ഏത് കറുത്ത കാലത്തിൽ നിന്നും ചിലത് പഠിക്കാൻ ഉണ്ട്, ചിലത് വീണ്ടെടുക്കാൻ ഉണ്ട്

84

മൃദുല രാമചന്ദ്രൻ.

വീണ്ടെടുക്കുന്ന ചില ശീലങ്ങൾ.

ഇത് നമുക്ക് വീട്ടിൽ ഇരിക്കും കാലം.ഒരു മഹാമാരിയെ(മഹാ “മേരി” യല്ല) ചെറുക്കാൻ നാം കൂട്ടായി പ്രതിരോധിക്കുന്ന കാലം.അതിജീവനത്തിന്റെ സ്വപ്നങ്ങൾ ഉള്ള കാലം.ലോകം മുഴുവൻ നമ്മുടെ എന്ന് തോന്നുന്ന കാലം.എല്ലാവരും സുരക്ഷിതർ ആയാൽ മാത്രമേ,നമ്മളും സുരക്ഷിതർ ആകൂ എന്ന് തിരിച്ചറിയുന്ന കാലം.സ്വാർത്ഥത നേർത്തു പോകുന്ന കാലം.
ഈ കാലത്ത് നാം ശീലിക്കുകയും,പാലിക്കുകയും ചെയ്യേണ്ട മറ്റൊന്ന് കൂടിയുണ്ട്‌-മിനിമലിസം.സാധനങ്ങളും,സൗകര്യങ്ങളും ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ശീലം.സാധനങ്ങൾ അതിന്റെ പരമാവധി ഉപയോഗിക്കുന്ന ശീലം. ഈ കാലവും,ഇതിനെ തുടർന്ന് വരാൻ പോകുന്ന കാലവും,കടന്ന് പോകാൻ ഈ ശീലം നമ്മളെ സഹായിക്കും,തീർച്ച.

ഇപ്പോൾ മുപ്പതിനും, നാൽപ്പത്തി അഞ്ചിനും ഇടയിൽ പ്രായമുള്ള തലമുറ,പൊതുവെ മില്ലെനിയൽ എന്ന് വിളിച്ചു പോരുന്ന തലമുറ, ശീലിച്ചു പോന്ന സ്വഭാവം ആണത്. ഞങ്ങൾ വളർന്നു വരുന്ന കാലത്ത്, അത് സ്വാഭാവികം ആയിരുന്നു. ആവശ്യങ്ങളും,അത്യാവശ്യങ്ങളും മാത്രം നടത്തി ജീവിച്ചവർ ആയിരുന്നു ഞങ്ങൾ. അനാവശ്യങ്ങളെയും,ആർഭാടങ്ങളെയും പുറത്തു നിർത്തി പഠിച്ചവർ. ഞങ്ങൾ അത് മറന്ന് തുടങ്ങിയിട്ട് ഇപ്പോൾ ഒരു പത്ത്, പന്ത്രണ്ട് കൊല്ലം ആയിട്ടുണ്ടാകും.ആ ശീലം തിരിച്ചു പിടിക്കാനും,വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കാനും ഞങ്ങളെ പ്രചോദിപ്പിക്കുന്നു ഈ കാലം.
കുട്ടിക്കാലത്തും,കൗമാരത്തിലും ധാരാളിത്തം എവിടെയും ഉണ്ടായിട്ടില്ല, ധൂർത്ത് ഇല്ലാതെ ജീവിക്കുക എന്നത് ഒരു ശീലം ആയിരുന്നു.അമ്മ മൃഗസ്നേഹി ആയിരുന്നു. അതു കൊണ്ട് പല തരം ജീവികൾ എന്നും വീട്ടിൽ ഉണ്ടായിരുന്നു-ആട്,താറാവ്, മുയൽ, കോഴി ,പട്ടി അങ്ങനെ.പത്തിൽ അധികം കോഴികൾ എന്നും ഉണ്ടാകും വീട്ടിൽ, അതിന് ഒപ്പം കോഴിമുട്ടയും.എന്നാലും മുട്ട പൊരിക്കുന്ന നേരത്ത്,മൂന്നോ,നാലോ മുട്ട സബോളയും ,പച്ചമുളകും കൂടി ചേർത്ത്,ചീനച്ചട്ടിയിൽ ഒഴിച്ചു വേവിച്ചു, ചട്ടുകം കൊണ്ട് ,മുട്ടയപ്പത്തിന്റെ നടുക്ക് ഒരു കുരിശു വരച്ച്, നാല് കഷണങ്ങൾ ആക്കും അമ്മ.അല്ലാതെ ഇന്നത്തെ പോലെ,വീട്ടിലെ ഓരോ ആൾക്കും രണ്ട് മുട്ട വച്ച് എടുത്ത്,ഓംലെറ്റ് ഉണ്ടാക്കുന്ന രീതിയല്ല.

