ടോമും ജെറിയും നമുക്ക് മുൻപിൽ മാത്രമാണ് ബദ്ധവൈരികൾ ആകുന്നത്

25
Mruduladevi S
സർക്കാരിന്റെ മുകളിൽ പഴി ചാരുന്നു, സർക്കാരിനെ മുതലെടുപ്പിനായി ക്രൂശിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നവർക്കായി എഴുതുന്നു.സർക്കാർ എന്ന സംവിധാനം സമഗ്രമാകുന്നത് മികച്ച പ്രതിപക്ഷവും, പൗരബോധമുള്ള സമൂഹവും നിർദേശങ്ങൾ, പരിഹാരങ്ങൾ, ബദലുകൾ ഇവ ചൂണ്ടിക്കാട്ടുമ്പോൾ അതിൽ ക്രിയാത്മകമായവ സർക്കാർ സ്വീകരിച്ച്‌ ജനോപകാരപ്രദമായവ നടപ്പിൽ വരുത്തുമ്പോഴാണ്. ഇലക്ഷനിൽ ജയിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അഞ്ച് വർഷത്തേയ്ക്ക് ജനം വാ തുറക്കരുത് എന്ന് കരുതുന്നവർ ഉണ്ടെങ്കിൽ അതു തിരുത്തപ്പെടേണ്ടതാണ്. നിര്ഭാഗ്യവശാൽ മുഖ്യപ്രതിപക്ഷം എല്ലായ്‌പോഴും സർക്കാർ എന്ത് ചെയ്താലും കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും. സർക്കാരിനൊപ്പം തന്നെയുള്ള ഉത്തരവാദിത്തം അവർക്കുമുണ്ടെന്നത് മറക്കരുത്. പി ആർ വർക്കുകാർ ശ്രദ്ധിക്കേണ്ടിയിരുന്നത്.
കുരങ്ങിന് ഭക്ഷണം കൊടുക്കാൻ പറഞ്ഞപ്പോഴും, മീനുകൾക്കു ഭക്ഷണം കൊടുക്കാൻ പറഞ്ഞപ്പോഴും ‘കരുതലുള്ള മനുഷ്യനെ ‘ സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രതയിൽ നിങ്ങൾ ഞങ്ങളെ ശബ്ദിക്കാൻ അനുവദിച്ചില്ല. മറുനാട്ടിലുള്ള ഞങ്ങൾ സമാധാനത്തോടെ ഇരിക്കുന്നത് ഈ മനുഷ്യൻ ഉള്ളത് കൊണ്ടാണെന്നും, ഈ അവസ്ഥയിൽ ഇതൊക്കെപ്പറയാൻ നാണമില്ലേ എന്നും ചോദിച്ച്‌ അധ്യയന വർഷം തുടങ്ങിയപ്പോൾ തന്നെ സർക്കാരിനെ ഈ തരത്തിൽ പ്രതിസന്ധി ഉണ്ടാക്കിയതിൽ നിങ്ങള്ക്ക് കൃത്യമായ പങ്കുണ്ട്.ദലിത്/ആദിവാസി സമൂഹങ്ങൾ കൂടുതലും ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഉണ്ടാകുന്ന പാളിച്ചകൾ നവമാധ്യമങ്ങൾ വഴി ആണ് സംസാരിച്ചത്. ഫലപ്രദമായ ആവശ്യങ്ങൾ വിവിധ സംഘടനകളും, വ്യക്തികളും സർക്കാരിൽ വിവരം ധരിപ്പിച്ചിരുന്നു. ഈ ദിവസങ്ങളിൽ ഞങ്ങൾ ഈ വിഷയം തന്നെയാണ് കൂടുതൽ പറഞ്ഞു കൊണ്ടിരുന്നതും.
പൊതു വിദ്യാഭ്യാസം ആണ് ദലിത് /ആദിവാസി സമൂഹങ്ങളെ കൂടുതലും ശാക്തീകരിക്കാൻ ചാലകമായത്.ഈ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ കൂടുതലായും അവിടെയാണ് പഠിക്കുന്നതും . ആ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാറിനോടല്ലാതെ പിന്നെ ആരോടാണ് പറയേണ്ടത്.
