Mrudhula Ramachandran

YOU ARE IMPORTANT,BUT NOT INEVITABLE….

വിചിത്രമായ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നവരാണ് മനുഷ്യർ.സ്വന്തം അച്ചുതണ്ടിലും,സൂര്യന് ചുറ്റും ഉള്ള ഭ്രമണ പദത്തിലും ആയി രണ്ട് കറക്കം കറങ്ങുന്ന ഒരു മഹാ ഗോളത്തിന്റെ പ്രതലത്തിൽ,ഭൂഗുരുത്വാകർഷണം എന്ന കണ്ടറിയാൻ കഴിയാത്ത ഒരു ബലം കൊണ്ട് ഒട്ടി പിടിച്ചു നിൽക്കുന്ന മനുഷ്യർ ഈ ഭൂമിയിലെ അതിബുദ്ധിമാന്മാർ എന്നു സ്വയം കരുതുന്നവരാണ്. ഈ മഹാഗോളത്തെ വേലും,കോലും,ചങ്ങലയും,മതിലും കെട്ടി തിരിച്ചു ഇത് എന്റേത്,അത് നിന്റേത് എന്ന് പറയുക,തന്റെ ബുദ്ധിയും,കഴിവും ഉപയോഗിച്ച് ഈ ലോകത്തെ മുഴുവൻ നശിപ്പിക്കാനുള്ള മാരകായുധങ്ങൾ ഉണ്ടാക്കി കൂട്ടി വയ്ക്കുക,നല്ലൊരു ഭൂമിയെ ഇഞ്ചോടിഞ്ച് കൊന്നിട്ട്,ഇനി ചന്ദ്രനിലും,ചൊവ്വയിലും എങ്ങനെ എത്താം എന്ന് ചിന്തിച്ചു അന്തം വിടുക ….അങ്ങനെ മനുഷ്യൻ ചെയ്യുന്ന വിചിത്ര കാര്യങ്ങളുടെ ലിസ്റ്റ് എടുത്താൽ അത് ഏറെ നീണ്ടത് ആയിരിക്കും.

മനുഷ്യൻ ചെയ്യുന്ന ഏറ്റവും വിചിത്രമായ കാര്യമാണ് ആത്മഹത്യ-സ്വന്തം ജീവനെ ഇല്ലാതാക്കൽ.പട്ടിണി ആണെന്ന് കരുതി പുലികളോ,രോഗം വന്നെന്ന് കരുതി പൂച്ചകളോ,പ്രണയം പരാജയപ്പെട്ടു എന്ന് കരുതി പ്രാവുകളോ,പരീക്ഷയിൽ തോറ്റതിന് ആനകളോ,കുടുംബ കലഹം മൂലം മാനുകളോ ഒന്നും ആത്മഹത്യ ചെയ്തതായി ഇതു വരെ കേട്ടിട്ടില്ല.പക്ഷെ,താൻ വിചാരിച്ചത് പോലെ എല്ലാ കാര്യങ്ങളും നടന്നില്ല എന്ന് വന്നാൽ വിശേഷ ബുദ്ധിയുള്ള മനുഷ്യൻ ഉടനടി സ്വയം കൊല്ലും.

സ്വന്തം ജീവൻ ഇല്ലാതെ ആക്കാൻ ,വൈവിധ്യമുള്ള അനവധി വഴികൾ മനുഷ്യന്റെ കയ്യിൽ ഉണ്ട്.മണ്ണെണ്ണ വാങ്ങി കൊണ്ട് വന്ന് ദേഹത്ത് ഒഴിച്ചു കത്തിക്കുക,കഷ്ടപ്പെട്ട് കസേരപുറത്ത് കയറി നിന്ന്,കയർ കുരുക്കിട്ട് തൂങ്ങി ചാവുക,നിലയില്ലാത്ത വെള്ളം കണ്ടെത്തി അതിലേക്ക് ചാടുക,മൂർച്ചയുള്ള ആയുധം കൊണ്ട് ഞരമ്പ് മുറിക്കുക,ഉയരമുള്ള ഇടത്തു നിന്ന് താഴേക്ക് ചാടുക,ചീറി പാഞ്ഞു വരുന്ന വണ്ടികളുടെ മുൻപിലേക്ക് ചാടുക അങ്ങനെ നിരവധി ആത്മഹത്യ വഴികൾ.”How to committ suicide” എന്ന ഗൂഗിൾ സെർച്ച് അമ്പരപ്പിക്കുന്നതാണ്!!!

ഒരാൾ സ്വയം ഇല്ലാതാകാൻ തീരുമാനിക്കുന്നതിന്റെ പിന്നിലുള്ള കഥയെന്തായിരിക്കും?ഞാൻ ഇല്ലാതെ ആയാൽ ഈ ലോകം എന്റെ വിലയും,മൂല്യവും തിരിച്ചറിയും എന്ന ഒരു വിഡ്ഢിചിന്ത പലപ്പോഴും ആത്മഹത്യയുടെ കാരണമാണ്.