നെല്ല് കൃഷി ഉണ്ടായിരുന്നു. എങ്ങനെ ഒക്കെ സൂക്ഷിച്ചു, ശ്രദ്ധിച്ചു,പുഴുങ്ങിയാലും,ഉണക്കിയാലും,നെല്ല് കുത്തി വരുമ്പോൾ കുറെ അരി പൊടിഞ്ഞു പൊടിയരി ആകും.അതിൽ കുറെ പൊടിപ്പിപ്പിച്ചു,വറുത്ത് പുട്ടും,അടയും ഉണ്ടാക്കാൻ മാറ്റി വയ്ക്കും.ബാക്കി അരി തീരുന്നത് വരെ രാവിലെയും,രാത്രിയും രണ്ടു നേരം പൊടിയരി കഞ്ഞി തന്നെ.രണ്ട്, മൂന്ന് ദിവസം കഞ്ഞി കുടിച്ചാൽ ഒരു മടുപ്പ് തോന്നും.പക്ഷെ രക്ഷയില്ല. അരി കഴിയുന്ന വരെ കഞ്ഞി കുടിച്ചേ തീരൂ.

പച്ചക്കറി പുറത്ത് നിന്ന് വാങ്ങുന്നത് വല്ലപ്പോഴും ആണ്.പറമ്പിൽ നിന്ന് കിട്ടുന്നത് ഒക്കെ തന്നെ ആയിരുന്നു കൂട്ടാൻ.ഉണ്ണിപ്പിണ്ടി,വാഴക്കല്ല, വാഴ കുടപ്പൻ,പപ്പായ,കൂർക്ക,ചീര,ചക്ക,ചേമ്പിൻ താൾ, മുരിങ്ങയില, ഇലുമ്പിൻ പുളി,ചക്ക കുരു…എല്ലാം നല്ലതും,രുചിയുള്ളതും ആയിരുന്നു.
സ്‌കൂൾ അടച്ച അന്ന് രാത്രി ചെയ്യുന്ന പണി പേജ് ബാക്കിയുള്ള നോട്ട് പുസ്തകത്തിൽ നിന്ന് അതൊക്കെ കീറി എടുത്ത് അടുക്കി വയ്ക്കുകയാണ്.സ്‌കൂൾ തുറക്കുന്നതിന് മുൻപ് ,കടയിൽ കൊടുത്ത് ബൈൻഡ് ചെയ്യിക്കും.ഒന്നോ-രണ്ടോ പുസ്തകം കിട്ടും.അതാണ് പിന്നത്തെ വർഷത്തെ റഫ് നോട്ട്. ടെക്സ്റ്റ് ബുക് ആണെങ്കിലും പരമാവധി പഴയ പുസ്തകങ്ങൾ സംഘടിപ്പിക്കും.പുസ്തകം മാറുന്ന വർഷങ്ങളിൽ മാത്രമേ പുതിയ പുസ്തകം വാങ്ങൂ.ഞാൻ സ്ഥിരമായി വാങ്ങിയിരുന്നത് കുട്ടന്റെ, Ramakrishnan Madathiparambil,പുസ്തകങ്ങൾ ആണ്.അവൻ എല്ലാ പുസ്തകങ്ങളിലും ഉള്ള ചിത്രങ്ങൾക്ക് ഭംഗി കൂട്ടിയിരുന്നത് കൊണ്ട്,ഈ എഴുത്തുകാരുടെയും,ശാസ്ത്രജ്ഞന്മാരുടെയും ഒന്നും ശെരി രൂപം കാണാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല.

