ഇനി ദലിത് /ആദിവാസി കോളനികൾ പഴയ ടിവികൾ കൊണ്ടിറക്കുവാനുള്ള ഡമ്പിങ് യാർഡുകൾ ആക്കി മാറ്റുന്നതായിരിക്കും

31
Mruduladevi writes ❤
നരസിപ്പുഴയും, കബനി നദിയും കലി തുള്ളുമ്പോൾ വയനാട് ജില്ല പ്രളയത്തിൽ അകപ്പെടാറുണ്ട്. 1980 ൽ ജില്ല രൂപപ്പെട്ടപ്പോൾ മുതൽ ഇത് തന്നെയാണ് അവസ്ഥ. ജനസംഖ്യയിൽ ഭൂരിഭാഗവും ആദിവാസി ജനവിഭാഗങ്ങൾ ആണ്. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ഇവിടെ നിന്നുള്ള ജനങ്ങളെ അടുത്തുള്ള സ്കൂളിലേയ്‌ക്കോ, ദുരിതാശ്വാസ ക്യാമ്പിലേക്കോ മാറ്റും. മഴ കഴിയുമ്പോൾ അവരുടെ വീടുകളിലേക്ക് തിരികെ വിടും. താൽക്കാലികമായി പടുത വലിച്ചു കെട്ടി അവർ അവിടെത്തന്നെ താമസിക്കും.പിന്നീട് അവിടേയ്ക്കു കോൺക്രീറ്റ് ഭവനങ്ങൾ വന്നെങ്കിലും അവയൊന്നും പ്രളയത്തെ അതിജീവിക്കുന്നവ അല്ലായിരുന്നു. പെരുമഴക്കാലങ്ങളിൽ രാവിലെ പണിക്കിറങ്ങുന്ന മുതിർന്നവരും, സ്കൂളിലേയ്ക്ക് പോകുന്ന കുട്ടികളും തിരികെ എത്തുമ്പോൾ വീട് കാണണമെന്നില്ല. വീട്ടിലുണ്ടായിരുന്ന ബാക്കി അംഗങ്ങളെ കാണണമെന്നില്ല വസ്തുവകകളുമങ്ങനെ തന്നെ ഒന്നിനും ഒരു ഉറപ്പുമില്ലാത്ത ജീവിതം. പൊതുവെ കളരി അഭ്യാസികളായ ആദിവാസി ചെറുപ്പക്കാർ വെള്ളപ്പൊക്കത്തെ മറികടന്ന് ഉൾക്കാട്ടിലേയ്ക്ക് കയറിപ്പോകും. മഴക്കാലം കഴിഞ്ഞ് തിരികെ വരും. വന്നില്ലെങ്കിലും, വന്നാലും ഔദ്യോഗികക്കണക്കിൽ അവർ പോയതും വന്നതുമുണ്ടാവില്ല. കാരണം 1924ലെ പ്രളയത്തിന് ശേഷം 2018 ൽ മാത്രം ‘പ്രളയം’ കണ്ട കേരളത്തിന്‌ അതൊന്നും പ്രളയം അല്ലായിരുന്നു.
ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിലേയ്ക്കും, അവിടെ നിന്നും മട്ടുപ്പാവിലേയ്ക്കും കയറിനിന്ന എൻ ആർ ഐ സമൂഹങ്ങളെ ഹെലിക്കോപ്റ്ററിൽ ക്യാമ്പുകളിൽ എത്തിച്ചപ്പോഴാണ് കേരളത്തിന്‌ പ്രളയം ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യന് ഉത്പ്പന്നങ്ങളുടെ വില തകരുമെന്നായപ്പോൾ, ഷെയർ മാർക്കറ്റിൽ ഇടിവുണ്ടായപ്പോൾ, വോട്ടുബാങ്കുകൾക്ക് ഇളക്കം തട്ടുമെന്നായപ്പോളാണ് നമുക്ക് അതൊക്കെ പ്രളയം ആയത്.
സുഹൃത്തും, സംവിധായികയുമായ Leela Santhosh ന്റെ വീട്ടിൽ ഇരുന്നു കഴിഞ്ഞ വർഷം ട്രൈബൽ ഇടങ്ങളിലെ വിഷയങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ലീലയുടെ ഇളയ കുഞ്ഞ് തൊട്ടിലിൽ കിടന്നു കരഞ്ഞു. അതു വരെ കളിച്ചു കൊണ്ടിരുന്ന തൊട്ടു മൂത്ത കുഞ്ഞ് വേഗം കളി നിർത്തി തൊട്ടിലിൽ കിടന്ന വാവയെ സമാധാനിപ്പിക്കാൻ ഓടി. ലീല വളരെ കൂൾ ആയി സംസാരിച്ചു കൊണ്ടേയിരുന്നു. സത്യത്തിൽ അവനു അതിനുള്ള പക്വത കാണിക്കേണ്ട പ്രായം അല്ല. വയനാടിന്റെ പ്രകൃതി ക്ഷോഭങ്ങൾ അവരിൽ ഉണ്ടാക്കിയ പരസ്പരമുള്ള കരുതൽ കുഞ്ഞുങ്ങളിൽ ജന്മനാ തന്നെ ഉണ്ടാകുന്നു. അമ്മയും അച്ഛനും കുഞ്ഞിനെ നോക്കുന്ന ശീലക്കാർക്കു കുഞ്ഞുങ്ങൾ രക്ഷിതാക്കളെയും, സഹോദരങ്ങളെയും കരുതുന്ന സവിശേഷ സംസ്കാരം അതിശയമാണുണ്ടാക്കുക . ആ വീട്ടിലും കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ഉയർന്നജലനിരപ്പു ഒരാൾപ്പൊക്കത്തിനും മേലേ ഉണ്ടായിരുന്നു.
