ഇത് എനിക്ക് കിട്ടേണ്ട നീതി

172
Mrudhula Ramachandran

ഇത് എനിക്ക് കിട്ടേണ്ട നീതി

സൗമ്യ കൊല്ലപ്പെട്ടതിന് ശേഷം ഒരുപാട് തവണ ടി. വി യിൽ കണ്ടിട്ടുണ്ട്,അവളുടെ അമ്മയെ.ഒരിക്കലും കണ്ണീര് തോരാത്ത മുഖം,നിലക്കാതെ ഒഴുകുന്ന കണ്ണുനീർ.അവളെ കൊന്നവൻ മട്ടൻ ബിരിയാണി കിട്ടാത്തതിന് ജയിലിൽ സമരം ചെയ്യുന്ന വാർത്ത വായിക്കുന്ന ആ അമ്മയെ പറ്റി ആലോചിച്ചു നോക്കിയിട്ടുണ്ടോ?ജീവിച്ചിരുന്നു എങ്കിൽ ഇന്ന് ഭർത്താവും,കുട്ടികളും ആയി ,ആ അമ്മയ്ക്ക് താങ്ങും,തണലും ആയി കഴിയേണ്ട മകളെ കൊന്നവൻ ഒരു കൂസലും,കുഴപ്പവും കൂടാതെ ഈ ഭൂമിയിൽ ജീവിച്ചിരിക്കെ,ഓരോ രാത്രിയും ,ഓരോ പകലും അതേ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരു അമ്മയെ പറ്റി ഒന്ന് ഓർത്തു നോക്കാമോ?

പ്രാണനിൽ ഏറെ പ്രിയപ്പെട്ട പുരുഷൻ ആണെങ്കിൽ കൂടി ,ഇഷ്ടം ഇല്ലാതെ ഒന്നു തൊട്ടാൽ അസ്വസ്ഥം ആകുന്നത് ആണ് ഏതാണ്ട് എല്ലാ പെണ്ണുടലുകളും.ആ തിരിച്ചറിവ് ഉണ്ടായിരിക്കെ ,മരിക്കുന്നതിന് മുൻപ് സ്വന്തം മകൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന ബോധത്തോടെ ജീവിച്ചിരിക്കുന്ന ഒരമ്മക്ക് നഷ്ടമാകുന്ന മനുഷ്യാവകാശങ്ങളെ കുറിച്ച് നമുക്ക് വേവലാതി ഉണ്ടോ?മരിക്കുവോളം അവർ അനുഭവിക്കുന്ന തീരാ നോവിന് ,ഒരു അന്തി മയങ്ങുമ്പോൾ നാം കത്തിച്ചു വക്കുന്ന ചില മെഴുകു തിരികൾക്കോ,ചാനലിൽ ഒരാഴ്ചയുടെ ആയുസുള്ള ചർച്ചകൾക്കോ,ജസ്റ്റിസ് ഫോർ എന്ന ഹാഷ് ടാഗുകൾക്കോ സമാധാനം കണ്ടെത്താൻ ആകുമോ?

എന്റെ മോളുടെ സമ്മതം ഇല്ലാതെ അവന്റെ ദേഹത്ത് തൊടുന്നവനെ കൊല്ലണം എന്നു തന്നെ കരുതുന്ന ഒരു അമ്മയാണ് ഞാൻ.സ്വന്തം മകളെ പീഡിപ്പിച്ചു കൊന്നവനെ,കോടതി വെറുതെ വിട്ടപ്പോൾ വെടി വച്ചു അവനെ കൊന്ന കൃഷ്ണപ്രിയയുടെ അച്ഛൻ ,ശങ്കര നാരായണൻ,എനിക്ക് എന്റെ അച്ഛനോളം ഇഷ്ടം തോന്നിയ ഒരു അച്ഛൻ ആണ്.

ഡൽഹിയിൽ നിർഭയ പെണ്കുട്ടിയുടെ ആമാശയത്തോളം ചെന്നു കയറിയിരുന്നുവെത്രെ ഇരുമ്പ് വടികൾ. കൂട്ടത്തിൽ ഏറ്റവും കുരുന്ന് ആയിരുന്നവൻ ആണെത്രെ ഏറ്റവും ക്രൗര്യത്തോടെ അവളെ കാമിച്ചത്.അവൾക്ക് നഷ്ടപെട്ട മനുഷ്യാവകാശങ്ങൾ ഇന്ന് ആരെങ്കിലും ഓര്മിക്കുന്നുണ്ടോ ?

തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകൾ പ്രൊഫൈൽ ചിത്രങ്ങൾ ആക്കി ,ഹാഷ് ടാഗ് വിപ്ലവം ഘോഷിച്ചവർ ആണല്ലോ നമ്മൾ.ആ കുഞ്ഞുങ്ങളെ കാമം മൂത്ത് കൊന്നവർ ,ഇന്ന് നമുക്ക് ഒപ്പം തിന്നും,കുടിച്ചും,വീണ്ടും കാമിച്ചും സുഖം ആയി ജീവിച്ചിരിക്കുന്നു.മരിച്ച കുഞ്ഞുങ്ങൾക്ക് കിട്ടാതെ പോയ മനുഷ്യാവകാശങ്ങൾ അനുഭവിക്കാൻ സർവദാ യോഗ്യർ ആണ് അവർ.

നീതിയെ,നിയമത്തെ എനിക്ക് ബഹുമാനം ആണ്.പല്ലിന് പല്ല് എന്ന കാടത്തത്തെ എനിക്ക് എതിർപ്പ് ആണ്.നിയമ വാഴ്ചയെ ഞാൻ അംഗീകരിക്കുന്നു.ആൾക്കൂട്ടം നീതി നടപ്പാക്കുന്ന അരാജകത്വം ഞാൻ അംഗീകരിക്കുന്നില്ല.

പക്ഷെ ഈ രാജ്യത്ത് ജീവിക്കുന്ന ഒരു പെണ്ണ് ആണ് ഞാൻ.നാളെ പെണ്ണ് ആയി പോയി എന്ന ഒറ്റ കാരണത്താൽ മാനവും,ജീവനും പോയി,പൊള്ളിയും, പിടഞ്ഞും മരിക്കേണ്ടി വന്നാൽ ,എനിക്ക് കിട്ടേണ്ട നീതി ,ന്യായം ഇത് തന്നെ ആകണം.അതു കൊണ്ട് എന്റെ ഹൃദയം ഈ നീതിയോട് ചേർന്ന് നിൽക്കുന്നു.

മൃദുല രാമചന്ദ്രൻ