ഓർമ വയ്ക്കുന്ന കാലത്ത്, വീട്ടിൽ ഒരു ടേബിൾ ഫാൻ ഉണ്ട്.നീല ലീഫ് ഉള്ളത്. വർഷത്തിൽ കഷ്ടി രണ്ട് മാസം ,ഒരു ദിവസം മൂന്നോ,നാലോ മണിക്കൂർ വച്ചേ അതിന് പണി ഉണ്ടാകൂ. ഏപ്രിൽ-മേയ് മാസത്തിൽ ,രാത്രി മൂന്നോ-നാലോ മണിക്കൂർ മാത്രമേ ഫാൻ ഉപയോഗിക്കൂ.പിന്നെ ഒരു സീലിംഗ് ഫാൻ വാങ്ങിയപ്പോൾ,അത് നടപ്പുരയിൽ ആണ് ഇട്ടത്.വേനൽക്കാലത്ത് ഞങ്ങൾ നാല് പേരും ,പഞ്ഞിക്കിടക്കയിട്ടു നിലത്ത് കിടക്കും.അപ്പോഴും രാത്രി മുഴുവൻ ഫാൻ കറക്കില്ല.ഒരുറക്കം കഴിഞ്ഞാൽ ഓഫ് ആക്കും.

സാധനങ്ങളും,സേവനങ്ങളും മാത്രമല്ല, സ്ഥലം പോലും ശ്രദ്ധിച്ചേ ഉപയോഗിച്ചിരുന്നുള്ളൂ. വലിയ,വലിയ മുറികൾ ആയിരുന്നു എന്റെ വീട്ടിൽ, തനി കൃഷിക്കാരുടെ വീട്.നടപുര, വടക്കേ നട പുര, അകായി, മേലടുക്കള അങ്ങനെ ആയിരുന്നു മുറികൾക്ക് പേരുകൾ. ഒരു മുറിയും അടച്ചു ,പൂട്ടി കുറ്റിയും, കൊളുത്തും ഇടാൻ പറ്റുന്നത് ആയിരുന്നില്ല.ആകായിൽ ഒരു വലിയ പത്തായം ഉണ്ടായിരുന്നു-അതിൽ തേങ്ങയും, നെല്ലും ഉണ്ടാകും.അതൊഴിഞ്ഞു കിടക്കുന്ന കാലങ്ങളിൽ,അതിന്റെ ഉള്ളിലെ ഇരുട്ട് ഞങ്ങൾക് ഒളിച്ചു കളിക്കാൻ നല്ല ഇട മായി.മഴക്കാലത്ത് നെല്ല് ഉണക്കാനും,സൂക്ഷിക്കാനും ഉള്ള സൗകര്യത്തിന് വടക്കേ നട പുര ചാണകം മെഴുകിയത് ആയിരുന്നു.കുറച്ച് വലുതായതിൽ പിന്നെ ഞാനും,അനിയനും അവിടെ ആണ് കിടക്കുക.ഒരു വശത്ത് ഞങ്ങൾ കിടക്കും.ഒരു വശത്ത് നെല്ല് പുഴുങ്ങി,ഉണങ്ങാൻ ഇട്ടിട്ടുണ്ടാകും.വാതിലിന്റെ മറവിൽ കായ കുല ഉണ്ടാകും.അതേ മുറിയുടെ,ഒരു കോണിൽ ആയിരുന്നു, സ്വാമി തട്ട്.പുഴുങ്ങിയ നെല്ലിന്റെ,ചന്ദനത്തിരിയുടെ,വാഴ പഴത്തിന്റെ ഒക്കെ മണം ഉറങ്ങാൻ കിടക്കുന്ന നേരം കൂട്ടിന് ഉണ്ടാകും.