വയനാട്ടിലെ ആദിവാസി സമൂഹങ്ങൾക്കായി ഉണ്ടാക്കിയ ഭവനങ്ങൾ പ്രളയത്തെ അതിജീവിക്കുന്നവയല്ല. പ്രളയത്തിന്റെ കുത്തൊഴുക്കിൽ വസ്തുവകകളും, ജീവനും ഒലിച്ചിറങ്ങുന്നത് കണ്ട അവർ പ്രളയം ബാധിക്കാത്ത സ്ഥലത്തു മാറ്റിപ്പാർപ്പിക്കണമെന്നുള്ള നിവേദനവുമായി ഇന്നും
നടക്കുന്നു. ഒരു മാറ്റവും ഉണ്ടാകുന്നില്ല. പുതിയതായി ടി വി അടക്കമുള്ള യാതൊന്നും ഇവരിൽ മിക്കവരും വാങ്ങിസൂക്ഷിക്കാറില്ല. കാരണം അടുത്ത വെള്ളപ്പൊക്കം വരുമ്പോൾ അതെല്ലാം ഒലിച്ചുപോകും. പട്ടിക ജാതി /പട്ടിക വർഗ്ഗ, ദലിത് ക്രൈസ്തവ, അതീവ പിന്നോക്ക വിഭാഗങ്ങളുടെ പ്രളയത്തിന് പോലും അസ്പൃശ്യത ഉണ്ട് . ബാണാസുര സാഗർ അണക്കെട്ടിന് പറയാൻ കഴിവുണ്ടായിരുന്നെങ്കിൽ കബനിയുടെയും, നരസിപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവരുടെ ജീവിതങ്ങളെപ്പറ്റി അതു നമ്മോട് സംസാരിച്ചേനെ.
ഇന്ത്യയിലെ ദലിത് /ആദിവാസി സമൂഹങ്ങളിൽ മിക്കവരുടെയും ആവാസ വ്യവസ്ഥ ഇത്തരത്തിൽ ഉള്ളവയാണ്. (Ecologically fragile areas ). നര്സിപ്പുഴയുടെയും, കബനി നദിയുടേയും തീരങ്ങളിൽ താമസിക്കുന്ന മിക്ക രക്ഷിതാക്കൾക്കും നാലും, അഞ്ചും കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും അവയൊക്കെ മങ്കുറുണി കുടിച്ച്, കാമക്കൂത്തിൽ സൃഷ്ടിക്കുന്ന അജ്ഞതയുടെ ജന്മങ്ങൾ അല്ല. എപ്പോൾ വേണമെങ്കിലും കാറ്റെടുക്കാവുന്ന, കടൽ എടുക്കാവുന്ന, ഉരുൾ പൊട്ടലിൽ തകരാവുന്ന ജീവിതങ്ങൾ ആയതിനാൽ ഉള്ള സൂക്ഷിച്ചു വയ്ക്കൽ ആണ് കമ്പോളത്തിൽ കുഞ്ഞിനെ വാങ്ങാൻ കിട്ടില്ലല്ലോ.നിലവിലെ തിയറിയിൽ അതൊക്കെ ആദിവാസി അജ്ഞതാ വാദങ്ങളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസം അത്രമേൽ രക്ഷപെടലായ സമൂഹങ്ങളുടെ ജീവിതത്തെ പഠിക്കാതെ ഒറ്റ ദിവസം കൊണ്ട് ആത്മഹത്യ നടക്കുമോ എന്ന് ചോദിച്ചവർ മലപ്പുറം വിഷയം കൊണ്ട് വളാഞ്ചേരിയിലെ ദേവികയെ അദൃശ്യതയിലേയ്ക്കിട്ടു. ഭരണപക്ഷത്തിനും, പ്രശ്നമില്ല, പ്രതിപക്ഷത്തിനും പ്രശ്നമില്ല. സർക്കാർ ഭരിക്കുന്നിടത്തു സർക്കാരിന്റെ പോലീസ് കണ്ടെടുത്ത ദേവികയുടെ ബുക്കിൽ കണ്ട ‘പ്രമാദ തെളിവിൽ’ നിങ്ങൾ ദേവികയുടെ അദ്ധ്യായം അടച്ചു. ഇനി ദലിത് /ആദിവാസി കോളനികൾ പഴയ ടി വി കൾ കൊണ്ടിറ ക്കുവാനുള്ള ഡമ്പിങ് യാര്ഡുകള് ആക്കി മാറ്റുന്നതായിരിക്കും.ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന ലോകത്തു നാം തന്നെ ശബ്ദമാവുക എന്ന ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. (എഴുത്തു തുടരും )
N B: നാണമില്ലാതെ ലൈക്കും, കമന്റും വാങ്ങാൻ നടക്കുന്നവൾ. എന്നാൽ പിന്നെ നിനക്കങ്ങു വാങ്ങിക്കൊടുത്തുകൂടെ എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി അതെ സൗകര്യമില്ല എന്നായിരിക്കും.💙
Advertisements