“ഞാൻ ഇല്ലാതെ ആകട്ടെ,അപ്പോ എന്റെ വില മനസിലാകും” എന്ന മട്ടിലുള്ള വെല്ലുവിളികൾ,”ഞാൻ ഇല്ലെങ്കിൽ ഇവിടെ ഒന്നും ശരിക്ക് നടക്കില്ല” എന്ന മിഥ്യാ ബോധം ഇങ്ങനെ വലിയ അളവിലുള്ള “ഞാൻ ബോധം ” ആത്മഹത്യയുടെ ഒരു കാരണം ആണ്.സ്വയം ഇല്ലാതാകുന്നതിലൂടെ മറ്റുള്ളവരെ തോല്പിക്കുകയും,വേദനിപ്പിക്കുകയും,തന്നെ വേദനിപ്പിച്ചവരോട് പകരം വീട്ടുകയും ചെയ്യാം എന്ന ഭ്രാന്തൻ തോന്നലുകൾ ആത്മഹത്യക്ക് ഹേതുവാണ്.

ആർക്കും ആരും ഒരു അനിവാര്യതയല്ല എന്ന തിരിച്ചറിവ് ആത്മഹത്യകളുടെ എണ്ണം കുറക്കട്ടെ.സ്വയo കൊല്ലാൻ കെൽപ്പുള്ള,ഏകജീവി ആയിരിക്കുമ്പോൾ തന്നെ,ജീവിതത്തോട് അങ്ങേയറ്റത്തെ സ്നേഹമുള്ള ഒരു ജീവി കൂടിയാണ് മനുഷ്യൻ.ജീവിച്ചിരിക്കാനുള്ള സാധ്യത ഒരു കടുക് മണിയോളം ആണെങ്കിൽ കൂടി,അത് കണ്ടെത്താനും,നില നിൽക്കാനും അങ്ങേയറ്റം പരിശ്രമിക്കുന്നവരാണ് മനുഷ്യർ.മഹാഭീമന്മാരായ ദിനോസറുകൾ പോലും പരിണാമ വഴിയിൽ അപ്രത്യക്ഷരായപ്പോഴും,ജീവിതത്തോടുള്ള ഈ മഹാസ്നേഹം കൊണ്ടാണ് മനുഷ്യൻ നിലനിന്നത്.സാഹചര്യം അനുസരിച്ചു സ്വയം മാറാനും,തന്റെ ചുറ്റുപാടിന് അനുസരിച്ച് സ്വയം ക്രമീകരിക്കാനും മനുഷ്യന് കഴിയും. അതിജീവിക്കാനുള്ള ശേഷിയുള്ളവരാണ് മനുഷ്യർ.

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവർ ആകസ്മികമായി നഷ്ട്ടപ്പെട്ടു പോയിട്ടും ,തീവ്ര ദുരിതങ്ങൾ വിടാതെ വേട്ടയാടിയിട്ടും,പിന്നെയും ജീവിക്കുന്ന എത്രയോ പേരുണ്ട് ഈ ഭൂമിയിൽ. അവർ തകർന്ന് പോകുകയും,തളർന്ന് പോകുകയും ചെയ്യുന്നുണ്ട്.പക്ഷെ ജീവിതം തുടരേണ്ടത് ആണെന്ന തിരിച്ചറിവുകളിൽ ,തോൽക്കാതെ യാത്ര തുടരുന്ന പോരാളികൾ.

മറ്റുള്ളവരെ തോൽപ്പിക്കാൻ വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കാൻ ഒരുങ്ങുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്.നിങ്ങൾ ഉണ്ടാക്കുന്ന ശൂന്യതയോട്,ഇല്ലായ്മയോട് പൊരുത്തപ്പെടാൻ മറ്റുള്ളവർക്ക് ഏതാനും ദിവസങ്ങൾ മതി.

കൈ വിട്ടകലുന്നവരല്ല, കൂടെ നിൽക്കുന്നവരാണ് പ്രിയപ്പെട്ടവർ.കൈ പിടിച്ചു നടക്കുന്നവർ ആണ്,കാലിടറുമ്പോൾ താങ്ങുന്നവരാണ് കൂട്ടുകാർ.പാതി വഴിയിൽ വിട്ട് പോകുന്നവരല്ല.കൂടെ നിൽക്കുന്നിടത്തോളം മാത്രമേ മറ്റൊരാളുടെ ജീവിതത്തിൽ നമുക്ക് പ്രസക്തിയും,പ്രാധാന്യവും ഉള്ളൂ.വിട്ടിട്ട് പോകുന്നതിലൂടെ നിങ്ങൾ ഇല്ലാതെ ജീവിക്കാൻ ആകും എന്ന് അവർക്ക് ബോധ്യപ്പെടും.

YOU ARE IMPORTANT,BUT NOT INEVITABLE….

മൃദുല രാമചന്ദ്രൻ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.