പോസ്റ്റ് മോഡേൺ ഓൺലൈൻ വിദ്യാഭ്യാസം നേരിട്ടു ബാധിക്കുന്നതു ദലിത് /വിദ്യാഭ്യാസ മേഖലയെ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. വൈദ്യതി വിതരണം, റേഞ്ച് ലഭ്യമാകാത്ത അവസ്ഥ, മാസം മാസം റീചാർജിനുള്ള പണം, ഇ ലേർണിംഗ് ഡിവൈസസ് ഇല്ലായ്മ ഒക്കെ ചൂണ്ടിക്കാട്ടിയിരുന്നു. ജനറൽ ട്യുഷൻ ഏർപ്പെടുത്താൻ പണമില്ലാത്ത വിഭാഗം എന്നതു ശ്രദ്ധിക്കേണ്ടിയിരുന്നു. വിദ്യാഭ്യാസ നയങ്ങളിലും, സാമ്പത്തിക നയങ്ങളിലും കമ്മ്യൂണിറ്റിയെ ഉൾപ്പെടുത്തി ബദൽ പരിഹാ രങ്ങൾ കൊണ്ട് വരണമായിരുന്നു.
രണ്ട് പ്രളയം, ജി എസ് ടി, നോട്ട് പിൻവലിക്കൽ ഇവ മൂലം രണ്ടുവർഷമായി ദലിത് /ആദിവാസി വിഭാഗങ്ങളുടെ കുടുംബങ്ങൾ മിക്കവയും പലിശക്കാർ കേറി ഇറങ്ങി നടക്കുന്നവയാണ്. നിലവിൽ പണം ഉണ്ടാകുവാൻ മറ്റൊരു സാധ്യതയും അടുത്തെങ്ങും ഉണ്ടാകാനും പോകുന്നില്ല. രാമായണം സീരിയൽ കാണാൻ ടി വി ഇല്ലാത്തതു കൊണ്ടല്ല ആ കുട്ടി ജീവനൊടുക്കിയത്. അതി വിദൂര ഭാവിയിൽ പോലും പ്രശ്നപരിഹാരം ഉണ്ടാകുമെന്നു തോന്നൽ ഉണ്ടാകാഞ്ഞത് കൊണ്ട് തന്നെയാണ് .
ഒരു രാഷ്ട്രീയപാർട്ടിയുടെയും മാനസിക അടിമകൾ ആകാത്ത ദലിത് /ആദിവാസി ജനവിഭാഗങ്ങൾ ചോദ്യം ചെയ്യുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ മാത്രമല്ല ഇന്ത്യ ഭരിച്ച എല്ലാ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയുമാണ്. മരണ ശേഷം വീട് വച്ചു നൽകുന്നതിലും, ജോലി നൽകുന്നതിലും എത്രയോ നല്ലതാണ് ജീവിച്ചിരിക്കുമ്പോൾ ചേർത്തു പിടിക്കുന്നത്
.
ഇനി ദലിത് /ആദിവാസി വിഭാഗങ്ങളോട്,
ടോം &ജെറി എന്ന പരിപാടിയിലെ പൂച്ചയും എലിയും നമുക്ക് മുൻപിൽ മാത്രമാണ് ബദ്ധവൈരികൾ ആകുന്നതു. ഒരു കാലത്തും ആ ചങ്ങാത്തം അവരെ സൃഷ്ടിച്ചവർ മുറി ക്കില്ല ,.അതാണ് അവരുടെ ലാഭം. ഭരണപക്ഷവും, പ്രതിപക്ഷവും ദലിത് ആദിവാസി ശാക്തീകരണത്തിൽ ഒരേ മനസ്സുള്ളവർ ആയിരിക്കും. അതു നമ്മൾ തിരിച്ചറിയേണം.
N B : കാലിബർ ആയ ചോദ്യങ്ങൾക്കു മാത്രം മറുപടി നൽകും .
Advertisements