ഓൺലൈൻ വിദ്യാഭ്യാസം വന്നപ്പോഴും, കോവിഡ് വന്നപ്പോഴും, പെരുമഴക്കാലം വന്നപ്പോഴും ഏറ്റവുമധികം അത് തകർത്തെറിഞ്ഞത് ദലിത് /ആദിവാസി ജീവിതങ്ങളെയാണ്

46

കൂടുതൽ ചർച്ച ചെയ്യേണ്ടുന്ന ചിന്തയാണ്.
written by Mruduladevi S

ഓൺലൈൻ വിദ്യാഭ്യാസം വന്നപ്പോഴും, കോവിഡ് വന്നപ്പോഴും, പെരുമഴക്കാലം വന്നപ്പോഴും ഏറ്റവുമധികം അത് തകർത്തെറിഞ്ഞത് ദലിത് /ആദിവാസി ജീവിതങ്ങളെയാണ്. ഇനിയും സ്ഥാപനവൽക്കരിക്കപ്പെടാതെ ദലിത് ആദിവാസി വിഭാഗങ്ങൾക്ക് മുൻപോട്ടു പോകുവാനാവില്ല. പ്രബല മത വിഭാഗങ്ങൾ ഒക്കെ പതിനാലു /പതിനഞ്ചാം നൂറ്റാണ്ടോടെ സ്ഥാപനവൽക്കരിക്കപ്പെട്ടവയാണ്. തുടക്കത്തിൽ ഉന്ത് വണ്ടിയിൽ റൊട്ടി വിറ്റു നടന്നവർ ഇന്ന് വലിയ ഭക്ഷണ ശാലകളുടെ ഉടമകൾ ആയി.കശുവണ്ടി ചുട്ടു കൈയ്യിൽ വിറ്റു നടന്നവർ നൂറ്റിപതിനൊന്നു വർഷത്തെ സേവന പാരമ്പര്യം എന്ന് അവരുടെ ഷോപ്പിംഗ് മാളുകളിൽ എഴുതി വയ്ക്കുന്നത് വെറുതെയല്ല. അത് കൊണ്ട് തന്നെ നേരിട്ടു സർക്കാരിനെ ആശ്രയിക്കാതെ അവർക്കു ജീവിക്കാം. കൂട്ടത്തിൽ ഒരാൾ തകർന്നാൽ തൊഴിൽ നൽകിയും, സാമ്പത്തികം നൽകിയും സഹായിക്കാനും അവർക്കു സാധിക്കും.

മതസമൂഹങ്ങൾ പല വഴിക്കും കാശുണ്ടാക്കി വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും ചോദിച്ചു വാങ്ങി.സെമിറ്റിക് മതങ്ങളുടെ രീതി അങ്ങനെ ആയിരുന്നെങ്കിൽ ബ്രാഹ്മണ സമൂഹങ്ങൾ അധികാരം ഉണ്ടായിരുന്ന ക്ഷത്രിയന്റെ ഉപദേഷ്ടാവായി അവർക്കും മുകളിൽ സ്ഥാനം നേടി. ലോകാ സമസ്താ സുഖിനോ ഭവന്തു ഞങ്ങളില്ലെങ്കിൽ നടക്കില്ല എന്ന് എല്ലാവരെയും പഠിപ്പിച്ചെടുത്തു. അംഗസംഖ്യ കുറവുള്ള ഇക്കൂട്ടർ കൂർമബുദ്ധി കൊണ്ട് ഇടങ്ങളിൽ കയറിപ്പറ്റി. ശൂദ്ര സ്ഥാനം മാത്രം ഉണ്ടായിരുന്ന നായരെ വിവാഹത്തിൽ ക്കൂടി വംശസങ്കരം നടത്തി അവരുടെ ഏറാൻ മൂളികളാക്കി.. തിരിച്ചടിക്കുവാൻ ശേഷിയും, ബുദ്ധിയും ഉണ്ടായിരുന്ന നായർ സമൂഹങ്ങളെ അതീവ കൗശലതയോടെ പാട്ടിലാക്കി. ഇന്ന് ആ വിഭാഗങ്ങൾ മിക്കവരും അവരോടു ചെയ്ത വിവേചനങ്ങൾ മറന്നു ബ്രാഹ്മണർക്കു സ്തുതി പാടുന്നത് നമുക്ക് കാണാവുന്നതാണ്.(ഈപ്പറഞ്ഞതിൽ എതിർ അഭിപ്രായം ഉള്ളവർ എൻ എസ് എസ് എന്ന പ്രസ്ഥാനം ഉണ്ടായതിന്റെ ചരിത്രം പരിശോധിക്കുക )ബ്രാഹ്മണശാപം തല തകർത്തു കളയുമെന്ന് ജനത്തെ വിശ്വസിപ്പിച്ചിടത്തായിരുന്നു അവരുടെ വിജയം. ഏഷ്യ ആത്മീയ വ്യാപാരം കൊണ്ടും , ബ്രാഹ്മണ സമൂഹം ബുദ്ധികുടിലത കൊണ്ടും യൂറോപ്യൻ അധിനിവേശം സായുധശക്തി കൊണ്ടും അധികാരം നേടിയപ്പോൾ അയിത്തം, അടിമത്തം ഇവ മൂലം സ്‌കിൽഡ് അവാൻ പറ്റാതെ പൊതു വിദ്യാഭ്യാസവും, സംവരണവും കൊണ്ട് മാത്രമാണ് ദലിതുകൾക്കു ശ്വാസം എടുക്കാനെങ്കിലും പറ്റിയത് ആ ഇൻഹെയ്‌ലറുകൾ തകർന്നു വീഴാറായി എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ദലിതുകൾ ഒരു കരണത്തിന് അടി കൊണ്ടപ്പോൾ മറുകരണം കാട്ടിക്കൊടുത്തും, കാശുള്ളവൻ നക്കാപ്പിച്ചയ്ക്കു കരണത്തടിക്കാൻ വിട്ടപ്പോൾ പോയി കരണത്തടിച്ചു ക്രിമിനൽ ആവുകയും ചെയ്തു. കുറ്റം ചെയ്യുവാൻ വിട്ടവൻ പെരുംകള്ളൻ ആണെങ്കിലും തെരുവിലെ ക്രിമിനൽ എന്ന നിലയിൽ ദലിതുകൾ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരും, കവർച്ചക്കാരുമായി മാറി. മുഴുവൻ മതങ്ങളുടെയും കടുത്ത വിശ്വാസികളായ ദലിതുകൾക്കു പ്രത്യാശ, കരുണ, ദീനദയാ, പരമകാരുണികത, സനാതന മൂല്യ ബോധം എന്നീ കിടുതാപ്പുകൾ വച്ചു നീട്ടിയിട്ടു മതം വച്ചു വിലപേശിയും, വിലയിട്ടും കരസ്ഥമാക്കിയ സ്വത്തിന്മേൽ ഒരു അധികാരവും നൽകിയതുമില്ല