വീട് പുതുക്കി പണിതപ്പോഴും,രണ്ട് മക്കൾക്ക് വേണ്ടി,രണ്ട് മുറി പണിതില്ല അച്ഛനും,അമ്മയും.എന്റെ കല്യാണം കഴിയുന്നത് വരെ,ഒരേ മുറിയാണ് ഞങ്ങൾ പങ്കു വച്ചത്,പഠിക്കാനും,ഉറങ്ങാനും ഒക്കെ.ഒരു വശത്ത് എന്റെ മേശയും,കട്ടിലും,മറുവശത്ത് അവന്റെ.ചുമർ അലമാരിയിലെ രണ്ട് തട്ട് എന്റെ,രണ്ട് തട്ട് അവന്റെ.രാത്രി ലൈറ്റ് ഓഫ് ആക്കുന്ന കാര്യം പറഞ്ഞു ഞങ്ങൾ ഒരുപാട് അടി കൂടിയിട്ടുണ്ട്.എനിക്ക് എന്തെങ്കിലും വായിക്കാൻ ഉള്ള ദിവസം അവന് വേഗം ഉറക്കം വരും.മുറി വൃത്തിയാക്കി ഇടുന്ന കാര്യത്തിൽ ആയിരുന്നു അടുത്ത അടിപിടി.ഞാൻ കല്യാണം കഴിഞ്ഞു പോന്നതിൽ പിന്നെ എന്നെങ്കിലും,ആ മുറിയുടെ ഒരു വശത്ത് അവൻ എന്നെ മിസ് ചെയ്തിരിക്കുമോ ആവോ?
വർഷത്തിൽ ഓണത്തിന് മാത്രമേ ഡ്രസ് എടുക്കൂ.ഒരു സമയത്ത് ഒരേ ഒരു ജോഡി ചെരുപ്പ് മാത്രമേ ഉണ്ടാകൂ.സ്‌കൂൾ തുറക്കുന്ന സമയത്ത് വള്ളി ചെരുപ്പ് ആണെങ്കിൽ,യൂണിഫോമിൽ ഒക്കെ ചെളി തെറിക്കും.പക്ഷെ വാങ്ങിയ ഒരു ചെരുപ്പ് തീരെ ഉപയോഗിക്കാൻ പറ്റാതെ ആകാതെ വേറെ ഒന്ന് വാങ്ങില്ല.

കിട്ടിയ സാധനങ്ങൾ വളരെ സൂക്ഷിച്ചു,കരുതി ഉപയോഗിക്കും അന്ന്. അഞ്ചാം ക്ലാസിൽ കിട്ടിയ camel instrument box ആണ് ഞാൻ പത്തിലും ഉപയോഗിച്ചത്.1998 ഇൽ ,പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ,പോക്കറ്റ് മണി കൂട്ടി വച്ച് വാങ്ങിയ stapler ആണ് ഇന്നും ഞാൻ ഉപയോഗിക്കുന്നത്.ഇന്നും അത് പുതിയത് പോലെ തന്നെ ഇരിക്കുന്നു. ഇപ്പോഴും സ്‌കൂൾ,കോളേജ് കാലത്ത് ഉള്ള പലതും കൂടെ ഉണ്ട്.
എല്ലാം കരുതി ഉപയോഗിക്കാൻ ശീലിച്ച ഒരു തലമുറ ആയിട്ട് കൂടി,ഇടയ്ക്ക് എപ്പോഴോ വച്ചു ഞങ്ങൾ ധൂർത്ത് കാണിച്ചു തുടങ്ങി.സൂക്ഷ്മതയും,കണിശതയും മറന്ന് തുടങ്ങി.ഈ വീട്ടിൽ ഇരിപ്പ് കാലം ആ നല്ല ശീലങ്ങളെ മടക്കി കൊണ്ടു വരാൻ പ്രേരിപ്പിക്കുന്നു.ഓരോ കുഞ്ഞു സാധനത്തിനും വില ഉണ്ടെന്ന്, പാഴാക്കുന്നതും,വെറുതെ കളയുന്നതും കുറ്റമാണെന്ന്, ഈ കോവിഡ് കുഞ്ഞൻ വൈറസ് ഞങ്ങളെ ഓർമിപ്പിക്കുന്നു.
അതേ,ഏത് കറുത്ത കാലത്തിൽ നിന്നും ചിലത് പഠിക്കാൻ ഉണ്ട്, ചിലത് വീണ്ടെടുക്കാൻ ഉണ്ട്.