ഒബാമ എന്ന അമേരിക്കയുടെ നാല്പത്തി നാലാമത്തെ പ്രസിഡന്റ് , ബിരുദം എടുത്ത് പുറത്തിറങ്ങുമ്പോൾ എനിക്ക് ഒരു വയസ് തികഞ്ഞിട്ടുണ്ടാവില്ല.കറുത്ത വർഗ്ഗക്കാരനെ ഇന്നും കഴുത്തിന് അമർത്തി കൊല്ലുന്ന, അമേരിക്ക പോലെ, വർണ വിവേചനം ആഴത്തിൽ വേരുറപ്പിച്ച ഒരു രാജ്യത്ത്, ഒബാമയെ പോലെ സങ്കീർണമായ കുടുംബ പശ്ചാത്തലം ഉള്ള ഒരു കുട്ടി അന്ന് അനുഭവിച്ചിരിക്കാവുന്ന പ്രശ്നങ്ങളുടെ എണ്ണവും, അളവും ഊഹിക്കാവുന്നതെ ഉള്ളൂ.അച്ഛനിൽ നിന്നും,അമ്മയിൽ നിന്നും അകന്ന്, പലയിടങ്ങളിൽ ആയി , ഏറെക്കുറെ തനിയെ ചെലവഴിച്ച ബാല്യ, കൗമാരങ്ങൾ ആണ് അദ്ദേഹത്തിനുള്ളത്.ആ കടും കാലങ്ങൾ താണ്ടി, അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ എത്തുമ്പോഴും , അതിന് വേണ്ടിയുള്ള രാഷ്ട്രീയ പയറ്റുകൾ കഴിഞ്ഞിട്ടും, ഒരു നല്ല മനുഷ്യന്റെ സ്നേഹാർദ്രതകൾ അദ്ദേഹത്തിൽ ബാക്കി ഉണ്ടായിരുന്നു എന്നതാണ് ബരാക്ക് ഒബാമയെ എനിക്ക് പ്രിയപ്പെട്ട ഒരാൾ ആക്കുന്നത്.

തന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന ജോ ബൈഡനും ആയി ഒബാമ പങ്ക് വച്ചിരുന്ന ആത്മ സൗഹൃദം ഒരു പക്ഷെ ലോക ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്ത ഒന്നാകാം.പ്രായത്തിൽ തന്നെക്കാൾ ഒരുപാട് മൂത്തതും, എന്നാൽ പദവിയിൽ തനിക്ക് താഴെയുള്ളതും ആയ ജോയും ആയി ഊഷ്മളമായ അടുപ്പമാണ് പ്രസിഡന്റ് ഒബാമ ഉണ്ടാക്കിയെടുത്തത്.ഒബാമ- ബൈഡൻ ബ്രോമാൻസ് എന്ന് മാധ്യമങ്ങൾ പ്രകീർത്തിച്ച ആ അടുപ്പത്തെപ്പറ്റി ഒബാമ തന്നെ പറഞ്ഞത് – lam the President, but he is the boss – എന്നാണ്.

രണ്ട് തവണ നീണ്ട തന്റെ പ്രസിഡന്റ് കാലം കഴിഞ്ഞു, വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങും മുൻപ്, ഒബാമ നടത്തിയ വിട വാങ്ങൽ പ്രസംഗത്തിൽ നിറഞ്ഞ മിഴികളോടെ, ഇടറിയ ശബ്ദത്തോടെ, ഏറ്റവും വികാരാധീനനായി അദ്ദേഹം നന്ദി പറയുന്നത് മിഷേൽ റോബിൻസൺ ഒബാമ എന്ന സ്വന്തം ഭാര്യക്ക് ആണ്.അധികാരങ്ങളും, സ്ഥാന മാനങ്ങളും ഇഴഞ്ഞു കയറി വന്ന് മലീമസമാക്കാത്ത സ്നേഹ ബഹുമാനങ്ങൾ പരസ്പരം പങ്ക് വച്ച ഭാര്യയും, ഭർത്താവും ആണ് മിഷേലും, ഒബാമയും.അവർ ഒരുമിച്ചു നിൽക്കുന്ന ഓരോ നിമിഷത്തിലും പരസ്പര പൂരകമായി തീരുന്ന ആ സ്നേഹം വെട്ടി തിളങ്ങുന്നത് കാണാം.