ഇന്ത്യ ദിനംപ്രതി കാവിയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സിന് മുഖ്യപ്യതിപക്ഷം പോയിട്ട് ദുർബല പ്രതിപക്ഷം പോലും ആകാനുള്ള കഴിവില്ലാത്തതിനാൽ പത്ത് ലക്ഷത്തോളം വരുന്ന ആർ എസ് എസ് വ്യൂഹത്തെ വച്ചു കൊണ്ട് കാവി വൽക്കരണം എളുപ്പമാക്കാൻ സാധിക്കും. കോൺഗ്രസ്സ് ഇപ്പോൾ ബി ജെ പി എന്ന പ്രസ്ഥാനത്തിന്റെ ഇരട്ടസഹോദര വേഷം കെട്ടുകയും ചെയ്യുന്നത് കാണാം. ഇന്നത്തെ നിലയിൽ പോയാൽ സംവരണം അധിക നാളുകൾക്കുള്ളിൽ എടുത്ത് കളയുക തന്നെ ചെയ്യും. സംവരണം ഞങ്ങൾക്ക് വേണ്ട എന്ന് സംഘപരിവാറിൽ ചേക്കേറിയ പിന്നോക്കകാരെയും ദലിതുകളെ യും കൊണ്ട് തന്നെ പറയിക്കും .കോവിഡ് ലോക്ക്ഡൗണിൽ കുറച്ചു സർക്കാർ ജീവനക്കാർക്കും , വളരെ ചുരുക്കമായി കുറച്ചു പണവും ഉണ്ടാക്കിയെടുക്കാൻ സാധിച്ച ചില ദലിതുകൾക്കും ഒഴിച്ച് മിക്കവർക്കും ദുരിതമായിരുന്നു. പരസ്പരം സഹായിക്കാൻ പോലുമാവാത്ത വിധത്തിൽ കഴുത്തൊടിഞ്ഞുപോയ സമൂഹം ആയി ദലിതുകൾ മാറി. ഇനിയും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാൻ പാടില്ല. സ്ഥാപനവൽക്കരിക്കുക,സംരംഭകരാകുക ദിവസം പത്തു രൂപ എങ്കിലും സമ്പാദിക്കാതെ ഉറങ്ങില്ല എന്ന നിശ്ചയം ഉണ്ടാക്കുക. കൂട്ടായ സഹകരണം ഇതിനായി ആവശ്യമാണ്. .

സ്വന്തമായി സ്ഥാപനങ്ങളുണ്ടാകുമ്പോൾ കമ്മ്യൂണിറ്റി എന്ന നിലയിൽ ഏറെ പുരോഗതി കൈവരിക്കാൻ സാധിക്കും. അത് വച്ചു മാത്രമേ രാഷ്ട്രീയത്തിൽ വിലപേശുവാന് സാധിക്കൂ. ഓടിവന്നു ഈ പെരുമഴയത്തു നിന്റെ അച്ഛൻ കാശ് ഉണ്ടാക്കിത്തരുമോ എന്ന് എന്നോട് ചോദിക്കരുത്. ഇത് ഒരു thought (തോട്ട്) ആണ്. ഇതിന്മേൽ കൂടുതൽ ചർച്ചകൾ ഉണ്ടാവണം ലോകത്തുള്ള എല്ലാ കൂട്ടുകാരും ഈ വിഷയത്തിൽ ശക്തമായി ഇടപെടണം.. . . മികച്ച ആശയങ്ങൾ കമന്റിൽ പങ്ക് വയ്ക്കുക .