ഒബാമയുടെ ഔദ്യോഗിക വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫർ ആയിരുന്ന പീറ്റ് സൂസ പകർത്തിയ ചിത്രങ്ങളിൽ ഏറ്റവും സുന്ദരമായ ചിത്രമാണ്, തന്റെ ചുറ്റും വൈറ്റ് ഹൗസ് സ്റ്റാഫ് നിൽക്കുമ്പോൾ പ്രസിഡൻറ് , ഫസ്റ്റ് ലേഡിയും ആയി പങ്കു വയ്ക്കുന്ന ഒരു സ്നേഹ നിമിഷം.പീറ്റ് സൂസയുടെ തന്നെ വാക്കുകളിൽ ചുറ്റും നിൽക്കുന്ന ഉദ്യോഗസ്ഥർ , പ്രസിഡന്റിനെ അല്ലാതെ എങ്ങോട്ട് നോക്കും എന്നറിയായതെ കുഴങ്ങി പോയ നിമിഷം ആയിരുന്നു അത്.
കുട്ടികളോട് ഒബാമക്ക് ഉണ്ടായിരുന്നത് ഒരു അത്ഭുത രസതന്ത്രം ആണ്. തന്നെ കാണാൻ എത്തിയ പിഞ്ചു കുഞ്ഞിനെ നെഞ്ചിൽ വച്ച്, ഓവൽ ഓഫീസിന്റെ തറയിൽ മലർന്ന് കിടന്ന പ്രസിഡന്റിനെ കണ്ട് വൈറ്റ് ഹൗസ് അത്ഭുതപ്പെട്ടു എന്ന് സാക്ഷ്യങ്ങൾ ഉണ്ട്.ലോകത്തിന്റെ തന്നെ വിധി നിർണയിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന നിമിഷങ്ങളിലും,കുട്ടികളുടെ ചോദ്യങ്ങൾ കേൾക്കാനും, ഉത്തരങ്ങൾ പറയാനും, അവരോട് സംസാരിക്കാനും എപ്പോഴും അദ്ദേഹം ഇഷ്ട്ടപ്പെട്ടു. കുട്ടികൾ ഏറ്റവും ഇഷ്ടപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഒരു പക്ഷെ ബാരാക് ഒബാമയായിരിക്കാം.

ഒസാമ ബിൻ ലാദനെ ലക്ഷ്യം വച്ചു നടത്തിയ അതീവ രഹസ്യ സ്വഭാവമുണ്ടായിരുന്ന,അമേരിക്കൻ മിലിട്ടറി ഓപ്പറേഷൻ നടക്കുമ്പോൾ വൈറ്റ് ഹൗസിന്റെ സിറ്റുവേഷൻ റൂമിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഒപ്പം ഇരിക്കുന്ന ഒരു ഒബാമ ചിത്രം ഉണ്ട്.ഏറ്റവും രസമുള്ള വസ്‌തുത, ആ ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട കസേരയിൽ ഇരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് അല്ലെന്നുള്ളത് ആണ്. അദ്ദേഹം ഇരിക്കുന്നത്, മുറിയുടെ മൂലക്ക് ഇട്ട ഒരു ചെറിയ കസേരയിൽ ആണ്.നമുക്ക് എത്ര കാലം കഴിഞ്ഞാൽ ആണ് അങ്ങനെ ഒരു ചിത്രം സങ്കൽപ്പിക്കാൻ കൂടിയാകുക??

ചില ആളുകൾ നമ്മളെ വിസ്മയിപ്പിക്കുന്നത് എല്ലായ്പ്പോഴും അവനവൻ ആയിരിക്കുന്നതിൽ പുലർത്തുന്ന നിഷ്കർഷ കൊണ്ടാണ്…അങ്ങനെ വിസ്മയിപ്പിച്ച ഒരാൾ ആണ് ഒബാമ .
അധികാരത്തിന്റെ ലഹരി പിടിപ്പിക്കുന്നതും, മടുപ്പ് ഉളവാക്കുന്നതും ഒക്കെയുമായ ഇടനാഴികളിലൂടെ നടക്കുമ്പോഴും സ്നേഹിക്കാനും, ചിരിക്കാനും, അഗാധമായി സൗഹൃദത്തിൽ ആയിരിക്കാനും ഒക്കെ കഴിഞ്ഞ ഒരാൾ….